Wednesday, May 6, 2009

വനിതകള്‍ക്ക് മാത്രം.

ഇരുവശങ്ങളിലുമായി,'ലാ ബേല ദ്വൈവാരിക' 'ആയിരത്തി തൊള്ളായിരത്തി എഴുപത്തിയഞ്ച് മുതല്‍ കേരളത്തിലെ സ്ത്രീകളുടെ പ്രിയ തൊഴി(അക്ഷരപിശകാണ് 'തോഴി' എന്ന് തിരുത്തി വായിക്കുക)', തുടങ്ങിയ പാനല്‍ ബോര്‍ഡുകളും,മുഖചിത്രങ്ങളില്‍ മിന്നിമറഞ്ഞ സുന്ദരികളുടെ കൂറ്റന്‍ ചിത്രങ്ങളും അലങ്കരിക്കുന്ന ഇടനാഴിയിലൂടെ, ചീഫ് എഡിറ്ററുടെ ഓഫീസിലേക്ക് നടക്കുമ്പോള്‍ മിസ്സിസ് അക്കാമ്മ റപ്പായി ഒരു മൂളിപ്പാട്ട് പാടുന്നുണ്ടായിരുന്നു എന്ന് ചീഫ് എഡിറ്റര്‍ക്ക് ചായ കൊണ്ട് കൊടുത്ത് തിരികെ വന്ന ഓഫീസ് ബോയ്‌ ലാസര്‍ ആണയിടുന്നു.

അടഞ്ഞ വാതിലില്‍ മുട്ടിയപ്പോള്‍ അകത്ത് നിന്നും നേരത്ത്,തളര്‍ന്ന സ്വരത്തിലെ 'കമിന്‍' കേട്ട് അക്കാമ്മ ഒന്ന് പകച്ചു.വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിച്ച അവര്‍ കണ്ടത്, വലിയ കണ്ണാടി മേശക്ക് പിന്നില്‍ കടലാസ് നിറത്തില്‍ വിളറി,അവശനായിരിക്കുന്ന ചീഫ് എഡിറ്റര്‍ എ കെയെയാണ്

"വരണം അക്കാമ്മ...ഇരിക്കണം' സാധാരണ കാണുമ്പോള്‍ പതിവുള്ള പുഞ്ചിരിയും ആക്രാന്തവും ഒന്നും എ കെയുടെ മുഖത്ത്‌ അന്ന് ഉണ്ടായിരുന്നില്ല.
" ഇതെന്നാ കോലമാ സാറേ? " അയാള്‍ക്ക് മുന്നിലെ കസേരകളിലൊന്നില്‍ നിറഞ്ഞിരുന്ന് അക്കാമ്മ ചോദിച്ചു. "ഒന്നും പറയണ്ട അക്കാമ്മേ.ലാ ബേലയുടെ കഴിഞ്ഞ ലക്കത്തില്‍ ഡയറ്റീഷ്യന്‍ ഗണപതി വൃകോദരന്‍ എഴുതിയ 'നിങ്ങളുടെ പ്രിയതമനും ഒരു മാസം കൊണ്ട് സൂര്യയും ,ഷാറൂഖും ഒക്കെയാവാം' എന്ന ലേഖനത്തിലെ ഡയറ്റ് പരീക്ഷിക്കുവാ ഞാനിപ്പോള്‍. ഒരാഴ്ച്ചയായി.വല്ലാത്ത ക്ഷീണം"
"കര്‍ത്താവേ...സാറല്ലാതെ ആരേലും ഈ സാഹസം കാണിക്കുവോ?ഒരാഴ്ച്ച കൂടി കഴിഞ്ഞായിരുന്നേല്‍ എഴുന്നേറ്റ് നടക്കാന്‍ പരസഹായം വേണ്ടി വന്നേനെ. ലാ ബേലയില്‍ എന്നായേലും കണ്ടാല്‍ എന്നെയൊന്നു വിളിച്ചു ചോദിച്ചിട്ട് വേണ്ടയോ പരീക്ഷണമൊക്കെ?" അക്കാമ്മ തലയില്‍ കൈ വെച്ചാണത് പറഞ്ഞത്
"അപ്പൊളാ തെണ്ടി എഴുതിപ്പിടിപ്പിച്ച ഡയറ്റ് ചാര്‍ട്ട്?"
"തവളയെ വിഴുങ്ങിയ ചേരപ്പാമ്പിനെക്കൂട്ട് നടക്കുന്ന അവനൊക്കെ എഴുതിയതും സാറ് കയറി പാലിച്ച് കളഞ്ഞല്ലോ"
"ആ ആദി പെരുച്ചാഴിയോട് പറഞ്ഞേരെ,കുറേ നാളത്തേക്ക് എന്‍റെ മുന്നില്‍ വന്ന് ചാടരുതെന്ന്.അവന്റെയമ്മുമ്മേടെ സിക്സ് പാക്ക് ... ആറായിട്ട് മുറിച്ച് പാക്ക് ചെയ്യും ഞാനവനെ "എ കെ പകയോടെ പറഞ്ഞു.
"സാറ് എഴുന്നേറ്റാട്ടെ.നമുക്ക് വല്ല ഹോട്ടലിലും പോകാം" അക്കാമ്മ പറഞ്ഞു
"ഇന്ന് അതിനൊന്നും വയ്യ,അക്കാമ്മേ" എ കെ കസേരയിലേക്ക് കൂടുതല്‍ ചാരിക്കിടന്നു.
"ഛേ,അതിനല്ല.നമുക്ക് പോയി വല്ലതും കഴിക്കാം"

വയറ് നിറച്ച് ആഹാരം കഴിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ തെല്ല് ആശ്വാസം തോന്നി.
"ഇനി ഓഫീസിലേക്ക് പോകണ്ട അക്കാമ്മേ. ഇവിടെ വെച്ച് തന്നെയായിക്കോട്ടേ ഹാഫ്‌ ഇയര്‍ലി റിപ്പോര്‍ട്ട്" ആഹാര ശേഷം മോണോഗ്രാംഡ് സിഗറെറ്റ് ഒന്നിന് തീ കൊളുത്തിയ എ കെ പറഞ്ഞു "മുപ്പത്തിയെട്ട് ലക്ഷം വായനക്കാര്‍, മാര്‍ക്കെറ്റിംഗ് ഇന്‍ഡെക്സ്‌ അതൊക്കെ ഞാന്‍ മെയിലില്‍ കണ്ടു. എന്തൊക്ക്യാ അടുത്ത ലക്കം സര്‍ക്കുലേഷന്‍ ബൂസ്റ്റ് ചെയ്യാന്‍ പുതിയ വിഭവങ്ങള്‍.അത് കേള്‍ക്കട്ടെ ആദ്യം"

അക്കാമ്മ :"മുഖചിത്രത്തില്‍ തന്നെ പുതുമയല്ലായോ?"

എ കെ :" അതെന്നാ , വെല്ല ലോക പ്രശസ്ത അവാര്‍ഡും വാങ്ങിയ പെമ്പട്ടിയാന്നോ ഇത്തവണ മോഡല്‍?"

അക്കാമ്മ:"ഈ സാറിന്റെ ഒരു കാര്യം. നമ്മുടെ നടി ഷിമി തോട്ടപ്പള്ളിയാ സാറേ.ഹിന്ദിപ്പടത്തില്‍ പോയ ശേഷം മലയാളത്തില്‍ കൊച്ചിന്റെ ആദ്യ മുഖചിത്രം ലാ ബേലയിലായിരിക്കും"

എ കെ :"പുതമ ,അല്ലേ? ...പിന്നെ?"

അക്കാമ്മ:" അടുത്തിടെ കല്യാണം കഴിഞ്ഞ നടി സുസന്നയും , ഭര്‍ത്താവ്‌ ഫയല്‍വാനും അവരുടെ പ്രണയ കാലത്തെ ഓര്‍മ്മകള്‍ വായനക്കാരുമായിട്ട് പങ്കു വെയ്ക്കുന്നു"

എ കെ :"പറയുന്നത് കേട്ടാല്‍ ലവനും,ലവളും ബാല്യകാലം തൊട്ടേ പ്രേമത്തിലായിരുന്നു എന്ന് തോന്നുമല്ലോ അക്കാമ്മേ?"

അക്കാമ്മ:"വായനക്കാര്‍ക്ക്‌ ഏതാണ്ട് അങ്ങനെയൊക്കെ തോന്നത്തക്ക രീതിയിലാവും നമ്മുടെ അവതരണം. അല്ലാതെ ഫയല്‍വാന്‍ ആദ്യ ഭാര്യയേയും കുട്ടികളെയും കളഞ്ഞിട്ട് ഇല്ലേ അവളുടെ കൂടെ ചാടി പോയതാണ് എന്ന് ഒള്ളത് ഒള്ളത് പോലെ പറഞ്ഞാല്‍,വായനക്കാര്‍ക്ക് ഒരു റൊമാന്‍സ് കിട്ടുവോന്നെ?"

എ കെ :"അതൊള്ളതാ ...പിന്നെന്തൊക്കെയാ ഐറ്റംസ്?"

അക്കാമ്മ:" പിന്നെ ബ്ലൌസിന്‍റെ കൂടെ പട്ടുപ്പാവാടക്ക് പകരം ജീന്‍സ്‌, സാരീടെ കൂടെ ബ്ലൌസിന്‌ പകരം ബോഡി ഹഗ്ഗിംഗ് ടീ ഷര്‍ട്ട് അങ്ങനെ കുറെ പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍.കൊച്ചി കാളിമാര്‍ വനിതാ കോളേജിലെ കുറെ പെമ്പിള്ളാര്‍ മോഡലുകളായിട്ട്"

എ കെ :"മാതാവേ!!!"

അക്കാമ്മ:"എന്നാ പറ്റി സാറേ?"

എ കെ :"ഓ...പുതിയ ട്രെന്‍ഡുകള്‍ ഇങ്ങനെ പെട്ടെന്ന് കേട്ടപ്പോള്‍ ഒരു ഷോക്ക്‌...ഉം ...അക്കാമ്മ പറഞ്ഞോ"

അക്കാമ്മ:"ഫിറ്റ്‌നെസ്സ്‌ ടിപ്പുകള്‍ ഈ ലക്കം എഴുതുന്നത്‌ ഡോക്ടര്‍ ചന്ദ്രദാസാണ് "

എ കെ:" സ്ഥിരമായിട്ട് ആള്‍ക്കാരെ ഫിറ്റാക്കുന്ന തെണ്ടിയെ പിരിച്ച് വിട്ടോ?"

അക്കാമ്മ:"ഇല്ല.ഡോക്ടര്‍ കാലന്‍ വര്‍ക്കി ആശുപത്രിയിലാ. കഴിഞ്ഞ ലക്കത്തില്‍ 'ത്രെഡ്‌മില്ലില്‍ അഞ്ച് മിനിട്ട് കൊണ്ട് ചുരുങ്ങിയത് രണ്ടു കിലോമീറ്റര്‍ ഓടണം' എന്ന് അതിയാന്‍ എഴുതിയായിരുന്നു.അത് വായിച്ചിട്ട് ചിലര്‍ ഒരു ത്രെഡ്‌മില്‍ വാങ്ങി വന്ന് അതിയാനെ പിടിച്ച് അതുത്തേല്‍ കേറ്റി അഞ്ച് മിനിട്ട് കൊണ്ട് രണ്ടു കിലോമീറ്റര്‍ ഓടിച്ചു. അതിയാന് ഇപ്പൊ രണ്ടു കാലും അനക്കാന്‍ മേല .പോരാത്തതിന് ബി പി യും ഷൂട്ട്‌ ചെയ്തു "

എ കെ :"പോക്ക്രിത്തരം കാണിക്കുവാന്നേലും അതിനൊരു മര്യാദയൊക്കെ വേണം.ഇല്ലേല്‍ ഇങ്ങനിരിക്കും...ഉം ...നെക്സ്റ്റ്‌?"

അക്കാമ്മ:" പിന്നെ സ്ഥിരം പംക്തികള്‍, സീരിയല്‍ നടി ചെമ്മനം സരസ്സുവിന്റെ കുടുമ്പ വിശേഷങ്ങള്‍,കൌമാരക്കാരികളുടെ അമ്മമാര്‍ അറിയാന്‍..."

എ കെ :"അപ്പോള്‍ നമ്മള്‍ കൌമാരക്കാരികളെയും വിടുകേല; ശരി,സ്ഥിരം അലുക്കുലുത്ത് വേറൊന്നുമില്ലയോ?"

അക്കാമ്മ:" ഉണ്ടല്ലോ...സെക്സിനെക്കുറിച്ചുള്ള പംക്തികള്‍"

എ കെ :"അക്കാമ്മയാന്നോ എഴുതുന്നേ...എന്നാല്‍ കലക്കും,ഒറപ്പാ"

കുലുങ്ങി ചിരിച്ച അക്കാമ്മ പെട്ടെന്ന് തന്നെ ചിരി നിറുത്തിയില്ലയിരുന്നുവെങ്കില്‍,നിറഞ്ഞ് തുളുമ്പിയതൊക്കെ കൈക്കുമ്പിളില്‍ കോരിയെടുക്കാന്‍ എ കെ ചാടി വീഴുമായിരുന്നു.

അക്കാമ്മ:" അതില്‍ തന്നേ പ്രധാനമായിട്ട് 'കെട്ടിയോനെ കിടപ്പറയില്‍ കെട്ടിയിട്ട് പടക്കുതിരയാക്കാന്‍ മുപ്പത് വഴികള്‍' എന്നൊരു ലേഖനമുണ്ട്. ഇടപ്പള്ളി ഗോമതി കുട്ടപ്പന്‍ എഴുതുന്നത്‌.അതാണ്‌ ഹൈ ലൈറ്റ് "

എ കെ :"അപ്പൊ ഈ മാസം കേരളത്തില്‍ ഡിവോര്‍സുകള്‍ എമ്പടി നടക്കും. കെട്ടിയോളന്മാര്‍ വധ ശ്രമം നടത്തി എന്ന കാരണത്തിന്. ആ പോട്ടെ...പാചക പംക്തി ഒന്നുമില്ലേ?"

അക്കാമ്മ:"പിന്നെ...സ്ഥിരം കോളമിസ്റ്റ് മിസിസ്സ് ആബിദാ കുഞ്ഞ് വക മത്തിയലുവ, ബീഫ് കേസരി, ഒതളങ്ങാ സ്ക്വാഷ്‌...അങ്ങനെ ഒരു പിടി"

എ കെ:" ഈ പെമ്പെറന്നോത്തി തന്നല്ലിയോ കഴിഞ്ഞ ലക്കം 'ചിക്കന്‍ ധിം തരികിട തോം' കുറിപ്പടി എഴുതിയത്"

അക്കാമ്മ:" അതേ...പരീക്ഷിച്ചായിരുന്നോ?"

എ കെ :"അമ്മച്ചി പറയുന്നത് കേട്ടു. രണ്ടു കിലോ കോഴിയെ വാങ്ങി ആ സാധനം വെച്ച ശേഷം ഞങ്ങളുടെ പുരയിടത്തിലെന്നല്ല അതിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ എലികളെല്ലാം ചത്തു മലച്ചു എന്ന്"

അക്കാമ്മ:"പാചകത്തിന്റെ കാര്യം പറഞ്ഞപ്പോഴാ. സാറൊരു കല്യാണം കഴിക്കണം.എന്നിട്ട് വന്ന് കയറുന്ന പെണ്ണിനെ നമുക്ക് ഈ പാചക പംക്തിയങ്ങ് ഏല്‍പ്പിക്കാം. ആളെ കേരളത്തിന്‍റെ പാചക റാണിയായി വളര്‍ത്തിയെടുക്കുന്ന കാര്യം ഈ അക്കാമ്മ ഏറ്റു"

എ കെ:" ഓ, വേണ്ടക്കാമ്മേ. ഞാനിനി പെണ്ണ് കെട്ടിയാലും,അമ്മച്ചി അവളെ അതിനൊന്നും വിടുകേല.കുടുമ്പത്തിലെ ആണുങ്ങള്‍ തന്നെ പത്രം,മാസിക, ദ്വൈവാരിക, ചാനല്‍ അങ്ങനെ ജനദ്രോഹം ആവശ്യത്തിന് ചെയ്യുന്നുണ്ടെന്നാ അമ്മച്ചി പറയുന്നത്. അത് പോട്ടെ ...പുതിയ ലക്കം ലാ ബേല പതിനഞ്ചിന് തന്നല്ലിയോ ഇറങ്ങുന്നത്?"

അക്കാമ്മ:"അതേ."

എ കെ :"അപ്പൊ പതിനാറിന് പള്ളീ പോയി ഒന്ന് കുമ്പസാരിക്കണം. എന്നാലും ഈ പാപമൊക്കെ തീരുമോന്നാ ഇപ്പൊ എന്‍റെ സംശയം"

7 comments:

അരുണ്‍ കരിമുട്ടം said...

ഹി..ഹി
ഇത് എല്ലാ മാസികക്കാര്‍ക്കും ഇട്ട് ഒരു അടി ആണെല്ലോ?

പകല്‍കിനാവന്‍ | daYdreaMer said...

ഹഹ
:)

ഹന്‍ല്ലലത്ത് Hanllalath said...

ഹെന്റെ പൈങ്കിളി പുണ്യാളന്മാരേ..!
:)

പാവപ്പെട്ടവൻ said...

സ്ത്രീകളുടെ പ്രിയ തൊഴി(അക്ഷരപിശകാണ് 'തോഴി' എന്ന് തിരുത്തി വായിക്കുക)'സുപ്പര്‍
ആശംസകള്‍

Aadityan said...

തകര്‍ത്തു മാഷെ ഉഗ്രന്‍ . ഇവരെ ഒന്നും പറഞ്ഞിട്ട് എന്ത് കാരിയം ? ഇതൊക്കെ രണ്ടു കായും നീട്ടി വായിക്കുന്ന പൊതു ജനം എന്ന കഴുതയെ പറഞ്ഞാല്‍ മതി

Sabu Kottotty said...

അര്‍ജുന്‍,
എക്സ്പീരിയന്‍സ്‌ പങ്കുവച്ചതിനു നന്ദി...

bnair66@gmail.com said...

"കുലുങ്ങി ചിരിച്ച അക്കാമ്മ പെട്ടെന്ന് തന്നെ ചിരി നിറുത്തിയില്ലയിരുന്നുവെങ്കില്‍,നിറഞ്ഞ് തുളുമ്പിയതൊക്കെ കൈക്കുമ്പിളില്‍ കോരിയെടുക്കാന്‍ എ കെ ചാടി വീഴുമായിരുന്നു."

You copied V.K.N in the above sentence!!!