Wednesday, June 10, 2009

നൂറ് ദിവസമായോ ലാലേട്ടാ?

പ്രിയപ്പെട്ട ലാലേട്ടന് ,
ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇറങ്ങിയ 'ഇനിയും കുരുക്ഷേത്രം' മുതല്‍ ഈ കഴിഞ്ഞ മാസം ഇറങ്ങിയ 'ഭഗവാന്‍' വരെയുള്ള താങ്കളുടെ സിനിമകള്‍,പ്രദര്‍ശനം തുടങ്ങി ആദ്യ ആഴ്ച്ചയില്‍ തന്നെ കണ്ട ഒരാള്‍ എന്ന പരിഗണന ഒന്നും ഞാന്‍ ചോദിക്കുന്നില്ല.പക്ഷേ ഒരു സ്ഥിരം മലയാള ചലച്ചിത്ര പ്രേക്ഷകന്‍ എന്ന നിലക്ക് , ചുരുങ്ങിയത് എന്റെ സാമാന്യ ബുദ്ധിയെ പരീക്ഷിക്കരുത് എന്നൊരപേക്ഷയുണ്ട് .സമീപ കാലത്തായി പുറത്തിറങ്ങിയ താങ്കളുടെ ചിത്രങ്ങളുടെ നിലവാരത്തെക്കുറിച്ചല്ല ഞാന്‍ പറഞ്ഞ് വരുന്നത്.അത് താഴോട്ടെ പോകു എന്ന് ഭാഗവാനോടെ താങ്കള്‍ തെളിയിച്ച് കഴിഞ്ഞതാണല്ലോ.

ഉദ്ദേശിച്ചത് സമീപ കാലത്ത് ഇറങ്ങുന്ന താങ്കളുടെ സിനിമകളുടെ പരസ്യങ്ങളെയാണ് . ഇരുപത്തിയഞ്ച് ദിവസം തികച്ചു ഓടാത്ത 'ലവ് ഇന്‍ സിങ്കപൂര്‍' എന്ന മമ്മൂട്ടി ചിത്രം സുപ്പര്‍ഹിറ്റാണ് എന്ന് വരുത്തി തീര്‍ക്കാന്‍ മമ്മൂട്ടിയുടെ വല്യൊരു ചിത്രവുമായി കുറച്ച് ഫാന്‍സുകാര്‍ അല്‍പ്പ കാലം മുന്‍പ് തിരുവനന്തപുരത്തു ഒരു ജാഥ നടത്തിയിരുന്നു. അന്നവന്മാരെ ഞാനും സുഹൃത്തുക്കളും വളഞ്ഞിട്ടാണ് കൂവിയത്.

പക്ഷേ ഈ കഴിഞ്ഞ ആഴ്ച്ച തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട താങ്കളുടെ 'സാഗര്‍ അലിയാസ് ജാക്കി'യുടെ പോസ്റ്ററുകള്‍ കാരണം ഞങ്ങള്‍ക്ക് അവന്മാരുടെ മുന്നില്‍ തലപൊക്കി നടക്കാന്‍ വയ്യാതായിട്ടുണ്ട്. ചിത്രം നൂറ് ദിനങ്ങള്‍ തികച്ചത്രേ. മാര്‍ച്ച്‌ ഇരുപത്തിയാറിന് പുറത്തിറങ്ങിയ ചിത്രം എങ്ങനെ ലാലേട്ടാ ജൂണ്‍ ഏഴിന് നൂറ് ദിവസം തികക്കുന്നത്? പെര്‍മ്പാവൂര്‍ ആന്റണി കണക്കു തെറ്റിച്ചതോ ,അതോ കേരള സര്‍ക്കാര്‍ 'ഇന്നത്തെ ചിന്താ വിഷയത്തിനെ' ജനപ്രിയ ചിത്രമായി തിരഞ്ഞെടുത്തത് പോലെ ആളെ വടിയാക്കുന്ന പരിപാടി താങ്കളും തുടങ്ങിയതോ?

പെട്ടി തിയറ്ററില്‍ നൂണ്‍ ഷോ കിടന്ന് 'കുരുക്ഷേത്ര' നൂറ് ദിവസം തികച്ചപ്പോഴും ഞങ്ങള്‍ മമ്മുട്ടി ഫാന്‍സിന്റെ മുന്നില്‍ പിടിച്ചു നിന്നു.അങ്ങേരുടെ പടങ്ങള്‍ അത്ര പോലുമില്ലല്ലോ എന്നായിരുന്നു ഞങ്ങളുടെ ഏക ആശ്വാസം.പക്ഷേ ഇത് ഒരല്‍പം കടന്ന കയ്യായി പോയി ലാലേട്ടാ .'നിന്റെയൊക്കെ സുപ്പര്‍ സ്റ്റാറിന് അറുപത് ദിവസമാനോടെ നൂറ്?' എന്നാണ് അവന്മാര്‍ ചോദിക്കുന്നത് . ഒരു വര്‍ഷം തകര്‍ത്തോടിയ 'ചിത്രം' , മെഗാ ഹിറ്റായ 'കിലുക്കം' അങ്ങനെ തങ്ങളുടെ എണ്ണമില്ലാത്ത ഹിറ്റുകള്‍ മുഴുവന്‍ ഇങ്ങനെ പോസ്റ്റര്‍ ഒട്ടിച്ച് ഉണ്ടാകിയതാണ് എന്നാണ് അവന്മാര്‍ ഇപ്പോള്‍ പറഞ്ഞ് നടക്കുന്നത് .

പണ്ട് തിയറ്ററില്‍ ഗാന്ധര്‍വം എന്ന സിനിമയില്‍ മൊത്തം കറണ്ട് പോയ വീട്ടിലെ ഫ്രിഡ്ജില്‍ വെളിച്ചം കണ്ടപ്പോള്‍ കൂവാന്‍ ശ്രമിച്ച മമ്മൂട്ടി ഫാനിനെ ഞങ്ങള്‍ കുനിച്ച് നിറുത്തി ഇടിച്ചിട്ടുണ്ട്. അന്നൊക്കെ ഞങ്ങള്‍ക്ക് അത് ധൈര്യമായി ചെയ്യാമായിരുന്നു .കാരണം ഗാന്ധര്‍വത്തിന് മുന്‍പും പിന്‍പുമായി ചൂണ്ടിക്കാണിക്കാന്‍ താങ്കളുടെ വെടിക്കെട്ട് പടങ്ങള്‍ ഒട്ടനവധി ഉണ്ടായിരുന്നു ഞങ്ങള്‍ക്ക് ഉയര്‍ത്തിക്കാട്ടി മമ്മൂട്ടി ഫാന്സിനോട് 'പോടാ പുല്ലുകളേ' എന്ന് പറയുവാന്‍ .പക്ഷേ ഇന്ന് പഴയ കാലമൊന്നുമല്ല ലാലേട്ടാ. റെഡ് ചില്ലിസിന് പകരം കാണിക്കാന്‍ ജാക്കിയും അതിനു പകരം ഭഗവാനും(എന്റെ ഭഗവാനെ !!!) ...താങ്കള്‍ തന്നെ ചിന്തിച്ചു നോക്കു ഞങ്ങളുടെ അവസ്ഥയെക്കുറിച്ച്.അങ്ങനെ നട്ടം തിരിയുന്നതിന്റെ ഇടക്കാണ് കഷ്ടി അറുപത് ദിവസം കുടുസ്സു തിയറ്ററില്‍ ഓടിയ പടത്തിന് നൂറാം ദിനത്തിന്റെ പോസ്റ്ററുകള്‍ വരുന്നത്.
മംഗലശേരി നീലകണ്ഠന്റെ വാക്കുകള്‍ കടമെടുത്താല്‍ 'ഇത് ഒരു മോഹന്‍ലാല്‍ ഫാനിന്റെ മരണമാണ്'

മനോവിഷമത്തോടെ നിറുത്തുന്നു.

എ കെ

10 comments:

കണ്ണനുണ്ണി said...

ഹ ഹ ഒന്നും പറയാനില്ല

Unknown said...

ഇപ്പറഞ്ഞത് ന്യായം..ലാലേട്ടാ അങ്ങയോട് ആരാധനമൂത്തു എന്ന തെറ്റിനു എന്തിനിങ്ങനേ ശിക്ഷിക്കുന്നു.

Aadityan said...

മാര്‍ച്ച്‌ ഇരുപത്തിയാറിന് പുറത്തിറങ്ങിയ ചിത്രം എങ്ങനെ ലാലേട്ടാ ജൂണ്‍ ഏഴിന് നൂറ് ദിവസം തികക്കുന്നത്? Very good question

Alsu said...

"ഇത് ഒരു മോഹന്‍ലാല്‍ ഫാനിന്റെ മരണമാണ്"
ഞാനുമൊരു മോഹന്‍ലാല്‍ ആരാതികയായിരുന്നു [past]. പക്ഷേ ഈ കഴിഞ്ഞ കുറച്ചു[കുറച്ചതികം] പടങ്ങള്‍ കൊണ്ട്‌ മോഹന്‍ലാല്‍ എന്ന ആ മഹാനടന്‍ ഇതു വരെ ചെയ്യ്‌ത നല്ല കഥാപത്രങ്ങളെ കരിവാരിതെക്കുന്ന തരത്തില്‍ തരംതഴ്‌ന്നു പോകുന്നു ...

"ഇത് മോഹന്‍ലാല്‍ ഫാന്‍സുകളുടെ മരണമാണ്"

മുക്കുവന്‍ said...

A good story makes a good film.. once vinayan mentioned this. everyone opposed him...he proved it by vasantiyum lakshmiyum...

yes, actors do their part... but no one should blindly follow the actor... its shame on you fans....:)

you pay your money to make those idiots!

ആർപീയാർ | RPR said...

ഇനി ഇതുപോലെ എന്തെല്ലാം കാണാൻ കിടക്കുന്നു..

ഹി..ഹി.. കഷ്ടം..

പെണ്‍കൊടി said...

എന്റെ ലാലേട്ടാ...
ഇതിനൊരു പരിഹാരം കണ്ടെത്തൂ..

- എന്ന്‌ എന്തൊക്കെയായാലും ലാലേട്ടന്റെ അടുത്ത പടവും തിയേറ്ററില്‍ പോയി കാണാന്‍ ആഗ്രഹിക്കുന്ന ഒരു ആരാധിക

ഹന്‍ല്ലലത്ത് Hanllalath said...

ഞാനാരുടെം ഫാനല്ലാത്തത് എത്ര നന്നായി..:)

പള്ളിക്കുളം.. said...

ഹഹഹ,,
‘എന്താടോ വാര്യരെ ഇതൊക്കെ.(രാവണപ്രഭുവിൽ നിന്നു കടമെടുത്തത്)

ഘടോല്‍കചന്‍ said...

“എന്താടോ വാര്യരെ ഇതൊക്കെ? “ എന്നു മാത്രം പോര.. എന്താടോ നന്നാവാത്തത് ? എന്നുകൂടെയായിക്കോട്ടെ ഹല്ല പിന്നെ...
എന്തായാലും സംഭവം സത്യമാണ്, കത്തിയാക്കുന്നതിന്നും ഒരു പരിധിയൊക്കെയില്ലിയൊ??


:)