കഴിഞ്ഞ പോസ്റ്റില്‍ ആദിത്യന് നടത്തിയ വെല്ലുവിളിക്ക് എന്നാല്‍ കഴിയുന്ന മറുപടി :
ശിവേട്ടാ കോടികള്‍ വിളിക്കുന്നു
ആക്രിദര്‍ശന്‍ ഒരു സിനിമയുടെ കഥയും ഇന്നോളം മോഷ്ടിച്ചു എന്ന് സമ്മതിച്ച് തരാത്തതിനാല്‍, ഇതും അദ്ദേഹത്തിന്റെ തനതായ കലാസൃഷ്ടി തന്നെയാണ് .
കഥ തുടങ്ങുന്നത് മുംബൈയിലെ ധാരാവി ഗലികളിലാണ്. ഗലികളിലേക്ക് പോകും വഴി ക്യാമറ മറൈന്‍ ഡ്രൈവില്‍ പ്രാവുകള്‍ക്ക് ധാന്യങ്ങള്‍ ഇട്ട് കൊടുക്കുന്ന , മുംബൈയിലെ ഏറ്റവും ശക്തനായ അധോലോക നായകന് വിശ്വനാഥിനെ (തമിഴ് നടന് കിറ്റി, ഗസ്റ്റ് ) ,ബദ്ധശത്രുവായ 'എന്തരോ ഒരു ഖാന്' ( അര്ജ്ജുന് റാംപാല്‍) ഫിയെറ്റ് കാറിലെത്തി വെടിവെച്ച് കൊല്ലുന്നത് കാണികള്‍ക്ക് കാട്ടിക്കൊടുക്കുന്നു. വെടിയേറ്റു മരിച്ചു വീഴുന്ന വിശ്വനാഥിന്റെ മൃതശരീരത്തിലേക്ക്, അതുവഴി വെറുതെ നടന്ന് പോകുന്ന ഒരു പഴക്കച്ചവടക്കാരന്റെ വണ്ടിയിലെ ഓറന്ജുകള് മറിഞ്ഞു വീഴുന്നു. പാഞ്ഞകലുന്ന അക്രമികളുടെ ഫിയെറ്റ് കാണികള്‍ കാണുന്നത് , വെടിയൊച്ച കേട്ട് തലങ്ങും വിലങ്ങും പറന്നുയരുന്ന പ്രാവുകള്ക്കിടയിലൂടെയാവും .
പൂര്‍ണ്ണമായും ഓറന്ജുകളാല് മൂടപ്പെട്ട വിശ്വനാഥിന്റെ ശരീരത്തില്‍ നിന്നും ഒരു ഓറന്‍ജ് താഴെക്കുരുളുന്നു. ആ ഓറന്ജിനെ പിന്തുടരുന്ന ക്യാമറ ധാരാവി ചേരികളില്‍ എത്തുന്നു. നിരന്ന് നിന്ന് തുണികള്‍ അലക്കുന്ന ഒരു പറ്റം ആളുകളുടെ ഇടയിലൂടെ ഉരുളുന്ന ഓറന്‍ജ് ഒരു കുട്ടിയുടെ കാലുകളില്‍ തട്ടി നില്ക്കുന്നു. സ്ക്രീനില്‍ അത് കുനിഞ്ഞെടുക്കുന്ന കുട്ടിയുടെ കൈ . പിന്നെ അലക്കി വിരിച്ചിട്ട വര്‍ണ്ണ ശബളമായ നിരവധി വസ്ത്രങ്ങളുടെ പശ്ചാത്തലത്തില്‍, കൈയ്യില്‍ ആ ഓറന്ജുമായി സ്ക്രീനിലെക്കുയരുന്ന കഥയിലെ നായകന് ശിവശങ്കരന്ന്റെ ബാല്യത്തിന്റെ മുഖം.അവിടെ ടൈറ്റിലുകള്‍ തുടങ്ങുന്നു.
ടൈറ്റിലുകള്‍ അവസാനിക്കുമ്പോള്‍ ,നായകന്റെ തന്നെ വോയിസ് ഓവറിലൂടെ പത്ത് വയസുകാരന് ശിവശങ്കരന് മുംബൈയിലെത്തിയത്, നാട് വിട്ട് പോയ പന്ത്രണ്ട് വസുകാരനായ സ്വന്തം ചേട്ടന് ഗോവിന്ദന്‍കുട്ടിയെ അന്വേഷിച്ചാണെന്ന് കാണികള്‍ക്ക് മനസിലാവുന്നു. ഗോവിന്ദന്‍കുട്ടി വെറുതെ നാട് വിടുകയായിരുന്നില്ല . കല്യാണപ്രായമായ മൂത്ത പെങ്ങളുടെ വിവാഹം നടത്തുവാന്‍ അവരുടെ അച്ഛന് ബാങ്കില്‍ നിന്നും ലോണെടുത്ത പത്ത് ലക്ഷം രൂപയും അടിച്ചോണ്ടാണവന് കേരളത്തില്‍ നിന്ന് മുങ്ങിയത് .തറവാട് ബാങ്ക് ജപ്തി ചെയ്യും എന്ന അവസ്ഥയിലാണ് കുടുമ്പത്തിന്റെ ഉത്തരാവദിത്വം ഏറ്റെടുത്ത പത്ത് വയസുകാരന് ശിവന് , അമ്പതുകാരനായ അച്ഛനോട് റെസ്റ്റെടുക്കാന്‍ പറഞ്ഞിട്ട് ,ഗോവിന്ദന്‍കുട്ടിയെ അന്വേഷിച്ചിറങ്ങിയത്.
വോയിസ് ഓവറിനിടക്ക് തന്നെ ശിവന്, ഗോവിന്ദനെ ധാരാവിയില്‍ കണ്ടെത്തുന്നു. ചില്ലറ ഉന്തിനും തള്ളിനും ശേഷം, ഗോവിന്ദന്റെ കൈയ്യില്‍ നിന്നും ആ പത്തുലക്ഷം രൂപ കാനയില്‍ വീണു പോയി എന്ന ദുഃഖസത്യം ശിവന് മനസിലാക്കുന്നു.
തങ്ങള്‍ ഒരുമിച്ച് നിന്നാല്‍ സ്വപ്നങ്ങളുടെ പട്ടണമായ മുംബെയില്‍ നിന്നും പത്ത് ലക്ഷമല്ല,കോടി രൂപ ഉണ്ടാക്കാം എന്ന ഗോവിന്ദന്റെ വാക്കുകളില്‍ ശിവന് വീഴുന്നു.
ഐസ് ഫ്രുട്ട് വില്‍പ്പന, വിദേശികളുടെ ഗൈഡ് അങ്ങിനെ പല തരികിടകളും കാണിക്കുന്ന ബാലമാരുടെ വളര്‍ച്ചയുടെ രംഗങ്ങള്‍ പെട്ടെന്ന് തന്നെ സ്ക്രീനില്‍ മിന്നിമറയുന്നു. ഇരുപതു കൊല്ലങ്ങള്‍ മുംബെയില്‍ കടന്നു പോയി എന്നും, നാട്ടില്‍ ബാങ്ക് ഇപ്പോഴും 'ഇന്നു ജപ്തി,അല്ലെങ്കില്‍ വേണ്ട നാളെ ജപ്തി' എന്ന മട്ടില്‍ നില്‍ക്കുകയാണെന്നും, ഇതുവരെ കാശിന്റെ കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടാക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ല എന്നും കാണികളെ അറിയിച്ച്, ശിവശങ്കരന്റെ വോയിസ് ഓവര്‍ അവസാനിക്കുന്നു.
വഴിയോരത്തെ പാവ് ഭാജി കച്ചവടക്കാരന് അടുപ്പിലെ ചൂടു കല്ലില്‍ വെള്ളമെറിയുമ്പോള് ഉയരുന്ന പുകക്കിടയിലൂടെ സ്ക്രീനിലേക്ക് കടന്ന്വരുന്ന യുവാവായ ശിവശങ്കരന് (ആരാധകരുടെ സ്വന്തം ഏട്ടന്, ആക്രിദര്‍ശന്റെ പ്രിയ താരം ,സുപ്പര്‍ മെഗാസ്റ്റാര്‍ എ കെ ...കൈയ്യടി,ചൂളം വിളി ,പുഷ്പവൃഷ്ടി ) . പശ്ചാത്തലത്തില്‍ ധാരാവിയിലെ ചവറുകള്‍ മുഴുവന്‍ അടിച്ചു വാരുന്ന കടും നീല സാരികളണിഞ്ഞ സുന്ദരികള്‍ (ഇവര്‍ ഇടയ്ക്കും തടക്കും പാട്ടുകളില്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ ആക്രിദര്‍ശന്റെ ധാരാവി വൈറ്റ് ഹൗസിനെക്കാളും വൃത്തിയുള്ള സ്ഥലമായിരിക്കും ). പാവ് ഭാജി വെട്ടി വിഴുങ്ങുന്ന ഗോവിന്ദന്‍കുട്ടി (മാട്ടുപ്പെട്ടി മച്ചാന് സുമേഷ് ) . അവര്‍ തമ്മിലെ സംഭാഷണത്തില്‍ നിന്നും കാണികള്‍ക്ക്, ശിവന് പിറ്റേ ദിവസം മുതല്‍ നഗരത്തിലെ കെ ആന്‍ഡ് കെ ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പില്‍ മെക്കാനിക്കായി ജോലിക്ക് ചേരുകയാണ് എന്ന് മനസിലാവുന്നു. ഗോവിന്ദന്കുട്ടിയാകട്ടേ പിറ്റേദിവസം മുതല്‍ ജൂഹു ബീച്ചില്‍ പോക്കറ്റടി തുടങ്ങുകയാണെന്നും. രണ്ട് പേരുടേയും താമസം ധാരാവിയില്‍ തന്നെ.
പിറ്റേന്ന് കെ ആന്‍ഡ് കെ യില്‍ എത്തി പ്രൊപ്രൈറ്റര്‍ മനോഹരനെ (അഗതി ശ്രീകുമാര്‍ ) കണ്ട് ശിവന് ജോലിയില്‍ പ്രവേശിക്കുന്നു. താമസിയാതെ കെ ആന്‍ഡ് കെ യുടെ മുഖ്യമെക്കാനിക്കാവാം എന്ന് കൊതിച്ചിരുന്ന അവിടുത്തെ ജോലിക്കാരന് തങ്കപ്പന് ( തളംവെച്ച ദിനേശന് ) ശിവന്റെ വരവില്‍ അസ്വസ്ഥനാകുന്നു.കൂടാതെ തങ്കപ്പന്റെ മുറപ്പെ ണ്ണ് 'സ്വീറ്റി' ( സൈന്റ് തെരേസ്സാസില് നിന്നുള്ള പുതുമുഖം ) കയറി ശിവനെ പ്രേമിക്കുകയും ചെയ്യുന്നു. അതോടെ തങ്കപ്പന് ഇരിക്കപ്പൊറുതിയില്ലാതാവുന്നു . ശിവനും , തങ്കപ്പനും മത്സരിച്ചും ,പാര വെച്ചും കെ ആന്‍ഡ് കെ യില്‍ വരുന്ന സകല കാറുകളും പൊളിച്ചടുക്കുന്നു . അവയുടെ ഉടമസ്ഥര്‍ മനോഹരനെയും .
കാറ് തല്ലിപ്പൊളിക്കലും ,പോക്കറ്റടിയും ഇല്ലാത്തപ്പോള്‍ ശിവനും , ഗോവിന്ദനും ധാരാവിയിലെ ജന്മാഷ്ടമി ,ഹോളി തുടങ്ങിയ ആഘോഷങ്ങളില്‍ ബോളീവുഡ് സുന്ദരിമാരുമായി ആടിപ്പാടുന്നു. ഇടയ്ക്ക് കാണികള്‍ മറന്നു പോകാതിരിക്കാന്‍ വേണ്ടി മാത്രം, ഇതു വരെ കെട്ടാത്ത പെങ്ങളുടെ കത്തുകള്‍ നാട്ടിലെ ബാങ്കിന്റെ ജപ്തി ഭീഷണി ഓര്‍മ്മപ്പെടുത്തി എത്തുന്നു.
അങ്ങിനെ പെങ്ങളുടെ കത്ത് വന്ന ഒരു ദിവസം രാത്രിയില്‍ ,ഒരു വീട്ടില്‍നിന്നും നന്നാക്കാനുള്ള വണ്ടി കെ ആന്‍ഡ് കെ യിലേക്ക് കൊണ്ടു വരേണ്ട ചുമതല മനോഹരന്, ശിവനെ ഏല്‍പ്പിക്കുന്നു. വണ്ടിയുമായി കെ ആന്‍ഡ് കെയിലേക്ക് വരുന്ന വഴിയില്‍ , അപകടത്തില്‍ പെട്ട ഒരു കാറിന്റെ ഡ്രൈവിങ്ങ് സീറ്റില്‍ ചോരയില്‍ കുളിച്ച് അബോധാവസ്ഥയിലായ ഒരു സുന്ദരിയെ (കരീന കപ്പൂര്‍) ശിവന് കാണുന്നു. ഓടികൂടിയ നാട്ടുകാര്‍ ,പെണ്ണിനെ ശിവന്റെ വണ്ടിയില്‍ കയറ്റുന്നു. ആശുപത്രിയില്‍ എത്തുമ്പോള്‍ ആശുപത്രി അധികൃതര്‍ യാതൊരു പ്രകോപനവുമില്ലാതെ ശിവനെപ്പിടിച്ച് പെണ്‍കുട്ടിയുടെ ഭര്ത്താവക്കുന്നു.
പള്ളി പെരുന്നാളിന്റെ ജനം പോലെ ആശുപത്രിയില്‍ നിറയുന്ന പെണ്ണിന്റെ ബന്ധുക്കള്‍ . പെണ്ണ് ഒരു മാസം മുന്‍പ് അവളുടെ കാമുകനൊപ്പം ഒളിച്ചോടിയതാണെന്നും , കോമയില്‍ കിടക്കുന്ന പെണ്ണിന്റെ കാമുകനായ ആല്‍ഫിയെ അവളല്ലാതെ ആല്‍ഫിയുടെ സ്വന്തം അച്ഛനമ്മമാര്‍ പോലും നേരെ കണ്ടിട്ടില്ല എന്നും ശിവന് മനസ്സിലാക്കുന്നു. ആശുപത്രിയി വെച്ച്, പെണ്ണിന്റെ അച്ഛന്, കോടീശ്വരനായ നാരായണന് നമ്പ്യാര്‍ക്ക് ,(കൊടുമുടി വീണു ) ഹാര്‍ട്ട് അറ്റാക്ക് വരുന്നു.
താന്‍ ആല്‍ഫി അല്ലെന്നും , സുജാത എന്നയാ പെണ്ണിനെ താന്‍ അന്നേ രാത്രിക്ക് മുന്‍പ് കണ്ടിട്ട് കൂടിയില്ലെന്നു ശിവന് നമ്പ്യാരുടെ കാര്യസ്ഥന് കിട്ടുണ്ണിയോട് (ഇരിങ്ങാലക്കുടക്കാരന് നിഷ്കളങ്കന്) പറയുന്നു. യഥാര്‍ത്ഥ ആല്‍ഫിക്ക് എന്ത് പറ്റി എന്നറിയാത്ത വേവലാതിയില്‍ ചിലപ്പോള്‍ നമ്പ്യാര്‍ തട്ടി പോകും എന്ന് പറഞ്ഞ് കിട്ടുണ്ണി, ശിവനെ തത്കാലത്തേക്ക് ആല്‍ഫിയായ് അഭിനയിക്കാന്‍ നിര്‍ബന്ധിക്കുന്നു .അങ്ങനെ നമ്പ്യാരുടെ ജീവന് രക്ഷിക്കാന്‍ , കിട്ടുണ്ണിയുടെ പിന്തുണയോടെ ശിവന് സുജാതയുടെ ഭര്‍ത്താവ് ആല്‍ഫിയായ് അഭിനയിക്കുന്നു. ആ അഭിനയത്തിനിടയില്‍ , ഒരു മാസം മുന്‍പ് യഥാര്‍ത്ഥ ആല്‍ഫിക്കൊപ്പം ഒളിച്ചോടിപ്പോയ സുജാത ,മുംബൈയില്‍ മടങ്ങിയെത്തിയിരിക്കുന്നത്, 'ഞാന്‍ കോടീശ്വരന്' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി ആല്‍ഫിക്ക് ലഭിച്ച ക്ഷണക്കത്തും ബാഗിലിട്ട് കൊണ്ടാണെന്ന് ശിവന് മനസിലാക്കുന്നു. യഥാര്‍ത്ഥ ആല്‍ഫി എവിടെയെന്ന കാര്യം അപ്പോഴും അജ്ഞാതമായ് തന്നെ തുടരുന്നു.
ശിവന് ഗോവിന്ദന്‍കുട്ടിയോട് വിവരങ്ങള്‍ എല്ലാം പറയുന്നു . ചില്ലറ അന്വേഷണങ്ങള്‍ക്കൊടുവില്‍ ടി വീ ചാനലുകാര്‍ക്കും ആല്‍ഫി എങ്ങനെയിരിക്കുമെന്നോ , ആരെന്നോ അറിയില്ല എന്ന് മനസിലാക്കുന്ന ഗോവിന്ദന്‍കുട്ടി ,ആല്‍ഫിയായി കോടീശ്വരന് പരിപാടിയില്‍ പങ്കെടുക്കാന്‍ ശിവനെ പ്രേരിപ്പിക്കുന്നു.
അതിനിടക്ക് ഇനി എല്ലാം ദൈവത്തിന്റെ കൈയ്യില്‍ എന്ന് പതിവു പോലെ ഡോക്ടര്‍ പറഞ്ഞതിനാല്‍ ,സുജാതയെ കോമയില്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്ത് അവളുടെ അച്ഛ്നും ബന്ധുക്കളും വീടിലേക്ക് കൊണ്ടു വരുന്നു .അപ്പോഴേക്കും നമ്പ്യാരുടെ നില മെച്ചപ്പെട്ടുവെന്നും ,ഇന്‍ വേണമെന്കില് അങ്ങേര്‍ക്കു ഒളിമ്പിക്സില്‍ ബോക്സിന്ഗ് മത്സരത്തില്‍ പങ്കെടുക്കാം എന്നും ഡോക്ടര്‍ പറയുന്നു . ശിവനോട് സത്യങ്ങള്‍ എല്ലാവരോടും തുറന്നു പറയുവാന്‍ കിട്ടുണ്ണി നിര്‍ബന്ധിക്കുന്നു. പക്ഷേ ആല്‍ഫിയായ് കോടീശ്വരന് പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ ശിവന് അത് സമ്മതിക്കുന്നില്ല.മാത്രമല്ല ,കിട്ടുണ്ണി സത്യങ്ങള്‍ ആരോടെങ്കിലും തുറന്ന് പറഞ്ഞാല്‍ , നബ്യാരുടെ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി അയാളാണ് തന്നെക്കൊണ്ട് എല്ലാം ചെയ്യിപ്പിച്ചതെന്ന് താന്‍ പറയും എന്ന് ശിവന് കിട്ടുണ്ണിയെ വിരട്ടുന്നു.
കഥ കൂടുതല്‍ കുഴപ്പിക്കുവാന് വേണ്ടി മാത്രം ആല്‍ഫിയുടെ പെങ്ങള് സോണിയ ( ദീപിക പദുകോണ്‍ ) എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു പെണ്ണ് സുജാതയുടെ വീട്ടില്‍ വന്നു കയറുന്നു. ശിവന് തന്നെയാണ് ആല്‍ഫി എന്ന മട്ടിലാണ് അവളുടെ പെരുമാറ്റം . ആല്‍ഫിയുടെ പെങ്ങള് വന്ന സന്തോഷത്തില്‍, സുജാതയുടെ കുടുമ്പം മുഴുവന്‍,കോമയില്‍ കിടക്കുന്ന സുജാതയെ എടുത്ത് ഒരു ഉന്ത് വണ്ടിയിലിട്ട്, ശിവനും സോണിയക്കുമൊപ്പം ഒരു ഓള് ഇന്ത്യ ടൂര്‍ പോകുന്നു. അവിടെ ഒരു ഗാനം. ഗാനത്തിനിടെ കിട്ടുണ്ണിയുടെ പരിഭ്രമം, പരസ്പരം സംശയിക്കുന്ന ശിവനും , സോണിയയും , പിന്നെ സ്ക്രീനില്‍ നിറഞ്ഞു നില്ക്കുന്ന സുജാതയുടെ കുടുമ്പത്തിലെ ആയിരത്തോളം അംഗങ്ങളും, അവരുടെ യാത്രക്കിടെ വഴിയില്‍ വിശ്രമിക്കുമ്പോള്‍ അവിടെ ഒരു ലോറിയില്‍ വന്നിറങ്ങുന്ന കുറെ ബോളിവുഡ് നൃത്തകിമാരും എല്ലാം ചേര്‍ന്ന് വര്‍ണ്ണ ശബളമായ ബഹളമാവും സ്ക്രീനില്‍ നടക്കുക .
സുജാതയുടെ സ്വത്തുക്കള്‍ മോഹിച്ചു നടന്ന ചില ബന്ധുക്കള്‍ക്ക് ശിവന്റെ വരവ് ഇഷട്ടപ്പെട്ടിരുന്നില്ല . അവര്‍ ശിവനെ സംശയ ദൃഷ്ടിയോടെ നോക്കുകുകയും പിന്തുടരുകയും ചെയ്യുന്നു. കൂടാതെ സോണിയയും ശിവന്റെ പിന്നാലെയുണ്ട്.
ഇതിനിടെ കോടീശ്വരിയായ ഒരു പെണ്ണ് ശിവന്റെ ഭാര്യയായ വിവരമറിഞ്ഞ് കെ ആന്‍ഡ് കെ മനോഹരന് അവനോട് കുറച്ച് പണം ആവശ്യപ്പെടുന്നു. ശിവന് അയ്യാളെ അടി കൊടുത്ത് ഓടിക്കുന്നു. പ്രതികാരദാഹിയായ മനോഹരന് , തങ്കപ്പന്റെ സഹയാത്തോടെ സുജാതയുടെ കുടുമ്പത്തിന് മുന്നില്‍ ശിവന്റെ കള്ളങ്ങള്‍ പൊളിക്കുവാന്‍ തീരുമാനിക്കുന്നു.പക്ഷേ ഓരോ തവണയും അവര്‍ സത്യം പറയുവാന്‍ എത്തുമ്പോള്‍ , ആദ്യം മുന്‍സിപാലിറ്റി ചവറു വണ്ടിയിടിച്ചും, രണ്ടാമത് സ്ത്രീ പീഡകരാണെന്ന് വെറുതെ തെറ്റിദ്ധരിക്കുന്ന നാട്ടുകാര്‍ എടുത്തിട്ടിടിച്ചും , മൂന്നാമത് പാക്കിസ്ഥാന് പരീക്ഷന്‍ മിസൈല്‍ പരീക്ഷണ മിസൈല്‍ ഒരെണ്ണം വഴി മാറി വന്ന് വീണും ,നാലാമത് പട്ടി കടിച്ചും, മനോഹരനും, തങ്കപ്പനും ആശുപത്രിയിലാകുന്നു. ശിവന് രക്ഷപ്പെടുന്നു.
ചാനലില്‍ മത്സരത്തിനുള്ള ക്ഷണക്കത്തുമായ് എത്തേണ്ട അവസാന ദിവസം , സുജാതയുടെ ബന്ധുക്കളും ,സോണിയയും പ്രത്യേകം , പ്രത്യേകം പിന്തുടരുന്നത് കാരണം ശിവന് ചാനല്‍ ഓഫീസില്‍ എത്തുവാന്‍ സാധിക്കുന്നില്ല. ചാനലിന്റെ ഓഫീസിന് എതിര്‍വശത്തുള്ള ചായക്കടയില്‍ ക്ഷണക്കത്തുമായി ശിവനെ കാത്തു നില്ക്കുന്ന ഗോവിന്ദന്‍കുട്ടിയെ ചാനലുകാര് ഓടിച്ചിട്ടു പിടിച്ച്,ഇടികൊടുത്തു,അയാളാണ് ആല്ഫിയെന്നു സമ്മതിപ്പിച്ച് ,മത്സരത്തിന്റെ തീയതി കുറിച്ച് കൈയ്യില്‍ കൊടുത്ത് പറഞ്ഞ് വിടുന്നു.
സുജാതയുടെ ബന്ധുക്കളെ വഴി തെറ്റിച്ച് നാഗാലാന്‍ഡിലേക്ക് വിടുന്നതില്‍ ശിവന് വിജയിക്കുന്നു. പക്ഷേ സോണിയ അയാളെ വിടാതെ പിന്തുടരുകയും ,ഇരുവരും അതിര്‍ത്തി കടന്ന് ചൈനയില്‍ എത്തുകയും ചെയ്യുന്നു. ചൈനീസ് ഭാഷ അറിയാവുന്ന സോണിയ പറയുന്ന ഒരു വാക്കിന്റെ അര്‍ത്ഥം അന്വേഷിച്ചലയുന്ന ശിവനെ ചൈനക്കാര്‍ ഓടിച്ചിട്ടടിക്കുന്നു.ഒടുവില്‍ സോണിയയുടെ സഹായത്തോടെ ചീനന്മാരുടെ പിടിയില്‍ നിന്നും രക്ഷപ്പെടുന്ന ശിവന് ,ബോര്‍ഡര്‍ തിരികെ കടക്കുമ്പോള്‍ സോണിയയോട് സത്യങ്ങള്‍ എല്ലാം തുറന്ന് പറയുന്നു. യഥാര്‍ത്ഥ അല്‍ഫി , ഗോവയില്‍ വെച്ച് പട്ടം പറത്തുന്നതിനിടെ ഇടിവെട്ടി തട്ടി പോയെന്നും , താന്‍ അയാളുടെ പെങ്ങള് തന്നെയാണെന്നും സോണിയയും തുറന്ന് പറയുന്നു.ഗോവയിലെ വീട്ടില്‍ ഫോണും ,നെറ്റും ഒക്കെ കേടായത് കാരണം ,ക്ഷണക്കത്ത് തിരികെ ഏല്‍പ്പിച്ച് ചാനലുകാരോട് ആല്‍ഫിയുടെ മരണ വിവരം പറയുവാനായി മുംബൈയില്‍ എത്തിയതായിരുന്നത്രേ സുജാത .
ചൈനാ ബോര്ഡറില് ശിവനും , സോണിയയും തമ്മില്‍ പ്രണയത്തിലാവുകയും അവര്‍ ഓസ്ട്രലിയാ, മോറീഷ്യസ് , സിംഗപൂര്‍ എന്നിവിടങ്ങളില്‍ പോയില് ഒരു പ്രേമ ഗാനവും പാടി തിരികെ
മുംബൈയില്‍ എത്തുന്നു.
ശിവനും,സോണിയയും കോമയില്ക്കിടക്കുന്ന സുജാതയെ സ്നേഹപൂര്‍വ്വം പരിചരിക്കുന്നു. ഇടയ്ക്ക് ശിവന്റെ ക്ലാസ്സിക്കല്‍ സംഗീതം കേട്ട് കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ഓടാന്‍ ശ്രമിക്കുന്ന സുജാതയുടെ നില മെച്ചപ്പെട്ട് വരുന്നു .
കോടീശ്വരന് പരിപാടിയുടെ തീയതി അടുക്കവേ ഗോവിന്ദന്‍കുട്ടി പരിഭ്രാന്തനാകുന്നു . മണ്ടനായ താന്‍ പരിപാടിയില്‍ പങ്കെടുത്താല്‍ ചില്ലി പൈസ തടയില്ല എന്നവന് ശിവനോട് പറയുന്നു. ഒടുവില്‍ പരിഹാരവും ഗോവിന്ദന്‍കുട്ടി തന്നെ കണ്ടെത്തുന്നു . പരിപാടിയുടെ അവതാരകന്റെ മുന്നില്‍ ഗോവിന്ദന്‍കുട്ടി ചെന്നിരിക്കും. സ്റ്റുഡിയോയില്‍ കാണികളുടെ ഇടയില്‍ , അരണ്ട വെളിച്ചത്തിലിരുന്നു ശിവന് മത്സരത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ പറയണം. അവന്റെ ശബ്ദത്തിനനുസരിച്ച് ചുണ്ടുകള്‍ അനക്കി ഗോവിന്ദന്‍കുട്ടി ചാനലുകാരെ പറ്റിക്കും. ഒന്നു മടിച്ചെങ്കിലും നാട്ടിലെ സ്ഥിതി ഓര്‍ത്ത് ശിവന് സമ്മതിക്കുന്നു. തട്ടിപ്പ് പുറത്താവതിരിക്കാന്, സോണിയയുടെ സഹായത്തോടെ മത്സരം നടക്കുന്ന ദിവസം സുജാതയുടെ വീട്ടിലെ ഇരുപത്തിയഞ്ച് ടി വികളും ശിവന് കേടാക്കുന്നു.
പറഞ്ഞതു പോലെ, സൂപ്പര്‍സ്റ്റാര്‍ അമിതാബ് ബച്ചന് അവതരിപ്പിക്കുന്ന കോടീശ്വരന് പരിപാടിയുടെ ആദ്യ ദിവസം, ശിവനും ,ഗോവിന്ദന്‍കുട്ടിയും വിജയകരമായി പിന്നിടുന്നു. രണ്ട് കോടി രൂപക്കും അവര്‍ക്കും ഇടയില്‍ ഒരു ദിവസവും, ഒരുചോദ്യവും മാത്രം ബാക്കി നില്‍ക്കെ, സുജാത കോമയില്‍ നിന്നും ചാടി എഴുന്നേല്ക്കുന്നു. സത്യം എല്ലാവരോടും അവള് തുറന്ന് പറയുന്നു. ശിവനെ തനിക്ക് ഇഷ്ടമാണെന്നും സുജാത പെരപ്പുറത്ത് കയറി നിന്ന് കൂവുന്നു . സോണിയ മോങ്ങുന്നു .
അതിനിടെ കെ ആന്‍ഡ് കെ മനോഹരനും , തങ്കപ്പനും ആശുപത്രിയില്‍ നിന്നും ഇറങ്ങുന്നു. ശിവനും, ഗോവിന്ദനും കോടീശ്വരന് പരിപാടിയില്‍ വിജയിച്ചാല്‍ അവര്‍ക്ക് ലഭിക്കുന്ന രണ്ട് കോടി രൂപ (ഈ പരിപാടിയില്‍ പണം റെഡി ക്യാഷാണ് . നോ ചെക്ക് ബിസിനസ്സ് ) തട്ടിയെടുക്കാന്‍ അവര്‍ ഒരു അധോലോക സംഘത്തെ ഏര്‍പ്പാടാക്കുന്നു. വിശ്വനാഥിനെ വെടിവെച്ച് കൊന്ന 'എന്തിരോ ഒരു ഖാന്റെ ' സംഘം ഇന്നു മുംബൈയില്‍ പ്രബലരാണ്. അവരെയാണ് മനോഹരനും ,തങ്കപ്പനും സമീപിക്കുന്നത് .
സുജാതയുടെ വീട്ടുകാര്‍ ശിവന്റെയും സുജാതയുടെയും വിവാഹം ഉറപ്പിക്കുന്നു. സുജാതയെ വിഷമിപ്പിക്കേണ്ട എന്ന് കരുതി സത്യം പറയുന്നതില്‍ നിന്നും സോണിയ ശിവനെ വിലക്കുന്നു. ആ വിഷമത്തിലാണ് ശിവന് പിറ്റേന്ന് മത്സരത്തിനു എത്തുന്നത്. സംഘര്‍ഷം നിറഞ്ഞ ഏതാനം നിമിഷങ്ങള്‍ക്കൊടുവില്‍, ശിവന് അവസാനത്തെ ചോദ്യത്തിന്റെ ശരിയുത്തരവും ഗോവിന്ദന്കുട്ടിയിലൂടെ നല്കുന്നു.
രണ്ടു കോടി രൂപ പെട്ടിയിലാക്കി സ്റ്റുഡിയോയുടെ പുറത്തിറങ്ങുന്ന ശിവനും , ഗോവിന്ദനും സോണിയയെ അധോലോക രാജാവ് 'എന്തരോ ഒരു ഖാന്' തട്ടികൊണ്ട് പോയിയെന്നും , അവളുടെ ജീവന്റെ വിലയായി രണ്ടു കോടി രൂപ ആവശ്യപ്പെട്ടിരിക്കുകയാനെന്നും കിട്ടുണ്ണി വഴി അറിയുന്നു.
അവിടെ ,പണം കൊടുത്ത് സോണിയയെ രക്ഷിക്കണം എന്ന് പറയുന്ന ശിവനുമായി ഗോവിന്ദന് തെറ്റുന്നു . മാത്രമല്ല പണപ്പെട്ടിയുമായി കടന്നു കളയുകയും ചെയ്യുന്നു. വിഷമത്തിലായ ശിവന് ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഖാന്റെ താവളത്തില്‍ എത്തുന്നു.(ഖാന്റെ താവളം ഒരു വെയര്‍ ഹൗസാണ്. അവിടെ സംഘട്ടനത്തിന് ഉപയോഗിക്കാന്‍ പാകത്തിന് മച്ചില്‍ നിന്നും , നങ്കൂരം, ജമ്പോ ജെറ്റ് , അഗ്നി മിസൈലിന്റെ മോഡല്‍ , ലോഹ ഗോളങ്ങള്‍ അങ്ങിനെ പല വസ്തുക്കള്‍ തൂക്കിയിട്ടിട്ടുണ്ട്.)
ശിവന് പണം കൊണ്ട് വരാത്ത ദേഷ്യത്തില്‍ ഖാന് കൊല്ലുവാന്‍ മുതിരുന്നു. അപ്പോള്‍ മനസ്സ് മാറിയ ഗോവിന്ദന്‍കുട്ടി, പെട്ടിയുമായി അവിടെ എത്തുന്നു . തൊട്ട് പിന്നാലെ , ചിത്രത്തിലെ മുഴുവന്‍ അഭിനേതാക്കളും. പിന്നെ കൂട്ടത്തല്ലാണ് (മച്ചില്‍ നിന്ന് തൂക്കിയിട്ട വസ്തുക്കള്‍ അങ്ങോട്ടും ഇങ്ങോട്ടും ആട്ടിയും, അവയില്‍ നിന്ന് രക്ഷപ്പെട്ടും,അവക്കടിപ്പെട്ടും മുട്ടന്‍ കോമഡിയായിരിക്കും നടക്കുക,ജാഗ്രതൈ ) .
ഒടുവില്‍ ശിവന് ഖാനെ നിലംപരിശാക്കുന്നു. തങ്കപ്പനും, മനോഹരനും വീണ്ടും ആശുപത്രിയിലാകുന്നു. പോലീസ് എത്തി ബാക്കി വില്ലന്മാരെ പത്തഞ്ഞൂറു പേര്ക്കിടയില് നിന്നും കൃത്യമായി തിരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യുന്നു.
സുജാതയുടെയും ശിവന്റെയും വിവാഹ ദിവസം , സോണിയ പെട്ടെന്ന് തനിക്ക് പണ്ട് എം ഐ ടിയില്‍ അഡ്മിഷന് കിട്ടിയിരുന്നു എന്ന കാര്യം ഓര്‍ക്കുകയും , അന്ന് തന്നെ മുംബൈ വിടാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. അവള് എയര്‍ പോര്‍ട്ടിലേക്ക് പോകുന്നത് ആരും അറിയുന്നില്ല.
മണ്ഡപത്തില്‍ കയറുന്നതിന് തൊട്ട് മുന്‍പ് സുജാതയോട് ഗോവിന്ദന്‍കുട്ടി ശിവന്റെയും ,സോണിയയുടെയും പ്രണയ കഥ പറയുന്നു. സുജാത കണ്ണീരടക്കി , കല്യാണം വേണ്ടെന്നു വെച്ച്. ശിവനോട് സോണിയയെ കൂട്ടി വരാന്‍ പറയുന്നു.
എയര്‍ പോര്‍ട്ടില്‍ എത്തുന്ന ശിവനും, ഗോവിന്ദനും സോണിയയുടെ വിമാനം റണ്‍ വേയില്‍ പ്രവേശിച്ചു കഴിഞ്ഞു എന്ന വിവരമറിഞ്ഞ് നിരാശരാകുന്നു.
അപ്പോള്‍ വിമാനത്തിനുള്ളില്‍ ഒരു യാത്രക്കാരന് (ഷാരൂഖ് ഖാന് ,ഗസ്റ്റ് ) ബോംബുണ്ടെന്നു ബഹളം വെയ്ക്കുന്നു. വിമാനം നിറുത്തുന്നു, യാത്രക്കാരെല്ലാം ഇറങ്ങി ഓടുന്നു. തിക്കിനും തിരക്കിനും ഇടയിലൂടെ , എയര്‍പോര്‍ട്ട് ലോബിയില്‍ വെച്ചു ശിവനും ,സോണിയയും തമ്മില്‍ കാണുന്നു. വട്ടനാണെന്ന് തിരിച്ചറിഞ്ഞ് ,എയര്‍പോര്‍ട്ട് സെക്യുരിറ്റി തൂകിയെടുത്തു കൊണ്ട് പോകവേ, ഷാരൂഖ് ഖാന് ആലിംഗനബദ്ധരായ് നില്ക്കുന്ന ശിവനും, സോണിയക്കും ആശംസകള്‍ നേരുന്നു.
ഇനി നാട്ടില്‍ ചെന്ന് ബാങ്കിലെ കടം വീട്ടി , നാല്പ്പത്തിയഞ്ചുകാരിയായ പെങ്ങളെ കെട്ടിച്ചു വിട്ട ശേഷം വേണം തനിക്കും ഒരു കല്യാണം കഴിക്കാന്‍ എന്ന് ഗോവിന്ദന്‍കുട്ടി പറയുന്നിടത്ത് സ്ക്രീനില്‍. 'എ ഫിലിം ബൈ ആക്രിദര്‍ശന്‍ ' എന്ന് തെളിയുന്നു.
Subscribe to:
Post Comments (Atom)
19 comments:
കഴിഞ്ഞ പോസ്റ്റില്‍ ആദിത്യന് നടത്തിയ വെല്ലുവിളി
സ്വീകരിച്ചു, എന്നാല്‍ കഴിയുന്ന രീതിയില്‍ ഒരു പോസ്റ്റ്. ബെര്‍ളി തോമസിന്റെ ഈ പോസ്റ്റാണ് ആദിത്യന് ഈ വെല്ലുവിളി നടത്താനും , അങ്ങിനെ ഞാന്‍ ഈ പോസ്റ്റ് ഇടാനും കാരണമായത്.
anna, enthoru alakku ithu... ohh thozhuthu.. ingalu puli thanney getta..
Oru Berly chuva ithinu....
Thonniyathayirikkum... Sarammillla, appam thinnal..., alla alla blog vayichal pore....
അലക്കി പൊളിച്ചു.
'കോമയില്‍ കിടക്കുന്ന പെണ്ണിന്റെ കാമുകനായ ആല്‍ഫിയെ അവളല്ലാതെ ആല്‍ഫിയുടെ സ്വന്തം അച്ഛനമ്മമാര്‍ പോലും നേരെ കണ്ടിട്ടില്ല എന്നും ശിവന് മനസ്സിലാക്കുന്നു.' ഇതാണ് തനി പ്രിയന് മോഡല്‍
അക്രിദര്ശന് കലക്കി .പോസ്റ്റ് കലക്കി .സത്യം പറഞ്ഞാല്‍ ഈ പോസ്റ്റ് കാവ്യാ മാധവനെ പോലെ ആണെന്നാണ് എന്റെ അഭിപ്രയം .കുറ്റം പറയാന്‍ വേണമെങ്ങില്‍ തടി അല്‍പ്പം കുടുതലല്ലേ എന്ന് സംശയിക്കാം .ബാക്കി എല്ലാം കിടില്ലം.പിന്നെ സുഗ്ഗെസഷന് സ്വീകരിച്ചതിനു നന്ദി .typical priyan stuff
പിന്നെ വെല്ലുവിളി എന്നൊക്കെ പറഞ്ഞു തങ്ങള്‍ എന്നെ ഒരു ബാലന് ക നായര്‍ ആക്കാതെ. അല്ലെങ്ങില്‍ തന്നെ ഞാന്‍ allu രക്ത ദാഹി അന്നെനു ഒരു ബ്ലോഗ്ഗര്‍ (berly) kuttapedutiyittu (സ്നേഹപൂര്വമാന്നെ ) ഒരു week pollum ആയില്ല.
Sorry but I dont get the email follow up option some times on the first time. why so? any idea
കിടിലം
Too good. Great observation of details . Well done
Cheers
ഇത്ര വലിയ കഥ കിട്ടിയാല്‍ ആക്രിദറ്ശന് ഒരു അഞ്ചു പടം ചുരുങ്ങിയത് പിടിക്കും.എന്നാലും ഒരു പടവും വിടാതെ കാണുന്നുണ്ടെന്നു മനസ്സിലായി.......
പ്രിയദര്ശന് കാണണ്ട.....:)
ഹോ! അലക്കിപ്പൊളിച്ചു ;)
ഇടക്ക്, ശിവന്റെ കൂട്ടുകാര്‍ ജെറ്റ് എയര്‍വേയ്സ് റാഞ്ചി ചേലക്കര എയര്‍പ്പോര്‍ട്ടില്‍ ഇറക്കി, യാത്രക്കാരെ ബന്ധികളാക്കുന്നതും, പിന്നെ, കാക്കനാട്ടുള്ള ട്വിന്‍ ടവേഹ്സ് യമഹാ ആര്-എക്സ് 100 വച്ച് ഇടിച്ചു തകര്‍ക്കുന്നതും, ശിവശങ്കരന്റെ ഫ്രണ്ട് അദാം ഹുസ്സൈനെ (വേണു നാഗവല്ലി) യെ തൂക്കി ക്കൊല്ലുന്നതും, പിന്നെ, കൊച്ചി സ്റ്റോക്ക് എക്സ്ചേചില് സത്യം ഷെയറീനു വിലയിടിയുന്നതു കണ്ട ഗോയിനന് കുട്ടിക്ക് തല കറക്കം വരുന്നതു, ശിവന്റെ കമ്യൂണിസ്റ്റ് ഫ്രണ്ട് ക്യൂബ വിജയന് (സായി കുമാര്‍) നവപാലക്കാടന് യാത്ര നടത്തുന്നതും....(ഹോ..ഒന്നു ശ്വാസം വിടട്ടെ..)
പിന്നെ,
ശിവന്റെ വകേലൊരു ബന്ധു ബ്ലോഗെഴുതി, നായമ്മാരെ തെറിവിളിക്കുന്നതും ഒരു വില്ലന്‍ വന്നു കേസു കൊടുകുന്നതും കൂടി ചേര്‍ത്താല്‍, ഈ നൂറ്റാണ്ടിലെ, സംഭവബഹുമമായ ചിത്രം എന്ന അവാര്‍ഡിനുള്ള നോമിനേഷന് ഇതിനു തന്നെ!!!!
അമ്മച്ചിയാണേ... ;)
..
ഇത് അടാര്‍ എന്ന് പറഞ്ഞാല്‍ പോരാ . ടമാര്‍ പടാര്‍ . നല്ല ഒഴുക്കുള്ള എഴുത്ത്.
ആക്രിദര്‍ശന്റെ വേര്‍ഷന്‍ ഉഗ്രന്‍ . കോടീശ്വരന് പരിപാടിയില്‍ ബോഡി ഒന്നും വോയിസ് മറ്റൊരാളും- ഇത് സാക്ഷാല്‍ പ്രിയദര്ശന് സ്റ്റൈല്‍.
ആരുടെയും വെല്ലുവിളി കേട്ട് എഴുതരുത്. പോസ്റ്റ് കളുടെ എണ്ണത്തിലല്ല കാര്യം . നിലവാരമുള്ള പോസ്റ്റ്കള് കണ്ടിട്ടാണ് ഞാന്‍ നിങ്ങളെ ഫോളോ ചെയ്യാന്‍ തുടങ്ങിയത്.
ഞാന്‍ ചെയ്യെണ്ട പണി ഇയാളു ചെയ്താ പിന്നേ ഞാന്‍ എന്തോ ചെയ്യും...
എനിക്ക് വട്ടായി :)
ഹെല്പ്, മൈ ബ്രദര്‍ ഡ്രൌണിങ്ങ് എന്ന് പറഞ്ഞ് സായിപ്പിനെ വെള്ളത്തില്‍ ചാടിച്ചിട്ട് സായിപ്പിന്റെ പേഴ്സ് ശിവന് അടിച്ച് മാറ്റുന്ന ഒരു രംഗം കൂടി വേണം.
അത് കഴിഞ്ഞ് രണ്ട് കോടി രൂപ കിട്ടാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് ശിവന് കൊടുമുടി നാണുവിനോട് വിശദീകരിക്കയും കൂടി വേണം.
ശിവനും ഗോവിന്ദന്‍കുട്ടിയും കൂടി പല എയര്‍ഹോസ്റ്റസ്മാരെ ഷിഫ്റ്റ് വെച്ച് കുരങ്ങ്കളിപ്പിക്കുന്നതും കൂടി ആയാല്‍ ഭേഷ്. :)
ethu kure overakiyille anna ?
സ്വല്പം ഓവര്‍ ആയിപ്പോയി .. നീളം കൂട്ടിയതു കൊണ്ട് കാര്യം ഇല്ല എന്നു മനസ്സിലായല്ലൊ :)
Priyadarshan malayalathil 35 olam cinemakalil eduthittondu. Athil slapstick comedy kal kure undu. Sammathikkunnu. Enkilum adheham thanne anu Kalapani, Adhwaitham, Aryan, Abhimanyu, Vellanakulade Nadu, Mithunam, Thenmavin Kombathu, Cheppu thudangiya chitrangal eduthathu. Athu kondu thanne "Priyadarshan model" ennoru verthirivinode yojikkan avunnilla. Adeham ellatharam padangalum eduthittondu. Kal nootandayi cinema rangathu pravarthikkunna adehathinte bhooribhagam padangalum hitukal anennathu adehathe prekshakar angeekarichu ennathinu thelivalle.
PS : Slumdog Millionaire inu vendi vadikkunavar Kancheevaram onnu kandu nokkuka.
Post a Comment