Tuesday, June 30, 2009

നൂറ് കഴിഞ്ഞു:പക്ഷെ നിറുത്താന്‍ ഉദ്ദേശമില്ല.

കോടതി: "പ്രതി ഹാജരുണ്ടോ?"
എ കെ:"ആറടി പൊക്കത്തിനെ പ്രതിക്കൂട്ടില്‍ കയറ്റി നിറുത്തിയിട്ട്‌ മണ്ടന്‍ ചോദ്യം ചോദിക്കാതെ കോടതി."
കോടതി:"ഡായ്!!!ഈ കേസിന്റെ വിധി പറയും മുന്നേ കോടതി അലക്ഷ്യത്തിന് അകത്ത് പോകണോ നിനക്ക്?"
എ കെ:"വേണ്ട.പ്രതി ഹാജരുണ്ട്"
കോടതി:"ആ പേടി ഇരിക്കട്ടെ.നിന്നെ പോലീസ് തപ്പിക്കൊണ്ട് വന്നതോ,അതോ സ്വയമേ ഹാജരായതോ?"
എ കെ:"കോടതി ആരോടും പറയരുത്. സ്വയമേ ഹജരായതാണ്.പക്ഷെ തപ്പിക്കൊണ്ട് വന്നതാണെന്ന് പറയണം എന്ന് ഏമാന്മാര്‍ കാലു പിടിക്കുന്നു.ഇപ്പൊ അതാണത്രേ ഫാഷന്‍."
കോടതി:"കറുത്ത ഗൌണിനപ്പുറം കോടതിക്ക് ഫാഷനില്‍ താത്പര്യമില്ല.അതിരിക്കട്ടെ, നിനക്ക് വക്കീല്‍ ഇല്ലേ?"
എ കെ:"ഇല്ല. തിരുവനന്തപുരത്തെ സകല വവ്വാലുകളും കൂടി ഹൈക്കോടതി ബെഞ്ച് ഉണ്ടാക്കിക്കൊണ്ട് വരാന്‍ സത്യാഗ്രഹത്തിലാണ്.രണ്ടോ, മൂന്നോ ബെഞ്ച് വേണേല്‍ ഞാന്‍ കൊടുക്കാം എന്ന് പറഞ്ഞതാ.പക്ഷെ ഒരുത്തനും വന്നില്ല.സോ,തനിക്കു താനും, പെരക്ക് തൂണും. അതാണവസ്ഥ"
കോടതി:"പുവര്‍‍ ബോയ്‌.പക്ഷെ കോടതിക്ക് സെന്റിമെന്റ്സ് പാടില്ലത്തിനാലും,സ്വാശ്രയ കോളേജുകളില്‍ പലവന്മാരുടെയും പകുതി ഫീസ് കൊടുക്കേണ്ടതിനാല്‍ നിനക്ക് വേണ്ടി സൗജന്യ വക്കീലിനെ ഏര്‍പ്പാടാക്കാന്‍ സര്‍ക്കാരിനു പണമില്ലത്തതിനാലും, നീ ചോദിക്കും മുന്നേ നിനക്ക് സ്വന്തം കേസ് വാദിക്കാനുള്ള അനുവാദം ദാ പിടിച്ചോ. ഇനി വിസ്താരം തുടങ്ങാം."

പബ്ലിക്‌ പ്രോസിക്യൂട്ടര്‍: "നിങ്ങളുടെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റത്തെ കുറിച്ചു നിങ്ങള്‍ ബോധവാനാണോ?"
എ കെ:"അല്ലെങ്കില്‍ കുഴപ്പം വല്ലതും ഉണ്ടോ?"
കോടതി:"ഡായ്!!!"
എ കെ:"ക്ഷമി കോടതി. അല്ല വക്കീലേ,ബോധവാനല്ല "
പ പ്രൊ:"സവ്യസാചി എന്നാ ബ്ലോഗിലൂടെ നിരന്തരമായി നടത്തുന്ന വ്യക്തിഹത്യയാണ് നിങ്ങളില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം"
എ കെ:"വ്യക്തിഹത്യ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല.ബ്ലോഗിലൂടെ ആളെ കൊല്ലുന്ന പരിപാടി എനിക്ക് അറിയാനും പാടില്ല"
പ പ്രോ:"അപ്പോള്‍ സവ്യസാചി എന്ന മലയാളം ബ്ലോഗ്‌ വഴി നിങ്ങള്‍ ആരെയും കളിയാക്കിയിട്ടില്ല എന്നാണോ?
എ കെ:"പിന്നേ!!!നെരപ്പിന് കളിയാക്കിയിട്ടുണ്ട്.പക്ഷെ അത് മലയാളം ബ്ലോഗിലെ മണ്ടന്മാര്‍ സ്ഥിരമായി പറയുമ്പോലെ വ്യക്തിഹത്യയല്ല.മാധ്യമങ്ങളിലൂടെയും,ബ്ലോഗുകളിലൂടെയും ഓരോരുത്തന്മാര്‍ പ്രചരിപ്പിക്കുന്ന,എനിക്ക് ഫ്രാഡാണെന്ന് തോന്നിയ വ്യക്തിത്ത്വങ്ങളെയാണ് ഞാന്‍ കളിയാക്കിയിട്ടുള്ളത്.അതിനെ വേണേല്‍ വ്യക്തിത്ത്വഹത്യ എന്ന് വിളിക്കാം"
പ പ്രോ:"ഒരാളുടെ വ്യക്തിത്ത്വത്തെ ആക്ഷേപിക്കുന്നത് ശരിയാണോ?"
എ കെ:"എന്‍റെ വക്കീലേ.ഞാന്‍ പറഞ്ഞില്ലേ ഫ്രാഡുകള്‍ എന്ന് എനിക്ക് തോന്നിയവരെ ഞാന്‍ കളിയാക്കിയിട്ടുണ്ട്.അതില്‍ അവര്‍ പ്രചരിപ്പിക്കുന്ന ഫ്രാഡ്‌ വ്യക്തിത്ത്വങ്ങളാണ് വിഷയം.അവര്‍ക്ക് വേറെ നല്ല ക്യാരെക്ടര്‍ ഉണ്ടെന്ന് വേണേല്‍ അവര്‍ തെളിയിക്കട്ടെ.ഞാന്‍ കാണുന്നത് എഴുതുന്നു.അത്ര മാത്രം.എന്‍റെ മനഃസാക്ഷിയുടെ കോടതിയില്‍ ശരിയെന്നു തോന്നിയത് മാത്രമേ ഇന്ന് വരെ ഞാന്‍ ബ്ലോഗില്‍ എഴുതിയിട്ടുള്ളു താനും"
കോടതി:"ഡേ, ഡേ...നീയാര് അധിപന്‍ പടത്തിലെ മോഹന്‍ലാലോ?നിന്‍റെ മനഃസാക്ഷിക്ക് സ്വന്തമായി കോടതിയുണ്ടേല്‍ ഞാന്‍ എന്തിനാടാ പിന്നെ ഇവിടെ ഇരിക്കുന്നത്?"
എ കെ:"വീണ്ടും ക്ഷമി. സ്വയം ശരി എന്ന് തോന്നിയത് മാത്രമേ ഇന്നോളം എഴുതിയിട്ടുള്ളൂ എന്ന് പറയാമോ?"
കോടതി:"കഷ്ട്ടിച്ച് ഒപ്പിക്കാം...ഇന്നോളം എന്ന് പറഞ്ഞാല്‍? കുറെ എഴുതിയിട്ടുണ്ടോ നീ?"
എ കെ:"ബ്ലോഗ്‌ എഴുതുന്ന ചില സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഞാന്‍ എഴുതിയ കിടിതാപ്പുകളുടെ എണ്ണം എടുക്കുന്നത്.ഇന്നലെയായിരുന്നു നൂറാമത്തെ പോസ്റ്റ്."
കോടതി:"നൂറാമത്തെ പോസ്റ്റിന്റെ ഭാഗമായി ബ്ലോഗില്‍ പ്രത്യേകതകള്‍ വല്ലതും?"
എ കെ:"നൂറാം പോസ്റ്റ് ഡങ്ക്ണക്കണഡാ,ഡങ്ക്ണക്കണഡാ..."
കോടതി:"കോടതിയില്‍ ഡപ്പാങ്കൂത്ത് അനുവദിക്കില്ല."
എ കെ:"സോറി,സാല്‍സ അറിയില്ല...ഉദ്ദേശിച്ചത്,നൂറാം പോസ്റ്റ് ആഘോഷമായിട്ട് ഇടണം എന്നായിരുന്നു ആഗ്രഹം.പക്ഷേ സ്ഥായിയായ മടി കാരണം പോസ്റ്റുകളുടെ എണ്ണം കൃത്യമായി എടുക്കാന്‍ മറന്നു"
കോടതി:"ദാറ്റ് ഈസ്‌ ഓള്‍ റൈറ്റ്...ഡോ സര്‍ക്കാര് വക്കീലേ, നിന്നുറങ്ങാതേ വിസ്താരം തുടര്‍ന്നോ"
പ പ്രോ:"താങ്ക്യൂ യുവര്‍ ഓണര്‍...പ്രതിയുടെ മേല്‍ ആരോപിച്ചിട്ടുള്ള കുറ്റം തെളിയിക്കുന്നതിലേക്കായി ബ്ലോഗ് സംബന്ധമായ ചില ചോദ്യങ്ങള്‍ ചോദിക്കുവാനുള്ള അനുവാദം കൂടി ഇങ്ങ് തന്നാല്‍ ജോറായേനെ."
കോടതി:"ചോദിച്ചോ,പക്ഷേ അലമ്പാക്കരുത്. "

പ പ്രോ: വീണ്ടും താങ്ക്യൂ യുവര്‍ ഓണര്‍. നിങ്ങള്‍ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയിട്ട് എത്ര കാലമായി?"
എ കെ :"ഒരു വര്‍ഷത്തിനു താഴെ...കൃത്യമായി പറഞ്ഞാല്‍ രണ്ടായിരത്തിയെട്ട് ഓഗസ്റ്റ്‌ മാസമാണ് ഈ കലാപരിപാടി തുടങ്ങിയത്"
പ പ്രോ :"എന്തായിരുന്നു പ്രചോദനം?"
എ കെ:"പ്രകോപനമായിരുന്നു. ഇഞ്ചി പെണ്ണ് എന്നൊരു ബ്ലോഗര്‍ എഴുതിയ ആണവക്കരാറിനെക്കുറിച്ചുള്ള ഒരു അബദ്ധ ലേഖനവും, അതില്‍ വന്ന അതിനു വന്ന കുറെ മണ്ടന്‍ കമന്റുകളും കണ്ട് ഞാന്‍ അവിടെ രണ്ടു കമന്റുകള്‍ ഇട്ടു.പിന്നെ തോന്നി എന്തിന് വല്ലവരുടെയും ബ്ലോഗില്‍ പോയി നമ്മുടെ അഭിപ്രായം എഴുന്നള്ളിക്കണം, സ്വന്തമായിട്ട് ഒരു ഇട്ടാപ്പ് തുടങ്ങി അവിടെ പോരെ എന്ന്.അങ്ങനെയാണ് സവ്യസാചി തുടങ്ങിയത്"
പ പ്രോ:"എന്നിട്ട്,ബ്ലോഗില്‍ അത്യാവശ്യം വായനക്കാരുണ്ടോ?"
എ കെ:"വല്യ കാര്യമായിട്ടൊന്നുമില്ല.ദിവസം ശാരശരി ഇരുന്നൂറു മുതല്‍ ഇരുന്നൂറ്റിയന്പത് വരെ വായനക്കാര്‍ എന്നതാണ് കണക്ക്.ചില പോസ്റ്റുകള്‍ക്ക്‌ ആയിരം വരെ പോയ ദിവസങ്ങളും ഉണ്ട്."
പ പ്രോ :"ഹിറ്റ്‌ കൌണ്ട് ഉണ്ടോ?"
എ കെ :"നാല്‍പ്പത്തി അയ്യായിരത്തിന്‌ മുകളിലായി."
പ പ്രോ:"ഫോളോവേര്‍സ്?"
എ കെ:" ഗൂഗിളിന്റെ ആ ഒരു പദത്തിനോട് എനിക്ക് എതിര്‍പ്പാണ്. ഫോളോവേര്‍സ് ഉണ്ടാവാന്‍ ഞാന്‍ ആര് വിവേകാനന്ദനോ? സഹയാത്രികര്‍ എന്ന് വേണേ പറയാം .അത് നൂറ്റിഎണ്പതിന് മേലുണ്ട്.ഇടയ്ക്കു ഒരു എട്ടു പേര്‍ പിണങ്ങി പോയത് കൂട്ടാതെ."
പ പ്രോ:"അവരുടെയൊക്കെ പടങ്ങള്‍ ബ്ലോഗിന്റെ വശങ്ങളില്‍ പൂവിട്ട് പൂജിക്കാന്‍ വെച്ചിട്ടുണ്ടോ?"
എ കെ:"എഴുതുന്ന സാധങ്ങള്‍ ഒഴികെ ആഡ്സെന്‍സ്‌ പോലും ബ്ലോഗിലെങ്ങും വെക്കാന്‍ എനിക്ക് ഉദ്ദേശമില്ല.പിന്നെയല്ലേ വായനക്കാരുടെ പടങ്ങള്‍?"
പ പ്രോ:" വായനക്കാരോട് അപ്പോള്‍ നിങ്ങള്‍ക്ക് ഒരു കടപ്പാടും ഇല്ലേ?"
എ കെ:"എന്ത് പുല്ലിന്?എനിക്ക് ആത്മസുഖത്തിന് ഞാന്‍ എഴുതുന്നു.അവര്‍ക്ക് ഇഷ്ട്ടപ്പെട്ടാല്‍ വായിക്കും, ഇല്ലേല്‍ കളഞ്ഞിട്ട് പോകും. മാത്രമല്ല,അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലേല്‍ എന്നെ തെറി വിളിക്കാന്‍ കമന്റും തുറന്നു വെച്ചിട്ടുണ്ട്.ഇടക്കാലം വരെ കമന്റുകള്‍ക്ക് മറുപടി കൊടുക്കുമായിരുന്നു.പിന്നെ അതും നിറുത്തി.എനിക്ക് തോന്നിയത് ഞാന്‍ പോസ്റ്റായി ഇടുന്നു, അവര്‍ക്ക് തോന്നിയത് അവര്‍ കമന്റായും. അത്രേയുള്ളൂ. ഇതിലെന്തോന്ന് കടപ്പാട്?
പ പ്രോ: "അപ്പോള്‍ നിങ്ങളുടെ ബ്ലോഗ്‌ ആരും വായിച്ചില്ലെങ്കിലും നിങ്ങള്‍ക്ക് ഒന്നുമില്ല എന്ന നിലപാടാണോ?"
എ കെ: "ബ്ലോഗിന്റെ സുഖം അതല്ലേ വക്കീലേ?ബാധ്യതകള്‍ ഇല്ലാത്ത എഴുത്ത്. മാധ്യമങ്ങളില്‍ ഉള്ള എഡിറ്റര്‍ മുതല്‍ അച്ച് നിരത്തുന്ന കാപെറുക്കിയുടെ വരെ സെന്‍സറിങ്ങ് ഇല്ല.ഇന്ന സമയത്ത് എഴുതിക്കൊള്ളണം എന്ന വ്യവസ്ഥയില്ല. ശരി എന്ന് ഉത്തമ ബോധ്യമുള്ള നിമയപരമായത് എന്തും എഴുതാം. ആരെങ്കിലുമൊക്കെ അത് വായിച്ചാല്‍ അത് അവരുടെ ഇഷ്ടം.എനിക്കും വായനക്കാര്‍ക്കും തമ്മില്‍ ഒരു ബാധ്യതയും ഇല്ല .സന്തോഷത്തിന്റെയും, വിഷമത്തിന്റെയും പ്രശ്നം തീരെയില്ല."
പ പ്രോ: "അത് ചുമ്മാ മേനിക്ക്‌ പറയുന്നതാണെന്ന് ഞാന്‍ പറഞ്ഞാല്‍?"
എ കെ:"ചുമ്മാ പറയാമല്ലോ.വക്കീലിന്റെ വാ,വക്കീലിന്റെ വാക്ക്.പക്ഷേ മേനിയല്ല എന്ന് എനിക്ക് ഉത്തമ ബോധ്യമുള്ളതു കൊണ്ട് നോ പ്രോബ്സ്‌. വേണേ രണ്ടോ മൂന്നോ തെളിവും തരാം."
കോടതി:"ചുമ്മാ കൊടുക്കണം"
എ കെ:" വായനക്കാര്‍ വേണം എന്നുള്ളവര്‍ മറ്റ് ബ്ലോഗുകളില്‍ പോയി ചെയ്യുന്ന കമന്റ് കച്ചവടം, പുറം ചൊറിയല്‍ എന്നിവ ഞാന്‍ ഇന്ന് വരെ ചെയ്തിട്ടില്ല. ബ്ലോഗിലൂടെ നെറ്റ്‌വര്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ അക്കാദമി, ബ്ലോഗ് കൂട്ടായ്മ,ഇതിലൊന്നും ചെന്ന് തല വെച്ചിട്ടുമില്ല.സവ്യസാചി എന്ന ബ്ലോഗിനപ്പുറം മറ്റ് ബ്ലോഗുകളില്‍ എന്‍റെ റോള്‍ ഒരു വായനക്കരന്റെത് മാത്രമാണ്.എന്‍റെ ബ്ലോഗില്‍ ആരെയും സുഖിപ്പിക്കാന്‍ വേണ്ടി ഞാന്‍ പോസ്റ്റുകള്‍ ഇടാറുമില്ല. ഇത്രയൊക്കെ പോരെ ഞാന്‍ പറഞ്ഞ ബാധ്യതയില്ലാത്ത എഴുത്ത് എന്ന പോയന്റിന് ബലമായിട്ട്?"
പ പ്രോ:"അപ്പോള്‍ അക്കാദമി, ബ്ലോഗ്‌ കൂട്ടായ്മ എന്നിവയോടൊക്കെ നിങ്ങള്‍ക്ക് എതിര്‍പ്പാണോ?"
എ കെ:"വ്യക്തിപരമായി അങ്ങനെയുള്ള സംരഭങ്ങളില്‍ എനിക്ക് താത്പര്യമില്ല.പക്ഷേ അത്തരം കൂട്ടായ്മകള്‍ക്ക് എന്നെ ക്ഷണിച്ചില്ല എന്ന കൊതിക്കെറുവ് വെച്ച് അതിനെതിരെ അസംബന്ധം എന്നൊക്കെ പോസ്റ്റിടാനും ഞാന്‍ തുനിയാറില്ല."
പ പ്രോ:"നമുക്ക് പ്രധാന പ്രശ്നത്തിലേക്ക് വരാം. നിങ്ങളുടെ ബ്ലോഗില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ വ്യക്തിത്ത്വഹത്യയായി മാറാറില്ലേ?"
എ കെ:"വിമര്‍ശനം ഞാന്‍ നടത്താറില്ല.മിക്കവാറും ആക്ഷേപം അല്ലെങ്കില്‍ വ്യക്തിത്ത്വഹത്യ തന്നെയാണ് നടത്താറ് പതിവ്"
കോടതി:"കുറ്റസമ്മതമാണോ? വിധി പറയട്ടാ?"
എ കെ:"ചാടാതെ യുവര്‍ ഓണര്‍"
കോടതി:"കോടതിക്ക് ചാടാം.കോടതി ചാടും."
എ കെ:"പത്തു മിനിട്ട് കഴിഞ്ഞു ചാടിയാല്‍ എനിക്ക് കാര്യങ്ങള്‍ ഒന്ന് വിശദീകരിക്കാനുള്ള സമയം കിട്ടിയേനെ"
കോടതി:"വേഗം വേണം."
എ കെ:" രാഷ്ട്രീയ പരിജ്ഞാനം,കൊള്ളാവുന്ന ഭാഷ,കോമണ്‍സെന്‍സ് ഇതൊന്നും നയാ പൈസക്കില്ലാതെ വിക്കിപീഡിയ ഉള്ളത് കൊണ്ട് മാത്രം എഴുതപ്പെട്ട ലേഖനങ്ങള്‍, അതും ഒബാമയുടെ ചീഫ് ഓഫ് സ്റ്റാഫ്‌ ആരായിരക്കണം എന്ന് നിര്‍ദേശം കൊടുക്കുന്നവ, പിന്നെ തിരിച്ചു പ്രതികരിക്കില്ല എന്നുറപ്പുള്ള പാവങ്ങളുടെ തലയില്‍ കയറിയുള്ള ആളുകളി,നാഴികക്ക് നാല്‍പ്പത് വട്ടം അഭിപ്രായം മാറ്റി പറയുക, ധീരനും , തന്‍റേടിയുമായ എഴുത്തുകാരന്‍ എന്ന് അവസരം കിട്ടുമ്പോഴൊക്കെ പറഞ്ഞു നടന്നിട്ട്,എഴുതിയ പോസ്റ്റുകള്‍ നാലിന്റെയന്ന് ഡിലീറ്റ് ചെയുക, എന്നിട്ടതിനു മുട്ട് ന്യായങ്ങള്‍ നിരത്തുക; ഇതൊക്കെ കണ്ടാല്‍ കോടതി എന്ത് ചെയും?"
കോടതി:"കോടതി ഒന്നും ചെയ്യില്ല.പക്ഷേ കോടതി പിരിഞ്ഞ ശേഷം കൂ...ന്ന് കൂവും."
എ കെ:"ഞാന്‍ അത് വേറൊരു രീതിയില്‍ ചെയ്യുന്നു.അത്രേയുള്ളൂ."
കോടതി:"ഇനിയും ഇതൊക്കെ ചെയ്യും എന്ന ധ്വനി ആ വാക്കുകളില്‍ ഉണ്ട്.അപ്പൊ നീ നിറുത്താന്‍ ഉദ്ദേശമില്ല?"
എ കെ:"എവിടെ?"
പ പ്രോ:" അപ്പോള്‍ ഇനിയും വിവാദങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണോ?"
എ കെ:"എന്തോന്ന് വിവാദം വക്കീലേ?കഴിയുന്നതും ഒരു പോസ്റ്റിന് ഇരുപത്തിനാല് മണിക്കൂറില്‍ കൂടുതല്‍ ആയുസ്സ്‌ ഞാന്‍ കൊടുക്കാറില്ല.വിവാദമൊക്കെ മറ്റുള്ളവര്‍ ഉണ്ടാക്കുന്നതല്ലേ?അതിനു എനിക്കൊന്നും ചെയ്യാനില്ല."
കോടതി:"എന്നാ നീ ഇനി നിന്ന് കോടതിയുടെ സമയം കളയണമെന്നില്ല."
പ പ്രോ:"അപ്പ വിധി?"
കോടതി:"അവന്റെ വിധി പോലെ വരും... കോടതിക്ക് തത്കാലം അതില്‍ തലയിടാന്‍ ഉദ്ദേശമില്ല.പോണേന് മുന്‍പ് നിനക്ക് അവസാനമായി വല്ലതും പറയണോടെ?
എ കെ:"എനിക്ക് ചുറ്റും,പ്രത്യേകിച്ച് മലയാളം ബ്ലോഗില്‍, ദിവസവും പുതിയ വിഷയങ്ങള്‍ തരാന്‍ ആളുള്ള കാലം ഞാന്‍ ഇവിടെയൊക്കെ തന്നെ കാണും.ഇനി മുതല്‍ കഴിയുന്നതും വ്യക്തിത്ത്വഹത്യകള്‍ പേരെടുത്ത് പറഞ്ഞ് ചെയ്യാന്‍ ശ്രമിക്കുന്നതാണ്.എഴുതിയതിന്റെ പേരിലൊന്നും ഒരു പുല്ലനോടും ഞാന്‍ മാപ്പ് പറയുമെന്നോ,ഏതെങ്കിലും പോസ്റ്റ് ഡിലീറ്റ്‌ ചെയ്യുമെന്നോ ഒരുത്തനും കരുതണ്ടാ.എന്തെഴുതണം, എങ്ങനെ എഴുതണം എന്ന തീരുമാനങ്ങള്‍ ഇത്രനാളെന്നത് പോലെ ഇനിയും എന്‍റെത് മാത്രമാകും.പക്ഷേ തുണ്ട് സൈറ്റുകളില്‍ വരുന്ന വാര്‍ത്തകള്‍,യൂ ട്യൂബ് വീഡിയോ ലിങ്കുകള്‍,വല്ല അവളമ്മാരുടെ ജന്മദിന ചിത്രങ്ങള്‍ തുടങ്ങിയവയിട്ട് പോസ്റ്റുകളുടെ എണ്ണം കൂട്ടുക,കുറെ കാലി ചെമ്പ് പാത്രം അടുക്കി വെച്ച് പടമെടുത്ത് 'കാലിയടിച്ച മനസുകള്‍' എന്ന അടിക്കുറിപ്പ് കൊടുക്കുക തുടങ്ങിയ പരിപാടികള്‍ സവ്യസാചി എന്ന ബ്ലോഗില്‍ ഞാന്‍ ചെയ്യുന്നതല്ല.മാത്രമല്ല..."
കോടതി:"ഡേ,ഡേ...നിറുത്തടേ.ഒരവസരം തന്നൂന്ന് കരുതി നീ മൈതാന പ്രസംഗം നടത്താതെ.ഉം...സ്റ്റാന്‍റ്റ് വിട്,സ്റ്റാന്‍റ്റ് വിട്."

7 comments:

സ്വതന്ത്രന്‍ said...

നല്ല പോസ്റ്റ്‌

Anonymous said...

:)

ബോണ്‍സ് said...

:)

Vadakkoot said...

നയം വ്യക്തമാക്കുന്നു :)

Aadityan said...

Congrads on your 101 post . your style and approch is quite interesting and hope you can write like this for a long time.All the best keep going

Unknown said...

kalakki aashane

VIKESH PALLIYATH said...

ishatamayee