Sunday, January 25, 2009

നാന്‍ അവനല്ലയ്

വളരെയധികം മാനസിക വിഷമത്തോടെയാണ് ഞാന്‍ ഈ പോസ്റ്റ് എഴുതുന്നത്. എന്‍റെ മാനസിക വിഷമത്തിന് കാരണം ഈ ബ്ലോഗില്‍ വായനക്കാരായി എത്തുന്ന നിങ്ങളില്‍ ചിലര്‍ തന്നെയാണ് .
കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് നിങ്ങളില്‍ ചിലര്‍ കമന്റുകളിലൂടെ അന്യ വ്യക്തിത്വങ്ങളെ എന്‍റെ തലയില്‍ കെട്ടിവെയ്ക്കുവാന്‍ ശ്രമിക്കുന്നു . കമന്റുകളില്‍ വരുന്ന "താങ്കള്‍ സത്യത്തില്‍ ഹൃതിക് റോഷനല്ലേ? " , "അര്‍ജ്ജുന്‍ കൃഷ്ണ എന്ന അപര നാമത്തില്‍ എഴുതുന്ന താങ്കള്‍ വാസ്തവത്തില്‍ , മരിച്ചു പോയി എന്ന് ജനം വിശ്വസിക്കുന്ന ആക്ഷന്‍ കിംഗ്‌ ജയനല്ലേ ? ", തുടങ്ങിയ ചോദ്യങ്ങള്‍ എന്നെ വല്ലാതെ മുറിവേല്‍പ്പിക്കുന്നു.
മാത്രമല്ല " താങ്കള്‍ ജോര്‍ജ് ബുഷാണ് , എനിക്കറിയാം ", "താങ്കള്‍ ടോം വടക്കനല്ലേ ?" "താങ്കള്‍ ആ ബ്ലോഗര്‍ അല്ലേ ?" ,"താങ്കള്‍ സത്യത്തില്‍ ഈ ബ്ലോഗര്‍ അല്ലേ ?" തുടങ്ങിയ കമന്റുകള്‍ എന്നെപ്പോലെ സ്ഥാനിയും ,മാനിയും, കങ്കാണിയുമായ ഒരുവന് സഹിക്കാന്‍ സാധിക്കുമോ? മാനമുള്ളവന്‍ ആത്മഹത്യ ചെയ്യേണ്ട ഈ ചോദ്യങ്ങള്‍ കണ്ടിട്ടും ഞാന്‍ പിടിച്ച് നിന്നത് മലയാളം ബ്ലോഗുകള്‍ വായിച്ചു തുടങ്ങിയ നാള്‍ മുതല്‍ എന്‍റെ മാനം കുറേശ്ശെ ചോര്‍ന്ന് പോയിത്തുടങ്ങി എന്ന ഒറ്റ കാരണത്താലാണ് .

ഈ അന്യ വ്യക്തിത്വങ്ങള്‍ എന്നില്‍ ഏറ്റവും കൂടുതല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത് ഞാന്‍ ഒന്നോ, രണ്ടോ പോസ്റ്റുകള്‍ കത്തുകളുടെ രൂപത്തില്‍ ഇട്ടപ്പോഴാണ് . ഇക്കണക്കിന് രണ്ടു മൂന്ന് കത്തുകള്‍ കൂടി ഞാന്‍ എഴുതുകയാണെങ്കില്‍ നീയൊക്കെ എന്നെപ്പിടിച്ച് 'ഒരച്ഛന്‍ മകള്‍ക്കെഴുതിയ കത്തുകള്‍' രചിച്ച ജവഹര്‍ലാല്‍ നെഹ്‌റു ആക്കുമല്ലോ?

കമന്റുകളിലൂടെ ഈ ചോദ്യങ്ങള്‍ക്ക് എത്ര മറുപടികള്‍ നല്‍കിയിട്ടും പിന്നെയും സംശയങ്ങള്‍ ബാക്കി. അവ ദൂരീകരിക്കാനാണ് ഈ പോസ്റ്റ് . അടങ്ങിയിരുന്നു വായിച്ചോണം എല്ലാവനും. വായിച്ചു തീരും വരെ ഇവിടെ ശ്വാസമെടുക്കുന്ന സ്വരം കേള്‍ക്കരുത്.

ആദ്യമേ തന്നെ പറയട്ടെ , നിങ്ങള്‍ സംശയിക്കുന്നത് പോലെ ഞാന്‍ ഹൃതിക് റോഷന്‍ , ടോം ക്രുയിസ്, ആ ബ്ലോഗര്‍, ഈ ബ്ലോഗര്‍ ,മറ്റേ ബ്ലോഗര്‍ എന്നിവരില്‍ ആരുമല്ല. കാരണം ഈ പുവര്‍ 'ചാപ്പ്'സിനൊന്നും എന്‍റെ സൌന്ദര്യവും , ബുദ്ധിയും ഇല്ല .മാത്രമല്ല പ്രസ്തുത കൂറകള്‍ക്ക് എന്‍റെ അനുപമമായ ഭാഷയും , ശൈലിയും സ്വപ്നേപി സ്മരിക്കാന്‍ പോലും സാധിക്കില്ല. (ഇതൊക്കെ ആര് പറഞ്ഞു എന്നൊരുത്തനും ചോദിക്കണ്ട. പറഞ്ഞത് മഹാനായ ഒരു വ്യക്തി തന്നെയാണ്. ഈ ഞാന്‍ )

പിന്നെ ഞാന്‍ ആരാണ് എന്നതാവും അടുത്ത ചോദ്യം. എന്‍റെ നാമം അര്‍ജ്ജുന്‍ കൃഷ്ണ . തിരുവനന്തപുരം നിവാസിയായി , അത്ഭുതങ്ങള്‍ കാണിച്ച്, ആളുകളെ ബ്രഹ്മ വെച്ച് ജീവിച്ചു പോകുന്ന ഒരു അത്യപൂര്‍വ പ്രതിഭാസം . എ കെന്ന് വിളിക്കും.
സത്യസന്ധനും , സത്സ്വഭാവിയും, ദാനശീലനും , അറിവിന്‍റെ മഹാസാഗരവും (ആരെടാ അവിടെയിരുന്ന് നിറുത്തെടാ ,നിറുത്തെടാ എന്ന് വിളിച്ച് പറഞ്ഞത്?) ഒക്കെയായ ഞാന്‍ ബ്ലോഗ് തുടങ്ങുന്നത് രണ്ടായിരത്തിയെട്ട് ഓഗസ്റ്റ് മാസത്തിലാണ്. എന്തിന് തുടങ്ങി എന്ന് ചോദിച്ചാല്‍, എല്ലാത്തിനും ഒരു തുടക്കം വേണമല്ലോ എന്ന് കരുതി തുടങ്ങി . അത്ര മാത്രം .

അന്ന് മുതല്‍ ഇന്നുവരെ മോറല്‍ സയന്‍സ് പാഠങ്ങള്‍ പറഞ്ഞ് തന്ന്. കണ്ടാഗ്രസ്സായിക്കിടക്കുന്ന നിങ്ങളെയൊക്കെ നേര്‍വഴിക്കു നടത്തുക എന്ന ഒരൊറ്റ ലക്ഷ്യമേ എനിക്കുള്ളൂ. അത് നിങ്ങള്‍ക്കും ഇതിനോടകം തന്നെ എന്‍റെ പോസ്റ്റുകളില്‍ നിന്നും മനസിലായിട്ടുണ്ടാകും.

അങ്ങിനെയുള്ള എന്നിലാണ് ചിലര്‍ അന്യ വ്യക്തിത്വങ്ങള്‍ ആരോപിക്കുന്നത് . അവര്‍ക്കെതിരെ ഞാന്‍ ഈ അവസരത്തില്‍ അതിശക്തമായ് പ്രതിഷേധിക്കുന്നു (അടക്കെടാ ബ്ലോഗ്!!!, ആചരിക്കെടാ ഹര്‍ത്താല്‍!!!, കത്തിക്കെടാ ബസ്സ് !!!, കൊടുക്കെടാ സൈബര്‍ കേസ് !!!).

എന്നില്‍ അന്യരെ കാണുന്ന നരകീടങ്ങളെ , നിങ്ങളോട് ഞാന്‍ ചോദിക്കുകയാണ്, നിങ്ങള്‍ ഈ പറയുന്ന ആരെക്കെങ്കിലും എന്‍റെ ഹൈറ്റുണ്ടോ ? എന്‍റെ വെയിറ്റുണ്ടോ? എന്‍റെ കളറുണ്ടോ ? ഗ്ലാമാറുണ്ടോ? വിവരമുണ്ടോ? . ചുരിങ്ങിയ പക്ഷം അവര്‍ എന്നെപ്പോലെ തരികിടകളും , ഫ്രാഡുകളുമാണോ? (ആവേശത്തില്‍ ചോദിച്ച് പോയതാ . അവസാനത്തെ ചോദ്യം മായ്ച്ചു കളഞ്ഞു) . എന്‍റെ ഗുണഗണങ്ങളുടെ നൂറിലൊരു അംശം തൊട്ട് തീണ്ടിയിട്ടില്ലാത്ത അശുക്കളുടെ മുഖമൂടികള്‍ എന്‍റെ ഈ സുന്ദര മുഖത്ത്‌ കൊണ്ടു വെക്കുവാന്‍ നിങ്ങള്‍ക്ക് എങ്ങിനെ ധൈര്യം വന്നു ?
ഇന്നു നിറുത്തണം നിങ്ങളുടെ ഇത്തരം കപട നാടകങ്ങള്‍ . ഇത് വെറും സൂചനയാണ് .ഇതില്‍ നിന്നും നിങ്ങള്‍ പാഠം പഠിച്ചിലെങ്കില്‍....സൌകര്യം പോലെ പഠിച്ചാല്‍ മതി. സമയം ഇഷ്ടം പോലെ കിടക്കുകയല്ലേ?

ഇത്രയൊക്കെയായിട്ടും വായനക്കാര്‍ക്ക്‌ ഈ അര്‍ജ്ജുന്‍ കൃഷ്ണ എന്ന സംഭവം ആര് , എങ്ങിനെയിരിക്കും എന്നൊന്നും ഒരു പിടിയും കിട്ടിയില്ലല്ലേ ?. ഐശ്വര്യാ റായ്ക്കും എന്നെ പിടികിട്ടരുത് എന്ന് കരുതിയാണ് ഞാന്‍ പ്രൊഫൈലിലെ എന്‍റെ ഫോട്ടോ അല്‍പ്പം കറുപ്പിച്ചിരിക്കുന്നത്. ഇനി ശരിക്കുള്ള ഫോട്ടോ കണ്ടിട്ട് വേണം ആഷ് ,അഭിഷേകിനെ കളഞ്ഞിട്ട് എന്നെ തേടി വരാന്‍ . നമ്മളായിട്ടെന്തിനാ ഒരു കുടുമ്പം കലക്കുന്നത് ?

ഇതൊക്കെ കണ്ട് അസൂയപ്പെട്ട് ഏവനെങ്കിലും പറയുന്നുണ്ടാവും തിരുവനന്തപുരം മുതല്‍ തുര്‍ക്കി വരെയും , വാഗത്താനം മുതല്‍ വാഷിംഗ്‌ടണ്‍വരെയുമുള്ള ഏത് പോലീസ് സ്റ്റേഷനിലും 'ഇവരെ സൂക്ഷിക്കുക' എന്നെഴുതിയ ബോര്‍ഡില്‍ ഒരു പക്ഷേ എന്‍റെ പടം കണ്ടേക്കാം എന്ന്. പച്ചക്കള്ളമാണത് . ആ ബോര്ഡിനരുകില്‍ 'ഇവനെ പ്രത്യേകം സൂക്ഷിക്കുക' എന്ന മറ്റൊരു ബോര്‍ഡ് ചില സ്റ്റേഷനുകളില്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. അതില്‍ പുഞ്ചിരിക്കുന്ന , പാല്‍ വഴിയുന്ന മുഖത്തോടെയിരിക്കുന്ന ഒരു 'ഹേസല്‍ ഐഡ്' ഡാഷിങ്ങ് (ഡാഷ് അല്ല) ഫെല്ലോയെ നിങ്ങള്‍ക്ക് കാണാം. അതാണ്‌ മൈ ഡിയര്‍ ബോയ്സ് ആന്‍ഡ് ഡിയറെസ്റ്റ് ഗേള്‍സ് (ബോയ്സിന് ഡിയര്‍ മതി ) ,നിങ്ങളുടെ പ്രിയങ്കരനായ അര്‍ജ്ജുന്‍ കൃഷ്ണ അലിയാസ് എ കെ. [റെഫറന്‍സ് : കഴക്കൂട്ടം സി ഐ ]. അല്ലാതെ ചിലര്‍ എന്നില്‍ ആരോപിക്കുന്ന വൃത്തികെട്ട മുഖങ്ങള്‍ ഒന്നുമല്ല എന്റേത്.

ആരോപികളെ , പാപീസ്!!! നിങ്ങള്‍ എന്നില്‍ ചുമത്താന്‍ പാട് പെടുന്ന വ്യക്തിത്വങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ ആരാധനാപാത്രങ്ങളാണെന്ന് എനിക്കറിയാം . എന്നില്‍ വിളങ്ങി നില്‍ക്കുന്ന ഗുണങ്ങള്‍ നിങ്ങളുടെ ആരാധ്യര്‍ക്കും ഉണ്ടാകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതും ഞാന്‍ മനസിലാക്കുന്നു. പക്ഷേ നടക്കില്ല മക്കളെ നടക്കില്ല . ഏറ്റവും കുറഞ്ഞത് , വില്യം ഷേക്ക്‌സ്പീയര്‍ , മിസ്റ്റര്‍. വേദവ്യാസന്‍ , സര്‍വ്വശ്രീ പമ്മന്‍ എന്നിവരില്‍ ആരെങ്കിലുമാണ് ഞാന്‍ എന്ന് നിങ്ങള്‍ പറയും വരെ ഞാന്‍ നിങ്ങളെ നഖശിഖാന്തം എതിര്‍ക്കും. കണ്ട കൂറക്കൊക്കെ വിശ്വപ്രസിദ്ധമായ എന്‍റെ ഐഡെന്‍റ്റിറ്റി ഞാന്‍ വിട്ടു കൊടുക്കും എന്ന് നിങ്ങള്‍ കരുതേണ്ട .

ഇത്രയൊക്കെ തെളിവുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ നിരത്തി ഞാന്‍ പറയുന്നു "നാന്‍ അവനല്ലയ്" . ഇനിയും എവനെങ്കിലും കണ്ട ചവറുകളുമായിട്ടൊക്കെ എന്നെ താരതമ്യം ചെയ്യുകയോ , 'സത്യത്തില്‍ നിങ്ങള്‍ ലോ ലാ ഫ്രാഡല്ലേ ?'തുടങ്ങിയ ചോദ്യങ്ങള്‍ എന്നോട് ചോദിക്കുകയോ ചെയ്‌താല്‍ . 'സുട്ട് പൊസുക്കിടുവേന്‍ , ബി കെയര്‍ഫുള്‍ ' .

11 comments:

Tomkid! said...

ഇത് ഒരു നടക്ക് പോവില്ല!!!

മൃദുല്‍രാജ് said...

ഈ ബ്ലോഗ് തുടങ്ങി എന്നു പറയുന്ന കാലഘട്ടത്തിനടുത്ത് ബ്ലോഗ് നിര്‍ത്തിയ ഒരു തിരുവനന്തപുരംകാരന്‍ ഉണ്ടായിരുന്നു. പേരോര്‍മ്മയില്ല. അയാളാണോ ഇയാള്‍?

മുസ്തഫ|musthapha said...

ഇക്കണക്കിന് രണ്ടു മൂന്ന് കത്തുകള്‍ കൂടി ഞാന്‍ എഴുതുകയാണെങ്കില്‍ നീയൊക്കെ എന്നെപ്പിടിച്ച് 'ഒരച്ഛന്‍ മകള്‍ക്കെഴുതിയ കത്തുകള്‍' രചിച്ച ജവഹര്‍ലാല്‍ നെഹ്‌റു ആക്കുമല്ലോ?

:)))

കാവാലം ജയകൃഷ്ണന്‍ said...

താങ്കള്‍ അനോണിമാഷല്ലേ? സത്യം പറയൂ...

Aadityan said...

ഞാന്‍ മാപ്പ് ചോദിച്ചു scoot ആയതിനാല്‍ ഇത് എന്നികു ഉള്ളത് അല്ല എന്ന് കരുതുന്നു
പോസ്റ്റ് നന്നായി .keep going

Anonymous said...

ആദ്യം സഗാവ് ശശി.
പിന്നെ സുയോധനന്‍.
ഇപ്പോഴിതാ അര്‍ജ്ജുനനും കൃഷ്ണനും കൂടി ചേര്‍ന്ന്.
എന്റെ ചങ്ങാതീ ബൂലോഗത്ത് അന്യവ്യക്തിത്വം എന്നൊന്നില്ല.
പ്രിയപ്പെട്ടവനേ,
ഒരു ഐഡിയില്‍ ശ്രദ്ധിയ്ക്കപ്പെട്ടിട്ടുള്ള ആര്‍ക്കും മറ്റൊരൈഡിയില്‍ ഒളിപ്പോരിനു ബൂലോഗത്ത് ചാന്‍സ് അധികമില്ല നസ്രേത്തേ.

Aadityan said...

പിന്നെയും തുടങ്ങി .ഇയാള്‍ ആരോ ആയികൊട്ടെ സുഹൃത്തേ .നമുക്കെന്താ

Sherlock said...

nice one :)

but still?

ശ്രീഹരി::Sreehari said...

നാഗവല്ലി? അന്യന്‍?

വീണ said...

കാണാന്‍ വൈകി . വിശദീകരണം നല്‍കിയപ്പോള്‍ ആളുകള്‍ക്ക് സംശയം കൂടുകയാണല്ലോ?
കഴക്കൂട്ടം സി ഐയുടെ നമ്പര്‍ എത്ര്യാ?

നിങ്ങള്‍ക്ക് ലഭിക്കുന്ന വിമര്‍ശനങ്ങളെയും ഇങ്ങനെ നര്‍മ്മത്തില്‍ പൊതിയാനുള്ള കഴിവ് അപാരം .
പിന്നെ പാപികളുടെ കൂട്ടത്തില്‍ നിന്നും ഞാന്‍ പിന്മാറി കേട്ടോ?
പോസ്റ്റ് പതിവു പോലെ. :)

ARAYKAN said...

well done