മലയാള ചലച്ചിത്ര രംഗത്ത് മെഗാസ്റ്റാറായി വളര്‍ന്നപ്പോഴും ഞാനെന്നും സാധാരണ ജനങ്ങളെ ഒരു വല്യേട്ടന്റെ സ്ഥാനത്ത് നിന്ന് ശാസിച്ചും , ശിക്ഷിച്ചും നേര്‍വഴിക്ക് നടത്തുന്നതില്‍ അതീവ തത്പരനായിരുന്നു .
ഷൂട്ടിങ്ങ് സ്ഥലങ്ങളില്‍ അരുകില്‍ വരുന്നവര്‍ ,ഞാന്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വഴിയില്‍ നില്ക്കുന്നവര് , അങ്ങിനെ എന്റെ സ്നേഹപ്രകടനം ഏറ്റ് വാങ്ങിയവര്‍ അനേകം . തുറന്ന വാഹനത്തില്‍ ഞാന്‍ സഞ്ചരിക്കുമ്പോള്‍ തൊടാന്‍ കൈ നീട്ടിയ ഒരുത്തന്റെ കരണത്ത് ( ജസ്റ്റ് മിസ്സായി . അവന്റെ കൈയിലെ കൊണ്ടുള്ളു) ഞാന്‍ സ്നേഹപൂര്‍വ്വം തലോടുന്ന രംഗം യു ട്യുബില്‍ മെഗാഹിറ്റായിരുന്നു താനും .
കൂടുതല്‍ ജനങ്ങളെ എങ്ങിനെ നേര്‍വഴിക്ക് നടത്താം എന്ന ചിന്ത എന്നെ ഏറെക്കാലം അലട്ടിയതിനെ തുടര്‍ന്നാണ് ഞാന്‍ മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങുവാന്‍ തീരുമാനിച്ചത് .ബ്ലോഗിലൂടെ എന്റെ അറിവിന്റെ മഹാസാഗരത്തില്‍ നിന്നും ഏതാനം തുള്ളികള്‍ നിങ്ങള്‍ക്ക് പകര്‍ന്നു തരാമെന്നും , അതിലൂടെ നിങ്ങളെയൊക്കെ ഒരു വഴിക്കാക്കാമെന്നുമാണ് ഞാന്‍ കരുതിയത് . പക്ഷേ മലയാളികള്‍ ഒട്ടും നന്ദിയില്ലാത്ത ഒരു വര്‍ഗ്ഗമാണെന്ന് ബ്ലോഗ് തുടങ്ങിയ ശേഷമാണ് എനിക്ക് ബോധ്യമായത്.
ആദ്യത്തെ രണ്ടു പോസ്റ്റുകളില്‍ വന്ന കമന്റുകളാണ് എനിക്ക് ഈ തിരിച്ചറിവ് തന്നത്. ആ പോസ്റ്റുകളില്‍ ആയിരത്തോളം മിടുക്കന്മാര് വന്ന് "കലക്കി ഇക്ക ","ഇപ്പോഴാണ് ഞങ്ങള്‍ക്ക് സംഗതികളുടെ കിടപ്പ് മനസിലായത് ,നന്ദി ഇക്ക " ,"അങ്ങിനെ ചെയ്തിരുന്നെങ്കില്‍/ ഇങ്ങിനെ ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു ശ്രീ . എ കെ " എന്ന് പല മട്ടിലുള്ള കമന്റുകളും നിങ്ങള്‍ കണ്ടു .
കമന്റ് മോഡറേഷനായി ജോലിയും കൂലിയുമൊന്നുമില്ലാത്ത ഒരു മലയാളം ബ്ലോഗനെ ഞാന്‍ തപ്പിയെടുത്തു .അവന് മിടുക്കനായത് കൊണ്ട് വേണ്ടാത്ത കമന്റുകള്‍ ഒന്നും നിങ്ങള്‍ കണ്ടിട്ടില്ല . പക്ഷേ അവയില്‍ ചിലത് ഞാന്‍ കണ്ടു . എന്റെ തന്നെ ഡയലോഗ് പറഞ്ഞാല്‍ "പെറ്റ തള്ള സഹികൂല കേട്ടാ" .
അതിലെന്നെ ഏറ്റവും വേദനിപ്പിച്ച ഒരു കമന്റിലെ വാക്കുകള്‍ ഇതാ .ഇത് വന്നത് എന്റെ ആദ്യത്തെ പോസ്റ്റില്‍
"ശ്രീ എ കെ ,
സമ്പത്ത് വ്യവസ്ഥയുടെ രാഷ്ട്രീയത്തെക്കുറിച്ച് താങ്കള്‍ എഴുതിയ ഗീര്‍വാണം വായിച്ചു. അധ്വാനത്തെക്കുറിച്ചും, ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ഥതയെക്കുറിച്ചും താങ്കള്‍ വാ തോരാതെ ( കീ ബോര്‍ഡ് തോരാതെ ) പ്രസംഗിക്കുന്നതും . വായിച്ചപ്പോള്‍ എനിക്ക് തോന്നിയ സംശയമാണിത്. സിനിമാ നടനായ താങ്കളുടെ ജോലി അഭിനയമാണല്ലോ? ആ ജോലിയോട് താങ്കള്‍ ആത്മാര്‍ഥത കാട്ടുന്നുണ്ടെന്ന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായ് പുറത്തിറങ്ങുന്ന താങ്കളുടെ ഒരു ചിത്രവും കണ്ടാല്‍ തോന്നില്ല എന്ന് ഖേദപൂര്‍വ്വം പറയട്ടെ. കഠിനാധ്വാനം പോയിട്ട് തത്പര്യത്തിന്റെ ഒരു കണിക പോലും താങ്കള്‍ക്ക് ആ ചിത്രങ്ങളോട് അവ അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്നു എന്ന് ബോധമുള്ള ആര്‍ക്കും തോന്നില്ല . 'ആക്രിബസാര്' , 'ഈഗിള്‍' , 'ഒരേ കടല' അങ്ങിനെ ഒട്ടനവധി ചിത്രങ്ങള്‍ ഉദാഹരണം .
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജി വെച്ച താങ്കളുടെ ഒരു ആരാധകന് "
ഇതാണ് ഞാന്‍ പറഞ്ഞത് മലയാളികള്‍ ഒട്ടും നന്ദിയില്ലാത്ത ഒരു വര്‍ഗ്ഗമാണെന്ന് .
എന്റെ സാമൂഹികമായ ഗിരിപ്രഭാഷണങ്ങളാകും ഈ ബ്ലോഗ് നിറയെ എന്ന് ആദ്യമേ തന്നെ ഞാന്‍ സൂചിപ്പിച്ചതാണ് (വലത് വശത്തെ പ്രൊഫൈല്‍ കാണുക. അത് 'ഇടത്തേക്ക് ' ആക്കുവാന് സമയം കിട്ടിയില്ല . ). ആദ്യത്തെ പോസ്റ്റില്‍ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ഏറ്റവും നല്ലത് കഠിനാധ്വാനമാണെന്ന് ഞാന്‍ പറയും വരെ നിങ്ങള്‍ക്ക് അറിയാമായിരുന്നോ ? ഇല്ലല്ലോ ?
മുകളില്‍ കണ്ട കമന്റിട്ട എരണംക്കെട്ടവന് മനഃസാക്ഷി എന്നൊന്നുണ്ടെങ്കില്‍ അവന് എന്നോടിങ്ങിനെയൊക്കെ പറയുമോ?
ആക്രിബസാറില് ,പിന്നിലൊരു കുടുമിയും വെച്ച് ആ രണ്ടു കിളിന്ത് പെണ്പിള്ളാരുടെ കൂടെ ഞാന്‍ ചെയ്ത നൃത്ത രംഗങ്ങള്‍ നിങ്ങളും കണ്ടതല്ലേ? അറിയാതെ ചൂട് ദോശക്കല്ലില്‍ ഇരുന്ന് പോയവന് കാണിക്കുന്ന സ്വാഭാവിക പ്രതികരണങ്ങള്‍ അല്ലേ ഞാനാ നൃത്ത രംഗങ്ങളില്‍ നിങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെട്ട് പകര്‍ത്തിയത്? അത് പോരാഞ്ഞ് ആരാധകരായ നിങ്ങളുടെ മനഃസന്തോഷത്തിന് വേണ്ടി മാത്രം നായികയെക്കൊണ്ട് "ഭൂമി മലയാളത്തില്‍ എന്നെ പോലെ സുന്ദരനും ,ദയാലുവും വേറെ ഇല്ല" എന്ന് ഞാന്‍ പറയിച്ചില്ലേ? .
ഇനി 'ഈഗിളിന്റെ' കാര്യമെടുക്കാം . അതില്‍ ഞാന്‍ അവതരിപ്പിച്ച ഈഗിള്‍ പുളുസു എന്ന കഥാപാത്രം എത്ര മാത്രം ശക്തമാണെന്നറിയാന്‍ ആ ചിത്രത്തിലെ എന്റെ കാവടി നൃത്തം മാത്രം കണ്ടാല്‍ പോരേ? എന്തൊരു ബലമാണ് എന്റെ മുഖത്തെ ഓരോ പേശികള്‍ക്കും ? നൃത്ത ചലനങ്ങളോ , ബലഗുളച്ചാദിയും . തകര്‍ത്തില്ലേ ഞാന്‍ . ആ കാവടി നൃത്തം മുതല്‍ തുടങ്ങിയ കൂവല്‍ (ഛേ ഈ കീമാന്‍ ചതിച്ചല്ലോ ) അല്ല ആരവം തീര്‍ന്നത് പടത്തിന്റെ എന്‍ഡ് ക്രെഡിറ്റ്സ് കാണിക്കുമ്പോള്‍ അല്ലേ ?
ഇതിനെല്ലാം പുറമേ എന്റെ ഓരോ സിനിമയും നിങ്ങളെക്കൊണ്ട് പറയിപ്പിച്ചിട്ടില്ലേ "ഹൊ കഴിഞ്ഞ മാരണം ഇതിലും എത്രയോ ഭേദം" എന്ന് . കഴിഞ്ഞ കുറെ വര്‍ഷങ്ങളായി , 'ഇസ്പേഡ് ഏഴാംകൂലി', 'രുധിരം' തുടങ്ങിയ ചിത്രങ്ങളിലൂടെ തമാശ കാട്ടി നിങ്ങളെ പൊട്ടിക്കരയിക്കുകയും, ആക്ഷന്‍ രംഗങ്ങളില്‍ നിങ്ങളെ തലതല്ലി ചിരിപ്പിക്കുകയും ചെയ്തത് ഞാനല്ലെങ്കില്‍ പിന്നെയാര്? അതാണ് മക്കളെ ആത്മാര്‍ത്ഥ.
ഇനി ഇതെല്ലാം പോട്ടേന്ന് വെച്ചാല്‍ തന്നെ 'ഒരേ കടല' എന്ന എന്റെ ഗംഭീര പടത്തില്‍ ഞാന്‍ നായികയായ മുല്ലപ്പൂവിനെ കിടക്ക പങ്കിടാന്‍ ക്ഷണിക്കുന്ന ആ ഒരു രംഗം മാത്രം പോരേ എന്റെ അഭിനയ തികവ് പുറത്ത് ചാടാന്‍ . രംഗത്തില്‍ മൈന്യൂട്ട് ആക്റ്റിംഗ് മുതല്‍ കടുത്ത ഭാവാഭിനയം വരെ ഞാന്‍ വെള്ളിത്തിരയില്‍ വാരി വിതറിയില്ലേ? എന്റെ അഭിനയത്തികവ് കയറ് പൊട്ടിച്ച് ചാടുന്നത് നിങ്ങള്‍ (ഞാന്‍ ഉത്പടെ ചുരുക്കം ചിലരെ ആ സിനിമ തിയറ്ററില്‍ കണ്ടുള്ളൂ . എങ്കിലും...) കണ്ടതല്ലേ? പ്രസ്തുത രംഗത്തില്‍ എന്റെ മുഖത്ത് മിന്നിമറഞ്ഞതില് കൂടുതല്‍ ഭാവങ്ങള്‍ മോര്‍ച്ചറിയില്‍ കിടക്കുന്ന ശവത്തിന്റെ മുഖത്ത് മാത്രമെ വരൂ. ഇറ്റ് വാസ് സോ റൊമാന്റിക് ,യു നോ?
ഇങ്ങനെയെല്ലമുള്ള എന്നോടാണ് ഒരുത്തന് പറഞ്ഞത് ഞാന്‍ കഠിനാധ്വാനിയല്ലെന്ന്. കണ്ണില്‍ ചോരയില്ലാത്തവന്‍ .
മറ്റൊരു കമന്റ് എന്തായിരുന്നുവെന്നോ? കോടീശ്വരനും , ജനങ്ങളില്‍ നിന്നും ഏറെ അകലെ ജീവിക്കുന്ന സിനിമാ താരവുമായ എനിക്ക് സാധാരണ ജനങ്ങളുടെ പോയിട്ട് ഉപരി മധ്യ വര്ഗ്ഗത്തിന്റെയെങ്കിലും നിത്യ ജീവിത പ്രശ്നങ്ങള്‍ മാധ്യമങ്ങളിലൂടെയല്ലാതെ അറിയുവാന്‍ സാധിക്കുമോ എന്ന് ? അതിന് സാധിച്ചില്ലെങ്കില്‍ പിന്നെ ഞാന്‍ എങ്ങിനെ സാധാരണക്കാര്‍ നിറഞ്ഞ ഒരു സമൂഹത്തിന്റെ ഗതിവിഗതികളെക്കുറിച്ച് അഭിപ്രായം പറയുമെന്ന് ?
ഇത് പറഞ്ഞവന് സെന്‍സും, സെന്‍സിബിലിറ്റിയും , സെന്‍സിറ്റിവിറ്റിയും ഈ ആയുസില്‍ ഉണ്ടാവില്ലെന്ന് മാത്രമല്ല , അവന് ദൈവദോഷവും കിട്ടും.നോക്കിക്കോ.
കാരണം സാധാരണക്കാരില്‍ , സാധാരണക്കാരനായ ഒരു ആക്രിക്കച്ചവടക്കാരന് കോടീശ്വരനായിട്ടാണ് ഉടന്‍ പുറത്തിറങ്ങുന്ന എന്റെ പുതിയ ചിത്രമായ 'ലവ് ഇന്‍ ആഫ്രിക്ക' എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ പാവപ്പെട്ടവര്‍ തിങ്ങി താമസിക്കുന്ന കോളനിയിലേക്ക് നഗരത്തിലെ മാലിന്യങ്ങള്‍ ഒഴുക്കിവിടാന്‍ തീരുമാനിക്കുന്ന നഗരസഭക്കെതിരെ, ആ മാലിന്യങ്ങള്‍ എല്ലാം ശേഖരിച്ച് നഗരസഭാ കാര്യാലയത്തിന് മുന്നില്‍ കൊണ്ടിട്ട്,അധികാരികളോട് ഞാന്‍ ശക്തമായ് പ്രതികരിക്കുന്നുണ്ട്. അതും വെളുത്ത വീതി കസവ് മുണ്ടും, ലാല്‍ ബാഗ് ഉദ്യാനത്തിലേതിനെക്കാള് പൂക്കളുള്ള ഷര്‍ട്ടുമിട്ട് വെറും സാധാരണക്കാരനായി. സാധരണക്കാരനാവാന് വേണ്ടി ആ രംഗത്ത് ഞാന്‍ സണ്‍ഗ്ലാസ് പോലും വെച്ചിട്ടില്ല , അറിയാമോ നിങ്ങള്‍ക്ക് ? പോരാഞ്ഞ്, ഇതേ രംഗത്തിന്റെ തുടര്‍ച്ചയായി അതുവഴി പോകുന്ന മന്ത്രിയെയും ഞാന്‍ പിടിച്ച് നിറുത്തി പല തരവഴിയും പറയുന്നുണ്ട് . ഇത്രയൊക്കെ പോരെ സാധാരണക്കാര്‍ക്ക്?
സിനിമയില്‍ ഞാന്‍ നിങ്ങള്‍ക്ക് ചെയ്യുന്ന സേവനം പോട്ടെ . ബ്ലോഗ് വഴി ജനാധിപത്യത്തിന്റെ താക്കോല്‍ ഞാന്‍ കഷ്ടപ്പെട്ട് കണ്ടു പിടിച്ച് നിങ്ങളുടെ കൈയ്യില്‍ തന്നില്ലേ? എന്റെ രണ്ടാമത്തെ പോസ്റ്റില്‍ നിങ്ങളോട് സമ്മതിദാനാവകാശം പാഴാക്കരുത് എന്ന് ഞാന്‍ പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ,കേരളത്തില്‍ ഒരൊറ്റ കുഞ്ഞ് വോട്ട് ചെയ്യുമോ? ഇല്ല . അതാണ് ദാറ്റ്.
ഇതിനൊക്കെ എന്തെങ്കിലും വിലയുണ്ടോ ? ഉണ്ടെങ്കില്‍ ഇങ്ങിനെയുള്ള കമന്റുകള്‍ നിങ്ങള്‍ എന്റെ ബ്ലോഗില്‍ ഇടുമോ (ഇട്ടാലും അവ വെളിച്ചം കാണില്ല എന്നത് കാര്യം വേറെ) .
നന്ദി വേണമെടാ നന്ദി .
13 comments:
കൊള്ളാം കേട്ടോ... നമ്മടെ കാക്കായിക്കിട്ടു തന്നെ വേണം...!! ആശംസകള്‍...
കൊയ്യാനല്ലാതെ വിതയ്ക്കുന്നവര് ഈ കാലത്തുമുണ്ടോ?
ഇത് അന്യായം മാഷേ . ഒന്നു ദഹിക്കുനതിനു മുന്‍പ് അടുത്തതോ? അതും കുടുതല്‍ കിടിലം ? എങ്ങനെ പോയാല്‍ ഏത് എവിടെ ചെന്നു നില്ക്കും ? ഒരു ൨ ദിവസത്തെ ഗ്യാപ് എങ്ങിലും കൊടുക്ക് മാഷേ.സത്യം പറഞ്ഞാല്‍ ഞാന്‍ പഴയ പോസ്റ്റ് ഒന്നു കുടി വായിക്കാന്‍ കേറിയതാ . എവിടെ? എന്തായാലും തകര്‍ത്തു. നേരത്തെ പറഞ്ഞ പോലെ ഒത്തിരി പേര് പറയാന്‍ മടിക്കുന്ന കരിയങ്ങള്‍ അന്ന് തങ്ങള്‍ തുരന്നടിക്കുനത് .കൈ എങ്ങിലും അടിചില്ലേല് പിന്നെ എന്തോന്ന് വായനക്കാരാ നന്ങളൊക്കെ ?
എന്നത്തേയും പോലെ ഇത്തവണയും നന്നായി.. :)
ഹോ, യെന്നാ അലക്കാ മച്ചാന്;) ഞാനിപ്പഴാ പഴയതൊക്കെ തപ്പി നോക്കിയത്..
നല്ല കട്ടപ്പാരതന്നെ,,ഒരു നടയ്ക്ക് പോവണ ലക്ഷണമില്ല!
എന്തായാലും ചിലയിടത്തൊക്കെ നന്നായി ചിരിച്ചു.
മേല്‍ പറഞ്ഞ ബ്ലോഗ് ഇല് ഓടികുടിയ ഏതാണ്ട് എല്ലാ പേര്‍ക്കും തോന്നിയ kariyam അന്ന് തങ്ങള്‍ ബ്ലോഗിലുടെ പറഞ്ഞതെന്ന് ഇതിന്തെ പ്രതികരണങ്ങള്‍ തെളിയിക്കുന്നു .പോസ്റ്റ് നന്നായി ഇനിയും വരാം
എന്നാലും ഇക്കയെ ഇങ്ങിനെ വരണ്ടായിരുന്നു . മലയാളി പെണ്‍കുട്ടികളുടെ സൌന്ദര്യ സങ്കല്പ്പ ബിംബങ്ങളില്‍ ഒന്നിന്നെ തച്ചുടക്കാനുള്ള ഈ ശ്രമത്തെ ഞാന്‍ ശക്തിയായി അപലപിക്കുന്നു. ഞങ്ങളുടെ ഇക്കയെ തൊട്ട് കളിച്ചാല്‍ ...ങ്ങാഹ.
പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളോട് പക്ഷേ യോജിക്കാതെ തരമില്ല. ഇക്ക ബ്ലോഗ് തുടങ്ങിയപ്പോള്‍ , ഇനി അദ്ദേഹത്തിന്റെ സിനിമാ വിശേഷങ്ങള്‍ നേരിട്ടു അദ്ദേഹത്തില്‍ നിന്നറിയമല്ലോ എന്ന് കരുതി ചെന്നു നോക്കിയപ്പോ ദാ അവിടെ മൊത്തം "ഗൌരവ" തരമായ ചര്‍ച്ചകള്‍ :( . കുറച്ചു കാലമായി ഇറങ്ങുന്ന സിനിമകളും പറഞ്ഞത് പോലെ തന്നെ .
എങ്കിലും പോസ്റ്റ് നന്നയിന്ന് പക്ഷേ ഞാന്‍ പറയില്ല . :)
Nothing short of exorbitant would define this one. Well done buddy . Are you really a journo? The language you use in each post differs according to the subject . Great craft man ,simply great .
Cheers
The new profile is simply hilarious . Two thumbs up for that
കഴിഞ്ഞ പോസ്റ്റിന്റെ കിക്ക് മാറും മുന്‍പ് ദാ അടുത്ത അടാര്‍ സാധനം .ഇക്കയെയും വെറുതെ വിടില്ല അല്ലേ? അല്ല മാഷേ സത്യത്തില്‍ നിങ്ങള്‍ക്ക് പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നത് പോലെ ഇവന്റ് മാനേജ്മെന്റ് തന്ന്യെയാണോ ജോലി? അതോ മുകളില്‍ ചോദിച്ച പോലെപാര്ട്ട് ടൈം പത്ര പ്രവര്‍ത്തനവും ഉണ്ടോ ?
എന്തായാലും പോസ്റ്റ് നന്നായി. ആശംസകള്‍ . അടുത്തത് ആരുടെ വിധിയാണ്? --
കിടു :)
nice one man..
just going through all ur posts..
.ee ipod touch ennokke parayille athupole oru berly touch..:) samshayikkano?
Post a Comment