Friday, February 13, 2009

പ്രണയ ദിനത്തില്‍ കാമുകിക്കായി...

വാലെന്റൈന്‍സ്‌ ഡേ , പ്രണയിതാക്കളുടെ ജീവിതത്തിലെ അപൂര്‍വ സുന്ദരമായ ഒരു ദിനം . പ്രണയത്തിന് മാത്രമായുള്ള ഈ ദിനത്തില്‍ ( അപ്പോള്‍ വര്‍ഷത്തില്‍ ബാക്കിയുള്ള ദിവസങ്ങള്‍ പാക്കിസ്ഥാനുമായി യുദ്ധത്തിനുള്ളതാണോ എന്ന് ചോദിക്കരുത്) നിങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് വേണ്ടി പ്രത്യേകമായി എന്തൊക്കെ ചെയ്യണം എന്ന ആശയകുഴപ്പം നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍. ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. 

പ്രണയിക്കുന്നവര്‍ക്കായുള്ള ഈ ദിനം , നായ്ക്കള്‍ക്ക് കന്നി മാസത്തില്‍ മാത്രം വരുന്ന ശാരീരിക പരിണാമം പോലെ , ഏറെ പ്രത്യേകതകളുള്ളതാണ്. ഈ ദിവസത്തില്‍ ,കമിതാക്കള്‍ തങ്ങളുടെ പ്രണയം പ്രകടിപ്പിച്ചിലെങ്കില്‍, അത് നിങ്ങളുടെ ജീവിതത്തിലെ ഒരു നികത്താനാവാത്ത നഷ്ടം തന്നെയാകും എന്നതില്‍ സംശയമില്ല . 

കാമുകന്‍മാര്‍ക്ക്,ഈ ദിനം ആശംസാ കാര്‍ഡുകളിലൂടെ ആരംഭിക്കാം. മനോഹരമായ ചിത്രങ്ങളും, ഹൃദയസ്പര്‍ശിയായ വരികളും, ഹൃദയാഘാതം വരുത്തുന്ന വിലയുമുള്ള ആശംസാകാര്‍ഡുകള്‍, നാടെങ്ങുമുള്ള കുത്തക കമ്പനികളുടെ ഔട്ട് ലെറ്റുകളില്‍ സുലഭമാണ്.
'എന്തിന് ആശംസാ കാര്‍ഡുകള്‍? മനസിലുള്ളത്, പെണ്ണിന്റെ മുഖത്ത്‌ നോക്കി പറഞ്ഞാല്‍ പോരെ?' എന്ന് ചില പ്രണയ വിരോധികള്‍ ചോദിച്ചേക്കാം. അത് മുഖ വിലക്കെടുത്താല്‍ നിന്റെയൊക്കെ ജീവിതം കോഞ്ഞാട്ടയാകും എന്ന് ഓര്‍ക്കുക. മാത്രമല്ല , ആശംസാ കാര്‍ഡുകളും, മനോഹര സമ്മാന വസ്തുക്കളും വില്‍ക്കുന്ന കുത്തകകളെ കാമുകര്‍ ഒരിക്കലും മറക്കാന്‍ പാടില്ല. കാരണം ,പത്ത് പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വാലെന്റൈന്‍സ്‌ ഡേ, ഫ്രണ്ട്ഷിപ്പ് ഡേ ,മദേര്‍സ് ഡേ ,ഫദേര്‍സ് ഡേ എന്നിങ്ങനെ പല ഡേകള്‍ ലോകത്തുണ്ടെന്ന്, അന്നോളം ടീച്ചേര്‍സ് ഡേ മാത്രം അറിയാമായിരുന്ന നിന്നെയൊക്കെ പഠിപ്പിക്കുന്നതില്‍ ഈ കുത്തകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്‌.

അത് കൊണ്ട്, വിലപിടിപ്പുള്ള കാര്‍ഡും, മനോഹരമായ സമ്മാനങ്ങളും നിങ്ങള്‍ കാമുകിക്കായി വാങ്ങുക. ഓര്‍ക്കുക ,തുക കൂടുംതോറും, അവളുടെ മനസ്സില്‍ നിങ്ങളോടുള്ള സ്നേഹത്തിന്‍റെ അളവാണ് കൂടുന്നത്.  

കുത്തക കമ്പനികളുടെ ഔട്ട് ലെറ്റില്‍ ഒരു അയ്യായിരം രൂപയെങ്കിലും നേര്‍ച്ചയിട്ട്,നിങ്ങള്‍ നേരെ പോകേണ്ടത് ഞങ്ങളുടെ ദിനപത്രത്തില്‍ ഫുള്‍ പേജ് പരസ്യം ചെയ്യുന്ന സ്വര്‍ണാഭരണക്കടയിലേക്കാണ്. പ്രണയ ദിന സ്പെഷ്യല്‍ എന്ന പേരില്‍ അവന്‍മാര്‍ അവിടെ ഒരുപാട് തട്ടിപ്പുകള്‍ ഒരുക്കിയിട്ടുണ്ടാകും . ഹൃദയത്തിന്റെ ആകൃതിയിലുള്ള പെന്‍ഡെന്‍റ്റ് മുതല്‍ നിങ്ങളുടെ സെലക്ഷന്‍ തുടങ്ങാം . കടം വാങ്ങിച്ചോ,കൊള്ളയടിച്ചോ നിങ്ങളുടെ കാമുകിക്ക്,അവളുടെ കൂട്ടുകാരിക്ക് ലഭിക്കുന്നതിനേക്കാള്‍ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങള്‍ നല്‍കുന്നു എന്ന് ഉറപ്പു വരുത്തുക.

ഇത്രയും കൊണ്ട് വാലെന്റൈന്‍ ദിനത്തില്‍ കാമുകന്‍ എന്ന നിലയില്‍ നിങ്ങളുടെ പങ്കപ്പാട് തീര്‍ന്നു എന്ന് കരുതരുത്. അവസാനമായി ,ഞങ്ങളുടെ ദിനപത്രം വഴി നിങ്ങളുടെ കാമുകിക്ക് പ്രണയ ദിനാശംസകള്‍ അയക്കാന്‍ മറക്കരുത് . ഈ സന്ദേശങ്ങള്‍ സൌജന്യമായി ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ് (നീയൊക്കെ എത്ര കൂടുതല്‍ സന്ദേശങ്ങള്‍ അയക്കുന്നു എന്നതും കൂടി കാണിച്ചിട്ട് വേണം നാളെ മുതല്‍ ആശംസാ കാര്‍ഡ് കമ്പനികളോടും, സ്വര്‍ണ്ണ വ്യാപാരികളോടും ഞങ്ങള്ക്ക് പരസ്യ തുകയില്‍ വില പേശാന്‍ ).  

നിങ്ങളുടെ കാമുകി കാണാന്‍ കൊള്ളാവുന്ന ഒരുത്തിയാണെങ്കില്‍, ചിലപ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അവള്‍ക്ക് വേണ്ടി ചെയ്യാന്‍ നൂറുപേരുണ്ടായേക്കാം. എന്ന് കരുതി,നിങ്ങള്‍ ചെയ്യേണ്ടത് ചെയ്യതിരിക്കരുത്.കര്‍മ്മം ചെയ്യുക,അതിന്റെ ഫലം നിങ്ങളെക്കാള്‍ കാശുള്ളവന്‍ കൊണ്ടുപോയി , (ഞങ്ങളുടെ പത്രത്തില്‍ പരസ്യം ചെയ്യുന്ന) ഏതെങ്കിലും റിസോര്‍ട്ടില്‍ വെച്ച് ഭക്ഷിച്ചോളും.

ഇനി കല്യാണം കഴിഞ്ഞ പുരുഷന്മാരോട് . ഒരാവേശം തോന്നി ,കുഴിയില്‍ ചാടിയ നിങ്ങളില്‍ ഭൂരിഭാഗത്തിനും (വായിക്കുന്ന ഒരുത്തനും സ്വയം ന്യൂനപക്ഷത്താണെന്ന ചിന്ത വേണ്ട. ഈ ന്യൂനപക്ഷത്തില്‍ വിരലില്‍ എണ്ണാന്‍ പോലും ആളില്ല ) , സ്വന്തം ഭാര്യയുടെ മുഖം കണ്ടാല്‍ ,മിക്കപോഴും മറുതയെ എടുത്ത്‌ കിണറ്റിലിടാന്‍ തോന്നും എന്നറിയാം. എങ്കിലും അവള്‍ക്ക് വേണ്ടി നിങ്ങള്‍ക്കും മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യാം. ചട്ടിയിലായ മീനിന് ചൂണ്ടയിടുന്നത് പോലെയാണിത് . എങ്കിലും, കുറെ ദിവസത്തേക്ക് (ഒരു രണ്ടോ , മൂന്നോ ദിവസം ) അവള്‍ക്ക് നിങ്ങളോട് സ്നേഹം തോന്നാനും,നിങ്ങളെ നിങ്ങളുടെ പാട്ടിന് വിടാനും ഇതു സഹായിച്ചേക്കാം. ആ അവസരം മുതലെടുത്ത്‌ ,കൊള്ളാവുന്ന വല്ലവളെയും ട്യൂണ്‍ ചെയ്യാന്‍ നോക്കാവുന്നതാണ്. അതൊക്കെ നിങ്ങളുടെ കഴിവ് പോലെ . 

അപ്പോള്‍ ആഘോഷിക്കു, ആഹ്ലാദിക്കു

ഹാപ്പി വാലെന്റൈന്‍സ്‌ ഡേ 

എ കെ

4 comments:

the man to walk with said...

angineyum options..:)

Aadityan said...

സമയോചിതമായ പോസ്റ്റ് . അപ്പോള്‍ തങ്ങള്‍ ആരുടെ കുടെയാ? രണ്ടു പേരെയും വിടുന്നില്ലല്ലോ ?keep going. good luck

Anonymous said...

'ചട്ടിയിലായ മീനിനു ചൂണ്ട '
:):)

വീണ said...

ദുഷ്ടാ ,ക്രൂരാ ,പിന്നെ വേറെയെന്തെങ്കിലും ഉണ്ടെങ്കില്‍ അതെല്ലാം .
എന്നാലും ഫെബ്രുവരി പതിനാലിനെ ഇങ്ങനെ കൊല്ലണ്ടായിരുന്നു