Tuesday, June 2, 2009

ജീവന്റെ നീതി

'എ വെനസ്ഡേ' എന്നൊരു ഹിന്ദി ചലച്ചിത്രം സമീപ കാലത്ത് പുറത്തിറങ്ങിയിരുന്നു .എനിക്ക് ആ ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയത് കൊള്ളാവുന്ന ഒരു ത്രില്ലര്‍ എന്നാണ്.പക്ഷേ നസറുദ്ദീന്‍ ഷായും ,അനുപം ഖേറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഒരു തീവ്ര വര്‍ഗീയ ചിത്രമാണ് എന്ന് ഈയിടെയാണ് എനിക്ക് മനസിലായത്. ഈ തിരിച്ചറിവ് എനിക്കുണ്ടായത് വെബ്ദുനിയയില്‍ വന്ന ഒരു ലേഖനം വായിച്ച ശേഷമാണ്.

ലേഖനത്തില്‍ എന്നെ ഏറ്റവു പ്രബുദ്ധനാക്കിയ വാചകങ്ങള്‍ ഇവയാണ്
" പേര് എന്താണെന്ന് നസറുദ്ദീന്‍ ഷായുടെ കഥാപാത്രം വെളിപ്പെടുത്തുന്നുണ്ടെങ്കിലും അത് പ്രേക്ഷകരുമായി പങ്കുവയ്ക്കാന്‍ സാധ്യമല്ലെന്നാണ് പ്രകാശ് റാത്തോഡ് പറയുന്നത്. കയ്യില്‍ മുഴുവന്‍ മന്ത്രച്ചരടുകള്‍ കെട്ടിയ പ്രകാശ് റാത്തോഡിന്റെ കയ്യില്‍ നിന്ന് ഷേയ്ക്ക്‌ഹാന്‍ഡ് വാങ്ങുന്ന നസറുദ്ദീന്‍ ഷായുടെ ഒരു ചരടും ഇല്ലാത്ത കയ്യുടെ ക്ലോസപ്പ് സിനിമയിലുണ്ട്. അത് കാണുമ്പോഴും സിനിമയുടെ മൊത്തം സാഹചര്യം മനസിലാവുമ്പോഴും നസറുദ്ദീന്‍ ഷായുടെ കഥാപാത്രത്തിന്റെ മതമെന്താണെന്ന് നമുക്ക് മനസിലാവും. സര്‍ക്കാരിനോടും പൊലീസിനോടും വിലപേശി നസറുദ്ദീന്‍ ഷായുടെ കഥാപാത്രം ജയിലിന് വെളിയില്‍ കൊണ്ടുവരുന്ന എല്ലാ തീവ്രവാദികളെയും ഇല്ലായ്മ ചെയ്യാന്‍ ‘സാധാരണക്കാരിലൊരുവന്’ കഴിയുന്നു. ഒടുവിലത്തെ തീവ്രവാദിയെ അവസാനിപ്പിക്കാന്‍ ഒരു മുസ്ലീം പൊലീസ് ഓഫീസറുടെ സേവനവും നസറുദ്ദീന്‍ ഷായുടെ കഥാപാത്രത്തിന് കിട്ടുന്നു. സിനിമയുടെ അവസാനം, ഒഴിഞ്ഞ ഒരു കെട്ടിടത്തിന് താഴെ പ്രകാശ് റാത്തോഡിനെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട് നസറുദ്ദീന്‍ ഷായുടെ കഥാപാത്രത്തിന്. തീവ്രവാദികള്‍ മുഴുവന്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍ നിന്നുള്ളവരാണെന്ന ഭൂരിഭാഗത്തിന്റെ അബദ്ധധാരണ നീരജ് പാണ്ഡേയും ആവര്‍ത്തിക്കുന്നു. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ട തീവ്രവാദികളെ ഇല്ലായ്മ ചെയ്യാന്‍ ആ മതവിഭാഗത്തില്‍ പെട്ട ഒരാള്‍ തന്നെ ‘വാളണ്ടിയര്‍‍’ ആയി മുന്നോട്ട് വരുന്നിടത്താണ് നീരജ് അറിയാതെ തന്നെ (അതോ അറിഞ്ഞിട്ടോ) ഈ സിനിമ ‘ഭൂരിപക്ഷ വര്‍ഗീയത’യുടെ ഭാഗമാവുന്നത്." (നസറുദ്ദീന്‍ ഷാ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അരയിലും കൂടി ലേഖകന് ഒന്ന് തപ്പി നോക്കാമായിരുന്നു.വല്ല ഏലസോ, തകിടോ കിട്ടിയാല്‍ പ്രശ്നം തീര്‍ന്നില്ലേ ?)

ഈ കണ്ടുപിടുത്തം നടത്തിയ മഹാനെ ഒന്ന് അഭിനന്ദിക്കണം എന്ന തോന്നല്‍ ഉണ്ടായതാണ്.പക്ഷേ ഇത്ര ഗഹനമായ ഗവേഷണം നടത്തി കലയിലും,കവിതയിലും ഭൂരിപക്ഷ വര്‍ഗീയത കണ്ടെത്തുന്ന ഇന്റെര്‍നെറ്റിലെ ആദ്യത്തെയാളല്ല ഈ ലേഖകന്‍ എന്ന കാര്യം ഓര്‍ത്തത് അപ്പോഴാണ്‌ .സമീപ കാലത്ത് തന്നെ ഒരു ബ്ലോഗില്‍ 'പാസഞ്ചര്‍' എന്ന ചിത്രത്തിന്‍റെ നിരൂപണത്തിന് വന്നൊരു അഭിപ്രായത്തില്‍ പറഞ്ഞിരിക്കുന്നത് ' സിനിമയില്‍ അണലി ഷാജി എന്ന ഗുണ്ടയെ അയാളുടെ അനുയായികള്‍ ഇക്കാ എന്ന് സംബോധന ചെയ്യുന്നത് ഒഴിവാക്കിയിരുന്നെങ്കില്‍ ഷാജി മതമില്ലാത്ത ഒരു വില്ലന്‍ ആയേനെ' എന്നതായിരുന്നു. ചിത്രത്തിലെ തോമസ്‌ ചാക്കോ ,ഡി ജി പി സ്വാമി എന്നീ വില്ലന്മാരുടെ ജാതിയോ മതമോ അഭിപ്രായം പറഞ്ഞ വ്യക്തി ശ്രദ്ധിച്ച് കാണില്ല.ഒരു പക്ഷേ അവിടെ വര്‍ഗീയത ഉണ്ടെന്ന് കൂവിയാല്‍ ഏറ്റു പിടിക്കാന്‍ കിട്ടുമോ എന്ന സംശയമായിരിക്കാം കാരണം.

പരിതാപകരമായ ചലച്ചിത്ര ആസ്വാദനം ,അപക്വമായ ചിന്തകള്‍ , മന്ദബുദ്ധികളുടെ ശ്രേണിയില്‍പ്പെടുത്താവുന്ന ഭാഷ;ഇവയൊക്കെ ക്ഷമിക്കാം. പ്രത്യേക വിഭാഗത്തിനെ പ്രക്ഷുബ്ദരാക്കുന്ന തരത്തില്‍, വികലമായ സ്വന്തം ആശയങ്ങള്‍ മറ്റൊരാളുടെ തലയില്‍ കെട്ടി വെയ്ക്കാനുള്ള ശ്രമങ്ങളെ എന്ത് ചെയ്യണം?പ്രത്യേകിച്ചൊന്നും ചെയ്യേണ്ട കാര്യമില്ല;ഇത്തരം അഭിപ്രായങ്ങള്‍ വായിക്കുകയോ ,കേള്‍ക്കുകയോ ചെയ്യുന്നവര്‍ സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുകയാണെങ്കില്‍.അല്ലാതെ അബ്ദുല്‍ കരീമിന്റെ കയ്യില്‍ നിന്നും കടം വാങ്ങിയ കാശ് അയാള്‍ തിരികെ ചോദിച്ചപ്പോള്‍ കൊടുക്കാതെ അയാളെ അനാവശ്യം പറഞ്ഞ അര്‍ജ്ജുന്‍ കൃഷ്ണയെ അബ്ദുല്‍കരീം തല്ലി.അവര്‍ തമ്മില്‍ അടി പിടിയായി എന്ന സംഭവത്തെ പത്രങ്ങളോ ,മേല്‍പ്പറഞ്ഞത്‌ പോലുള്ള വിഷ ജന്തുക്കളോ 'തിരുവനന്തപുരത്ത് അബ്ദുല്‍കരീം എന്ന മുസ്ലീം സഹോദരനെ അര്‍ജ്ജുന്‍ കൃഷ്ണ എന്ന ഹിന്ദു വര്‍ഗീയ വാദി തല്ലി' എന്ന് അവതരിപ്പിക്കുമ്പോള്‍,അത് വായിക്കുന്ന മുഹമ്മദ്‌ 'ഓഹോ എന്റെ മതമായ ഇസ്ലാമില്‍ പെട്ട അബ്ദുല്‍ കരീമിനെ ഹിന്ദുവായ അര്‍ജ്ജുന്‍ തല്ലിയോ?"എന്നും,രാമന്‍ തിരിച്ചും ചിന്തിക്കുന്നടുത്താണ് പ്രശ്നങ്ങളുടെ തുടക്കം.

ഇത്തരത്തില്‍ ചിന്തിക്കാന്‍ തയാറായ ഒരു ജനതയെ തന്നെയാണ് ആദ്യ കാലം മുതല്‍ മാധ്യമങ്ങളും ഇപ്പോള്‍ ബ്ലോഗിലും , സൈറ്റുകളിലും കുറെ ക്ഷുദ്ര ജീവികളും ഭംഗിയായി അവരുടെ വിവിധ കാര്യ സാധ്യങ്ങള്‍ക്കായി ഉപയോഗിച്ച് വരുന്നത് .(അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ആക്രമണം നടത്തുന്ന കാലത്ത് ,ഡല്‍ഹി ജുമാ മസ്ജിദില്‍ ജുമാ നിസ്കാരത്തിനു തടിച്ചു കൂടിയ ആയിരങ്ങളുടെ ചിത്രം കൊടുത്തിട്ട് 'ബിന്‍ ലാദന്റെ സുരക്ഷക്കായി പ്രാര്ത്ഥിക്കാന്‍ തടിച്ച് കൂടിയ ജനം' എന്നാ അടിക്കുറിപ്പ് കൊടുത്ത പത്രത്തിന്റെ നാടാണിത് .)

മാധ്യമങ്ങളുടെയും മറ്റുള്ളവരുടെയും ലക്ഷ്യങ്ങള്‍ എന്തുമാകട്ടെ. അവര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ സ്വന്തം തലച്ചോറ് ഉപയോഗിച്ച് ചിന്തിച്ചു തുടങ്ങിയാല്‍ പിന്നെയവര്‍ എന്ത് എഴുതി വിട്ടാലും അത് വിഷയമാകില്ല.

പക്ഷേ സ്വബുദ്ധിയില്‍ ചിന്തിയ്ക്കാന്‍ എത്ര ആളുകള്‍ ഉണ്ടാകും ഇന്ന് നമ്മുടെ നാട്ടില്‍?അവനവന്റെ വിശ്വാസത്തെ സംരക്ഷിക്കാന്‍ ആയുധം എടുക്കുക എന്നത് അന്തിമമായി ആ വിശ്വാസത്തെ തന്നെ വഞ്ചിക്കുക എന്ന അവസ്ഥയാണ് എന്നത് എത്ര പേര്‍ തിരിച്ചറിയും?

പറഞ്ഞത് രാമനോ ,കൃഷ്ണനോ ,മുഹമ്മദോ ,ക്രിസ്തുവോ ആരുമാകട്ടെ.പേരില്‍ മാത്രമല്ല,ലോകത്തിന് തീ പിടിക്കുന്ന കാരണമായാല്‍ തന്നെ മറ്റൊരു ജീവന്‍ എടുക്കുവാന്‍ ഈ ഭൂമിയില്‍ ഒരുവനും അവകാശമില്ല .(രാമന്‍ ,മുഹമ്മദ്‌,ക്രിസ്തു എന്നിവര്‍ അന്യ മത വിശ്വാസികളെ കൊന്ന് തള്ളണം എന്ന് പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നത് അവരവര്‍ തീരുമാനിക്കേണ്ട വിഷയമാണ് .മത ഗ്രന്ഥങ്ങള്‍ വായിച്ചിട്ടല്ല ,സ്വന്തം ബുദ്ധി ഉപയോഗിച്ച് .)

മതം, ജാതി ,നിറം,ഭാഷ,ദേശം തുടങ്ങിയവയിളുള്ള വ്യത്യാസങ്ങള്‍ നില നില്‍ക്കുമ്പോഴും,മനുഷ്യനെ സമന്മാരാക്കുന്നത് ജീവന്‍ എന്ന പ്രതിഭാസം മാത്രമാണ്. ജീവന് യാതൊരു വ്യത്യാസങ്ങളും ഇല്ല .അതിന് ഒരു നീതിയെ ഉള്ളു.സ്വച്ഛമായ നിലനില്‍പ്പ്‌.ഭൂമിയിലെ ജീവന്‍ മുഴുവന്‍ മുനുഷ്യന്‍ തമ്മില്‍ത്തല്ലി നശിപ്പിച്ചാലും,പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും അത് വീണ്ടും ഉരുവാകും.അത് തീര്‍ച്ചയാണ്. അക്കാരണം കൊണ്ട് തന്നെ,സുന്ദരമായ ഈ ഭൂമിയില്‍ ഏതെങ്കിലും സ്വാമിയോ,പാതിരിയോ ,മൌലവിയോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ പ്രചരിപ്പിക്കുന്ന അബദ്ധങ്ങളില്‍ മയങ്ങി, തമ്മിലടിച്ച് സ്വയം നശിക്കണോ എന്ന തീരുമാനം നമ്മുടേത് മാത്രമാകുന്നത്.

7 comments:

Anonymous said...

സിനിമ ആണെന്നുകണ്ട് വിടാന്‍ തുടങ്ങിയപ്പോള്‍ ആണ് അവസാനത്തെ ഭാഗം കണ്ടത്. പ്രസക്തമായ ചിന്തകള്‍.. പറഞ്ഞിട്ട് വലിയ കാര്യം ഇല്ലെന്നു മാത്രം.. നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒക്കയെ നടക്കൂ.. ടു ഹരിഹര്‍ നഗറിലെ കഥാപാത്രങ്ങളെ പോലും വര്‍ഗീയത കലര്‍ത്തി എഴുതിയ ബ്ലോഗുകള്‍ ഈ ബൂലോകത്ത് ഉണ്ടേ..

chithragupthan said...

സൂക്ഷ്മ വിശകലനം; ആർജ്ജവമുള്ള എഴുത്ത്. ഇതു രണ്ടും അത്യപൂർവ്വമായേ ബ്ലോഗിൽ കാണാറുള്ളൂ.
സവ്യസാചി, ഇതുരണ്ടും കാത്തുസൂക്ഷിക്കുക.
നല്ല പോസ്റ്റ്.

Vadakkoot said...

ക്ഷീരമുള്ളോരകീടിന്‍ ചുവട്ടിലും ചോരതന്നേ കൊതൂകിന്നു കൌതുകം...

നല്ല പടമായിരുന്നു. അതിനെ ഇങ്ങനെ കാണണമെങ്കില്‍ ഇവന്റെയൊക്കെ ഉള്ളില്‍ എത്രമാത്രം വിഷം ഉറഞ്ഞിരിപ്പുണ്ടാവണം?

btw, ആ പടം കമലഹാസന്‍ ലാലിനെയൊക്കെ വെച്ച് എടുക്കുന്നുണ്ടെന്നാ കേട്ടത്.

മഞ്ഞു തോട്ടക്കാരന്‍ said...

നല്ല പോസ്റ്റ്.
'തിരുവനന്തപുരത്ത് അബ്ദുല്‍കരീം എന്ന മുസ്ലീം സഹോദരനെ അര്‍ജ്ജുന്‍ കൃഷ്ണ എന്ന ഹിന്ദു വര്‍ഗീയ വാദി തല്ലി' എന്ന് അവതരിപ്പിക്കുമ്പോള്‍,അത് വായിക്കുന്ന മുഹമ്മദ്‌ 'ഓഹോ എന്റെ മതമായ ഇസ്ലാമില്‍ പെട്ട അബ്ദുല്‍ കരീമിനെ ഹിന്ദുവായ അര്‍ജ്ജുന്‍ തല്ലിയോ?"എന്നും,രാമന്‍ തിരിച്ചും ചിന്തിക്കുന്നടുത്താണ് പ്രശ്നങ്ങളുടെ തുടക്കം'.
സമാന അനുഭവം എനിക്കുണ്ടായിട്ടുണ്‍ട്.

മഞ്ഞു തോട്ടക്കാരന്‍ said...

ഒരു കാര്യം കൂടി ദുഖത്തോടെ പറയട്ടെ. സമൂഹത്തിലെ ചില വിഭാഗങ്ങള്‍ എങ്കിലും ഹോട്ടലിലും കടകളിലും പൊകുമ്പോള്‍ മതത്തിനു മുന്‍ ഗണന കൊടുക്കുന്നതായി കാണുന്നുണ്ട്

ഹന്‍ല്ലലത്ത് Hanllalath said...

അതിനൊരു നല്ല മറുപടി ആരും എഴുതിക്കണ്ടില്ലല്ലോ എന്നോര്‍ത്തിരിക്കുകയായിരുന്നു...നന്ദി...

guru said...

aa chettakku avide oru reply ittirunnu....lekhanam vayichappol muthal chora thilakkuva...ivaneyokke kallerinju odikkanam.....

weblokam team chilappo ee reply delete cheythem...so athivide kurikkunnu....and thanks for the link....ur post was really good.

Please mind it...this is the reply for that bloody .......** who wrote about A Wednesday

എടോ കാശുണ്ടാക്കാനാണേല്‍ ഒരു പാടു വഴികള്‍ ഉണ്ട് ......ഞാന്‍ പറഞ്ഞ് തരേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.. അപ്പോള്‍ തനിക്കു പറ്റുന്ന / ചേരുന്ന അങിനെയുള്ള പണികള്‍ ചെയ്താല്‍ പോരെ.....തന്നെപ്പോലുള്ള ചെറ്റകളാണ് ഈ നാട്ടിലെ മതസൌഹ്രിതം തകര്‍ക്കുന്നത്. ഒരു നല്ല സിനിമക്കുമപ്പുറം ,അലസമനോഭാവത്തോടെ നമ്മുടെ പ്രശ്നങ്ങളെ കാണുന്ന ഭരണാധികാരികള്‍ക്കും,നിന്നെ പോലുള്ള ചെറ്റകളുടെ വാക്കുകള്‍ കേട്ട് മനം മാറി തീവ്രവാദത്തിന്‍റെ കൈകളില്‍ അകപ്പെടുന്നവര്‍ക്കും ഉള്ള ഒരു തക്കീതാണ് ഈ ചിത്രം.....പാവപ്പെട്ട/സാധാരണ ജനങ്ങള്‍ എന്നെങ്കിലും തിരിച്ചടിക്കും എന്ന താക്കീത്.. നിന്നെ പോലെയുള്ള നാറികള്‍ ഇങ്ങിനെയുള്ള ലേഖനങ്ങളുമായി ഇറങ്ങും എന്നറിയാവുന്നത് കൊണ്ട് തന്നെ നസരുദ്ദീന്‍ ഷായുടെ കഥാപാത്രം 'നിങളാര്?/ഏത് സംഖടന' എന്നീ ചോദ്യങ്ങള്‍ക്ക് ഈ ചിത്രത്തില്‍ തന്നെ മറുപടി കൊടുക്കുന്നുണ്ട്..... മനസില്‍ ആത്മവിശ്വാസവും സന്തോഷവും തരുന്ന അവസാന രംഗത്തില്‍ പോലും ,രാജ്യത്തിന്‍റെയും,സമൂഹത്തിന്‍റെയും നന്മക്കു വേണ്ടി പ്രവര്‍ത്തിച്ച രണ്ട് കഥാപാത്രങ്ങള്‍ പരപ്സ്പരം കൈകൊടുത്തപ്പോള്‍ പോലും...ആ കൈകളിലെ നൂലുകളിലേക്കും,അതിന്‍റെ സാധ്ഹ്യതയിലേക്കും