Friday, January 16, 2009

അര്‍ജ്ജുന്‍ അലിയാസ് എ കെ റീലോഡെഡ്

ഫ്രണ്ട്സ് , ബ്ലോഗന്‍സ്‌ ആന്‍ഡ് ബ്ലോഗിതാസ്,
കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പ്രതിഭയില്ലത്തവനാണെന്ന സത്യം ചിലര്‍ കമന്‍റായി വിളിച്ച് പറഞ്ഞിരുന്നു .പ്രതിഭ എന്നെ തിരിഞ്ഞ് നോക്കാത്തതിന് (ലവളെ ഞാന്‍ എടുത്തോളാം) ഞാന്‍ എന്ത് ചെയ്യാന്‍? . മാത്രമല്ല ദാ ഇപ്പോള്‍ എന്‍റെ കലാപരമായ പടപ്പുകള്‍ പലതും മലയാള സിനിമാ രംഗത്തെ പ്രമുഖര്‍ അടിച്ചോണ്ട് പോകുന്നു . ഏറ്റവും പുതിയതായി ഞാന്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ നീണ്ട തപസ്സിനോടുവില്‍ എഴുതി വീട്ടിലെ ഷെല്‍ഫില്‍ വെച്ചിരുന്ന ഒരു കഥ താരതമ്യേന പുതു മുഖമായ ഒരു സംവിധായകന്‍ അടിച്ച് മാറ്റി മലയാളത്തിലെ ഒരു സൊ കാള്‍ഡ് സൂപ്പര്‍ സ്റ്റാറിനെ നായകനാക്കി സിനിമയാക്കുന്നു . സംഭവം പലയിടത്തും നിങ്ങള്‍ വായിച്ചു കാണും. പക്ഷെ എന്‍റെ സൃഷ്ടിയുടെ വൈഭവം തെളിയിക്കാന്‍ ആ ചിത്രത്തിന്‍റെ ശരിക്കുള്ള കഥാതന്തു ഇവിടെ കൊടുക്കുന്നു . ( വായിച്ചിട്ട് എന്‍റെ തന്തക്ക് വിളിക്കരുത്. ആദ്യമേ പറഞ്ഞേക്കാം ) .

ഇത് വായിച്ചാല്‍ പ്രതിഭ ഈ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും എന്നെ തേടി ഓടിയെത്തും എന്നാണ് എന്‍റെ വിശ്വാസം. ഇനി അവള്‍ വന്നിലെങ്കില്‍ നിങ്ങള്‍ എനിക്ക് വേണ്ടി ഒന്നു ശുപാര്‍ശ ചെയ്യണം.പ്ലീസ് !!!


അര്‍ജ്ജുന്‍ അലിയാസ് എ കെ റീലോഡെഡ് .

കഥയുടെ തുടക്കം ഇരുപത്തിയന്ച്ച് വര്‍ഷങ്ങള്‍ മുന്‍പാണ്. മാന്യമായി സ്വര്‍ണ്ണ ബിസ്കറ്റുകളുടെ കള്ളക്കടത്ത് നടത്തി കേരളത്തില്‍ ജീവിച്ച് പോന്ന അര്‍ജ്ജുന്‍ അലിയാസ് എ കെയെ പങ്കാളിയായ മുഖ്യമന്ത്രിയുടെ മകന്‍ ചതിക്കുന്നു. അവര്‍ തമ്മിലുള്ള പോരാട്ടത്തില്‍ എ കെയുടെ കുടുമ്പം മുഴുവന്‍ കൊല്ലപ്പെടുന്നു. പ്രതികാര ദാഹിയായ എ കെ മുഖ്യമന്ത്രിയുടെ മകനെ കാച്ചുന്നു .ഇനി ഇരുപത്തിയന്ച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ദുബായ്

അര്‍ജ്ജുന്‍ അലിയാസ് എ കെ ഇന്നു ലോകത്ത് നിലയും വിലയും ഉള്ള ഒരു ഡോണാണ്. വയസ്സ് മുപ്പത്തിയഞ്ച് , അവിവാഹിതന്‍ . വായനക്കാരുടെ സംശയം മനസിലാക്കുന്നു . ഇപ്പോള്‍ വയസ്സ് മുപ്പത്തിയഞ്ച് എങ്കില്‍ ഇരുപത്തിയന്ച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മുഖ്യമന്ത്രിയുടെ മകനെ കൊല്ലുമ്പോള്‍ എ കെക്ക് പത്ത് വയസായിരുന്നോ എന്നല്ലേ? കഥ എഴുതുമ്പോള്‍ രചിതാവായ എ കെ , സൂപ്പര്‍ സ്റ്റാര്‍ എ കെയോട് ഇതേ ചോദ്യം ചോദിച്ചതാണ്. പക്ഷേ അമ്പത്തിരണ്ടുകാരനും , രണ്ടു കുട്ടികളുടെ പിതാവുമായ തന്നെ ,വെള്ളിത്തിരയില്‍ മുപ്പത്തിയഞ്ച്കാരനും, അവിവാഹിതനും, പറ്റുമെങ്കില്‍ തൊഴില്‍രഹിതനുമായി കണ്ടില്ലെങ്കില്‍ ആരാധക ബില്യണ്‍സ് സഹിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ലോജിക്ക് കൊണ്ടു കടലില്‍ കളയാനും അദ്ദേഹം കഥാകാരനെ ചട്ടം കെട്ടി .

കഥയിലേക്ക് മടങ്ങാം .എ കെ കള്ളക്കടത്തിന്റെ ഔട്ട് സോര്‍സ്സിങ്ങ് സാധ്യതകളെക്കുറിച്ച് ബാരക്ക് ഒബാമയുമായുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കയിലേക്ക് പോയിരിക്കുകയാണെന്ന് കാണികള്‍ക്ക് ദുബായിലെ എ കെ യുടെ ആസ്ഥാനമായ എ കെ ടവറില്‍ ( ബുര്‍ജ് ദുബായ് ആണ് ലൊക്കേഷന്‍ ) വട്ടം കൂടിയിരുന്നു ചായയും വാഴക്ക ബജിയും കഴിക്കുന്ന ചിലരുടെ സംഭാഷണത്തില്‍ നിന്നും മനസിലാകുന്നു. ഇവര്‍ എ കെയുടെ അനുയായികളാണ് .
രംഗത്തേക്ക് ചുമ്മാ കടന്ന് വരുന്ന എ കെ ടവറിനു എതിരെ ചായക്കട നടത്തുന്ന സുന്ദരിയെ ( മിക്കവാറും ഐശ്വര്യാ റായ് ഗസ്റ്റ് ) എ കെയുടെ അനുയായികള്‍ അവള്‍ക്ക് എ കെയോടുള്ള ഏകപക്ഷീയ പ്രണയത്തെക്കുറിച്ച് പറഞ്ഞ് കളിയാക്കുന്നു. മറുപടിയായി സുന്ദരി എ കെയെപ്പോലെ നനഞ്ഞ സിമെന്റ്റ് ചുവരിലെറിഞ്ഞ മട്ടിലെ മുഖവും, സിന്‍റ്റെക്സ് വാട്ടര്‍ ടാങ്കിന്റെ ശരീരവുമുള്ള ഒരു സുന്ദരനെ ആരാണ് പ്രണയിച്ച് പോകാത്തത് എന്ന് ചോദിക്കുന്നു. ഉടന്‍ അനുയായികള്‍ ആര്‍പ്പുവിളികളോടെ സുന്ദരിയെ എ കെയുടെ സിംഹതുല്യ പൌരുഷം മറന്ന് പോകരുത് എന്ന് ഓര്‍മ്മിപ്പിക്കുന്നു

ഇത്രയുമാകുമ്പോള്‍ കാണികള്‍ക്ക് എ കെയെ സ്ക്രീനില്‍ കാണുവാനുള്ള ആശ വന്നു നീരിറങ്ങും . അപ്പോള്‍ മറ്റൊരു കഥാപാത്രം കടന്ന് വന്ന് ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് അല്‍ മക്തുമിന്റെ ഇളയ പുത്രന്‍, പാവപ്പെട്ട പെണ്‍കുട്ടികളുടെ ഉന്നമനം മാത്രം ലക്ഷ്യമിട്ട് എ കെ നടത്തുന്ന ഡാന്‍സ് ബാറില്‍ കയറി പെണ്‍കുട്ടികള്‍ മിനിസ്കേര്‍ട്ട് എങ്കിലും ധരിച്ചു നൃത്തം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുന്ന വിവരം പറയുന്നു.
അമ്പതോളം പെണ്‍കുട്ടികള്‍ മാന്യമായി ,പര്‍ദ്ദ ധരിച്ചു നൃത്തം ചെയ്യുന്ന എ കെ യുടെ ഡാന്‍സ് ബാറില്‍ കയറി ബഹളംവെച്ചവനെ ബാക്കി വെയ്ക്കില്ല എന്ന് പ്രഖ്യാപിച്ച് എ കെയുടെ അനുയായികള്‍ കുതിക്കുന്നു . ബാറില്‍ ഷെയ്ക്ക് പുത്രന്റെ ഗുണ്ടകള്‍ അവരെ തല്ലി വീഴ്ത്തി അമ്പത്‌ പെണ്‍കുട്ടികളെയും ( ഈ റോളുകളിലേക്കായി പതിനാറിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള തുടുത്ത പുതുമുഖങ്ങളെ സൂപ്പര്‍സ്റ്റാര്‍ എ കെ നേരിട്ട് വിശദമായി അഭിമുഖം ചെയ്യുന്നതായിരിക്കും ) ബലമായി പിടിച്ച് കൊണ്ടു പോകുന്നു . വാതില്‍ കടന്ന് മറയുന്ന ഷെയ്ക്കിനോട് അടികൊണ്ട് വീണ എ കെയുടെ ഒരു അനുയായി ഈ അക്രമം തടുക്കാന്‍ ഒരു അവതാരം വാനില്‍ നിന്നുമിറങ്ങി വരുമെടാ എന്ന് വിളിച്ചു പറയുമ്പോള്‍ പാന്‍ ഷോട്ട് .


ആകാശത്തില്‍ നിന്നും ഇറങ്ങുന്ന ഒരു സ്വകാര്യ ജെറ്റ് . നില്‍ക്കുന്ന ജെറ്റിന്റെ കോണികള്‍ ഇറങ്ങുന്ന എ കെ . കറുത്ത അര്‍മാനി സ്യൂട്ട് പാന്റ്സ് , കറുത്ത സില്‍ക്ക് ഷര്‍ട്ട്‌ ,കറുത്ത കണ്ണാടി, കണങ്കാലൊപ്പം നീണ്ട പേറ്റന്റ് ലെതര്‍ കോട്ട് ,കറുത്ത ബൂട്ട്. ദുബായില്‍ താപനില അമ്പത്തിയൊന്ന് ഡിഗ്രീ .

ഷെയിക്കിന്‍റെ മോന്‍ പെണ്കുട്ടികളുമായി അബുദാബി എമിറേറ്റ്സ് പാലസ്സ് ഹോട്ടലില്‍ ഉണ്ടെന്ന് കാത്തു നില്‍ക്കുന്ന അനുയായികള്‍ എ കെയെ അറിയിക്കുന്നു .അവിടേക്ക് പോകാന്‍ ഹെലികോപ്റ്റര്‍ തയ്യാറാണെന്നും, കൂടാതെ അഞ്ഞൂറോളം സംഘാംഗങ്ങള്‍ അത്യന്താധുനിക ആയുധങ്ങളുമായ് ഒരുങ്ങി നില്‍ക്കുകയാണെന്നും അവര്‍ എ കെയോട് പറയുന്നു. ഹെലികോപ്റ്റര്‍ വേണ്ടെന്നു വെച്ച് എ കെ ഒരു ചുവന്ന ഫെറാറിയില്‍ കയറുന്നു . അനുയായികളോട് അഞ്ഞൂറ് പേരെയും മടക്കി വിളിച്ച് വീട്ടില്‍ പോയി ഒരു പുതിയ കുപ്പി സെയിന്‍റ് ക്രൂസെയ്ഡര്‍ പൊട്ടിക്കാന്‍ പറയുന്നു. മൂന്നാമത്തെ പെഗ്ഗില്‍ ഐസ് ക്യൂബ് വീഴും മുന്‍പ് പെണ്‍കുട്ടികളുമായി താന്‍ മടങ്ങിയെത്തുമെന്ന് അവര്‍ക്ക് ഉറപ്പു നല്‍കുന്ന എ കെ മിന്നല്‍ വേഗത്തില്‍ എമിറേറ്റ്സ് പാലസ് ലക്ഷ്യമാക്കി പായുന്നു.

ഹോട്ടലില്‍ ഷെയിക്ക് പുത്രന്‍റെ അനുയായികള്‍ കുതിച്ചെത്തുന്ന ഫെറാറിയെ തടയാന്‍ ശ്രമിക്കുന്നു , പരാജയപ്പെടുന്നു. പാര്‍ക്കിംഗ് ലോട്ടില്‍ കൃത്യമായി വണ്ടി കൊണ്ടു നിറുത്തി പുറത്തേക്ക് ഇറങ്ങുന്ന എ കെയെ അവര്‍ വളയുന്നു .
"എവിടെടാ ആ പന്ന @#$%^&&* ഷെയിക്കിന്റെ മോന്‍ ?" എ കെ ഗര്‍ജ്ജിക്കുന്നു . വളഞ്ഞ് നിന്ന ഗുണ്ടകള്‍ വഴിമാറി ഷെയിക്ക് പുത്രന്‍റെ റൂം നമ്പര്‍ കൃത്യമായി പറഞ്ഞ് കൊടുക്കുന്നു .സ്ലോമോഷനില്‍ മുന്നോട്ട് നടക്കുന്ന എ കെ . ഇയാള്‍ ഇങ്ങിനെ നടന്നാല്‍ , അവിടെയെത്തുമ്പോഴേക്കും അമ്പതിനെയും ഷെയിക്ക് സന്തതി വെടക്കാക്കിയിട്ടുണ്ടാകും എന്ന മുഖഭാവത്തില്‍ നില്‍ക്കുന്ന ഗുണ്ടകള്‍ .

ഷെയിക്ക് പുത്രന്‍റെ പെന്റ് ഹൌസ് സ്യൂട്ടിന്റെ വാതില്‍ ചവിട്ടി തുറന്നു എ കെ അകത്ത് പ്രവേശിക്കുന്നു. തടയാന്‍ ശ്രമിക്കുന്ന നാലഞ്ച് ഗുണ്ടകളെ അടിച്ചു വീഴ്ത്തുന്നു . പെണ്‍കുട്ടികള്‍ ഓടി വന്ന് മനസു പോലെ തന്നെ വിശാലമായ എ കെ യുടെ ശരീരത്തിന് പിന്നില്‍ ഒളിക്കുന്നു. ഷെയിക്കിന്റെ മകനെ അഭിമുഖീകരിക്കുന്ന എ കെ .


ശുദ്ധ മലയാളത്തില്‍ ആറ് പേജ് നീളുന്ന തീപ്പൊരി സംഭാഷണത്തിലൂടെ എ കെ നിന്ന് കത്തുന്നു . ഡയലോഗ് കേട്ട് ആരാധകരും , പെണ്‍കുട്ടികളും,ഹോട്ടല്‍ ജീവനക്കാരും എന്തിന് ഷെയിക്കിന്‍റെ മോനും, ഗുണ്ടകളും വരെ കൈയടിക്കുന്നു .
പെണ്‍കുട്ടികളുമായി മടങ്ങുന്ന എ കെ .


അവിടുന്നങ്ങോട്ട് ഷെയിക്കിന്റെ മകന്‍ എ കെയെ തറ പറ്റിക്കാന്‍ , ദാവൂദ് ഇബ്രാഹിം , ഒസാമ ബിന്‍ലാദന്‍ , മുല്ല ഒമര്‍ ,മാഫിയ ശശി ,കനല്‍ കണ്ണന്‍ , ജഗ്വാര്‍ തങ്കം, പീറ്റര്‍ ഹെയിന്‍സ് തുടങ്ങി പലരെയും ഇറക്കുന്നു . ഓരോ പതിനഞ്ച് മിനിട്ടിലുമോരോ വില്ലന്മാര്‍ രംഗപ്രവേശം ചെയ്യുന്നു. അവരെ എ കെ അടിച്ചും, ഇടിച്ചും, ഡയലോഗ് പറഞ്ഞ് പേടിപ്പിച്ചും, കോലുമുട്ടായി വാങ്ങിക്കൊടുത്തും ഓടിക്കുന്നു. അപ്പോള്‍ അടുത്തവന്‍ വരുന്നു.

ഇതിനിടക്ക്‌ ദീപിക പദുക്കോണ്‍ വക ടു പീസ് സ്വിം സ്യൂട്ടില്‍ ഒരു ഐറ്റം സോന്ഗ് ഉണ്ടാകും.പാട്ടില്‍ എ കെ നീന്തല്‍ കുളത്തിന്‍റെ കരയില്‍ ടക്സ്യുഡോ ധരിച്ചാവും എത്തുക . നീന്തുന്നതും അങ്ങിനെ തന്നെ . ഖാന്മാര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സിക്സ് , എയിറ്റ് പാക്കുകള്‍ തുറന്നു കാട്ടിയേക്കാം .പക്ഷേ എ കെക്ക് ട്വന്റി പാക്കാണുള്ളത്. വളരെ നാളത്തെ പ്രയത്ന ഫലമായിട്ടാണ് ശരീരത്തില്‍ അവിടിവിടെ തൂങ്ങുന്ന ചതകളുടെ ട്വന്റി പാക്ക് അദ്ദേഹം നേടിയെടുത്തത്. അത് അങ്ങിനെയിങ്ങനെയൊന്നും അദ്ദേഹം പുറത്തു കാട്ടുമെന്ന് ഒരുത്തനും കരുതെണ്ടാ.

ചിത്രത്തില്‍ എ കെയെക്കുറിച്ച് എക്സ്പോസ്സിംഗ് ഫീച്ചര്‍ എഴുതാന്‍ വേണ്ടി അദ്ദേഹത്തെ പരിചയപ്പെട്ട് ഒടുവില്‍ അദ്ദേഹത്തിന്‌ പ്രേമലേഘനങ്ങള്‍ എഴുതുന്ന പതിനെട്ടുകാരി ജേര്‍ണലിസ്റ്റായ് പഴയ ബാല താരം ബേബി ശ്യാമിലി അഭിനയിക്കും . (പതിനെട്ടുകാരി ജേര്‍ണലിസ്റ്റ് ??? ഞാന്‍ നേരത്തെ പറഞ്ഞു , ഇതില്‍ നായകന്‍ എ കെയാണ് )

ഒടുവില്‍ വൈറ്റ് ഹൌസില്‍ നടക്കുന്ന ഒരു ചടങ്ങില്‍ കടന്നു കയറി , അതില്‍ പങ്കെടുക്കുന്ന ഷെയിക്ക് പുത്രനെ ബരാക് ഒബാമ എറിഞ്ഞ് കൊടുക്കുന്ന തോക്ക് കൊണ്ട് എ കെ വെടിവെച്ച് കൊല്ലുന്നിടത്ത് ചിത്രം ശുഭം.
പറയാന്‍ മറന്നു . ഒബാമയും എ കെയും ചേലക്കര എല്‍ പീ സ്കൂളില്‍ ഒന്നിച്ച് പഠിച്ചവരാണ്. ആ സമയത്ത് ഒബാമ വിശപ്പടക്കിയിരുന്നത് എ കെ കൊണ്ടുവരുന്ന ഇന്‍ഡോ അന്ഗ്ലിയന്‍ ലഞ്ച് കഴിച്ചായിരുന്നു.

ഇതെന്ത് സിനിമ , ഇതെന്ത് കഥ എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരോട് : ഇതൊന്നും ഇപ്പൊ മാത്രം തോന്നിയിട്ട് ഒരു കാര്യവുമില്ല . കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പുറത്തിറങ്ങുന്ന ഭൂരിപക്ഷം മലയാളം സിനിമകള്‍ കണ്ട് കൈ അടിക്കുമ്പോള്‍ ഇതൊക്കെ ഓര്‍ക്കണമായിരുന്നു . ഇനി ഇറങ്ങുന്ന സമ നിലവാര ചിത്രങ്ങള്‍ കാണും മുന്‍പും ഇത് തോന്നണം .

ഇനി പ്രതിഭയോട് : ഇതു വായിച്ചിട്ടും നീ എന്നെ തിരിഞ്ഞ് നോക്കിയില്ലെങ്കില്‍ സത്യമായും നിന്‍റെ മോര്‍ഫ് ചെയ്‌ത നഗ്നചിത്രങ്ങള്‍ ഞാന്‍ നെറ്റിലിടും. അല്ല പിന്നെ ...നീ വരുമോ എന്ന് ഞാനൊന്ന് നോക്കട്ടെ.

13 comments:

Anonymous said...

ഇതാണോ വലിയ ഇല്ലാത്ത കാര്യം.. ഇതൊക്കെ ഉള്ളതു തന്നെയാ...

വീണ said...

അര്‍ജ്ജുന്‍ അലിയാസ് എ കെ നന്നായി . ട്വെന്റി പാക്ക് സൂപ്പര്‍ .
മലയാളം സിനിമയുടെ ഇപ്പോഴത്തെ നിലവാരം പറയാതിരിക്കുകയാണ് ഭേദം. :(

വീണ said...

ചോദിയ്ക്കാന്‍ വിട്ട് പോയി : പ്രതിഭയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രതികരണം? :)

Anonymous said...

കഴിഞ്ഞ പോസ്റ്റിന് കമന്റ് ഇടാനാണ് ഓടി വന്നത്.അപ്പോള്‍ ദാ കിടക്കുന്നു അടുത്ത അടാര്‍ സാധനം .
"നനഞ്ഞ സിമെന്റ്റ് ചുവരിലെറിഞ്ഞ മട്ടിലെ മുഖവും, സിന്‍റ്റെക്സ് വാട്ടര്‍ ടാങ്കിന്റെ ശരീരവുമുള്ള ഒരു സുന്ദരനെ ആരാണ് പ്രണയിച്ച് പോകാത്തത്"

"സ്ലോമോഷനില്‍ മുന്നോട്ട് നടക്കുന്ന എ കെ . ഇയാള്‍ ഇങ്ങിനെ നടന്നാല്‍ , അവിടെയെത്തുമ്പോഴേക്കും അമ്പതിനെയും ഷെയിക്ക് സന്തതി വെടക്കാക്കിയിട്ടുണ്ടാകും എന്ന മുഖഭാവത്തില്‍ നില്‍ക്കുന്ന ഗുണ്ടകള്‍ ."

തകര്‍ത്തു സൂപ്പര്‍സ്റാര്‍ എ കെ

Vadakkoot said...

കഴിഞ്ഞ പോസ്റ്റില്‍ തുലാഭാരത്തിന് ബദലായി സക്കാത്ത് തുടങ്ങിയ ഓപ്ഷന്‍സ് വച്ചത് പോലെ ഇവിടെ വല്യേട്ടന്റെ കുറച്ച് രംഗങ്ങളും ഉള്‍പ്പെടുത്താമായിരുന്നു; പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സിന് വേണ്ടി... ലാല്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ :)

''PREKRUTHY'' said...

prathibha illeenu paranjavane enikkonnu kaananam,nee puliyaanu mone puli ?...........

Anonymous said...

നന്നായിരിക്കുന്നു. താങ്കള്‍ക്ക് സ്തുതി പാടാന്‍ ആരെയും വച്ചിട്ടില്ല എന്നു തോന്നുന്നല്ലോ. നല്ല പോസ്റ്റുകള്‍ക്കും കമന്റുകള്‍ കുറവായിരിക്കുന്നു.
വീണ്ടും എഴുതുക..ആശംസകള്‍...

Anonymous said...

ബേബി ശ്യാമിലിക്ക് അല്‍പ്പം പ്രായം കൂടുതല്‍ അല്ലെ?

നായികയായി നമുക്കു ബേബി സനുഷയെ പരിഗണിച്ചാലോ?

BS Madai said...

മാഷെ, അല്പം അതിശയോക്തി കലര്‍ത്തി പറയൂ, എന്നാലല്ലേ കഥക്ക് ഒരു ത്രില്ലുണ്ടാകൂ. ഇതിപ്പോ ഇന്നത്തെ സിനിമ അതുപോലെ പകര്‍ത്തിയിരിക്കയല്ലേ! എന്തായാലും സംഗതി കലക്കി - അഭിനന്ദനങ്ങള്‍.

കിരണ്‍ തോമസ് തോമ്പില്‍ said...

അഭിനന്ദിക്കാതെ വയ്യ. തകര്‍പ്പന്‍ നിരിക്ഷണങ്ങള്‍

Aadityan said...

:)

:: VM :: said...

/ഖാന്മാര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സിക്സ് , എയിറ്റ് പാക്കുകള്‍ തുറന്നു കാട്ടിയേക്കാം .പക്ഷേ എ കെക്ക് ട്വന്റി പാക്കാണുള്ളത്. വളരെ നാളത്തെ പ്രയത്ന ഫലമായിട്ടാണ് ശരീരത്തില്‍ അവിടിവിടെ തൂങ്ങുന്ന ചതകളുടെ ട്വന്റി പാക്ക് അദ്ദേഹം നേടിയെടുത്തത്. അത് അങ്ങിനെയിങ്ങനെയൊന്നും അദ്ദേഹം പുറത്തു കാട്ടുമെന്ന് ഒരുത്തനും കരുതെണ്ടാ/


വൌ! സൂപ്പര്‍
പോസ്റ്റുകള്‍ ഓരോന്നായി വായിച്ചു വരുന്നു. തകര്‍ത്ത് തരിപ്പണമാക്കുന്നല്ലോ!

ആശംസകള്‍

VIKESH PALLIYATH said...

വീണ്ടും എഴുതുക..ആശംസകള്‍...