Friday, July 24, 2009

അത്യാധുനിക ടെര്‍മിനേറ്റര്‍

വിവരമുള്ള പണ്ഡിതരുടെ കുറിപ്പുകള്‍:
യന്ത്രങ്ങളായി ചിലര്‍ മക്ക്ജിയുടെ ടെര്‍മിനേറ്റര്‍ സാല്‍വേഷനിലും പ്രത്യക്ഷപ്പെടുന്നുണ്ട്.യന്ത്രങ്ങളുടെ സിനിമ എന്നാ നിര്‍ണ്ണായാകത്വത്തിനുപരി യന്ത്രങ്ങള്‍ക്കു ഈ ചിത്രത്തില്‍ ചില ദൌത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉണ്ടെന്ന് തോന്നുന്നു. വധ ശിക്ഷ കാത്തിരിക്കുന്ന ക്രൂരനായ കൊലപാതകി മാര്‍ക്കസ്സിന്റെ ജീവിതിത്തിലേക്ക് കടന്നു വരുന്ന സൈബര്‍ ഡൈയ്ന്‍ എന്ന യന്ത്രങ്ങളുടെ നിര്‍മ്മാണ കമ്പനി, മാര്‍ക്കസിന്റെ ശരീരത്തിലേക്ക്‌ മാരക വിഷം കുത്തി വെയ്ക്കുന്ന യന്ത്രങ്ങള്‍ , സമാന്തരമായി വര്‍ത്തമാന കാലത്തില്‍ സ്ക്രീനില്‍ മൊത്തം ഓടി നടക്കുന്ന യന്ത്രങ്ങള്‍ എന്നിവയുമുണ്ട്.
കാഴ്ക്കാരും, കേള്‍വിക്കാരുമായി പിന്നെയുമുണ്ട് കുറെ യന്ത്രങ്ങള്‍.

കുറച്ചുകൂടി ആലോചിച്ചാല്‍ സിനിമ തീര്‍ക്കുന്ന മാനിസ്ക ലോകം തന്നെ യന്ത്രങ്ങളുടെതാണ് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. മാനസിക പക്ത്വയില്ലത്ത യന്ത്രങ്ങള്‍ നടത്തുന്ന എടുത്ത്‌ ചട്ടങ്ങളും, അത് മൂലമുണ്ടാകുന്ന പിരിമുറുക്കങ്ങ‍ളുമാണ് സിനിമക്കുള്ളിലെ അതിനാടകത്തെ പൊലിപ്പിക്കുന്നത്.യാന്ത്രികമായ ഈ അവസ്ഥ സാല്‍വേഷനിലെ എല്ലാ കഥാപാത്രങ്ങളിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട്. അപ്പോള്‍ യന്ത്രങ്ങള്‍ക്കു വേണ്ടി നിര്‍മ്മിക്കപ്പെട്ട ഒരു ചിത്രമാണോ ഇത് എന്നാണ് ആലോചിക്കാനുള്ളത്.
യന്ത്രങ്ങളുടെ മാനസിക വളര്‍ച്ചയില്ലായ്മ മാത്രമല്ല ,സഫലമാകാത്ത ലൈംഗിക തൃഷ്ണയുടെ തീക്ഷണമായ അന്തര്‍പ്രവാഹങ്ങളുടെ സൂചനകളും ചിത്രത്തില്‍ ഉടനീളം ഒളിഞ്ഞ് കിടപ്പുണ്ട്. സിനിമയുടെ ആരംഭത്തില്‍, ഒരു ചുമ്പനത്തിന് വേണ്ടി മരണ ശേഷം തന്റെ ശരീരം യന്ത്രമാക്കി മാറ്റാന്‍ വിട്ടു കൊടുക്കുന്ന മാര്‍ക്കസ് ഒരു പ്രതീകമാണ്. ഈ പ്രതീകത്തിന്റെ വിശദീകരണമാണ് തുടര്‍ന്നുള്ള ചിത്രത്തിന്‍റെ ഗതി മുഴുവന്‍.
ചിത്രത്തില്‍ പല യന്ത്രങ്ങളും ഉപയോഗിക്കുന്ന തോക്കുകളുടെ വലിപ്പം, പലപ്പോഴും തിയറ്ററിലെ ഇരുട്ടില്‍ ബാല്യ കാലത്ത് നമ്മുടെ എക്യുപ്പ്മെന്റിന്റെ നീളം അളന്നത് ഓര്‍മിപ്പിക്കുന്നത്‌ കൊണ്ടാകും, ഇരുളില്‍ ഇത്രയധികം കൈയ്യടികള്‍ കേട്ടത്.

ഇനി വിവരമില്ലാത്ത ഞാന്‍ എഴുതുന്നത് :
പൊന്ന് കൂടപ്പിറപ്പുകളേ , മറ്റു ഹറാം പിറപ്പുകളേ,
മുകളില്‍ കൊടുത്തിരിക്കുന്നത് അടുത്തിടെ വായിക്കാന്‍ ഇടയായ ചില ചലച്ചിത്ര നിരൂപണങ്ങളുടെ രൂപരേഖയാണ്.വായിച്ചു കണ്ണ് ബള്‍ബ്ബായത് കൊണ്ട് മാത്രമാണ് അവ പോലെ ഒന്ന് പുനഃസൃഷ്ടിക്കാന്‍ ശ്രമിച്ചു നോക്കിയത്. വല്യ പാടൊന്നുമില്ല.'നേര്‍ കാര്യം പറയുന്നത് ജിലേബി പോലെ നേര്‍ വരയിലാകും' എന്ന അടിസ്ഥാന തത്ത്വം അങ്ങോട്ട്‌ മുറുകെ പിടിച്ചാല്‍ പകുതി ജോലി കഴിഞ്ഞു.
എന്നാലും സ്ഥിരമായി ഈ പണി നമുക്ക് പറ്റില്ല എന്നതും വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു. കാരണം ഒരു സിനിമയില്‍ ബിമ്പങ്ങളും, അതിനുള്ളില്‍ അന്തരാള സൂചനകളും കണ്ടെത്തി, മേല്‍പ്പറഞ്ഞ തരത്തില്‍ ദിവസേനെ നിരൂപണം എഴുതിയാല്‍ എന്റെ നാലഞ്ച് നട്ട് എപ്പോ ഇളകി എന്ന് ചോദിച്ചാല്‍ മതി.
ഈ അഭിനവ പണ്ഡിതന്മാരെ സമ്മതിക്കണം. എഴുത്ത് അങ്ങോട്ട്‌ മൂക്കുമ്പോള്‍ , വായിക്കുന്നവന് ഇത് സിനിമയെ കുറിച്ച് എഴുതുന്ന കാലന്റെ അഭിപ്രായമാണോ അതോ മാഗ്നാകാര്‍ട്ടയുടെ അസല്‍ പതിപ്പോ എന്ന് തോന്നത്തക്ക വിധമുള്ള എഴുത്ത് . ഹോ!!! ഭയങ്കരം തന്നെ അണ്ണന്മാരെ.

എന്നാല്‍ മറ്റു ചില സാറന്മാര്‍ സംവിധാനം മുതല്‍ വേഷവിധാനത്തിന് വരെ മാര്‍ക്കുകള്‍ ഇട്ട് നിരൂപിക്കും. എന്നാല്‍ ആ പാത പിന്തുടരാം എന്ന് കരുതിയതാ (നമുക്കുമില്ലേ ആഗ്രഹങ്ങള്‍).പക്ഷേ അവിടെയും വന്‍ പ്രശ്നം.നമ്മള്‍ ഒരു പടത്തിനെ എങ്ങനെ നിരൂപിച്ചാലും അതില്‍ വ്യക്തമായി രണ്ട് കാര്യങ്ങള്‍ പറയും.
1) പടം നമുക്ക് ഇഷ്ട്ടപ്പെട്ടോ?
2)നമ്മുടെ അഭിപ്രായത്തില്‍ പടം കണ്ടാല്‍ കാശ് മുതലാണോ?
മേല്‍പ്പറഞ്ഞ ചേട്ടന്മാരുടെ നിരൂപണങ്ങളില്‍ ഈ രണ്ട് കാര്യം മാത്രം പൊടി പോലുമില്ല കണ്ടുപിടിക്കാന്‍. ബാക്കി സംവിധായകന് രണ്ട് മാര്‍ക്ക്, നാടാണ്‌ പത്തു മാര്‍ക്ക് തുടങ്ങിയ റേറ്റിങ്ങും ,' പടം അത്ര പോരെങ്കിലും , മമ്മൂട്ടിക്ക് ഇതില്‍ കാര്യമായി ഒന്നും ചെയ്യാനില്ല'(സംശയം വേണ്ട, ഇത് തന്നെയാണ് ലൈന്‍ ) തുടങ്ങി ഗീര്‍വാണങ്ങള്‍ അനവധി ഉണ്ടാകും താനും. നമുക്കാണേല്‍ അതൊട്ട്‌ പറ്റുകയുമില്ല
.

ആത്മാര്‍ത്ഥമായി ചോദിക്കുകയാണ് പണ്ഡിതന്മാരെ , മാര്‍ക്കിടല്‍ ചേട്ടന്മാരെ; ഈ പരിപാടികള്‍ എങ്ങനെ സുഗമാമായി ചെയ്യാം എന്നതിന്റെ ട്യൂട്ടോറിയല്‍ വല്ലയിടത്തും ലഭ്യമാണോ? ആണെങ്കില്‍ ദയവു ചെയ്തു പറഞ്ഞു തരണം. നിങ്ങളെപ്പോലെ അത ബൌധിക വ്യായാമത്തിന്റെ തലങ്ങളില്‍ വിഹരിക്കാനും, മാര്‍ക്കിട്ടു കളിക്കാനുമൊക്കെ എനിക്കും ആഗ്രഹങ്ങള്‍ ഉണ്ടേ. അത് കൊണ്ടാ.

മലയാളം ബ്ലോഗില്‍ നല്ല സിനിമാ നിരൂപണം നടത്തിയിരുന്ന ജയകൃഷ്ണന്റെ ബ്ലോഗിന്റെ ഓര്‍മയ്ക്ക് മുന്നില്‍ സമര്‍പ്പണം


1 comment:

nikhimenon said...

nice review...

but pls try to make your posts a bit precise....

HOPE YOUR next post will be about kaavya's divorce..angane anel ithonnu nokkiyere...

http://nikhimenon.blogspot.com/2009/07/blog-post_24.html