Wednesday, January 21, 2009

സൈബര്‍ കിംഗ്‌ഡം :നവ ഐ ടി മുകുളങ്ങളുടെ ശ്രദ്ധക്ക്

എറണാകുളത്ത് പതിനായിരം ഹെക്ടര്‍ നെല്‍ വയല്‍ നികത്തി , എ കെ (എവെരിതിംഗ് ) ഇന്‍കോര്‍പ്പോറേറ്റെഡ് പണി കഴിപ്പിച്ച അത്യന്താധുനിക വിവര സാങ്കേതിക വ്യാവസായിക സാമ്രാജ്യമായ സൈബര്‍ കിംഗ്ഡത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ പരന്നിരിക്കുന്ന അപവാദങ്ങളും അതുമൂലമുള്ള ആശങ്കകളും, പുതിയതായ് സൈബര്‍ കിംഗ്ഡത്തില്‍ ജോലിക്ക് പ്രവേശിച്ചവരിലും ,ഇനി ജോലിക്ക് ചേരുവാനുള്ള യുവതി യുവാക്കള്‍ക്കിടയിലും ചില ചിന്താകുഴപ്പങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു . അവ ദൂരീകരിക്കുവാനുള്ള വിശദീകരണക്കുറിപ്പ്‌.

സൈബര്‍ കിംഗ്ഡത്തിന്‍റെ പ്രവര്‍ത്തന നയങ്ങള്‍

1) മുപ്പതിനായിരത്തിലധികം യുവതി, യുവാക്കള്‍ക്ക് ഒരേസമയം തൊഴില്‍ കൊടുക്കുക . ഒപ്പം , എന്ജിനിയറിഗ് വിദ്യാര്‍ഥികളെ ആറാം സെമെസ്റ്റെറില്‍ (എം സി എകാരുമുണ്ട്) തന്നെ ക്യാമ്പസ് ഇന്റര്‍വ്യൂ വഴി തിരഞ്ഞെടുത്ത്, ഭീമമായ ശമ്പളം വാഗ്ദാനം ചെയ്ത്‌, അന്നോളം ഇന്റെര്‍ണല്‍ മാര്‍ക്ക് കാട്ടി അവരെ പേടിപ്പിച്ച തുഛ ശമ്പളം വാങ്ങുന്ന അധ്യാപകരുടെ തന്തക്ക് വിളിക്കാന്‍ പ്രാപ്തരാക്കുക .

2) സൈബര്‍ സൈബര്‍ കിംഗ്ഡത്തില്‍ ജോലിക്ക് ചേരുന്നവര്‍ക്കായ് മക്ക് ഡൊണാള്‍ഡ്സ് , സബ് വേ, കേ എഫ് സി , പീസ ഹട്ട് തുടങ്ങിയവയുടെ ധാരാളം ഔട്ട്ലെറ്റുകള്‍ ഉണ്ടാവും . അതിനാല്‍ കേരളത്തിലെ അരിക്ഷാമം കാര്യമാക്കാനില്ല

3) നാട്ടുകാരുടെ മുന്നില്‍ ആഡമ്പരമായി നടക്കാന്‍ വേണ്ട പട്ടി തൊടല്‍ മാതൃകയിലെ ഐ ഡി കാര്‍ഡ് , രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് മണിവരെ (വേണ്ടി വന്നാല്‍ അതിന് ശേഷവും ) അമേരിക്ക ,ബ്രിട്ടന്‍ , സ്വിറ്റ്സര്‍ലാന്‍ഡ്‌ എന്നീ വിവിധ സുന്ദരദേശങ്ങളിലെ സായിപ്പന്മാരുടെ വക നല്ല ഇംഗ്ലീഷില്‍ തന്തക്ക് വിളി കേള്‍ക്കുവാനുള്ള അസുലഭാവസരം എന്നിവ ജോലിയുടെ ഭാഗമായ് ഏവര്‍ക്കും ലഭിക്കുന്നതാണ്

4) ജോലിക്ക് പ്രവേശിക്കുന്നവര്‍ക്കെല്ലാം എ കെ ഇന്കോര്‍പ്പോറേറ്റഡിന്റെ ഉടമസ്ഥതയിലുള്ള നവയുഗ ബാങ്കുകള്‍ കാറും, വീടും എന്തിന് വിദേശ അടിവസ്ത്രങ്ങള്‍ വരെ വാങ്ങുവാന്‍ വന്‍ തുകകള്‍ ലോണായി നല്‍കും. പോരാത്തതിന് രണ്ടില്‍ കുറയാതെ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡുകളും .നിങ്ങള്‍ വാങ്ങുന്ന ആഡമ്പര കാറുകളും,നിങ്ങളുടെ കൂറ്റന്‍ വീടുകളും,ജീവിത രീതിയും കണ്ട് തെണ്ടി തിരിഞ്ഞ് നടക്കുന്ന നാട്ടുകാരുടെ തൊലി അസൂയയാല്‍ പൊളിയണം . ഇനി ആരെങ്കിലും ഏതെങ്കിലും തരത്തില്‍ നിങ്ങളെ കളിയാക്കുവാന്‍ മുതിര്‍ന്നാല്‍ ,"ഞങ്ങള്‍ അധ്വാനിക്കുന്ന തുകയില്‍ നിന്നും നികുതി കെട്ടുന്നത് കൂടി കൊണ്ടാണെടാ തെണ്ടി നീ ഞെളിഞ്ഞ് നിന്നു പ്രസംഗിക്കുന്നത് " എന്ന് മുഖം നോക്കാതെ പറഞ്ഞേക്കുക.കമ്പനി മാസാമാസം കൃത്യമായി ആ തുക സര്‍ക്കാരില്‍ അടക്കാതെ, മുഴവന്‍ കാശായി കൈയ്യില്‍ തന്നിരുന്നെങ്കില്‍ ഏതെല്ലാം മാര്‍ഗത്തില്‍ കമഴ്ത്താമോ അതിലൂടെല്ലാം നിങ്ങള്‍ നികുതി കമ്ഴ്ത്തിയേനെ എന്ന് അവനറിയില്ലല്ലോ .

5) സ്വാന്തന്ത്ര്യ ദിനം ,റിപബ്ലിക്‌ ദിനം എന്നീ ദേശീയ അവധി ദിനങ്ങളില്‍ ഔദ്യോഗികമായ് കമ്പനിക്ക് അവധിയായിരിക്കും, പക്ഷേ എല്ലാവനും / അവളന്മാരും സ്വന്തം ഇഷ്ടപ്രകാരമെന്നവണ്ണം വന്ന്, ഹാജര്‍ പുസ്തകത്തില്‍ ഒപ്പിടാതെ ജോലി ചെയ്യേണ്ടതാണ് . ഈ ദിവസങ്ങളില്‍ വരാത്തവര്‍ക്ക് ലോസ് ഓഫ് പേ ,അടുത്ത അപ്റൈസലില്‍ ആകെ മൊത്തം ചുവന്ന വര തുടങ്ങിയ സമ്മാനങ്ങള്‍ ഉറപ്പ് .

6) സാമ്പത്തിക മാന്ദ്യം വന്ന് നിങ്ങളില്‍ ഭൂരിഭാഗത്തിനെയും കമ്പനി പിരിച്ച് വിട്ടാല്‍ വാങ്ങികൂട്ടിയ ലോണും , പഞ്ചനക്ഷത്ര അത്താഴത്തിനും, ഷോപ്പിങ്ങിനുമായി ഉരച്ച ക്രെഡിറ്റ് കാര്‍ഡിലെ തുകയും എങ്ങിനെ തിരിച്ചടക്കും എന്ന ചോദ്യം നിങ്ങള്‍ ഇപ്പോള്‍ സ്വയം ചോദിക്കരുത്. നിങ്ങളൊക്കെ ചെറുപ്പക്കാരല്ലേ? ഒരല്‍പ്പം റിസ്ക് ഇല്ലാതെ എന്ത് ജീവിതം ? മാത്രമല്ല ,ജോലിയില്ലാതെ നിങ്ങള്‍ തെണ്ടുന്നതും,ബാങ്കുകള്‍ നിങ്ങളുടെ ഭാരതിയ ലങ്കോട്ടി വരെ ഊരി വാങ്ങുന്നതും, കമ്പനിയെ ഒരു തരത്തിലും ബാധിക്കുന്ന പ്രശ്നം അല്ലാത്തതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലതാനും .

7) മാത്രമല്ല സൈബര്‍ കിംഗ്ഡത്തിലെ കൂട്ട പിരിച്ചുവിടലിനും തനതായ ഒരു ശൈലി ഉണ്ടായിരിക്കുന്നതാണ് . ഈ രീതി ഗോള്‍ഡന്‍ ബൂട്ട് എന്നറിയപ്പെടും . സകല ആനുകൂല്യങ്ങളും നല്‍കി,സന്തോഷത്തോടെ സ്വയം പിരിഞ്ഞ് പോകാന്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ ഷേക്ക്‌ഹാന്‍ഡ് ഒരു പഴഞ്ചന്‍ രീതിയാതിനാലാണ് ഈ നവീന സം‌വിധാനം .ഇതിന്‍ പ്രകാരം പിരിച്ചു വിടപ്പെടുന്ന,കമ്പനിയില്‍ പത്തു കൊല്ലം ജോലി ചെയ്തവനെയും/ലവളെയും, വെറും മൂന്നു മാസം മാത്രമായവരെയും, ഒരേ പോലെ ഒരു സുപ്രഭാതത്തില്‍ വിളിച്ച് ഐ ഡി പിടിച്ചു വാങ്ങി,മെയില്‍ അക്സെസ്സ് വരെ എടുത്ത്‌ കളഞ്ഞ്, സഹപ്രവര്‍ത്തകരോട് ഒന്നു യാത്രപോലും പറയാന്‍ അനുവദിക്കാതെ ചവിട്ടി പുറത്താക്കുന്നതായിരിക്കും.

8) സാമ്പത്തിക മാന്ദ്യം വരും മുന്പ് , കമ്പനി പിരിച്ച്‌ വിടാതെ ,കൂടുതല്‍ ശമ്പളവും പദവിയുമുള്ള ജോലി കിട്ടി സ്വമേധയാ പിരിഞ്ഞ് പോകുന്നവരെ,മൂന്ന് മാസത്തെ നോട്ടിസ് സമയം കാട്ടി പീഡിപ്പിക്കല്‍ , അതിന് ശേഷം റിലീവിംഗ് ഓര്‍ഡര്‍ വൈകിക്കല്‍ തുടങ്ങിയ പാരിതോഷികങ്ങള്‍ നല്‍കി മാത്രമെ കമ്പനി യാത്രയാക്കു .

കൂടാതെ പാടശേഖരങ്ങള്‍ നികത്തപെടുന്നത് വഴി അരിക്ഷാമം രൂക്ഷമാകുമെന്ന് അലമുറയിടുന്ന അലവലാതികളുടെ വായടക്കാന്‍ ,നികത്തിയ പതിനായിരം ഹെക്ടറിനരുകിലുള്ള ഒരേക്കര്‍ പാടത്ത്‌ സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സകല ഭരണകക്ഷി ചാവലികളും പങ്കെടുക്കുന്ന ഒരു ഞാറ് നടീല്‍ ഉത്സവം കമ്പനി സ്വന്തം ചിലവില്‍ നടത്തിക്കും.
ഈ ഉത്സവത്തിന് മാധ്യമങ്ങള്‍ വമ്പന്‍ പ്രചാരം നല്‍കുവാനുള്ള എല്ലാ ഏര്‍പ്പാടുകളും (കുപ്പി സഹിതം ) ഇതിനോടകം ചെയ്തു കഴിഞ്ഞു . പ്രതിപക്ഷം ബഹളമുണ്ടാക്കാതിരിക്കാന്‍ അവരുടെ ദേശീയ നേതൃത്വത്തിന്റെ അണ്ണാക്കിലും കോടികള്‍ തിരുകിയിട്ടുണ്ട് .
കാലാന്തരത്തില്‍ ഈ നട്ട ഞാറുകള്‍ നെല്‍കതിരുകളായ് കൊയ്യാന്‍ ആളെക്കിട്ടാതെ നശിച്ച് കഴിയുമ്പോള്‍ ആ ഒരേക്കര്‍ കൂടി കമ്പനി ഏറ്റെടുത്ത് അവിടെ സൈബര്‍ കിംഗ്ഡത്തിലെ ജോലിക്കാര്‍ക്കായ് ഒളിമ്പിക് സൈസ്സ് നീന്തല്‍കുളം സഹിതം ഒരു അത്യാധുനിക ക്ലബ് പണികഴിപ്പിക്കുന്നതാണ്.

എന്ന് വിശ്വാസ്യതയോടെ

എ കെ
ചെയര്‍മാന്‍ & സി ഇ ഓ
എ കെ (എവെരിതിംഗ് ) ഇന്‍കോര്‍പ്പോറേറ്റെഡ്

4 comments:

വീണ said...

അത് ശരി. ഇത്തവണ ഞങ്ങള്‍ ഐ ടികാര്‍ക്കിട്ടാ?ജീവിക്കാന്‍ സമ്മതിക്കില്ലേ ? ബന്ധുക്കളെയും, നോണ്‍ ഐ ടി കൂട്ടുകാരെയുമൊക്കെ ഈ ഭൂമി കറങ്ങുന്നത് തന്നെ ഞങ്ങള്‍ ഉണ്ടാക്കുന്ന സോഫ്റ്റ്‌വെയര്‍ കൊണ്ടാണ് എന്ന് വിശ്വസിപ്പിച്ച് ഒരു വിധത്തില്‍ ജീവിച്ചു വരുകയായിരുന്നു. അപ്പോഴാണ്‌ ഗോള്‍ഡന്‍ ബൂട്ടും , സാമ്പത്തിക മാന്ദ്യവും എന്നൊക്കെ മനുഷ്യന്റെ മനസമാധാനം കളയാനായിട്ട് . നിങ്ങളനുഭവിക്കും മാഷേ നിങ്ങളനുഭവിക്കും.

Aadityan said...

നിങ്ങള്‍ ലോകത്തിലെ എല്ലാ ആളുകളെയും ശത്രു ആക്കിയെ അടങ്ങു? എന്നി എന്തൊക്കെയാ ബാക്കി ? പോസ്റ്റ് നന്നായിരുന്നു ? വേറെ ഒരു പണിയും ഇല്ലെ ? നല്ല സ്പീഡ്.

ഓഫ് : പിന്നെ ബൂ ലോകത്തെ വലിയ ദൈവങ്ങളെ കുറിച്ചു പോസ്റ്റ് ethathu പ്രമാണിച്ച് ഭീഷണി വല്ലതും കിട്ടിയോ ?

Unknown said...

I don't know much about the internals of Kerala's IT arena . But from what I have read and understood so far, this post is a real kick ass stuff .

Keep It up

Cheers

Anonymous said...

ഐ ടിക്കാര്‍ ജീവിച്ച് പൊക്കോട്ടെ സര്‍. ബ്ലോഗില്‍ തന്നെ വിവാദത്തിന് വേണ്ട വിഷയങ്ങള്‍ ആവശ്യത്തിനില്ലേ? വെറുതെ ഞങ്ങടെ തലയില്‍ ചവിട്ടണോ ?