Wednesday, January 14, 2009

മലയാളം ബ്ലോഗ് ഫോര്‍ ഡമ്മീസ്

നിയമപരമായ മുന്നറിയിപ്പ്: മലയാളത്തില്‍ ബ്ലോഗ് എഴുതുന്ന , സ്വന്തം ബ്ലോഗില്‍ ഹിറ്റും കമന്‍റും കിട്ടിയില്ലെങ്കില്‍ വിഷാദ രോഗം പിടിപെടുന്നവര്‍ മാത്രം തുടര്‍ന്ന് വായിക്കുക . ബാക്കിയുള്ളവന്മാര്‍ പോയി പ്രയോജനമുള്ള വല്ല പണിയും ചെയ്യുക .

നിങ്ങളുടെ ബ്ലോഗില്‍ ഹിറ്റും ,കമന്‍റുകളും കൊണ്ടു തുലാഭാരം( അവനവന്റെ മതമനുസരിച്ച് തുലാഭാരം എന്നത് മെഴുകുതിരി കത്തിക്കല്‍ , സക്കാത്ത് എന്നൊക്കെ വായിച്ചോ . ഇനി അതേപ്പിടിച്ച് തൂങ്ങരുത് .) നടക്കുവാന്‍ എട്ട് വഴികള്‍ താഴെപ്പറയുന്നു .

എല്ലാം ഒന്നിന് പിറകെ ഒന്നായി ചെയ്യേണ്ടവയാണ് . അല്‍പ്പം മിനക്കേടുണ്ട്. വേണമെങ്കില്‍ മതി

1) ബ്ലോഗ് തുടങ്ങുമ്പോള്‍ തന്നെ മലയാളിയുടെ ബലഹീനതയില്‍ പിടിച്ച് തുടങ്ങുക . എന്തും അശ്ലീലത്തില്‍ പൊതിഞ്ഞ് കൊടുക്കുക . ഉദാഹരണത്തിന്‌ 'ഗാസ ആക്രമണം' ആണ് പോസ്റ്റെങ്കില്‍ ഇസ്രായേല്‍ പ്രധാന മന്ത്രിയും കോണ്‍ഡോലിസാ റിസ്സും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ കഥയിലൂടെ വേണം വിഷയം അവതരിപ്പിക്കാന്‍ . അശ്ലീലം വിഷയത്തിലേ പാടുള്ളു , ഭാഷയില്‍ പാടില്ലാ. അതായത് ദ്വയാര്‍ത്ഥം കൂടുതല്‍ വേണം . ഭാഷ പരിധി വിടാതെ വായനക്കാരേ എങ്ങിനെ ഇക്കിളിപ്പെടുത്താം എന്നറിയാന്‍ കേരളത്തില്‍ 'ഏറ്റവും പ്രചാരമുള്ള' ഏതെങ്കിലും പത്രം തുടര്‍ച്ചയായി വായിച്ചാല്‍ മതി .

2) ഇനി ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം സ്ത്രീകളെക്കുറിച്ച് കഥകള്‍ എഴുതുക .ഉദാഹരണത്തിന് എയര്‍ഹോസ്റ്റെസ് , അമേരിക്കന്‍ അമ്മായിമാര്‍ ,പട്ടാളക്കാരന്റെ ഭാര്യ അങ്ങിനെ ,അങ്ങിനെ ,അങ്ങിനെ ...
കഥ എന്ത് കുന്തമോ ആകട്ടെ.ഒറ്റ നോട്ടത്തില്‍ അത് കഥ പോലിരിക്കണം. എന്നാല്‍ കഥയിലെ ഈ പ്രത്യേക വിഭാഗത്തെ മുഴുവന്‍ നിങ്ങള്‍ വഴിപിഴച്ചവരായി മുദ്ര കുത്തുന്നു എന്ന് കെട്ടിയോനെ മടുത്ത്, ജീവിതം വെറുത്ത് നടക്കുന്ന ഫെമിനിസ്റ്റ് അമ്മായിമാര്‍ക്ക്‌ അത് വായിക്കുമ്പോള്‍ തോന്നുകയും വേണം. ആവിധമാകണം എഴുത്ത് . അതോടെ നിങ്ങളുടെ ബ്ലോഗ് ഒരു അങ്കതട്ടാകും . ഫെമിനിസ്റ്റുകളും , എതിര്‍ ചേരിയും തമ്മില്‍ തല്ലുന്നതിനിടയിലും നിങ്ങള്‍ "ഇതു വെറും കഥ" എന്ന് ആവര്‍ത്തിച്ച് പറയണം .

3) പിന്നെ മറുപടി കമന്റ്റുകളില്‍ (പറ്റുമെങ്കില്‍ പ്രൊഫയലിലും ) നിങ്ങള്‍ ഒരു ശുദ്ധ ആഭാസന്‍ ആണെന്ന് ലോകത്തോട്‌ സധൈര്യം വിളിച്ച് പറയണം.പോസ്റ്റുകളും നേരത്തെ പറഞ്ഞ ഭാഷാപരിധി ലംഘിക്കാതെ അത്തരത്തിലുള്ളവയാകണം അതോടെ അഗ്രിഗേറ്റെര്‍ 'മൊയലാളി'മാര്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പുമായി എത്തും. അവന്മാരോട് "പോയി തൂങ്ങി ചാകിനെടാ ശുനക് സണ്‍സ്സേ. ഞാന്‍ എനിക്കിഷ്ടമുള്ളത് എഴുതും" എന്ന് മാന്യമായി മറുപടി പറയുക .ഉടനടി (അവന്മാര്‍ ബാന്‍ ചെയ്യും മുന്നേ) ആഗ്രഗേറ്റെര്‍ വ്യവസ്ഥയില്‍ നിന്നും പിന്‍മാറി നിങ്ങള്‍ "സ്വന്തന്ത്ര 'ബ്ലോഗന്‍' ആകാന്‍ പോണേ" എന്ന് ഒരു പോസ്റ്റിടുക . അതോടെ നിങ്ങള്‍ ബ്ലോഗ് വായനക്കാര്‍ക്കിടയില്‍ സാമാന്യം ഡിമാണ്ടുള്ള ഒരു റിബലായി ഉയരും .കുറെ സ്ഥിരം വായനക്കാരേ ഒപ്പിക്കുകയും ചെയ്യാം.അവിടം കൊണ്ടു നിറുത്തരുത് . ഇനിയാണ് ശരിക്കുള്ള കളി...

4) ബ്ലോഗില്‍ അവന്മാരുടെ സ്ഥിരം രസീത് കുറ്റിയുമായി അക്കാദമി , കൂട്ടായ്മ എന്നെല്ലാം പറഞ്ഞു നടക്കുന്നവന്മാര്‍ ധാരാളം കാണും(മലയാളി അല്ലേ? അവന് സംഘടന ഇല്ലെങ്കില്‍ ആദ്യരാത്രി പോലും മര്യാദക്ക് നടക്കില്ലാ ) . അവന്‍മാരുടെ കൂട്ടത്തില്‍ , അപകര്‍ഷതാ ബോധത്തിന്റെ ചുമട് ബ്ലോഗില്‍ ഇറക്കാന്‍ മാര്‍ഗ്ഗം തേടുന്ന പരിഷകളെ തിരഞ്ഞ് പിടിച്ച് കളിയാക്കുക . പാരഡി ,കോമഡി എന്നിവയാല്‍ ഫെമിനിസ്റ്റ് അമ്മായിമാരേയും വധിക്കുക . (ഇതൊരു സാമൂഹ്യ സേവനം കൂടെയാണ് .നിങ്ങള്‍ക്ക് ബ്ലോഗില്‍ ഹിറ്റും,കമന്റ്റിനും ഒപ്പം പുണ്യവും കിട്ടും) . ബ്ലോഗില്‍ ഹിറ്റുകളും ,കമന്‍റുകളും വാനോളമുയരും. പക്ഷേ തൃപ്തരാകരുത് .

5 ) ചട പടാ എട്ട് ,പത്ത് പോസ്റ്റുകള്‍ ഇടുക. അതിന് ശേഷം നിങ്ങളുടെ പോസ്റ്റുകളില്‍ സര്‍ക്കാരിനെയോ , പൊതു സംവിധാനത്തെയോ വിമര്‍ശിച്ചു കൊണ്ട് നര്‍മ്മ പ്രധാനമായ ( എന്ന് നിങ്ങള്‍ക്ക് മാത്രം തോന്നിയാല്‍ മതി. ബാക്കിയുള്ള കഴുതകള്‍ക്ക് അത് നര്‍മ്മമാണ് എന്ന് താനേ തോന്നിക്കുവാനുള്ള വഴികളാണ് പുറകെ പറയുന്നത്) ഒരു പോസ്റ്റെടുത്ത് ഇ മെയില്‍ ഫോര്‍വേഡ് ആയി ( പറഞ്ഞില്ലെങ്കില്‍ മണ്ടന്‍ മലയാളി സ്വന്തം മെയില്‍ ഐ ഡി യില്‍ തന്നെ അയക്കും എന്നറിയാം . അതുകൊണ്ട് പറയുന്നു വ്യാജ ഐ ഡി വഴി ) ഓര്‍ക്കുട്ടില്‍ നിന്നും മറ്റും സംഘടിപ്പിച്ച മറ്റു മലയാളം ബ്ലോഗ് എഴുതുന്ന തെണ്ടികളുടെ മെയില്‍ ബോക്സ്സിലേക്ക് അയക്കുക . അയക്കുന്ന ഫോര്‍വേ‍ഡില്‍ നിങ്ങളുടെ ബ്ലോഗിന്റെയോ ,നിങ്ങളുടെയോ പേര് വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.അയച്ച് കഴിഞ്ഞാല്‍ ഉടനെ "എന്‍റെ ക്ലാസ്സിക് രചനകള്‍ നിഷ്ഠൂരന്മാര്‍ അടിച്ചു മാറ്റുന്നെ. കരിവരം ആചരിക്കോ!!! " എന്ന് കൂവരുത് . ദാറ്റ്സ്സ് ഓള്‍ഡ് ട്രിക്സ് ഫോര്‍ ഓള്‍ഡ് സാഗ്സ്സ് ,മൈ ബോയ്സ് (ഗേള്‍സ്!!!). ഇത് കളി വേറെ .കുറച്ചധികം ഫോര്‍വേഡുകള്‍ ഇങ്ങിനെ തുടര്‍ച്ചയായി ചെയ്തു കഴിയും വരെ അനങ്ങരുത്. നിങ്ങളുടെ എട്ട് പത്തു രചനകള്‍ ഇങ്ങിനെ മെയിലുകള്‍ വഴി അനാഥ പ്രേതം പോലെ സൈബര്‍ നഭസ്സില്‍ കറങ്ങി തുടങ്ങുമ്പോള്‍ പതിയെ നിങ്ങളുടെ തന്നെ മറ്റൊരു രഹസ്യ ഐ ഡിയില്‍ നിന്നോ , അനോണിമസ് ആയോ,സാധിക്കുമെങ്കില്‍ പരിചയത്തിലുള്ള മറ്റൊരു ബ്ലോഗര്‍ തെണ്ടിയെക്കൊണ്ടോ (ഇതാണ് ബെസ്റ്റ് . ഈ മെയിലുകള്‍ക്ക് പിന്നില്‍ നിങ്ങളാണെന്ന് അവന്‍/ അവള്‍ അറിയരുത്) നിങ്ങളുടെ ബ്ലോഗില്‍ ഈ ഇ മെയില്‍ മോഷണം കമന്‍റ് രൂപത്തില്‍ വരുത്തിക്കുക .ആ കമന്റിനു മറുപടി നല്കുന്നത് "ഓ ...എന്നാ ചെയ്യാനാ? ഈ പ്രതിഭ ഉണ്ടായി (ഉണ്ടയായി അല്ല ) പോയാലത്തെ ഓരോ പ്രോബ്ലംസ് " എന്നോ " അവന്മാര്‍ എന്തേലും ചെയ്യട്ടെ .ഞാന്‍ എഴുതുന്നത് എഴുത്തിനോടുള്ള സ്പിരിറ്റിന്റെ പുറത്താ" ( ശരിക്കുള്ള മണിച്ചന്‍ സ്പിരിറ്റിന്റെ പുറത്താണ് ഓരോന്ന് എഴുതുന്നതെങ്കില്‍ അത് മിണ്ടി പോകരുത് ) എന്നോ ആയിരിക്കണം .

6) വീണ്ടു ഈ ഫോര്‍വേഡ് കളി ഇടക്കിടെ തുടരുക . മലയാളിയുടെ ഒരു മനഃശാസ്ത്രം വെച്ച് പറയുകയാണെങ്കില്‍ ഒരു പതിനഞ്ചാം മെയില്‍ കഴിയുമ്പോള്‍ തന്നെ വയിക്കുന്നവന്മാര്‍ക്ക് നിങ്ങള്‍ ഒരു സംഭവമാണെന്ന് തോന്നിതുടങ്ങും. അവന്മാരില്‍ ചിലര്‍ നിങ്ങളുടെ കൃതികള്‍ അടിച്ചുമാറ്റി ഫോര്‍വേഡ് ആയി അവരുടെ സൌഹൃദ വൃത്തങ്ങളില്‍ അവന്‍മാരുടെ സ്വന്തമായി പ്രചരിപ്പിച്ച് തുടങ്ങാനുമുള്ള സാധ്യതകള്‍ ധാരാളം. അവിടുന്ന് പിന്നെ നിങ്ങള്‍ക്ക് പണി കുറയും , ഫോര്‍വേഡ് , അത് പിന്നെ ഫോര്‍വേഡ് , പിന്നെയും ഫോര്‍വേഡ് എന്നിങ്ങനെയുള്ള കലാപരിപാടി ലവന്മാര്‍ ആയിക്കോളും . അപ്പോഴും നിങ്ങള്‍ മിണ്ടരുത്.പലരും നിങ്ങളുടെ പോസ്റ്റുകള്‍ മെയിലില്‍ കിട്ടി നിങ്ങളുടെ ബ്ലോഗില്‍ കമന്റുകള്‍ വഴി നിങ്ങളെ അറിയിക്കാന്‍ തുടങ്ങും. മറുപടി നേരത്തെ പറഞ്ഞതു തന്നെ .

7) ഇനി അടുത്ത പടി അല്‍പ്പം സൂക്ഷിച്ച് വേണം ചെയ്യാന്‍. നിങ്ങള്‍ വല്ല കുത്തക പത്രത്തില്‍ ജോലി ചെയ്യുന്നയാളോ ( എന്തെങ്കിലും ഫ്രാഡ് പത്രത്തിലായാലും മതി) ,അല്ലെങ്കില്‍ നിങ്ങള്‍ക്ക് പത്രപ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ ഉണ്ടെങ്കിലോ ഇത് എളുപ്പത്തില്‍ നടക്കും .ഇതൊന്നുമില്ലെങ്കില്‍ സംഭവം നടക്കുമോ എന്നത് നിങ്ങളുടെ ഭാഗ്യം പോലെയിരിക്കും . ' സംഭവന്‍' എന്താണെന്നുവെച്ചാല്‍ , നിങ്ങളുടെ ഹാസ്യാത്മക പോസ്റ്റ് (ഹിംസാത്മകം എന്ന് നാട്ടുകാര്‍ എന്തായാലും ഫോര്‍വേഡുകള്‍ മുറയ്ക്ക് കിട്ടി തുടങ്ങിയ ശേഷം പറയില്ല ,അതുറപ്പ്‌ ) ആദ്യം ഏതെങ്കിലും അന്തിപ്പത്രത്തില്‍ നിങ്ങളുടെയോ ,ബ്ലോഗിന്റെയോ പേരില്ലാതെ വരുത്തുക . പത്ര പ്രവര്‍ത്തന രംഗത്ത്‌ പരിചയമോ ,സുഹൃത്തുക്കളോ ഇല്ലാത്തവര്‍ അന്തിപ്പത്രത്തിന്റെ സ്വ: ലേക്ക് കള്ള് വാങ്ങി കൊടുത്ത് നോക്കുക . പക്ഷേ മറ്റാരെങ്കിലും വഴി,നിങ്ങളുടെ ഐഡെന്‍റ്റിറ്റി വെളിപ്പെടാത്ത രീതിയില്‍ വേണം അത് ചെയ്യാന്‍. പത്രത്തില്‍ നിങ്ങളുടെ പോസ്റ്റ് വന്നു കഴിഞ്ഞാല്‍ സ്വന്തം ബ്ലോഗ് വഴിയും ,സഹ 'ബ്ലോഗന്‍മ്മാര്‍' വഴിയും അതിന് വേണ്ട പബ്ലിസിറ്റി കൊടുക്കുക .പക്ഷേ വിവാദം അധികമാവതിരിക്കാനും ശ്രദ്ധിക്കുക . പോസ്റ്റുകള്‍ തുടരുക ,ഫോര്‍വേഡുകളും . അല്‍പ്പ കാലത്തിനു ശേഷം ഒത്താല്‍ വീണ്ടും അന്തിപ്പത്ര പരിപാടി ഒന്നുകൂടി ആവര്‍ത്തിക്കുക . വീണ്ടും പോസ്റ്റുകള്‍ തുടരുക. ഇനി അന്തിപ്പത്രത്തെ വിട്ട്, കുറച്ച് അധികം വായനക്കാരുള്ള പത്രത്തിലോ (നിങ്ങള്‍ ജോലി ചെയുന്ന പത്രം ഇറക്കുന്ന വാരാന്ത്യ പതിപ്പിലോ ,മാസികയിലോ ആണെങ്കില്‍ ബെസ്റ്റ് ) ഇതേ പരിപാടി ആവര്‍ത്തിക്കുക . നിങ്ങളുടെ പേരും ,ബ്ലോഗും ഇവിടയും വരാന്‍ പാടില്ലാ. അതിനും വേണ്ട പബ്ലിസിറ്റി കൊടുക്കുക .അതും വല്യ വിവാദം ആക്കരുത്. ഇത്രയുമായാല്‍ നിങ്ങളുടെ ജോലി കഴിഞ്ഞു .ഇനി നിങ്ങള്‍ തന്നെ കഷ്ടപ്പെട്ട് ഫോര്‍വേഡ് ചെയുക പോലും വേണ്ട .നിങ്ങള്‍ ബെല്യ പുള്ളിയാണെന്ന് ധരിച്ച് ,ബ്ലോഗിലെ ക്ലാസ്സിക്കുകള്‍ വല്ലവന്മാരും അടിച്ചുമാറ്റി നിരന്തരം ഫോര്‍വേഡ് ചെയ്തു തുടങ്ങിയിട്ടുണ്ടാകും.
ഈ ഫോര്‍വേഡ് വിവരങ്ങള്‍ പലരും സ്വമനസാ നിങ്ങളുടെ ബ്ലോഗില്‍ കമന്റായി അറിയിച്ചും തുടങ്ങും . കുറച്ച് നാള്‍ പഴയ മറുപടി നല്‍കുക. പിന്നെ കുറച്ച് കഴിഞ്ഞ് "ഹൊ ഈ ഫാദര്‍ലെസ്സ് ക്രീചേര്സ്സിനെക്കൊണ്ട് തോറ്റു" എന്നവണ്ണം നിങ്ങളുടെ ബ്ലോഗില്‍ റയിറ്റ് ക്ലിക്ക് ഡിസ്ഏബിള്‍ , വാട്ടര്‍ മാര്‍ക്കിംഗ് തുടങ്ങിയ ചില്ലറ വേലകള്‍ കാണിക്കുക .പേടിക്കണ്ട ,പണിയറിയാവുന്ന ഫ്രാഡുകള്‍ ഇതെല്ലാം മറികടന്ന് അടിച്ച് മാറ്റല്‍ തുടര്‍ന്നോളും. അപ്പോള്‍ അവന്റെയോക്കെ പത്തു പരമ്പരക്ക് വിളിച്ച് കൊണ്ട് ഹാസ്യാത്മകമായ (ഹാസ്യം വിട്ടൊരു കളി പാടില്ലാ . നിങ്ങള്‍ ഹാസ്യ സാമ്രാട്ടാവാനുള്ള നാള്‍വഴികളിലാണ്,മറക്കരുത് ) ഒരു പോസ്റ്റ് കാച്ചുക.
ബ്ലോഗില്‍ അതോടെ നിങ്ങള്‍ ഒരു 'ബരാക്കു' (ബഹു രാഷ്ട്ര കുത്തക) ആയി വളര്‍ന്നു കഴിഞ്ഞിട്ടുണ്ടാകും . ഇനിയാണ് ലോട്ടറി . പഴയ അന്തിപ്പത്ര പരിപാടി മറ്റെതവനെങ്കിലും അബോധാവസ്ഥയിലോ ,സ്വബോധത്തോടയോ നിങ്ങളുടെ കൃതി അടിച്ചുമാറ്റി പരീക്ഷിക്കും .ലവന്‍റെ കുത്തിനു പിടിച്ച് സമാധാനം പറയിപ്പിച്ചേ വിടാവു.പറ്റുമെങ്കില്‍ അവനെക്കൊണ്ട്‌ നൂറ്റൊന്നു ഏത്തവും ഇടീക്കണം.വായനക്കാര്‍ അതോടെ ഫ്ലാറ്റ് . ഗ്രില്‍ഡ്‌ ആന്‍ഡ് റെഡി റ്റു ബി സേര്‍വ്ഡ്. നിങ്ങളുടെ കീര്‍ത്തി മലയാളം ബ്ലോഗ് പ്രപഞ്ചത്തില്‍ മുഴുവന്‍ പരന്ന് കഴിയുമ്പോള്‍ , "ഡിയര്‍ ബോയ്സ് (ഗേള്‍സ് ...അവരെ വിട്ടിട്ട് നമുക്കെന്തു ആഘോഷം?) ,ലവന്‍ ഏത്തമിട്ടു,ഇനി ഹര്‍ത്താല്‍ , ബന്ദ് ,മറ്റ് പ്രതിഷേധ പരിപാടികള്‍ ഒന്നും വേണ്ട .പ്ലീസ് ." എന്ന മട്ടില്‍ ഒരു പോസ്റ്റും ആവാം .

8) ഇങ്ങിനെ സൈബര്‍ ലോകത്ത് ആരാധകരെ വര്‍ദ്ധിപ്പിച്ച ശേഷം ,പതിയെ അച്ചടി മാധ്യമങ്ങളില്‍ സ്വന്തം പേരോടുകൂടി (ബ്ലോഗിന്റെ പേര് വേണമെന്നില്ല . അത് അറിയാത്തവന്മാര്‍ താനേ കണ്ടുപിടിച്ചോളും. യുവാര്‍ എ സൂപ്പര്‍ സ്റ്റാര്‍ നൌ) ബ്ലോഗിലെ രചനകള്‍ വരുത്തിക്കുക .അതോടെ നിങ്ങളെ പിടിച്ചാല്‍ കിട്ടാതാകും. അപ്പോഴും ബ്ലോഗില്‍ നിങ്ങളുടെ പ്രതികരണം "ഓ ...എന്ത് അച്ചടി മാധ്യമം? എന്ത് പബ്ലിസിറ്റി?അവന്മാര്‍ക്ക് വേറെ പണിയൊന്നുമില്ല" എന്നായിരിക്കണം .

ഇനി നിങ്ങളുടെ ഭാവി പോസ്റ്റുകളില്‍ വരുന്ന നൂറു കണക്കിന് കമന്റുകളില്‍ ഭൂരിഭാഗവും "സ്പാറി അണ്ണാ" ."കിടു മച്ചു" ,"നമിച്ചു തമ്പുരാനെ" എന്നൊക്കെയായിരിക്കും. ഈ കമന്റുകള്‍ക്ക് പോസ്റ്റിന്റെ നിലവാരം പ്രശ്നമല്ലാ . കാരണം നിങ്ങളുടെ വായനക്കാരന്റെ മനസ്സില്‍ നിങ്ങള്‍ ഒരു 'ബരാക്കു' അല്ലേ . മോശമായത് നിങ്ങള്‍ എഴുതുമോ? ഇനി വല്ലവനും പോസ്റ്റിന്റെ യഥാര്‍ത്ഥ നിലവാരം വിളിച്ചു പറഞ്ഞാല്‍ "ആരെങ്കിലും നിന്നെ വായിക്കാന്‍ വിളിച്ചോടാ എരപ്പേ? അല്ലെങ്കിലും നിനക്കൊക്കെ ഇതു അടിച്ചുമാറ്റി വായിച്ചാലേ രസിക്കു " എന്ന് കണ്ണുംപൂട്ടി മറുപടി പറഞ്ഞോ . നിങ്ങളുടെ ആരാധക ലക്ഷങ്ങള്‍ നിങ്ങളെ തുണക്കും.
പിന്നെ ബെല്യ ആളായി കഴിഞ്ഞാല്‍ ഉപദേശം തന്ന നമ്മളെ വഴിക്ക് വെച്ച് കണ്ടാല്‍ ഒരു 'ബാര്‍ലി' വെള്ളമെങ്കിലും വാങ്ങി തന്നാല്‍ സന്തോഷം

22 comments:

ചാണക്യന്‍ said...

:)

Aadityan said...

കടവുളേ എന്തോനിത് ? അക്രമം തന്നെ .പക്ഷെ ബൂലോകത്ത് സ്ഥിരം വായനക്കര്‍ക്കെ സംഗതി പിടി കിട്ടു . ഇങ്ങനെ പോയാല്‍ തങ്ങളും ഉടനെ ഒരു ബരാക്കു ആയേക്കും . all the best .awaiting for the next post

Anonymous said...

5 th point was bit lengthy.if you could split it it would be great.Still great post.thakarppan addi

Anil cheleri kumaran said...

''മലയാളി അല്ലേ? അവന് സംഘടന ഇല്ലെങ്കില്‍ ആദ്യരാത്രി പോലും മര്യാദക്ക് നടക്കില്ലാ ''

അതു കലക്കി.

Anonymous said...

വേറെ ഒരു വഴികൂടിയുണ്ട്
സ്വന്തം പ്രതിഭ കൊണ്ട് വളർന്നവരെ പരിഹസിച്ച് പോസ്റ്റിട്ടാലും മതി....
അസൂയക്കും ......മരുന്നില്ല
മംഗലശ്ശേരി ഡയലോഗ് ഓർമ്മ വരുന്നു
എന്താടോ നന്നാവാത്തേ...

ArjunKrishna said...

എന്നാലും എന്‍റെ അനോണിമസ്സ് , സത്യങ്ങള്‍ ഇങ്ങനെ വിളിച്ചു പറയാമോ? പ്രതിഭ ഇല്ലാതെ ഞാന്‍ അനസൂയയെയും സോറി അസൂയയെയും പ്രിയംവദയെയും കൊണ്ട് അഡ്ജെസ്സ്റ്റ് ചെയ്ത് ഒരു വിധം ജീവിച്ച് വരുകയായിരുന്നു. ഇനി ആ പ്രതിഭ എന്നെ വെറുതെ വിടുമോ? ലവള്‍ അപ്പനമ്മമാരെ കൂട്ടി എന്‍റെ വീട്ട് പടിക്കല്‍ വന്ന് സത്യാഗ്രഹം ഇരുന്നാല്‍ ആര് സമാധാനം പറയും?

Anonymous said...

അണ്ണ, അണ്ണന്‍ ഒരു സംഭവം തന്നെ, സാദനം കിടു...
ഫോര്വേഡായിക്കളിച്ച് സെന്‍റര്‍ ഫോര്‍വേഡാകുന്ന പണി പറഞ്ഞുതന്നല്ലോണ്ണാ...ആ.... ബ്ലോഗുദര്‍ശിനി വെച്ച് ബൂലോകചക്രവാളത്തിലൊന്നു നോക്കട്ടെ, വല്ല അടിപിടിക്കപ്പലിന്‍റെയും പുക ഉയരുന്നുണ്ടോന്ന്, വായില്‍ വെള്ളമൂറുന്നു...ആഹാഹാ...ഉണ്ടല്ലോ, ഉണ്ടല്ലോ...

Anonymous said...

പലരും വിളിച്ച് പറയാന്‍ പോയിട്ട് ആലോചിക്കാന്‍ പോലും തയ്യാറാവാത്ത കാര്യങ്ങള്‍ . ഒരു സംശയം . വളരെ അടുത്ത്‌ തുടങ്ങിയ ഈ ബ്ലോഗിലെ പല പോസ്റ്റുകളും ബൂലോഗത്ത് വര്‍ഷങ്ങള്‍ പഴക്കമുള്ള കാര്യങ്ങള്‍ ആണെല്ലോ? ഇനി മാഷ് വല്ല . അന്വേഷണാത്മക പത്രപ്രവര്‍ത്തകനുമാണോ? .
പോസ്റ്റ് "സ്പാറി അണ്ണാ" :-)
p s: നിലവാരം ഉള്ള "സ്പാറി അണ്ണാ" തന്നെ

Anonymous said...

സത്യസന്ധമായി പറയട്ടെ.. ഇത് ഒരു നല്ല പോസ്റ്റാണ്. ഇതിലെ കഥാപാത്രത്തെക്കുറിച്ച് സംശയം തോന്നി ഇതിനെ വിമര്‍ശിക്കാനും ആളുണ്ടാവും എന്നു കരുതുന്നു..
പലരും പല ശൈലിയില്‍ എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.മുകളില്‍ ഒരു അനോണി കമന്റിയപോലെ
(“സ്വന്തം പ്രതിഭ കൊണ്ട് വളർന്നവരെ പരിഹസിച്ച് പോസ്റ്റിട്ടാലും മതി....“)
സ്വയം വിവാദമുണ്ടാക്കുന്നവര്‍ ഇതിനും ഒച്ചയുണ്ടാക്കും..
വളരെ നന്നായി...
keep posting..

Anonymous said...

തുടര്‍ന്നും എഴുതുക..ആശംസകള്‍..

വീണ said...

സുപേര്‍ബ്. ആദിത്യന്‍ പറഞ്ഞത് പോലെ അര്‍ജ്ജുന്‍ തന്നെ യഥാര്‍ത്ഥ ബരാക്കു.

Anonymous said...

നന്നായി മച്ചാ...കലക്കി... അടിപൊളി...
ഓ ലവന്മാരൊക്കെ എന്തരു ബ്ലോഗ്ഗറുകള്... പ്രതിഫ വേണം പ്രതിഫ...
പ്രതിഫയില്ലേല്‍ ഒരന്തിപത്രത്തിലെങ്കിലും ജ്വോലി ഒണ്ടാകണമെടെയ്... അല്ലേല്‍ എന്തരു ബ്ലോഗ്ഗറ്.

കഥാകാരന്‍ said...

എന്തു പറയാന്‍.? കൊള്ളാം ( കഷ്ടപ്പെട്ട്‌ എഴുതിയതല്ലേ?? ) മുകളില്‍ ആരോ പറഞ്ഞതു പോലെ പ്രതിഭയുള്ളവനെ കളിയാക്കി ബരാക്കു അകാനുള്ള ശ്രമമാണ്‍ല്ലേ. നടക്കട്ടേ... ചവറാണെങ്കിലും താന്‍ പറഞ്ഞ പുള്ളീയേപ്പോലെ ആളുകള്‍ വായിക്കുന്ന 20 എണ്ണം വേണ്ട 5 എങ്കിലും എഴുതി ഭലിപ്പിക്കാമോന്നു നേക്ക്‌.. വിഷയത്തിലെതിര്‍പ്പുണ്ടെങ്കിലും എഴുതിയത്‌ ഇഷ്ടപ്പെട്ടു കെട്ടോ..തുടര്‍ന്നും എഴുതുക... :)

Anonymous said...

അനിയ സംഗതി കലക്കി . 100 %സത്യം .ഏതൊക്കെ ഒരുത്തന്നും പറയാന്‍ ധൈര്യപെടതതാണ് .
രാജാവ് നഗ്നനാണ് എന്ന് പറഞ്ഞ കുട്ട്യേ യാണ് എനിക്കിതില്‍ കാണാന്‍ കഴിയുന്നത്‌ .ശിങ്കിടി പാടുന്നവരോട് പോകാന്‍ പറ . കുറച്ചു അദികം ബാര്‍ലി വെള്ളം കുടിച്ചു കഴിയുമ്പോള്‍ രാജാവിന്‌ തുണി ഇല്ലാലോ എന്നൊരു സംശയം എങ്ങിലും തോനിയാല്‍ ഭാഗ്യം .

Calvin H said...

ഇതിലെ നര്‍മ്മം ആസ്വദിക്കുന്നു. ശൈലി പക്ഷേ വിമര്‍‌ശിക്കപ്പെട്ട ആളിന്റെ തന്നെയല്ലേ എന്ന് ഒരു തംശയം ഉണ്ട് പക്ഷേ :)

Anonymous said...

എതിരാളി തന്നെയാണു ഗുരു എന്നൊരു ഫീലിങ്ങ്..
ബട്ട്.. സ്പാറി.. :)

ArjunKrishna said...

ഫ്രണ്ട്സ് ,ബ്ലോഗന്‍സ്‌ ആന്‍ഡ് ബ്ലോഗിതാസ്,
നിങ്ങള്‍ ഇതീന്ന് പിടി വിട്ടില്ലേ ഇതുവരെ? ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെക്കുറിച്ച് (എ കെയെ അല്ലാതെ ) ഞാന്‍ ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ടോ? പിന്നെ ആരെക്കുറിച്ചാണ് നിങ്ങള്‍ 'പ്രതിഭയുള്ളവന്‍' (അതെന്തായാലും ഞാനല്ല) , 'താന്‍ പറഞ്ഞ പുള്ളി' , 'വിമര്‍ശിക്കപ്പെട്ടയാള്‍' , 'എതിരാളി' , 'ഗുരു ' എന്നൊക്കെ പറയുന്നത്? അതോ ഇനി ഞാന്‍ വളരെ കഷ്ടപ്പെട്ട് ഗവേക്ഷിച്ച് കണ്ടത്തി പ്രസിദ്ധീകരിച്ച എന്‍റെ ഡമ്മീസിനുള്ള മലയാളം ബ്ലോഗിന്‍റെ ഫോര്‍മുല ,മുന്പ് തന്നെ ആരെങ്കിലും വിജയകരമായി പരീക്ഷിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് വ്യക്തമായി പറഞ്ഞ് ഈ നിഷ്കളങ്കനെ ഒന്ന് സഹായിക്കു , പ്ലീസ്.

ശ്രീഹരി : നമുക്കങ്ങനെ പ്രത്യേക ശൈലി ഒന്നുമില്ല . ഫ്രഞ്ച്കാരോട് മലയാളത്തില്‍ സംസാരിക്കാന്‍ സാധിക്കില്ലല്ലോ . അത്ര മാത്രം . തിരിച്ചും സ്മൈലി

Vadakkoot said...

എഴുതിയതിനോട് മുഴുവനായി യോജിക്കുന്നില്ലെങ്കിലും എഴുതിയ ശൈലി നന്നായിട്ടുണ്ട് :)
.
.
.
ഇനി ഇതും ചാര്‍ലിയുടെ ഒരു അടവാണെന്ന് വരുമോ?

9. എല്ലാം കഴിഞ്ഞ് സ്റ്റാറായി നില്‍ക്കുമ്പോള്‍ വേറെ ഏതെങ്കിലും ബ്ലോഗറെക്കൊണ്ട് തന്നെ വിമര്‍ശിക്കുന്ന ഒരു പോസ്റ്റ് (തന്റെ ശൈലിയില്‍ തന്നെ എഴുതിയത്) ഇടീക്കുക; എന്നിട്ട് മൂന്നാമതൊരുത്തനെക്കൊണ്ട് ആ പോസ്റ്റിന്റെ ലിങ്ക് സ്വന്തം ബ്ലോഗില്‍ കമന്റായും ഇടീക്കുക.

അതു താനല്ലയോ ഇത് എന്ന് വര്‍ണ്ണ്യത്തിലാശങ്ക.

ഞാന്‍ ശങ്ക തീര്‍ത്തിട്ട് വരാം..
ഹര ഹരോ ഹര ഹര

ബഷീർ said...

:)

കിടു കിടു..

OT
വെറും സ്മെയിലി ഇട്ട്‌ പുലിവാലാവണ്ടെന്ന് കരുതി

Anonymous said...

ചിലര്‍ക്ക് കരഞ്ഞു തീര്‍ക്കാനാ വിധി

ArjunKrishna said...

അനോണി : ചിലര്‍ക്ക് പറന്നുയരാനും ...ആര് കരയും ,ആര് പറക്കും എന്നത് കാലത്തിനു വിട്

Ambili said...

അത് വായിക്കാറുണ്ട് ഇതും വായിക്കാന്‍ തുടങ്ങി - കൊള്ളാം!
ബാര്‍ലി വെള്ളം വേണോ, ബാറിലെ വെള്ളം ആയാലും മതിയോ ??