ഉപക്രമം
തിരുവനന്തുരം നഗരത്തിലെ ഒട്ടു മിക്ക മാലിന്യങ്ങളും വന്നടിയുന്ന ആമയിഴഞ്ചാന്‍ തോടിന്റെ കരയിലൂടെ പാഞ്ഞ് പോകുന്ന ഒരു പച്ച ടയോട്ടാ (ടൊയോട്ട എന്ന് സായിപ്പിന്റെ മക്കള്‍ ) ക്വാളിസ് . വേഗത തെല്ലും കുറയാതെ തന്നെ ആ വണ്ടിയുടെ ,തോടിന്റെ വശത്തേക്കുള്ള പിന്‍വാതില്‍ തുറക്കപ്പെട്ടതും,അരിച്ചാക്ക് പോലെ , പോലീസ് യുണിഫോം അണിഞ്ഞ ഒരു കൂറ്റന്‍ ശരീരം തോട്ടിലേക്ക് തെറിച്ചു വീണതും മിന്നല്‍ വേഗത്തില്‍ അല്ലായിരുന്നുവെങ്കിലും , കെ. കരുണാകരന്റെ ബെന്‍സിന്റെ വേഗതയിലായിരുന്നു . തോട്ടിലെ കറുത്തു കലങ്ങിയ വെള്ളത്തില്‍ വീണ ആ ശരീരം, ഏറെ താമസിയാതെ മാലിന്യങ്ങല്‍ക്കിടയിലൂടെ ആഴങ്ങളിലേക്ക് താഴ്ന്നു.
പക്ഷെ നാടന്‍ വാറ്റ് 'മണവാട്ടിയുടെ ' പൂര്‍ണ്ണമായും പാകമാകാത്ത രുചി വായില്‍ അനുഭവപ്പെട്ടപ്പോള്‍ , കര്‍മ്മധീരനായ ആ പോലീസുകാരന്‍ മിഴികള്‍ തുറന്നു. കള്ളവാറ്റ് കേന്ദ്രത്തിലല്ല ,തോടിനടിയിലാണ് താന്‍ എന്ന തിരിച്ചറിവിന്റെ ഏതാനം സെക്കണ്ടുകള്‍ക്കൊടുവില്‍ , അയ്യാള്‍ മുകള്‍ പരപ്പിലേക്ക് നീന്തി തുടങ്ങി . തോടിന്റെ ജലപരപ്പിന് മുകളില്‍ തല ഉയര്‍ന്ന പാടെ,ചുറ്റും നിറഞ്ഞിരുന്ന മാലിന്യങ്ങളുടെ സുഗന്ധം അയാളെ ബോധരഹിതനാക്കി .
നാട്ടുകാര്‍,ഫയര്‍ഫോര്‍സിന്റെ സഹായത്തോടെ ,മുന്‍സിപ്പാലിറ്റി ചവറ് വണ്ടിയില്‍ ആശുപത്രിയിലെത്തിച്ച അര്‍ദ്ധപ്രാണനായ ആ പോലീസുകാരന്‍, കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരം ഇന്റര്‍പോളിന്റെ തലവന്‍ സ്ഥാനം രാജി വെച്ച്,തിരികെ കേരളത്തില്‍ അനുദിനം വഷളാകുന്ന ക്രമസമാധാന നില നേരെയാക്കാന്‍ വന്ന മുന്‍ ഏ എസ് ഐ കുട്ടമ്പിള്ളയാണെന്ന തിരിച്ചറിവ് സംസ്ഥാനത്തെ മാത്രമല്ല , രാജ്യത്തെ ഒട്ടാകെ തന്നെ നടുക്കി .
കുട്ടമ്പിള്ളയുടെ വധ ശ്രമത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ആരോപിച്ചു. കുട്ടന്‍പിള്ളക്കെതിരെ ഗൂഡാലോചന നടത്തിയവരെ ഇന്ത്യക്ക് കൈമാറാന്‍ പാക്കിസ്ഥാന്‍ തയ്യാറാകാത്ത പക്ഷം, ആ രാജ്യം തന്നെ മണ്ണോടു മന്നക്കാന്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ ഒരുങ്ങി നിന്നു . 'കുട്ടമ്പിള്ള തനിക്ക് ജനിക്കാതെ പോയ സഹോദരന്‍ ' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും , ' കുട്ടമ്പിള്ളയോട് തനിക്കും മറ്റ് പാക്കിസ്ഥാനികള്‍ക്കും, സ്വന്തം പിതാക്കന്മാരോടുള്ളതിനേക്കാള്‍ ബഹുമാനമുണ്ട് ' എന്ന് പാക്കിസ്ഥാന്‍ ജാനാധിപതിയും മാറി മാറി ആണയിട്ടു .
സ്ഥിതിഗതികള്‍ ഇങ്ങനെ അനുദിനം കൂടുതല്‍ സംഘര്‍ഷഭരിതമാകവേയാണ് , കേരള സര്‍ക്കാര്‍ ,കുട്ടമ്പിള്ളയുടെ കുടുംബാംഗങ്ങളുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് , സംഭവത്തിന്റെ അന്വേഷണ ചുമതല സി ബി ഐക്കോ ,ഐ ബിക്കോ നല്‍കാതെ ,കുട്ടമ്പിള്ളയുടെ അടുത്ത സുഹൃത്തും, മുന്‍ മേലുദ്യോഗസ്ഥനുമായ പണ്ടാരമുക്ക് സ്റ്റേഷനിലെ എസ് ഐ ശശിക്ക് കൈമാറിയത്.
ഒരു 'കേരളാ' പോലീസ് ഉദ്യോഗസ്ഥന്‍റെ ജീവിതത്തിലെ ഒരു ദിവസം :
അന്വേഷണം എവിടെ തുടങ്ങണം എന്നറിയാതെ ശശി നക്ഷത്രകാലെണ്ണി സ്റ്റേഷനില്‍ ഇരിക്കുമ്പോളാണ് , അദ്ദേഹത്തെ തേടി സ്ഥലത്തെ പ്രാധാന ശവംതീനിയും , പ്രമുഖ കുത്തക പത്രത്തിന്‍റെ റെസിഡന്റ്റ് എഡിറ്ററുമായ എ കെ കടന്നു വരുന്നത്. സംഭവത്തിന്റെ അന്വേഷണത്തില്‍ ഒരു പക്ഷേ തനിക്ക് ശശിയെ സഹായിക്കാനാവും എന്ന മുഖവുരയോടെ കടന്ന് വന്ന എ കെ യെ ശശി ചായയും, കടിയും, വില്‍സും നല്കി സ്വീകരിച്ചിരുത്തി .
എ കെ : (സിഗരറ്റ് പുകക്കുന്നതിനിടെ ) " കുട്ടമ്പിള്ള സാര്‍ കേരളത്തില്‍ മടങ്ങി എത്തിയ ഉടന്‍ അന്വേഷണ ചുമതലയേറ്റ രണ്ട് കേസുകളും വളരെ ഗുരുതര സ്വഭാവമുള്ളവയായിരുന്നു എന്ന് സാറിനറിയാമല്ലോ ? "
ശശി :" ഇവിടെ നമ്മടെ പെറ്റീ കേസുകളെ ഓര്‍ക്കാന്‍ സമയം കിട്ടണില്ല. ഏത് കേസുകളെടേ അത് "
എ കെ : "ഒന്നാമതായ്, ആ പ്ലസ് ടൂ വിദ്യാര്‍ഥിനികളുടെ ആത്മഹത്യ സംബന്ധിച്ച കേസ്."
ശശി "വോ, അതില്‍ ആ രണ്ട് പിറുങ്ങിണി പയലുകളെ പിള്ള തട്ടി അകത്താക്കീലേ ?"
എ കെ : "പക്ഷേ രണ്ട് മന്ത്രി പുത്രമാര്‍ക്ക് ആ സംഭവത്തില്‍ പങ്കുണ്ടെന്ന് ഒരു ആരോപണം ഉയര്‍ന്നിരുന്നു. ഇനി പിള്ള സാറിന് അതുമായി ബന്ധപ്പെട്ട തെളിവ് വല്ലതും കിട്ടിയിട്ട്, ആ മന്ത്രി പുത്രന്മാരുടെ ആള്‍ക്കാരാകുമോ അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചത്?"
ശശി :" ഡേ , ഡേ ...ഇപ്പം എന്തര് ഇന്റര്‍പോളെന്ന് പറഞ്ഞാലും പിള്ള കേരളാ പോലീസിന്നു പോയതാണ് കേട്ടാ.അങ്ങിനെ എന്തേലും തെളിവ് കിട്ടിയിട്ടുണ്ടേല്‍ തന്നെ അത് കൃത്യമായ് ഒരു കുഞ്ഞു പോലുമറിയാതെ മന്ത്രീടെ സമക്ഷം കൊണ്ട് കൊടുക്കാന്‍ പിള്ളേ ആരും പഠിപ്പിക്കണ്ട "
എ കെ : "അപ്പൊ മന്ത്രി പുത്രന്മാരല്ല .ഇനി അറസ്റ്റിലായ പിള്ളാരുടെ ആള്‍ക്കാര്‍ വല്ലതും ? അല്ല ഞങ്ങള്‍ പത്രക്കാര്‍ക്ക് കിട്ടിയ വിവരങ്ങള്‍ വെച്ച് ആത്മഹത്യ ചെയ്ത പെണ്ണുങ്ങളില്‍ ഒരാളുടെ ഡയറിയില്‍ കഥാ രൂപത്തില്‍ കണ്ട എന്തോ കുറിപ്പും, അവരില്‍ ഒരാളുടെ സ്നേഹം ഈ പയ്യന്മാരില്‍ ഒരാള്‍ നിരസിച്ചു എന്ന സഹാപാഠികളുടെ മൊഴിയുടെയും മാത്രം അടിസ്ഥാനത്തിലായിരുന്നല്ലോ ആ പയ്യന്മാരുടെ അറസ്റ്റ് .ഇനി അതില്‍ പ്രതിഷേധിച്ച് ആ പിള്ളാരുടെ ബന്ധുക്കള്‍ വല്ലവരും പെരുമാറിയതാണോ?"
ശശി : " എന്തര് വെവരക്കേടുകളെടേ നീയീ പൊലമ്പണത് ? ആളെ വെച്ച് പിള്ളയെ താക്കാന്‍ ശേഷിയുള്ള കുടുമ്പക്കാര് , അയ്യാളെ കാണേണ്ട രീതിയില്‍ കണ്ട് ചില്ലറകള്‍ വല്ലോം കൊടുത്താല്‍ കേസ് ഇതിലെ പരണത്ത് കേറീന്ന് ചോദിച്ചാ പോരെ ? അപ്പ ആരെങ്കിലും ഈ അടി പിടിക്ക് പോകുമോടെ ?"
എ കെ : " അത് ന്യായം . ഇനി ആ പിള്ളേരുടെ കൈയ്യിലെ മെമ്മറി കാര്‍ഡില്‍ നിന്നും പിള്ള സാറിന് ആ പെമ്പിള്ളാരെ ബ്ലാക്ക് മെയില് ചെയ്യാന്‍ അവന്‍മാര്‍ ഉപയോഗിച്ച വീഡിയോ ക്ലിപ്പുകള്‍ കിട്ടുകയും , ബന്ധുക്കള്‍ വില പേശാന്‍ ചെന്നപ്പോള്‍ ,തുകയുടെ കാര്യത്തില്‍ അവര്‍ തമ്മില്‍ തെറ്റുകയും ചെയ്തിട്ടുണ്ടെങ്കിലോ? "
ശശി : "എന്തര് കാര്‍ഡ് ? ഡേയ്, അവര് പോട്ടങ്ങള് പിടിച്ചൂന്ന് പറയണത് മൊവീലിലല്ലേ?"
എ കെ :" ഓ എന്റെ സാറേ...ഈ മൊബൈലില്‍ ഇടുന്ന ഒരു കുന്ത്രാണ്ടം തന്നെയാണ് ഈ മെമ്മറി കാര്‍ഡ്"
ശശി:"ഇതൊക്കെ ആര്‍ക്കെടെ അറിയണത്? ഏതായാലും എന്‍റെ അറിവില്‍ അങ്ങിനെ ഒന്നും കിട്ടീട്ടില്ലടേ. ആ ചത്ത പെണ്ണുങ്ങളില്‍ ഒരുത്തി ഡയറിയില്‍ എന്തോ കഥയോ , കവിതയോ എഴുതീന്ന് പറഞ്ഞില്ലേ .അതില്‍ കാമുകിയുമായുള്ള ഡിങ്കോള്‍ഫി മൊവീലില്‍ പിടിച്ചവളെ വെരട്ടണ ഒരു കാമുകനെക്കുറിച്ച് എന്തരോ സീനുകള് ഒണ്ട് . അത് വെച്ചല്ലേ പിള്ള ആ പയലുകളെ പൊക്കിയത് ?"
എ കെ : "അപ്പോള്‍ മറ്റു തെളിവുകള്‍ ?"
ശശി :" എന്തര് തെളിവുകള്‍? അതൊക്കെ ആ പയലുകളുടെ തന്തമാര് വേണ്ട പോലെ കണ്ടിലെങ്കി പോരെടെ തെളിവുകള് ഒണ്ടാക്കണത് .പിള്ള കാണാത്ത തെളിവാ ? "
എ കെ : " അപ്പോള്‍ ആ കേസല്ല പിള്ള സാറിന്റെ നേരെയുള്ള ആക്രമണത്തിന് കാരണം ?"
ശശി : "അല്ലടേ"
എ കെ : " ഈ കഴിഞ്ഞ ദിവസം ,പുറംനാടുകളില്‍ നിന്നും കരാറ് പണിക്ക് കുറെയധികം ജോലിക്കാരെ അടച്ച് മൂടിയ കണ്ടൈനര്‍ ലോറിയില്‍, ദിവസങ്ങളോളം ആഹാരവും വെള്ളവും ഒന്നു കൊടുക്കാതെ കേരളത്തിലേക്ക് കൊണ്ടു വന്നത് , നാട്ടുകാര്‍ പിടിച്ച് പോലീസിലേപ്പിച്ചില്ലേ? ആ കേസും പിള്ള സാര്‍ തന്നെയല്ലേ അന്വേഷിക്കുന്നത്? "
ശശി :" വോ തന്നെ .പക്ഷേങ്കി ആ ഫയലുകള് ക്ലോസാക്കിയല്ലോടേ? . ലോറീടെ ഡ്രൈവര്‍ക്ക് പിള്ള സ്പോട്ടില് അടിച്ചു കൊടുത്തില്ലേ മൂവായിരം ഉറുപ്പിയ പെറ്റി? ആ ജോലിക്കാര് ശവങ്ങളെ അവരുടെ കരാറുകാരന്‍ , വന്ന് കൊണ്ട് പൂവേം ചെയ്തല്ല "
എ കെ :(അതിശയത്തോടെ ) "ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ മരണ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റത്തിന് നമ്മുടെ നാട്ടില്‍ വെറും പെറ്റിയോ? അതും ഒന്നുമറിയാതെ , ആജ്ഞകള്‍ അനുസരിക്കാന്‍ മാത്രം ബാധ്യസ്ഥനായ ഡ്രൈവര്‍ക്ക്?"
ശശി : ഡേയ്, ഡേയ്...എന്തരടേ നിനക്കു പെറ്റിന്ന് പറഞ്ഞപ്പ ഒരു ജാതി പരിഹാസങ്ങള് ? പിള്ള ഇന്റര്‍പോളിലായിരുന്നപ്പ കൂടി പെറ്റി അടിച്ചിട്ടുണ്ട്, അറിയാവോടേ? നമ്മടെ ഒസാമയേയും ,ദാവൂദ് ഇബ്രാഹിമിനെയും പിള്ള ഓടിച്ചിട്ട് പിടിച്ചതല്ലേ ? ഒസാമക്ക് അഞ്ഞൂറ് അമേരിക്കന്‍ കാശും , ദാവൂദിന് നൂറു അമേരിക്കന്‍ കാശും പെട്ടിയടിച്ച്ചു, ചക്രം വാങ്ങി രെസീതും കൊടുത്തെ പിള്ള വിട്ടൊള്ളൂ . ചെല്ലാ , പെറ്റീല് കവിഞ്ഞ് കൊള്ളാവുന്ന ഒരു ശിക്ഷയും കേരളാ പോലീസിന്റെ കണക്കിലില്ല .അതാണ് ഇപ്പം ഞങ്ങടെ ചോറ് , കേട്ടാടേ? . തന്നെയല്ല ആ കരാറുകാരന്‍ സാറ് പൊന്നുങ്കൊടത്ത് സ്വഭാവമുള്ള ഒരു മുനഷ്യനാണെന്നാ ,പിള്ള ഇന്നലേം കൂടി എന്നെ വിളിച്ചപ്പം പറഞ്ഞത്. "
എ കെ :" അപ്പോള്‍ ആ കേസുമല്ല പിള്ള സാറിന്റെ ഈ അവസ്ഥക്ക് കാരണം. പിന്നെ എന്തായിരിക്കും?"
ശശി :" അത് കണ്ട് പിടിച്ച് തരാന്ന് മോഹിപ്പിച്ചല്ലേടെ നീ ഇത് വരെ രണ്ട് ചായയും ,നാല് വില്‍സും ഒസ്സിയത് ?"
എ കെ മറുപടിയെന്തെങ്കിലും പറയും മുന്‍പ് ,ഒരു പോലീസുകാരന്‍ കടന്നു വന്ന് , ആശുപത്രിയില്‍ ബോധം തെളിഞ്ഞ കുട്ടമ്പിള്ള എസ് ഐ ശശിയെ അന്വേഷിക്കുന്നു എന്നറിയിച്ചു.
ആശുപത്രിയിലേക്ക് പുറപ്പെട്ട ശശിക്കൊപ്പം എ കെയും കൂടി .
ശരീരത്തിന് ഒടിവും, ചതവും നല്ല രീതിയിലുണ്ടായിരുന്നുവെങ്കിലും, പിള്ളക്ക് ബോധം പൂര്‍ണ്ണമായി വീണ്ടു കിട്ടിയിരുന്നു.
"എന്തര് പിള്ളേ ഇത്? ഈ ദുരിതങ്ങള് എങ്ങനെ വന്ന് ഭവിച്ച് ?" പിള്ളയുടെ കിടക്കകരുകില്‍ സ്ഥാനം പിടിച്ച എസ് ഐ ശശി അന്വേഷിച്ചു
കുട്ടമ്പിള്ള : (ഇടക്കിടെ വേദനയാല്‍ ഞരങ്ങിക്കൊണ്ട് )"ഒന്നും പറയണ്ട സാറേ .... പെങ്ങടെ മോന്‍ ഇന്ന് ദുബായിക്ക് പോയി.ഞാനും പോയി അവന്റെ കൂടെ എയര്പോര്ട്ടില്‍ . യുണിഫോമില്‍ പോയത് കൊണ്ട് എമിഗ്രേഷന്‍ കൌണ്ടര്‍ വരെ ചെറുക്കന്റെ കൂടെ പോകാനൊത്തു ....അമ്മേ ... അവിടെ ചെന്നപ്പോള്‍ ഷാര്‍ജ വിമാനത്തില് വന്നിറങ്ങിയ രണ്ടെണ്ണം മുട്ടന്‍ കലിപ്പുകള്. കാവല് നിന്ന പോലീസുകാരെയും ,നാട്ടുകാരെയും അവന്‍മാര് കൈ വെക്കുന്നു. പോലീസുകാരന്‍ കേന്ദ്രത്തീന് ശമ്പളം പറ്റുന്നവനാനെങ്കിലും പോലീസുകാരനല്ലേ ? അവന്‍റെ ദേഹത്ത് കൈ വെക്കുന്നത് കണ്ട് ഞാന്‍ ചുമ്മായിരിക്കുന്നത് ശരിയല്ലല്ലോ . ആ രണ്ടു പയലുകളെയും .... അയ്യോ വയ്യേ.... ഞാന്‍ തൂക്കിയെടുത്ത് മുട്ടുകാല് കേറ്റി. നാട്ടുകാരും കൂടി എന്‍റെ കൂടെ . നല്ല വൃത്തിയായിട്ട് കൊടുത്ത് പഴന്തുണി പരുവത്തില്‍ രണ്ടിനെയും ഞാന്‍ തന്നെ വലിയതുറ സ്റ്റേഷനില്‍ കൊണ്ടിട്ടു. രണ്ടും വെള്ളമടിച്ചിട്ടുണ്ടെന്ന് ഡോക്ടറുടെ ഓല വാങ്ങാന്‍ തൊടങ്ങുകേം .... ദാ വരുന്നു മന്ത്രീടെ മോനും, ഒരു സിനിമാക്കാരനും. "
" ഏത് മന്ത്രീടെ മോന്‍? ഏത് സിനിമാക്കാരന്‍ ?" എസ് ഐ ശശിക്ക് അരുകിലിരുന്നിരുന്ന എ കെ യിലെ പത്രപ്രവര്‍ത്തകന്‍ ഉണര്‍ന്നു
കുട്ടമ്പിള്ള: (അവശതക്കിടയിലും എ കെയെ രൂക്ഷമായി നോക്കിക്കൊണ്ട് ) : "അതൊക്കെ ഔദ്യോഗിക രഹസ്യങ്ങളാണ് . പോടെ ,പോടെ "
എസ് ഐ ശശി : "അവര് വന്നിട്ടെന്തര് ഒണ്ടായത് പിള്ളേ? നിങ്ങള് വെവരങ്ങള് പറയീന്‍"
കുട്ടമ്പിള്ള : "ഞാന്‍ അകത്താക്കിയ പയലുകള്‍ മന്ത്രിടെ മോന്റെ അടുത്ത കൂട്ടുകാരാണത്രേ . ഇത്ര കാര്യമായിട്ട് പിള്ളാര് പറഞ്ഞതല്ലേ എന്ന് കരുതി രണ്ട് പയലുകളെയും ഞാന്‍ ചില്ലറ ചാര്‍ജ്ജിന്റെ പുറത്ത് വിട്ട്. എന്നിട്ട് അവരുടെ കൂടെ സ്റ്റേഷന്റെ പുറത്തു കിടന്ന വണ്ടിയോളം ഞാനും... ചെന്നു .അതാ കുഴപ്പമായത് . വണ്ടി വിടാന്‍ തുടങ്ങിയതും, അവന്മാര്‍ എന്നെ തൂക്കിയെടുത്ത് വണ്ടിക്കകത്തിട്ടു. വണ്ടി സ്റ്റേഷന്റെ ഗേറ്റ് കഴിയും മുന്‍പ് ഇടിയും തുടങ്ങി. ദോഷം പറയരുതല്ലോ സാറേ ...നല്ല രസികന്‍ ഇടി ...നമ്മളൊന്നും ആ പിള്ളാരുടെ വെട്ടത്ത് നിക്കുകേല . എയര്‍പോര്‍ട്ടില്‍ നാട്ടുകാര്‍ കൈവെച്ചതിന്റെ ചൊരുക്കും അവന്മാര്‍ എനിക്കിട്ട് തീര്‍ത്തു. എന്നെയെടുത്ത് ഏതോ തോട്ടില്‍ അവന്മാര്‍ എറിഞ്ഞതും, മുങ്ങി ചാവാതെ ഞാന്‍ മോളിലേക്ക് നീന്തിയതും വരെ എനിക്ക് ഓര്‍മ്മയുണ്ട്. പിന്നെ കണ്ണ് തുറന്നപ്പോ കണ്ടത്, ദാ മോളീ കറങ്ങുന്ന ഫാനാ ."
എ കെ :(ആവേശത്തോടെ ) "ഇത് ചെയ്തവര്‍ ആരായാലും വിടരുത് സാര്‍.പൊക്കണം.പൊക്കി ഇടിച്ച് പതം വരുത്തണം "
കുട്ടമ്പിള്ള : (വേദന മറന്ന് , കുപിതനായ് ) " എഴുന്നേറ്റ് പോടാ നായിന്‍റെ മോനേ അവിടുന്ന്!!! ഇത്രേ സംഭവിച്ചുളളല്ലോന്ന് പഴവങ്ങാടി ഗണപതിക്ക് ആയിരത്തൊന്ന് തേങ്ങ നേര്‍ന്നിട്ട് കിടക്കുവാ ഞാന്‍. ഇനി അവന്മാരെ പൊക്കാന്‍ പോയിട്ട് വേണം , എന്‍റെ തൊപ്പിയും, തലയും ഒന്നിച്ച് തെറിക്കാന്‍... അവന്‍റെ ഒരു ഉപദേശം, അലവലാതി!!!"
Wednesday, February 11, 2009
Subscribe to:
Post Comments (Atom)
5 comments:
ഇതൊക്കെ ഒള്ളത് തന്നെടേ?
തള്ളേ, അപ്പ ഈ മന്ത്രി പുത്രന്‍മാര് ഇത്രോം കലിപ്പുകളാണാ അണ്ണാ? അപ്പ, എവമ്മാര് വളര്‍ന്നാ എന്താവും പുകിലുകള്? നമ്മടെ നാട്ടിന്റെ ഒര് ഫാഗ്യം തന്നണ്ണാ :)...
ഇത്രേ സംഭവിച്ചുളളല്ലോന്ന് പഴവങ്ങാടി ഗണപതിക്ക് ആയിരത്തൊന്ന് തേങ്ങ നേര്‍ന്നിട്ട് കിടക്കുവാ ഞാന്‍. ഇനി അവന്മാരെ പൊക്കാന്‍ പോയിട്ട് വേണം , എന്‍റെ തൊപ്പിയും, തലയും ഒന്നിച്ച് തെറിക്കാന്‍...
:(
കുട്ടമ്പിള്ള താരം അകുകയനല്ലോ . എ കെ യെ കടത്തി വെട്ടുമോ ? എങ്ങനെ പോയാല്‍ പത്രം വയികണ്ടല്ലോ ? സൈബര്‍ കുട്ടന്‍പിള്ള പിട്കാതെ സൂക്ഷിച്ചോ !!! പെറ്റി അടിക്കും
:) Track
Post a Comment