Wednesday, June 10, 2009

അച്ചു മാമന് ,ഉപകാര സ്മരണയോടെ

എത്രയും പ്രിയപ്പെട്ട അച്ചു മാമക്ക്‌ ,
ഈ കത്തെഴുതാന്‍ അല്‍പ്പം വൈകി പോയി എന്ന് അറിയാം.പക്ഷേ മറ്റു പലതിനുമെന്നത് പോലെ ഈ കാലതാമസത്തിനും താങ്കള്‍ തന്നെയാണ് കാരണക്കാരന്‍ ‍.ഭരണത്തിലേറിയ കാലം മുതല്‍ ഞങ്ങള്‍ പ്രതിപക്ഷത്തിന് താങ്കള്‍ ചെയ്തു തരുന്ന ഓരോ ഉപകാരങ്ങള്‍ക്കും നന്ദി പറയണം എന്ന് വിചാരിക്കുമ്പോഴേക്കും,താങ്കള്‍ അത് വരെ ചെയ്തതൊക്കെ നിഷ്പ്രഭമാക്കുന്ന ഒരു മുട്ടന്‍ ഉപകാരം വീണ്ടും ചെയ്യും.നന്ദി പറയാന്‍ ഞങ്ങള്‍ക്ക് ഒരു ഗ്യാപ്പ് വേണ്ടായോ?
എന്നതായാലും അടുത്ത സഹായം താങ്കള്‍ ചെയ്യുന്നതിന് മുന്നേ ,ഞാന്‍ ഒടുവില്‍ ഈ കത്ത് അങ്ങ് എഴുതിയെക്കുവാ.

ഈ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, താങ്കള്‍ ഒരാള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഒരു പക്ഷെ ഖദര്‍ നാമാവശേഷമായി പോയേനെ.
അല്ലേത്തന്നെ ഞാനും ആ പന്നിത്തലയനും കൂട്ടിയാല്‍ ഇവിടെ എന്നാ കൂടാനാ?ഒള്ളത് പറയാവല്ലോ ലീഡര്‍ മൂപ്പിന്നായിരുന്നു പാര്‍ട്ടിയുടെ നേതാവെങ്കില്‍ വല്ലതും ഒക്കെ നടക്കും എന്ന് പ്രതീക്ഷിക്കാമായിരുന്നു.

തിരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ എന്നാ ചെയ്യുമെന്ന് ഞങ്ങള്‍ അന്തം വിട്ടിരിക്കുകയായിരുന്നു. അപ്പോഴല്ലായോ നിങ്ങളുടെ പാര്‍ട്ടി ആ മദനിയുമായി ഇഷ്ടം കൂടിയത്. മദനി നല്ലവനായി എന്ന് പാര്‍ട്ടി പറയും.പാര്‍ട്ടിയുടെ തന്നെ മുഖ്യമന്ത്രിയായ താങ്കള്‍ 'മദനി അത്ര നല്ലവനൊന്നുമല്ല' എന്ന് ഉടനെ തന്നെ പ്രസ്താവന ഇറക്കും . പിന്നെ പാര്‍ട്ടി സെക്രട്ടറിക്ക് എതിരെയുള്ള അഴിമതി കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്ന് പാര്‍ട്ടി പറയുമ്പോള്‍ , അതെ പാര്‍ട്ടിയില്‍ ഇരുന്നോണ്ട് താങ്കള്‍ 'അല്ല, ഇല്ലാ ,പുല്ലാ' എന്നൊക്കെ നീട്ടി എട്ടര കട്ടയില്‍ പാടി കുത്തിത്തിരിപ്പുണ്ടാക്കും.നിഷ്പക്ഷരായ വോട്ടര്‍മാര്‍ക്ക് (അഞ്ച് കൊല്ലങ്ങള്‍ കൂടുമ്പോള്‍ മാറി മാറി നമ്മളെ ജയിപ്പിക്കുന്ന ആ തെണ്ടികള്‍ തന്നെ) നിങ്ങളുടെ പാര്‍ട്ടിയില്‍ കൂട്ടത്തല്ലാണ് എന്ന് തോന്നാന്‍ വേറെ എന്തേലും വേണോ?

ചുളുവില് ഞങ്ങള്‍ക്ക് ലോട്ടറി അടിച്ചില്ലേ? പതിനാറ് സീറ്റ്...ഹോ !!! ഓര്‍ക്കുമ്പോ ദാണ്ടെ ഇപ്പോഴും കുളിര് കോരുന്നു. കേരളത്തില്‍ എവിടെ മത്സരിച്ചാലും നിലം തൊടാതെ തോറ്റോണ്ടിരുന്ന എം ഐ ഷാനവാസ്‌ വരെ ജയിച്ചില്ലേ?

എന്നാലും ഒരു ചെറിയ പരാതി എനിക്ക് താങ്കളെ പറ്റി ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒണ്ട് കേട്ടോ.എങ്ങനെ ഈ പതിനാറ് സീറ്റ് ഞങ്ങള്‍ക്ക് കിട്ടി എന്നാ ഞെട്ടലില്‍ നിന്നും ഞങ്ങള്‍ മോചിതരാകും മുന്നേ, ഞങ്ങള്‍ ചിരിക്കേണ്ട ചിരി താങ്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിരിച്ചു കളഞ്ഞില്ലേ?(ഞങ്ങളുടെ പാര്‍ട്ടിയിലെ കേന്ദ്രത്തിലെ മുതല്‍ കേരളത്തിലെ വരെ എ റ്റു ഇസെഡ്‌ നേതാക്കളെ തെറി വിളിച്ചു നടന്നിരുന്ന കാലത്ത്, ആ ലീഡര്‍ പോലും,ഞങ്ങള്‍ തിരഞ്ഞെടുപ്പിലൊരു സീറ്റ് പോലും കിട്ടാതെ തൊട്ടപ്പോള്‍ ഇങ്ങനെ ചിരിച്ചിട്ടില്ല.സമ്മതിച്ചു സഖാവേ ,സമ്മതിച്ചു.) പ്രതിപക്ഷം ചെയ്യേണ്ട ജോലികള്‍ തിരഞ്ഞെടുപ്പിന് മുന്നേയും ,അത് കഴിഞ്ഞും താങ്കള്‍ തന്നെ ചെയ്‌താല്‍ പിന്നെ പ്രതിപക്ഷ നേതാവെന്നും പറഞ്ഞു ഞാന്‍ നടക്കുന്നത് എന്നാത്തിനാണെന്നേ ?

അതൊക്കെ പോട്ടെ.ഞാന്‍ എന്റെ ഒരു ചെറിയ വിഷമം പറഞ്ഞൂന്നേയുള്ളു.അതൊന്നുംകെട്ടു താങ്കള്‍ ഹതാശനാകരുത്. പൂര്‍വാധികം ശക്തിയോടെ പാര്‍ട്ടിക്ക് തുരങ്കം വെയ്ക്കുന്നത് തുടരുക. നിങ്ങളുടെയാ പാര്‍ട്ടി സെക്രട്ടറിയെ ഇപ്പൊ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ച കേസില്‍ തട്ടി അകത്തിടാന്‍ വല്ല വഴിയുമുണ്ടോ എന്ന് ആലോചിക്കുക. അതോടെ കഴിഞ്ഞാല്‍ പിന്നെ നിങ്ങളെ പാര്‍ട്ടി ചവിട്ടി പുറത്താക്കിയാലും ഞങ്ങള്‍ക്ക് ഒന്നുമില്ല. ഇ എം എസും, എ കെ ജിയും ഒക്കെയുള്ള കാലത്തായിരുന്നേല്‍ ഏഴു പണ്ടേ താങ്കളെ ചുരുട്ടിക്കെട്ടി മൂലക്കിരുത്തിയേനെ എന്നാണ് പലരും പറയുന്നത്.ഏതായാലും അവരൊന്നും ഇന്നില്ലാത്തത് ഭാഗ്യം ,അല്ലിയോ?

അതെന്നതായാലും,ഇടയ്ക്കു വെച്ച് ആരെന്നാ പറഞ്ഞാലും പുതിയ പാര്‍ട്ടി തുടങ്ങി പുറത്ത്‌ പോവുക എന്നൊക്കെയുള്ള ചിന്തകള്‍ താങ്കള്‍ക്ക് ഉണ്ടാവരുത്. അങ്ങനെ പാര്‍ട്ടി തുടങ്ങിയാല്‍ താങ്കളുടെ കൂടെ വള്ളിക്കുന്നോ , വള്ളി നിക്കറോ പോലും കാണില്ല എന്നത് പോട്ടെ.താങ്കളെ പുറത്താക്കി പാര്‍ട്ടി വീണ്ടും ശക്തി പ്രാപിച്ചാല്‍ ഞങ്ങള്‍ പിന്നെ എന്നാ ചെയ്യും ?

അത് കൊണ്ട് വല്ലവരുമൊക്കെ വിഭീഷണന്‍ , ഡോഗീ എന്നൊക്കെ വിളിച്ചാലും (പട്ടി വിളി പണ്ട് മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ കാണിച്ച പോക്ക്രിത്തരത്തിനുള്ള കാവ്യനീതിയാണ് എന്നൊക്കെ പലരും പറയുന്നുണ്ട്.ഞാന്‍ വിശ്വസിച്ചിട്ടില്ല കേട്ടോ),മുഖ്യമന്ത്രി കസേരയില്‍ കുളയട്ടയെ പോലെ കടിച്ചു തൂങ്ങി കിടക്കുക (ഒരിക്കലെങ്കിലും അതില്‍ ഇരുന്നവര്‍ക്കല്ലേ ആ സുഖം അറിയു ). ഞങ്ങളുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും തുടരുക.
ജയ് ഹിന്ദ്‌

പേരിന് പ്രതിപക്ഷ നേതാവ് (മുഖ്യനും, പ്രതിപക്ഷവും എല്ലാം താങ്കള്‍ തന്നെ )

തൊമ്മിക്കുഞ്ഞ്.

4 comments:

Anonymous said...

തൊമ്മിക്കുഞ്ഞേ,

ഹ ഹ ഹ ഹ ഹ ഹ ....

അച്ചു.

Unknown said...

കൊള്ളാം

Calvin H said...

ജോറായി :)

Aadityan said...

ഇന്ദിര ഭവനില്‍ വീ എസ് ഈ വീടിന്റെ ഇഎശ്യരിയം എന്ന് എഴുതി വൈകണം എന്നൊരു patratil കണ്ടിരുന്നു .പോസ്റ്റ്‌ നന്നായി ആരെങ്ങിലും ഒക്കെ വേണ്ടേ എങ്ങനെ സത്യങ്ങള്‍ വിളിച്ചു പറയാന്‍ .Keep going.