Wednesday, February 18, 2009

തനി മലയാളി

തനി മലയാളിയുടെ ലക്ഷണ ശാസ്ത്രം, അത് അറിയാത്തവര്‍ക്കായി:

1) അടിസ്ഥാനപരമായി തനിക്ക് യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയാത്ത എല്ലാ കാര്യത്തിലും , ബദ്ധശ്രദ്ധനായിരിക്കുക. കേരളത്തില്‍ അഴിമതിയും, അക്രമവും അരങ്ങ് തകര്‍ക്കുമ്പോഴും ഗാസയില്‍ ഇസ്രായേല്‍ കാണിച്ചത് ശുദ്ധ തെമ്മടിത്തരമായിപ്പോയി എന്ന് നാലാള്‍ കൂടുന്നിടത്ത് ഘോര ഘോരം പ്രസംഗിക്കുക. സെക്രട്ടേറിയേറ്റിന് മുന്നിലും,നാടിന്റെ നാനാ ഭാഗത്തും അവകാശ സമരങ്ങള്‍ എന്ന് വല്ലവനും പ്രലോഭിപ്പിച്ച് , നൂറു കണക്കിന് പാവങ്ങള്‍ പട്ടിണി സമരം ചെയുമ്പോള്‍ സൊമാലിയയിലെ കുട്ടികളെ ഓര്‍ത്ത്‌ കണ്ണീര്‍ ഒഴുക്കുക. ക്യൂബക്ക് വേണ്ടി അരി ശേഖരണം നടത്തുക . സദ്ദാം ഹുസൈനെ അമേരിക്ക വധിച്ചതില്‍ പ്രതിഷേധിച്ച് പാറശാലയില്‍ ഹര്‍ത്താല്‍ നടത്തുക.

2) രാഷ്ട്രീയ പ്രബുദ്ധതയുടെയും, ബൌദ്ധിക നിലവരത്തിന്റെയും ഉന്നതമായ മലയാളി കണക്കുകള്‍ കഴിയിന്നിടുത്തെല്ലാം നിരത്തുക. വിഷയം അറിഞ്ഞാലും,ഇല്ലെങ്കിലും എന്തിനെക്കുറിച്ചും ആധികാരികമായി മാത്രം സംസാരിക്കുക.

3) പാര്‍വ്വതി ഓമനക്കുട്ടന്‍ ബിക്കിനിയിട്ട് നിന്ന് , ലോകത്തിന്റെ മുന്നില്‍ മലയാളിയുടെ മാനം കളഞ്ഞതിനെക്കുറിച്ച് പ്രസംഗിക്കുന്ന മലയാളി ,ഒരു പെണ്ണിനെക്കണ്ടാല്‍ അവളുടെ മുഖത്ത്‌ നോക്കുന്നത് അപൂര്‍വ്വം. അവളുടെ ശരീരത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും , ആര്‍ത്തിയോടെ അവന്‍റെ കണ്ണുകള്‍ എത്തിയിരിക്കും. മനസ്സു കൊണ്ടവളെ വിവസ്ത്രയാക്കുന്നവരും ധാരാളം. സെക്ഷ്യുവലി സ്റ്റാര്‍വ്ഡ് എന്ന് ഇവരുടെ നെറ്റിയില്‍ എഴുതി ഒട്ടിച്ചിട്ടുണ്ടാകും.

പെണ്ണുങ്ങള്‍ , അതെ സമയം , ആത്മവിശ്വാസത്തിന്റെ കണികയില്ലാതെ, ചുറ്റും കമ്പ്ലീട്ടു പീഡകരാണെന്ന മട്ടില്‍, നിലത്തു നോക്കി മാത്രമെ നടക്കു. ഇനി അബദ്ധത്തില്‍ ആത്മവിശ്വാസമുള്ള ഒരുത്തി ഇവരുടെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍, അവളെ ബാക്കിയുള്ള മഹതികള്‍ തന്നെ തെറിച്ചവളും , അഹങ്കാരിയുമായി മുദ്ര കുത്തി ശരിയാക്കിക്കൊള്ളും.

4) ആരാധനാ വിഗ്രഹങ്ങള്‍ ഇല്ലാതെ ഭൂരിഭാഗം മലയാളികള്‍ക്കും ജീവിക്കുക പ്രയാസം. സിനിമയില്‍,മമ്മൂട്ടി,മോഹന്‍ലാല്‍ , രാഷ്ട്രീയത്തില്‍ വി എസ് , പിണറായി,അല്ലെങ്കില്‍ കരുണാകരന്‍ അങ്ങിനെ ആരെങ്കിലുമൊക്കെ. സ്വന്തം കുടുമ്പത്തിന് അഞ്ച് നയാ പൈസയുടെ പ്രയോജനം ഇല്ലെങ്കിലും, ഈ ആരാധനാ വിഗ്രഹങ്ങള്‍ക്ക് വേണ്ടി ആരെയും തല്ലാനും, കൊല്ലാനും മലയാളി റെഡി.

ഇവരുടെ കൂട്ടത്തില്‍ പെടാത്ത മലയാളികളും ഉണ്ട്. ബൌധിക നിലവാരം കൂടുതല്‍ എന്ന് ഭാവിക്കുന്ന ഇവരുടെ സിനിമയിലെ പ്രിയപ്പെട്ട നടന്‍ മിക്കവാറും അപകര്‍ഷതാ ബോധത്തിന്റെ മൊത്തക്കച്ചവടക്കാരനായ ശ്രീനിവാസനായിരിക്കും. രാഷ്ട്രീയത്തിലും ,മറ്റു കാര്യങ്ങളിലും ഇവരുടെ അഭിരുചി, മനപൂര്‍വ്വം എന്നവണ്ണം മറ്റുള്ളവരില്‍ നിന്നും ഭിന്നമാകും (പ്രത്യേകിച്ച് കാരണമൊന്നും ഒന്നും കാണില്ല ,വ്യതാസത്തിന് വേണ്ടി വ്യത്യാസം ...അത്ര മാത്രം )

5) തടിച്ച് വീര്‍ത്ത്,മുഖത്ത്‌ വരെ മാംസം അട്ടിയട്ടിയായി തൂങ്ങി , കണ്ണ് കാണാനും, നേരെ ശ്വാസം കഴിക്കാനും വരെ പ്രയാസപ്പെട്ട് നടക്കുന്ന മലയാളികള്‍ക്കും, അവരുടെ സിനിമകളിലെ നായകന്‍ എയിറ്റ് പാക്ക് തന്നെയാവണം എന്ന വാശിയുണ്ടാവും. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ആദ്യ ദിവസം തന്നെ ഇടിച്ചു കയറി കാണും. എങ്കിലും പുറത്തിറങ്ങിയാല്‍ 'മോഹന്‍ലാലിന് ശരീരം ശ്രദ്ധിച്ച് കൂടേ? കണ്ടാല്‍ പന്നിയെപ്പോലെയിരിക്കുന്നു "എന്നേ മലയാളി ഇപ്പോള്‍ മൊഴിയാറുള്ളൂ.

6) രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ മാത്രമല്ല , സ്വന്തം ജീവിതത്തിലും, ജോലിയിലും എല്ലാം മലയാളിക്ക്‌ ഏറെ പ്രത്യേകതകള്‍ ഉണ്ട്. സ്വകാര്യ മേഖലയില്‍ ജോലി സാധ്യതകള്‍ വര്‍ദ്ധിച്ച സമയത്ത്,മലയാളിയുടെ ജീവിത നിലവാരവും ഉയര്‍ന്നു. മാസം നാല്‍പ്പതിനായിരം രൂപ ശമ്പളം കിട്ടുന്ന ജോലിയില്‍ പ്രവേശിച്ചാല്‍ ഉടന്‍, ആറു മാസത്തിനപ്പുറം വരാനിരിക്കുന്ന വന്‍ ശമ്പള വര്‍ദ്ധനവ്‌ മുന്നില്‍ക്കണ്ട്,കടം വാങ്ങി ,ജീവിതം അവര്‍ ആഘോഷിച്ചിരിക്കും. സാമ്പത്തിക മാന്ദ്യം വന്ന് ,ജോലിയും പോയി, മൂക്കറ്റം കടവും കയറിക്കഴിയുമ്പോള്‍, എല്ലാ കുറ്റവും സര്‍ക്കാരിന്.
ഈ കാലഘട്ടത്തില്‍ , മര്യാദക്ക് ജോലി ചെയ്യാത്തതിന് പിരിച്ച് വിടപ്പെട്ടവരും ,അവരെ സര്‍ക്കാര്‍ സംരക്ഷിക്കണം എന്ന ആവശ്യമുന്നയിച്ച് നോക്കും. നടന്നാല്‍ നടക്കട്ടെ. മെരിറ്റിനെക്കാള്‍ ,ആനുകൂല്യങ്ങളിലാണല്ലോ മലയാളിക്ക്‌ എന്നും താത്പര്യം.

7)വിദേശ മലയാളിയെക്കുറിച്ച് പറയാതെ ,മലയാളിയുടെ വിവരണം പൂര്‍ണ്ണമാകുന്നതെങ്ങിനെ? വിദേശത്ത്‌ ജോലിയുള്ള മലയാളികളുടെ , നാടിനും , നാട്ടുകാരോടുമുള്ള സ്ഥായിയായ ഭാവം പുച്ഛമായിരിക്കും(ഇവിടെ കറണ്ടില്ല , റോഡൊന്നും ശരിയല്ല, നാട്ടുകാരൊക്കെ മടിയന്മാര്‍ ...ഏതാണ്ട് ഈ ലൈന്‍). കേരളം മൊത്തം ഓടുന്നത്, തങ്ങള്‍ വിദേശത്ത്‌ നിന്നും അയക്കുന്ന പണത്തിന്റെ പുറത്താണ് എന്നതാണ് ഇവരുടെ മതം.
തിരിച്ച് , നാട്ടുകാരുടെ കണ്ണില്‍ വിദേശ മലയാളികള്‍ എന്നും സായിപ്പിന്റെയും ,അറബികളുടെയുമൊക്കെ കൂലിപ്പണികാര്‍ മാത്രമായിരിക്കും. വിദേശ മലയാളി നാട്ടില്‍ വരുമ്പോള്‍ , അവനെ ഓസ്സി കഴിച്ച കള്ളും, ഭക്ഷണവും ദഹിക്കും മുന്‍പ് തന്നെ, നാട്ടുകാരന്‍ ചുരുങ്ങിയത് നാല് പേരോടെങ്കിലും ഈ അഭിപ്രായം പറയുകയും ചെയ്യും

19 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹഹഹ പൊന്നു എ കെ, നല്ല പെടയാണല്ലോ

ധൂമകേതു said...

തകര്‍ത്തു മാഷേ നല്ല observation 100% correct. എന്തൊക്കെയാണെങ്കിലും നമ്മള്‍ മാറില്ല. മലയാളിയാണോ അവന്‍റെ സ്ഥായിയായ വികാരം പുച്ഛം തന്നെ. അതിനി ചൊവ്വാ ഗ്രഹത്തില്‍ ചെന്നാലും മാറാന്‍ പോകുന്നില്ല.

Anonymous said...
This comment has been removed by a blog administrator.
Aadityan said...

നല്ല നിരീക്ഷണങ്ങള്‍ .വിവാദങ്ങളും വഴക്കുമ് ഒക്കെ കഴിഞ്ഞു നല്ല ഉഗ്രന്‍ പോസ്റ്റ് കല്‍ ഇങ്ങനെ ഓരോന്നായി പോരട്ടെ

Aadityan said...

Track

Vadakkoot said...

ഈ പറഞ്ഞവയില്‍ ചിലതൊക്കെ കൊള്ളേണ്ടിടത്ത് കൊണ്ടതു കൊണ്ട് ചോദിക്കുവാ, ഇതൊക്കെ മലയാളിക്ക് മാത്രമുള്ള പ്രത്യേകതകള്‍ ആണോ? ലോകത്തെല്ലായിടത്തും മനുഷ്യര്‍ ഏതാണ്ട് ഇതുപോലെയൊക്കെത്തന്നെയല്ലേ?

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
വീണ said...

പെണ്ണുങ്ങളുടെ കാര്യം പറഞ്ഞതിന് താഴെ ഒരൊപ്പ്. പോസ്റ്റ് നന്നായി

Anonymous said...
This comment has been removed by a blog administrator.
ArjunKrishna said...

മുഴുവന്‍ അനോണി കമന്റുകളും ഡിലീറ്റ് ചെയ്യുന്നതില്‍ മനഃസ്താപമുണ്ട് .പക്ഷേ എന്താ ചെയ്യുക , പറഞ്ഞാല്‍ പറഞ്ഞതാണ് . ഈ പോസ്റ്റുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ മാത്രം താഴെ കൊടുക്കുന്നു .ഇനി മേല്‍ അതുമില്ല

ആദിത്യനാരാ:... നല്ല ചേല്, എഴുതുക, ഇനിയും എഴുതൂക, എല്ലാ ഭാവുകങ്ങളും

അനോണി : ഓഫിനു മാപ്പ്: ....പോസ്റ്റ് കലക്കി

പിന്നെയും 'ആദിത്യനാരാ': മലയാളികളെ വെറുതെ വിട്ടു കൂടേ എകെ,
എല്ലാവർക്കും മല്ലൂസിനെ നന്നാക്കാനേ നേരമുള്ളൂ, എങ്കില്ല് സ്വയം നന്നാകുമോ അതില്ല, ഉപദേശം കൊടുക്കാൻ മല്ലൂസ് എന്നും മുമ്പിലാ...

Unknown said...

Accurate observations,well done.

Anonymous said...

മാസം നാല്‍പ്പതിനായിരം രൂപ ശമ്പളം കിട്ടുന്ന ജോലിയില്‍ പ്രവേശിച്ചാല്‍ ഉടന്‍, ആറു മാസത്തിനപ്പുറം വരാനിരിക്കുന്ന വന്‍ ശമ്പള വര്‍ദ്ധനവ്‌ മുന്നില്‍ക്കണ്ട്,കടം വാങ്ങി ..

ഇതു എത്ര മാത്രം ശരിയാണ് ഒരോ പ്രവാസീക്കും മൻസ്സിലാക്കാൻ കഴിയും. എകെ പ്രവാസിയാണോ.

ArjunKrishna said...

പാവം അനോണി: പ്രവാസം ഉണ്ടായിരുന്നു. ഇരുപത്തിയെട്ടാം വയസ്സില്‍ അത് അവസാനിപ്പിച്ചു. ഇപ്പോള്‍ നാട്ടില്‍.രണ്ട് കൊല്ലമായി.

:: VM :: said...

അച്ചട്ട്!

G Joyish Kumar said...

ലിസ്റ്റ് അപൂര്‍‌ണ്ണം :(

Anonymous said...

ഇത് വല്ലാത്ത അടിയായി പോയല്ലോ എ കെ? ചില പോയന്റുകള്‍ ഇരുത്തി ചിന്തിപ്പിച്ചു.

Anonymous said...

Good Observations. മാധ്യമങ്ങളില്‍ കാണുന്ന പാശ്ച്യാത്യ ജീവിതരീതികള്‍ മനസ്സില്‍ വച്ചിട്ട് കേരള പൈതൃകം പ്രസംഗിക്കുന്നവരാന് മലയാളികളില്‍ ഭൂരിപക്ഷവും. നമ്മള്‍ ഒരു വലിയ നുണയിലാണ് ജീവിക്കുന്നതെന്ന് തോന്നും. എന്റെ അനുഭവത്തില്‍ അണുങങളും പെണ്ണുങ്ങളും കണക്കാ. ചുമ്മാ കപട സധചാര ബോധം, നാട്ടുകാരെ കാണിക്കാന്‍.

Anonymous said...

വേറെ ഒരു പണിയും ഇല്ല എന്ന് മനസ്സിലായി. എന്നാലും പറഞ്ഞതെല്ലാം കറക്റ്റ് ആണ്.