Wednesday, July 22, 2009

എല്ലാം കോമ്പ്ലിമെന്റ്സ്...

അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നമ്മുടെ നാട്ടില്‍ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം.എങ്കിലും ചിലത് പറയാതെ പോയാല്‍ , 'എനിക്കത് അന്ന് പറയാമായിരുന്നു' എന്ന് പിന്നിട് തോന്നും. അത് കൊണ്ട് ദേണ്ടെ കിടക്കുന്നു .
മുന്‍ രാഷ്ട്രപതി ഡോ : എ പി ജെ അബ്ദ്ദുള്‍ കലാമിനെ അമേരിക്കന്‍ വിമാന കമ്പനി ദേഹ പരിശോധനയ്ക്ക്‌ വിധേയനാക്കി എന്നതാണല്ലോ ഇപ്പൊഴത്തെ ഫാന്‍സി ടോപ്പിക്ക്‌ .

ഈ വിഷയത്തില്‍ ഉയര്‍ന്ന് കേട്ട ചില അഭിപ്രായങ്ങള്‍ :
1) അമേരിക്കക്കാരന് ഇത്ര അഹങ്കാരമോ? അവനും ഇവിടെ വരുമ്പോള്‍ തുണി അഴിച്ചു നിറുത്തി പരിശോധിക്കണം.
നുമ്മ അഭിപ്രായം: ഒവ്വ , ഒവ്വ ...അമേരിക്കന്‍ മുന്‍ രാഷ്ട്രപതിയെ വിട് , അവിടുത്തെ ഒരു മുന്‍ പഞ്ചായത്ത് പ്രസിഡന്റ്‌ (അമേരിക്കയില്‍ പഞ്ചായത്തില്ലെങ്കില്‍ അതെന്റെ കുറ്റമല്ല) ഇവിടെ വന്നാല്‍ ഉടന്‍ നമ്മുടെ വിദേശ കാര്യവും, സ്വദേശ കാര്യവും എല്ലാം കൂടി തായമ്പക മുതല്‍ ഓല പീപ്പി വരെ സകലതുമായി ചെന്ന് പരവതാനി നിവര്‍ത്തി സ്വീകരിക്കും.അതിനിടേലാ പരിശോധന .ഇമ്മിണി പുളിക്കും.

2) മുസ്ലീമായത് കൊണ്ടാണ് ഡോ :കലാമിന് ഈ ദുഃസ്ഥിതി ഉണ്ടായത്.
മച്ചാന്റെ ടേക്ക് : തന്നേ?അപ്പൊ പണ്ട് ജോര്‍ജ് ഫെര്‍ണാണ്ടസിനെ അമേരിക്കയിലിട്ടു തുണി ഉരിഞ്ഞത് അങ്ങേര്‍ അങ്ങോട്ട്‌ പോണ വഴി പൊന്നാനിയില്‍ പോയി തൊപ്പിയിട്ടത് കൊണ്ടാണോ? അഫ്സല്‍ ഗുരു മുതല്‍ അബ്ദുല്‍ കലാം വരെ ആരുടെ പേരിലും മതം തിരുകി കയറ്റുന്ന ഇത്തരക്കാര്‍ ഉള്ളത് കൊണ്ട് തന്നെയാവാം ഒരു പക്ഷെ വെള്ളക്കാരന് ‍തെണ്ടി ഇവിടുന്ന് താടി വെച്ച് ചെല്ലുന്നവനൊക്കെ ബോംബ് വെയ്ക്കാന്‍ ചെല്ലുന്നതാണ് എന്ന് കരുതുന്നത് (ഫെര്‍ണാണ്ടസിനും,ഡോ :കലാമിനും താടിയില്ലല്ലോ എന്ന വാദത്തിനു സ്കോപ്പുണ്ട് ചേട്ടന്മാരെ.തുടങ്ങിക്കോ !!!) .

3) അമേരിക്കന്‍ നിയമം ഇന്ത്യന്‍ മണ്ണില്‍ ബാധകമാകുമോ എന്ന് പഠിക്കേണ്ടിയിരിക്കുന്നു.
സാറിന്റെ മൊഡ: പഠിച്ചോ, പഠിച്ചോ. പഠിക്കുമ്പോള്‍ ഇതൂടെ ഒന്നോര്‍ക്കണേ.സായിപ്പിന്റെ ബി പി ഓകളിലും , ഔട്ട്‌ സോര്‍സ്സിങ്ങ് സോഫ്റ്റ്‌വെയര്‍ സ്ഥാപനങ്ങളിലും ഓഗസ്റ്റ്‌ പതിനഞ്ചിനും, ജനുവരി ഇരുപത്തിയാറിനും , ഒക്ടോബര്‍ രണ്ടിനും പോയിരുന്നു മണി മണി ജോലി ചെയ്തിട്ട് 'അത് ഞങ്ങളുടെ നിവൃത്തി കേട്‌ കൊണ്ടാ' എന്ന് വിലപിക്കുകയും, അബദ്ധത്തില്‍ സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ നരസിംഹത്തിന്റെ നൂലുകെട്ടിനും,സ്നാപക യോഹന്നാന്റെ മാമോദിസക്കും , ഹാജി അലിയുടെ മയ്യതിനും അവധി കിട്ടിയില്ല എന്ന് കൊടി പിടിക്കുകയും ചെയ്യുന്ന നാണം കെട്ടവന്മാരുടെ നാട്ടില്‍ അമേരിക്കയുടെ അല്ല, താമസിയാതെ ഉട്ടോപ്പിയയുടെ നിയമം വരെ അവന്മാര്‍ വന്നു നടപ്പാക്കിയിട്ട് പോകും.
പൊതു അവധികള്‍ എന്ന് സകല അലവലാതികള്‍ക്കും ബാധകമായ അടിസ്ഥാന നിയമങ്ങള്‍ ലംഘിക്കാന്‍ കൂട്ട് നില്‍ക്കുന്ന കാപെറുക്കികള്‍ ഇവിടെ തന്നെയുള്ളപ്പോള്‍, അമേരിക്കകാരന്‍ ചെറ്റയെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ എന്നൂടെ പഠിക്കണേ സാറന്മ്മാരേ.

4) സ്വന്തം ജോലി കൃത്യമായി ചെയ്ത വിമാന കമ്പനിക്കരനെ അഭിനന്ദിക്കണം.
നമുക്ക് തോന്നിയത് : പിന്നെ, വേണം!!! ഭാരതത്തിലെ ഒരു നിയമം, അത് എന്ത് തന്നെയായാലും, ലംഘിക്കുക എന്നത് ഒരു തെണ്ടിയുടെ ജോലിയുടെ ഭാഗമാണെങ്കില്‍ ‍, അവനെ മാത്രമല്ല‍, അവന്‌ ആ ജോലി കൊടുത്തവന്മാരെക്കൂടി ഭാരതരത്നം നല്‍കി അഭിനന്ദിക്കണം.

ഇനി പൊതുവായി ചിലത് :
വന്‍ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമുള്ള മന്ത്രിമാര്‍, ജനങ്ങളുടെ മുന്നില്‍ സമ്മതിദാനം തേടാന്‍ കെല്‍പ്പില്ലാതെ (എഴുന്നേറ്റു നില്‍ക്കാനും) പിന്‍വാതിലില്‍ കൂടി പ്രധാനമന്ത്രിയാകുന്നവര്‍ , നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിന്റെ ചില ഉന്നത പ്രതീകങ്ങള്‍ക്ക് മാത്രം നല്‍കപ്പെടേണ്ട നിയമപരമായ ഇളവുകള്‍ രാഷ്ട്രീയക്കാരായ ഏത് ചെറ്റയ്ക്കും ഒരുളുപ്പുമില്ലാതെ അനുഭവിക്കാവുന്ന ഒരു വ്യവസ്ഥ; ഇങ്ങനെ നമ്മുടെ നിയമങ്ങളെ വളച്ചൊടിക്കാനും, അപഹാസ്യമാക്കാനും മുന്‍പന്തിയില്‍ നില്‍ക്കുന്നത് നാം തന്നെയാണ് എന്നിരിക്കെ, പുറം രാജ്യത്തുള്ള ഏതെങ്കിലും ഒരുത്തന്‍ ആ നിയമത്തെ ബഹുമാനിക്കണം എന്ന് നമ്മള്‍ വിലപിക്കുന്നത് അര്‍ത്ഥശൂന്യമാണ് .

ദിവസേന മന്ത്രിമാരുടെയും, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി , പ്രിയങ്കാ ഗാന്ധി , അവരുടെ പുള്ളകള്‍ (കോണ്ഗ്രെസ്സുകാര്‍ക്ക് യഥാക്രമം അഡ്വാനി അങ്ങനെ തുടങ്ങി വായിക്കാം) എന്നിവരുടെ സന്ദര്‍ശനം, ഗതാഗത നിയന്ത്രണം , അമ്മുമ്മേടെ അടിയന്തരം അങ്ങനെ പല പേരില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളില്‍ ചിലരെങ്കിലും ഏതെങ്കിലും വി വി ഐ പിയെ സായിപ്പ് പിടിച്ച് തുണി ഉരിയുമ്പോള്‍ ഉള്ളു കൊണ്ട് സന്തോഷിക്കുന്നതിന്റെ കാരണവും മേല്‍പ്പറഞ്ഞ ദുരുപയോഗങ്ങളാണ്.

ഇത്രയും പറഞ്ഞ നിലക്ക് :
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഡോ: കലാം സംഭവം, ഇത്ര കാലം കഴിഞ്ഞിട്ടാണോ പുറത്ത്‌ വരുന്നത്? ഡോ കലാം പരാതിപ്പെട്ടില്ല എന്നത് നില്‍ക്കട്ടെ. പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ ആരും സംഭവം നടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കൂടെ ഇല്ലായിരുന്നോ? അതോ, ഇപ്പോള്‍ ഈ വിവാദം പെട്ടന്ന് പൊങ്ങി വരുകയും, രണ്ടാം ദിവസം വിമാന കമ്പനി പറഞ്ഞ് എല്ലാം കോമ്പ്ലിമെന്റ്സ് ആക്കുകയും ചെയ്തത് മറ്റെന്തിലെങ്കിലും നിന്ന് മാധ്യമ/ജന ശ്രദ്ധ തിരിക്കാനുള്ള വിദ്യയോ ? മിസ്‌ഡിറക്ഷന്‍ എന്ന ജാല വിദ്യക്കാരുടെ നമ്പര്‍? അല്ല, ഹിലാരി ചേച്ചി ഒതുക്കത്തില്‍ ഇവിടെ വന്നു നാലഞ്ചു കരാറുകളും മറ്റും ഒപ്പിട്ട് പോയായിരുന്നേ. ആയുധ കരാറോ, ഇന്ത്യന്‍ സൈനിക മേധാവികളുടെ ലങ്കോട്ടി വരെ എന്തും അമേരിക്കന്‍ ആശാന്മാര്‍ക്ക് പരിശോധിക്കാനുള്ള കരാറോ...അങ്ങനെ എന്തൊക്കെയോ. ഡോ:കലാം വിവാദത്തില്‍ വിവാദത്തിനിടെ , കരാറിനെക്കുറിച്ച് മാധ്യമങ്ങളോ , രാഷ്ട്രീയ വിശകലന ഫ്രാഡുകളോ കാര്യമായി ഒന്നും പറഞ്ഞു കണ്ടില്ല? ശ്രദ്ധ തിരിഞ്ഞത് തന്നേ? അതോ പതിവ് പോലെ ജനത്തിനെ നിറുത്തി പറ്റിച്ചതോ?

4 comments:

Jon said...

Hmmm..didn't know that it happened three months ago....Post was a food for thought for me....

I guess our MPs did not get any people issue to discuss about in the parliament.

If it was any politician like George Fernandes, i would have been happy. But since it is Kalam, I am feeling a bit sad

nikhimenon said...

I am a great fan of your writing.Your posts are hilarious and at the same time thought provoking.Great going,A.K.

Aadityan said...

ഈ വിഷയത്തെ കുറിച്ച് നിരവധി പോസ്റ്കളും പത്ര വാര്‍ത്തകളും വായിച്ചു മികവരുടെയും വിഷമം കലാം ഇനെ പോലെ ഒരാളിനോട് ഇതു ചെയ്തല്ലോ എന്നാണ്. എന്നികു തോന്നുനത് കലാം എന വ്യക്തി അല്ല ഇവിടുത്തെ പ്രശ്നം (കലാം ഭാരത സര്‍കാര്‍ ഇനത്തെ ശമ്പളം പറ്റുന്ന (പറ്റിയിരുന്ന) ഒരു ഉദ്യോഗസ്ഥന്‍ മാത്രം ആയിരുന്നു ചെയേണ്ട ജോലി അത്മാര്തമായി ചെയ്തു എന്നത് മാത്രമാണ് ഒരു പക്ഷെ കലാമിനെ കുറിച്ച് കാണാന്‍ കഴിയുന്ന ഒരേ ഒരു കാര്യം . അദേഹത്തെ ഒരു scientist എന്നാ label ഒട്ടിച്ചാണ് മാദ്യമങ്ങള്‍ വര്‍ണിച്ചു പോന്നത്.which was a false propaganda , അങ്ങനെ നോക്കിയാല്‍ ഒരു നാട്ടിന്‍ പുറത്തെ സൌകരിയങ്ങള്‍ കുറവുള്ള സര്‍കാര്‍ സ്കൂള്‍ ഇല്‍ അത്മാര്തമായി ജോലി ചെയുന്നവര്‍ അതിലും ആദരവ്‌ അര്‍ഹിക്കുന്നില്ലേ )
ഇവിടുത്തെ പ്രശ്നം ഒരു മുന്‍ രാഷ്ട്രപതിയെ (x y or Z )ഭാരതത്തിലെ നിയമങ്ങള്‍ അവഗണിച്ച് കൊണ്ട് പരിശോദിച്ചു എനതാണ്.
പോസ്റ്റ്‌ ഇല്‍ പറഞ്ഞത് പോലെ ഓഗസ്റ്റ്‌ 15 നും റിപബ്ലിക്‌ ദിനത്തിനും ഒരു ഉളുപ്പും ഇല്ലാതെ പൊയ് ജോലി ചെയുന്നവന്തേ ഒക്കെ രാജ്യസ്നേഹം അപാരം (വിദേശ മാദ്യമങ്ങള്‍ ഒന്ന് വന്നോട്ടെ മാത്തുകുട്ടിചായനും, വീരെന്ദ്രനും ഒക്കെ ഈ ദിവസങ്ങളില്‍ പത്രം ഇറക്കി തുടങ്ങും .അന്നും ഈ ദേശ സ്നേഹം ഒക്കെ എല്ലാര്ക്കും കാണണം )

Kvartha Test said...

അവസാനം ചോദിച്ചത് വളരെ ശരി, എന്തുകൊണ്ട് കഴിഞ്ഞ മൂന്നു മാസമായി ഇതാരും അറിഞ്ഞില്ല. മുന്‍ രാഷ്ട്രപതിയ്ക്ക് എതിരെ എന്തെങ്കിലും നാണംകെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ ആ വിവരം അറിയുന്നതും ചര്‍ച്ച ചെയ്യുന്നതും മൂന്നു മാസം കഴിഞ്ഞാണ്. അതുതന്നെയാണ് ശ്രീ കലാമിന് കിട്ടിയ ഏറ്റവും വലിയ അവഹേളനം. 3 മാസം നമ്മുടെ സര്‍ക്കാര്‍ ഉറങ്ങിപ്പോയോ? അത്രയ്ക്ക് വീക്ക്‌ ആണോ നമ്മുടെ സിസ്റ്റം!