Tuesday, February 24, 2009

എ കെ ഗ്രൂപ്പിന്‍റെ പത്രം

പ്രാദേശിക ഭാഷകളില്‍ വര്‍ത്തമാന ദിനപ്പത്രങ്ങള്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ബഹു രാഷ്ട്ര കുത്തകയായ എ കെ ഗ്രൂപ്പിന്റെ ആദ്യ പത്രം മലയാളത്തിലായിരിക്കും. കേരളത്തില്‍ , പുതിയ പത്രത്തിന്‍റെ നടത്തിപ്പിന്‍റെ ചുമതല വഹിക്കുന്ന പ്രമുഖര്‍ക്ക് ,പത്രത്തിന്‍റെ പ്രവര്‍ത്തന രീതികളും ,നയങ്ങളും സംബന്ധിച്ച് എ കെ നേരിട്ട് നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ (ചോര്‍ന്ന് കിട്ടിയത്) .


എ കെ യുടെ നിര്‍ദ്ദേശങ്ങള്‍:

1) പത്രത്തിന്‍റെ പേര് തിരഞ്ഞെടുക്കുമ്പോള്‍ 'മലയാളം' അല്ലെങ്കില്‍ 'കേരളം' എന്നീ വാക്കുകളില്‍ ഏതെങ്കിലും ഒന്ന് ആ പേരില്‍ ഉണ്ടാവണം . 'മലയാള ആനമയക്കി' ,'കേരള തരികിട' എന്നീ പേരുകള്‍ പരിഗണിക്കുക. ഇനി അതല്ലെങ്കില്‍, ചുരുങ്ങിയ പക്ഷം 'ഭൂമി' എന്ന വാക്കെങ്കിലും പേരില്‍ ഉണ്ടാവണം. വല്ല 'മൃതഭൂമി' എന്നോ മറ്റോ ആലോചിക്കുക. പക്ഷെ 'അഭിമാനി' എന്ന വാക്ക് പേരില്‍ കയറിക്കൂടാതെ പ്രത്യേകം ശ്രദ്ധിക്കുക. 'സഖാഭിമാനി' എന്നോ മറ്റോ കയറി പത്രത്തിന് പേരിട്ടിട്ട് ഒടുവില്‍ അത് സഖാക്കള്‍ മാത്രം വായിക്കുന്ന ഒന്നായാല്‍, ഭരണ സമതിയിലെ എല്ലാവനും ചവിട്ട്‌ വാങ്ങും.

2) പത്രത്തിന്‍റെ നാമത്തിനൊപ്പം ആകര്‍ഷകമായ ഒരു ടാഗ് ലൈന്‍ നിശ്ചയമായും വേണം. 'കേരളത്തിന്‍റെ ദുഷ്പ്രഭാതം', 'മലയാളത്തിന്റെ കാളകൂടം' , ' നേരല്ലാത്തത് ഛേ ,നേരിനെ നേരത്തും കാലത്തും അറിയാന്‍' 'മറ്റന്നാളത്തെ വാര്‍ത്ത ഇന്നെലയെ അറിയാന്‍' ...ഈ ജനുസ്സില്‍ എന്തെങ്കിലും.

3) വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ സത്യം മാത്രമേ എഴുതു എന്ന് നിര്‍ബന്ധമുളളവന്മാരെ സ്റ്റാഫില്‍ വെച്ചു പൊറുപ്പിക്കരുത് . വാര്‍ത്തകളെ വളച്ചൊടിച്ച് , മാനേജ്മെന്റിന്റെ കാലാകാലത്തുള്ള നയങ്ങള്‍ക്ക് അനുകൂലമാക്കി എഴുതുന്നവന്മാരെ കേരളത്തിലെ ഏത് പ്രമുഖ പത്രത്തില്‍ നോക്കിയാലും യഥേഷ്ടം കാണാം. കൂടുതല്‍ പണവും ,മറ്റു സൌകര്യങ്ങളും കൊടുത്താല്‍ വാലുമാട്ടി പോന്നോളും അവന്മാര്‍. പുതിയതായി ജോലിക്ക് ചേരുന്ന ആദര്‍ശ ധീരന്മാരേ ഒരാഴ്ച്ച ഈ പഴയ പെരുച്ചാഴികളുടെ കീഴില്‍ ജോലി ചെയ്യിപ്പിച്ചാല്‍, അവന്മാരും വെടക്കായിക്കൊള്ളും.

4) കാലികമായി നയങ്ങള്‍ പലതു മാറുമെങ്കിലും, അടിസ്ഥാനപരമായി പത്രം (പ്രാദേശിക തലത്തില്‍ മാത്രം) കമ്മ്യൂണിസ്റ്റ് വിരുദ്ധമായിരിക്കും. ഇതു ഖദറിട്ടവന്‍മാരോടുള്ള സ്നേഹത്തിന്റെ പുറത്തോന്നുമല്ല . നമ്മുടെ കൈയ്യിലെ ആയിരത്തിന്റെ നോട്ടിലെ ഗാന്ധിയുടെ ചിത്രം കണ്ടാല്‍ ,കമഴ്ന്ന് വീണ് നാവാല്‍ നമ്മുടെ ചെരുപ്പ് വൃത്തിയാക്കാത്ത ആളുകള്‍ ഖദറില്‍ കുറവാണ്. അവരില്‍ അല്‍പ്പം പിടിപാടുള്ള ഒരുത്തനെ കൈയ്യിലെടുത്ത് വെച്ചാല്‍ പാര്‍ട്ടിക്കു പ്ലാങ്ക് വലിച്ചും അവന്‍ നമ്മുടെ കാര്യങ്ങള്‍ നടത്തിത്തരും. പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരു കാര്യം നടക്കണമെങ്കില്‍,പോളിറ്റ് ബ്യൂറോ മുതല്‍ ലോക്കല്‍ കമ്മറ്റിയിലെ സഖാവിന്റെ വരെ ചെരുപ്പ് നമ്മള്‍ നക്കി കൊടുക്കണം.കൂടാതെ പാര്‍ട്ടി ഫണ്ടിലേക്ക് നല്ലൊരു തുക മറിക്കുകയും വേണം. മാത്രമല്ല അടിസ്ഥാന വിപ്ലവ നയം അനുസരിച്ച് നമ്മള്‍ അവര്‍ക്ക് ബൂര്‍ഷ്വാ പത്രമാകാനാണ് സാധ്യത. തൊഴിലാളികള്‍ക്ക് നമ്മള്‍ കൊടുക്കുന്ന സൌകര്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍, അവന്മാര്‍ നമ്മുടെ നെഞ്ചത്ത് കയറി യുണിയനൊന്നും തുടങ്ങില്ല .പക്ഷേ നമ്മുടെ പത്രത്തെ 'കുത്തക പത്രം', 'മുതലാളിത്ത്വത്തിന്റെ ലൌഡ് സ്പീക്കര്‍; എന്നൊക്കെ വിളിച്ച് അവന്മാര്‍ എതിര്‍ത്തെക്കും . ഇപ്പൊ പാര്‍ട്ടി മുഴുവന്‍ മാടമ്പിമാരും മുതലാളിമാരും ആണെന്ന കാര്യം വേറെ. പക്ഷേ കോവര്‍ കഴുതകളായ അണികളെ സുഖിപ്പിച്ച് നിറുത്താന്‍ അവന്മാര്‍ക്ക് നമ്മളെപ്പോലെ ഒരു വില്ലനെ സൃഷ്ടിച്ചേ മതിയാവു.

5) മാനേജ്മെന്റിന്റെ നയങ്ങളുടെ ഭാഗമായി ഒരു വ്യക്തിക്കോ, പ്രസ്ഥാനത്തിനോ എതിരെ എഴുതുമ്പോള്‍ ,വായനക്കാരന് ഒരിക്കലും നമ്മള്‍ എന്തെങ്കിലും ഗൂഡോദ്ദേശം വെച്ചുകൊണ്ടാണ്‌ ആ വാര്‍ത്തകള്‍ കൊടുക്കുന്നത് ചിന്ത പോകാത്ത രീതിയില്‍ വേണം എഴുതുവാന്‍. ഉദാഹരണത്തിന്‌ ,കമ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുമ്പോള്‍ ,നേരിട്ട് ആ പാര്‍ട്ടിക്ക് എതിരെ നാം ഒന്നും തന്നെ എഴുതാന്‍ പാടില്ല. പകരം അതെ പാര്‍ട്ടിയില്‍,ഈച്ചയടിച്ചിരിക്കുന്ന ഏതെങ്കിലും കടല്‍ കിഴവന്മാരെ നാം ആദര്‍ശ ധീരനായ് ഉയര്‍ത്തിക്കാട്ടുക. കേരളം മൊത്തം അയ്യാളുടെ പിന്നാലെ മാര്‍ച്ച് പാസ്റ്റ് നടത്തുകയാണ് എന്ന മട്ടിലായിരിക്കണം നമ്മുടെ എഴുത്ത്. മിക്കവാറും ഇത്തരം കാലഹരണപ്പെട്ട കേസുകെട്ടുകള്‍, പാര്‍ട്ടി നേതൃത്വത്തിന് അനഭിമിതരായിരിക്കും . കഴിയുമെങ്കില്‍ നമ്മുടെ കഥാപത്രത്തെ നായകനും ,പാര്‍ട്ടിയെ ജനപ്രിയനായ നേതാവിനെ എതിര്‍ക്കുന്ന വില്ലനുമായി ചിത്രികരിക്കുക.ദിവസവും എന്തെങ്കിലും വാര്‍ത്തകള്‍ പാര്‍ട്ടിയും , നമ്മുടെ ആദര്‍ശ ധീരനും തമ്മിലുള്ള അടിയെക്കുറിച്ച് പ്രസിദ്ധീകരിച്ച് കൊണ്ടേയിരിക്കുക . പലപ്പോഴായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ പലരും,നമ്മുടെ ആദര്‍ശ നേതാവിന് പിന്തുണയുമായി രംഗത്തെത്തുക എന്നത് , നാം തുടങ്ങുന്ന പ്രക്രിയയുടെ ഒരു സ്വാഭാവിക പുരോഗമനം മാത്രമായിരിക്കും .വല്യ താമസമില്ലാതെ നമ്മുടെ ആദര്‍ശവും , പാര്‍ട്ടിയും പരസ്പരം കുഴി തോണ്ടിക്കൊള്ളും.

6) സാംസ്കാരിക നായകന്മാരുടെ ഒരു പട തന്നെ എപ്പോഴും നമുക്ക് വേണ്ടി ലേഖനങ്ങള്‍ എഴുതുവാന്‍ തയാറായി നില്‍ക്കണം. കോഴിക്കോട് മുതല്‍ അഴിക്കോടുവരെയുള്ള സ്ഥലങ്ങളിലെ സാംസ്കാരികന്മാര്‍ , ഒരു വിധപ്പെട്ട എല്ലാവനും, കാശോ,കള്ളോ , ഇനിയത് രണ്ടുമല്ലെങ്കില്‍ പത്രത്തിന്റെ സ്വാധീനത്തിലൂടെ നേടിക്കൊടുക്കുന്ന എന്തെങ്കിലും പദവിയോ കണ്ടാല്‍ ,നമ്മള്‍ പറയുന്ന എന്തിനും താഴെ കൈയ്യൊപ്പിട്ട് തരും. ഇവന്മാര്‍ എഴുതി പടച്ച് വിടുന്നത് എന്തായാലും, ജനം തൊണ്ട തൊടാതെ വിഴുങ്ങിക്കൊള്ളും.
നമ്മുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഒരു വ്യക്തിയെയോ പ്രസ്ഥാനത്തെയോ വളര്‍ത്താനോ, തളര്‍ത്താനോ ഈ തെണ്ടികളുടെ ലേഖനങ്ങളും നമുക്ക് പ്രയോജനപ്പെടും. ഉളുപ്പില്ലാത്ത അധികാര മോഹികളും, എന്നാല്‍ നിര്‍ഗുണരുമായ പലരും ഇത്തരം സാംസ്കാരിക നായകന്മാരുടെ വാഴ്ത്തു പാട്ടിന്റെ പച്ചയില്‍ മാത്രം രാജ്യത്തിന്റെ പ്രതിരോധ വകുപ്പ് മന്ത്രി വരെയായിട്ടുണ്ട് എന്ന് മറക്കരുത്.

7) വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍, എപ്പോഴും വളരെ സൂക്ഷ്മതയോട് കൂടിയായിരിക്കണം അതിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. ഉദാഹരണത്തിന്‌ എതെങ്കിലും മന്ത്രിയുടെ മക്കളോ അവന്മാരുടെ സുഹൃത്തുക്കളോ നാട്ടില്‍ എന്തെങ്കിലും തെണ്ടിത്തരം കാട്ടിയാല്‍,നേരെ കയറി 'ഇന്ന മന്ത്രിക്ക്, ഇന്നാരിലുണ്ടായ മോനും, അവന്റെ സുഹൃത്തുക്കളും ' എന്ന് വിശദമായി എഴുതിയെക്കരുത്. 'മന്ത്രിപുത്രന്‍' , 'മന്ത്രിപുത്രന്റെ സുഹൃത്ത്' ,'ഉന്നത ബന്ധങ്ങളുള്ള പ്രമുഖന്‍' എന്നൊക്കെ ,പേരുകള്‍ വെളിപ്പെടുത്താതെ വേണം കഴിയുന്നതും ഇത്തരം സംഭവങ്ങളുടെ പ്രാഥമിക ഘട്ട വാര്‍ത്തകള്‍ പുറത്ത്‌ വരാന്‍. കാരണം ,മന്ത്രിയും ആള്‍ക്കാരും നമ്മളെ വേണ്ടത് പോലെ കാണുകയാണെങ്കില്‍, കേസ്സ് വഴി തെറ്റിച്ചത് വല്ല പാവപ്പെട്ട പോലീസ് ഉദ്യോഗസ്ഥനുമാണെന്ന് (മന്ത്രി പുത്രന്‍ ഇടപെട്ട കേസില്‍, സ്വാഭാവികമായി മുകളില്‍ നിനിന്നുള്ള ഉത്തരവുകള്‍ അനുസരിക്കുക മാത്രം ചെയ്ത ബലിയാടുകള്‍ ധാരാളമുണ്ടാകും) എഴുതി പിടിപ്പിക്കനുള്ളതാണ് നമുക്ക്.
8) ആരെയും എന്തിനേയും ഒരു ബ്രാണ്ടായി വളര്‍ത്താനും,തളര്‍ത്താനുമുള്ള കഴിവ് മാധ്യമങ്ങള്‍ക്ക് ഉണ്ടെന്ന് തിരിച്ചറിയുക. ഉദാഹരണമായി ക്രിക്കറ്റിന്റെ കഥ ഓര്‍ക്കുക. കോഴ വിവാദത്തില്‍പ്പെട്ട് ക്രിക്കറ്റിന്റെ ജന പ്രീതി കുത്തനെ വീണപ്പോള്‍,മാധ്യമങ്ങള്‍ ഒത്തു പിടിച്ച് ഉത്സാഹിച്ച് , 'ദാ ഇന്ത്യ കാലങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാന്‍ പിടിച്ചടക്കാന്‍ പോണേ' എന്ന് കൂവി. കഴുതകള്‍ ജനങ്ങള്‍ 'തന്നെ? പോയി പിടിച്ചോണ്ട് വാ മച്ചമ്പിമാരെ' എന്ന് പറഞ്ഞ് പരമ്പര കാണുവാന്‍ ടി വിയുടെ മുന്നില്‍ വീണ്ടും ചടഞ്ഞ്‌ കൂടിയില്ലേ. ലോക കപ്പ് വിരസമായപ്പോള്‍ ഐ സി സി യും ,മാധ്യമങ്ങളും ചേര്‍ന്ന് ട്വന്റി ട്വന്റി ഹിറ്റാക്കി . മുന്‍പ് ബദ്ധ ശത്രുക്കള്‍ ഏറ്റുമുട്ടുന്നു എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ പടം കൊടുത്തിരുന്ന ഷോയിബ് അക്തറും (ഇന്ത്യ പാക്ക് പരമ്പര നടക്കുമ്പോള്‍ ഇവനെയാണ് നമ്മള്‍ പാക്ക് ചാരനായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക) സൌരവ് ഗാംഗുലിയും തോളോട് തോള്‍ ചേര്‍ന്ന് കളിക്കുന്നതും മാധ്യമങ്ങള്‍ ജനങ്ങളെക്കൊണ്ട് വിഴുങ്ങിച്ചില്ലേ? അതാണ്‌ മാധ്യമങ്ങളുടെ കരുത്ത് . മാത്രമല്ല ,ഇതു പോലുള്ള കളികളുമായി ബന്ധപ്പെട്ട് കിടക്കുന്ന കോടികളുടെ പരസ്യ വിപണിയാണ് നമ്മുടെ ചോറെന്ന് മറക്കരുത്. പ്രബുദ്ധരായ മലയാളികള്‍ ഇതൊക്കെ വിശ്വസിക്കുമോ എന്ന ചിന്ത വേണ്ട. വിശ്വസിച്ചിട്ടുണ്ട് . ഇനിയും വിശ്വസിക്കുകയും ചെയ്യും.
നാം തുടര്‍ച്ചയായി പത്ത് ദിവസം ഇവന്മാരില്‍ ഒരുത്തന്‍റെ അച്ഛന്‍ ,ഇപ്പോളുള്ള ആളല്ല വേറൊരുത്തന്നാണ് എന്ന മട്ടില്‍ എഴുതിയാല്‍ , പതിനൊന്നാം ദിവസം ആ മകന്റെ മനസ്സില്‍ വരെ സംശയം അങ്കുരിക്കും. പതിനഞ്ചാം ദിവസം അവന്‍ നാം പറയുന്ന ആളെ അച്ഛാ എന്ന് വിളിക്കുകയും ചെയ്യും.

9) പത്രത്തില്‍ പരസ്യങ്ങള്‍ നിലയ്ക്കുന്ന ഒരവസ്ഥയും നാട്ടില്‍ സംജാതമാവാതെ പരമാവധി ശ്രദ്ധിക്കുക. ഉദാഹരണത്തിന് സാമ്പത്തിക മാന്ദ്യം കാരണം നാടു കുട്ടിച്ചോറാവുന്ന അവസ്ഥ വന്നാലും, നമ്മള്‍ ഇതാണ് സ്ഥലവും വീടുമൊക്കെ വാങ്ങാന്‍ പറ്റിയ സമയം എന്നേ എഴുതാവു. മാത്രമല്ല,മാന്ദ്യ സമയത്ത് പരസ്യം നല്‍കുന്ന കമ്പനികള്‍ക്ക് മാത്രമെ മാന്ദ്യ ശേഷം നിലനില്‍പ്പുള്ളൂ എന്നതും ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടേയിരിക്കുക . കഴിയുമെങ്കില്‍ മാന്ദ്യം എന്നത് ഒരു മായ മാത്രമാണെന്നും , സത്യത്തില്‍ അങ്ങിനെ ഒര്വസ്ഥയെയില്ല എന്ന് ജനങ്ങളെ വിശ്വസിപ്പിക്കുക.

10) ഇതൊന്നും കൂടാതെ എന്നെ മലയാള ഭാഷയുടെ കുലപതിയായി അവരോധിക്കാന്‍ വേണ്ടതെല്ലാം നിങ്ങളാല്‍ കഴിയും വിധം ചെയുക.

നമ്മുടെ കമ്പനിയുടെ ഗുഡ് വില്‍ കണ്ട് ,പത്രത്തില്‍ പരസ്യങ്ങള്‍ കുന്നുകൂടും എന്നതില്‍ സംശയമില്ല. അതില്‍ നിന്നുള്ള വരുമാനം കാരണം പത്രം നാട്ടുകാര്‍ക്ക് വെറുതെ കൊടുത്താലും നമുക്കു ലാഭമേയുള്ളൂ. അതിനാല്‍ ആദ്യത്തെ ആറ് മാസം പത്രം കേരളത്തിലാകമാനം സൌജന്യമായി വിതരണം ചെയ്യുക. വര്‍ണ്ണ ശബളവും , മസാല നിറഞ്ഞതുമായ നമ്മുടെ പത്രത്തിന് കേരളത്തിലെ കഴുതകള്‍ അടിമകളായിക്കഴിഞ്ഞാല്‍, വിലയിട്ടത് നല്‍കുക. അപ്പോഴേക്കും ഇപ്പോഴുള്ള പ്രമുഖ പത്രങ്ങള്‍ മണ്ണോടു മണ്ണായിട്ടുണ്ടാകും.

ആശംസകളോടെ

എ കെ

ചെയര്‍മാന്‍,
എ കെ ഗ്രൂപ്പ് .

11 comments:

Unknown said...

കലക്കി കടുക് വറുത്തു. പക്ഷേ ഇത്ര പച്ചക്ക് സത്യങ്ങള്‍ വിളിച്ച് പറയണോ?:)

അപ്പൂട്ടൻ said...

അയ്യേ.... അപ്പൊ ഇതില്‍ Investigative Journalism-നു ചാന്‍സില്ലേ? വാളയാറില്‍ അഴിമതിയുണ്ടെന്നും RT ഓഫീസില്‍ അഴിമതിയുണ്ടെന്നും നമ്മള്‍ തന്നെ കണ്ടെത്തണ്ടെ, ബാക്കിയാര്‍ക്കും ഇതറിയില്ലല്ലോ. പിന്നെ സിനിമാനടി XXX താമരശേരി ചുരം കടന്നാണ് വന്നതെന്നും മറ്റും കണ്ടാല്‍ വാളയാറില്‍ കൈക്കൂലി വാങ്ങുന്നവരെ സംരക്ഷിക്കുന്നതിനും ഈ വരവിനും തമ്മില്‍ ബന്ധമുണ്ടെന്നും ഉന്നതര്‍ക്ക് പങ്കുണ്ടെന്നും നമുക്കല്ലാതെ ആര്‍ക്കു കണ്ടുപിടിക്കാനാവും (വേണമെങ്കില്‍ ഇവിടെ ദാവൂദിനെ വരെ വരുത്താം)?
എഡിറ്റോറിയല്‍ എഴുതാന്‍ നല്ല ആളെ വേണം. അമേരിക്കയില്‍ ഒരുത്തന്‍ ജനക്കൂട്ടത്തിനുനേരെ വെടിവെച്ചാല്‍ നമുക്കിവിടെ നിന്നു പ്രതിഷേധിക്കാനും സര്‍ക്കാരിനോട് നടപടികളെടുക്കാന്‍ ആവശ്യപ്പെടാനും നല്ല ശക്തമായ ഭാഷ കൈവശമുള്ള ഒരുത്തനെ.

Anonymous said...

ഉറപ്പിച്ചു.എ കെ മാത്തു മാപ്ല തന്നെ ;)

വീണ said...

അക്രമം , അതിക്രമം . ബൂര്‍ഷ്വാ മുതലാളി എ കെ രാജി വെക്കുക. എവിടുന്ന് എന്ന് ചോദിക്കരുത്. എവിടുന്നെങ്കിലും രാജി വെയ്ക്കുക.
പോസ്റ്റ് പതിവ് പോലെ :)

പ്രിയ said...

"പ്രബുദ്ധരായ മലയാളികള്‍ ഇതൊക്കെ വിശ്വസിക്കുമോ എന്ന ചിന്ത വേണ്ട. വിശ്വസിച്ചിട്ടുണ്ട് . ഇനിയും വിശ്വസിക്കുകയും ചെയ്യും.
നാം തുടര്‍ച്ചയായി പത്ത് ദിവസം ഇവന്മാരില്‍ ഒരുത്തന്‍റെ അച്ഛന്‍ ,ഇപ്പോളുള്ള ആളല്ല വേറൊരുത്തന്നാണ് എന്ന മട്ടില്‍ എഴുതിയാല്‍ , പതിനൊന്നാം ദിവസം ആ മകന്റെ മനസ്സില്‍ വരെ സംശയം അങ്കുരിക്കും. പതിനഞ്ചാം ദിവസം അവന്‍ നാം പറയുന്ന ആളെ അച്ഛാ എന്ന് വിളിക്കുകയും ചെയ്യും."

:) ithanu point

Anonymous said...

അച്ചു സഖാവിനും, അന്തോണിക്കും കൊടുത്ത ചവിട്ട്‌,എനിക്കങ്ങ് സുഖിച്ചു.കിടിലം പോസ്റ്റ്.

Anonymous said...

എന്നിട്ട് പത്രത്തിന്‍റെ പേര് തീരുമാനിച്ചോ? മലയാള എ കെ 47 എന്നായാലോ? പലരുടെയും നെന്ചിനു നോക്കി തന്നെയല്ലേ കാന്ചി വലിക്കുന്നത്?

Anonymous said...

ഒരു പോയന്‍റ് കൂടി ചേര്‍ക്കാം
മുംബൈ സ്ഫോടനം നടത്തിയ ദാവൂദ് ഇബ്രാഹിമിന് ഉപകാര സ്മരണ എന്ന പരസ്യം വന്നാലും അതും പത്രത്തില്‍ കൊടുത്തേക്കണം.നമുക്കു ദമ്പടി കൃത്യമായി എണ്ണി വാങ്ങിയാല്‍ മാത്രം മതിയല്ലോ

Aadityan said...

എന്നി ഒരു കമന്റ് ഇടാന്‍ ശക്തി ഇല്ല. പോസ്റ്റ് നന്നായി . ഈ അനോണി ദരിദ്ര വാസികള്‍ കിടയില്‍ എങ്ങനെ പിടിച്ചു നില്‍ക്കുന്നു ?
(decent annoykal please excuse)

Anonymous said...

നല്ല ആശയം.
തുടങ്ങുകയാണെങ്കിൽ ബെർലിയെ ചീഫ് എഡിറ്ററാക്കണം.

Anonymous said...

എന്റെ പേർ ഇവിടെ ആരോ വലിച്ചിയക്കുന്നു, അതു ഡിലീറ്റൂ മി. എകെ

ഞാൻ എന്തായാലും ഇയാളുടെ പത്രത്തിലെക്കില്ല,, ഞാൻ മാമന്റെ കൂടെയാ