Thursday, April 23, 2009

ഭാഗ്യദേവത : സത്യന്‍ സാര്‍!!!

പ്രിയപ്പെട്ട ശ്രീ. സത്യന്‍ അന്തിക്കാട്‌ അറിയുവാന്‍,

തിരകഥാ രചന താങ്കള്‍ക്ക് പറ്റിയ പണിയല്ല എന്ന് നടന്ന് പറഞ്ഞിട്ടുള്ള ഒരു ചലച്ചിത്ര പ്രേമിയാണ്‌ ഞാന്‍. അങ്ങനെ പറയുവാന്‍ കാരണം താങ്കള്‍ ആദ്യമായി തിരകഥ എഴുതിയ രസതന്ത്രം , ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര എന്നീ മൂന്ന് ചിത്രങ്ങള്‍ തന്നെയാണ് താനും.
രസതന്ത്രത്തില്‍ വാസ്തുശാസ്ത്രം മുതല്‍ ആശാരിപ്പണിവരെ ജയിലില്‍ നിന്നും പഠിച്ച്,അവയെക്കുറിച്ചും പിന്നെ ഫ്രീ ടൈമില്‍ ലോക തത്വങ്ങളെക്കുറിച്ചും നാട്ടുകാര്‍ക്ക് ക്ലാസ് എടുക്കുന്ന നായകനായി മോഹന്‍ലാലിനെ താങ്കള്‍ അവതരപ്പിച്ചു. മാത്രമല്ല ഇടവേള കൊണ്ട് തീര്‍ക്കാവുന്ന ഒരു കഥ വലിച്ചു നീട്ടി,എങ്ങനെ തീര്‍ക്കും എന്നറിയാതെ, ജഗതി മുതലായവരെ ഏച്ചു കെട്ടി കഷ്ട്ടപ്പെടുന്ന താങ്കളിലെ എഴുത്തുകാരനെയും ആ ചിത്രത്തില്‍ കാണുവാന്‍ സാധിച്ചു.
ഇന്നത്തെ ചിന്താവിഷയത്തില്‍ ആവശ്യമില്ലാത്ത രണ്ട് കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു.മോഹന്‍ലാലും മീരാ ജാസ്മിനും. പിന്നെ ഈ ചിത്രത്തിലായപ്പോള്‍ മോഹന്‍ലാലിന്റെ കഥാപാത്രം,പടത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ, മുന്നില്‍ കാണുന്നവരെയൊക്കെ യാതൊരു പ്രകോപനവും കൂടാതെ, ഓടിച്ചിട്ട് പിടിച്ച് ഉപദേശിക്കും എന്ന ഗതിയുമായി.
വിനോദയാത്രയിലാകട്ടെ ഉപദേശത്തിന്റെ മൊത്തം അവകാശം താങ്കള്‍ മീരാ ജാസ്മിന് നല്‍കി. ഇത്രയൊക്കെ പോരേ സാര്‍ ,സ്ഥിരമായി ഒട്ടുമിക്ക മലയാള പടങ്ങളും ഇറങ്ങി ഒരാഴ്ച്ചക്കുള്ളില്‍ കാണുന്ന ഒരുത്തന്, താങ്കള്‍ ഒരു മോശം തിരകഥാകൃത്താണ് എന്ന് തോന്നാന്‍? എനിക്കും തോന്നി.

പക്ഷേ ഗ്രാമീണ നന്മകള്‍ കുറച്ചധികമുള്ള താങ്കളുടെ മനസ്സിനക്കരെ വരെയുള്ള ചിത്രങ്ങളെ, ഇന്നും ഒരു ചെറു പുഞ്ചിരിയോടെ കണ്ടവസാനിപ്പിക്കുന്ന ഒരുവന്‍ എന്ന മേന്മ കൂടി സ്വയം അവകാശപ്പെട്ട് കൊണ്ട് സന്തോഷപൂര്‍വ്വം പറയട്ടെ ...താങ്കളുടെ തിരകഥാ സംവിധാനത്തില്‍ പുറത്ത്‌ വന്ന ഭാഗ്യദേവത ആദ്യ ഷോ തന്നെ കണ്ട ശേഷം,തിരകഥയുടെ കല വശമില്ലാത്തതല്ല താങ്കളുടെ പ്രശ്നം എന്ന് ഞാന്‍ മനസിലാക്കുന്നു. ആദ്യത്തെ രണ്ടു ചിത്രങ്ങളിലും മോഹന്‍ലാലും, വിനോദയാത്രയില്‍ മീരാ ജാസ്മിനും ആയിരുന്നു താങ്കളുടെ പ്രശ്നം.

സുപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി തിരകഥ രചിക്കുക എന്ന അമിതഭാരമോ, മീരാ ജാസ്മിനെ പോലൊരു നടിക്ക് കഥയില്‍ ആവശ്യമില്ലാത്ത വികാസം കൊടുക്കാനുള്ള ബാധ്യതയോ ഇല്ലാതെ താങ്കള്‍ ഭാഗ്യദേവതക്ക് തിരകഥ എഴുതിയപ്പോള്‍,സത്യത്തില്‍ സത്യന്‍ സാര്‍ !!! നന്നായിരിക്കുന്നു.യാതൊരു ഏച്ചു കെട്ടലും അനുഭവിപ്പിക്കാതെ, സരളമായ ഒരു കഥ,നല്ല ഒഴുക്കോടെ പറഞ്ഞു പോയിരിക്കുന്നു.

കുട്ടനാട്ടിലെ കേബിള്‍ കമ്പനി ഏജന്‍സി ഉടമയായ ബെന്നിയെ ആദ്യം സ്ക്രീനില്‍ കാണുമ്പോള്‍ മുതല്‍ ,നാട്ടില്‍ നമുക്ക് പരിചയമുള്ള ഒരാള്‍ എന്ന് തോന്നും. പതിവില്ലാത്ത കൈയ്യടക്കം ജയറാം ബെന്നിയെ അവതരിപ്പിക്കുന്നതില്‍ കാണിച്ചപ്പോള്‍ അതും പടത്തിന് നേട്ടമായി.

കനിഹ അവതരിപ്പിച്ച ഡെയ്സി എന്ന ഒതുക്കമുള്ള നായികയെ കണ്ടപ്പോള്‍ ഒരു കാര്യത്തിന് ഞാന്‍ താര സംഘടനയായ അമ്മക്ക് നന്ദി പറഞ്ഞു പോയി. മീരാ ജാസ്മിനെ അനൌദ്യോഗികമായി വിലക്കിയതിനു. ആദ്യം മീരയെ ആണല്ലോ താങ്കള്‍ ഈ ചിത്രത്തില്‍ നായികയാക്കാന്‍ തീരുമാനിച്ചിരുന്നത്? വിലക്ക് ഇല്ലായിരുന്നെങ്കില്‍ മീര ഈ ചിത്രത്തില്‍ നായികയായി എത്തുകയും, ആവശ്യമില്ലാത്ത ഫോക്കസ് അവരുടെ കഥാപാത്രത്തിന് നല്‍കുവാന്‍ താങ്കള്‍ നിര്‍ബന്ധിതനാവുകയും (ആ നടിയുടെ കഴിവുകള്‍ കൊണ്ടോ, താങ്കള്‍ക്ക് അവരോടുള്ള വ്യക്തിപരമായ അടുപ്പം കൊണ്ടോ ...ആദ്യം പറഞ്ഞ മൂന്ന് സിനിമകളിലും ബോധപൂര്‍വം അങ്ങനെ ഒരു ശ്രമം വ്യക്തമാണ്) ചെയ്തേനെ. അങ്ങനെ വന്നിരുന്നുവെങ്കില്‍, ഭാഗ്യദേവതയിലെ നായിക ചാക്ക് കണക്കിന് കൂവല്‍ വീട്ടില്‍ കൊണ്ട് പോയേനെ. ഇപ്പോള്‍, കഥക്ക് വേണ്ട കഥാപാത്രത്തെ താങ്കള്‍ സൃഷ്ടിച്ചപ്പോള്‍ കനിഹ അത് മനോഹരമായിത്തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്.

ജയറാമിന്റെ അമ്മയുടെ കഥാപാത്രം,പതിവ് ചലച്ചിത്ര മാതാക്കളുടെ ചട്ടക്കൂടില്‍ ഒതുങ്ങാതെ, കെട്ടിയവന്റെ കൂടെ കാടും മേടും വെട്ടിപ്പിടിക്കാന്‍ കൂസലന്യേ പോയിരുന്ന ആ പഴയ നസ്രാണി പെണ്ണുങ്ങളുടെ തന്റേടം കാട്ടുന്നത് , കെ പി എ സി ലളിതയെപ്പോലെ ഒരു നടിയിലൂടെയായപ്പോള്‍, അതും കലക്കി.

ഇന്നസെന്റ് ,നെടുമുടി വേണു, മാമുക്കോയ, ശ്രീകുമാര്‍ , വേണു നാഗവള്ളി , പ്രകാശ് എന്നിവരില്‍ ആരുടേയും കഥാപാത്രങ്ങള്‍ കഥയില്‍ അനാവശ്യമായി കയറിക്കൂടിയതാണ് എന്ന് ഒരിടത്തു പോലും തോന്നില്ല. ജയറാമിന്റെ അനുജത്തിമാരായി അഭിനയിച്ചവര്‍ (ഒരാളുടെ പേര് രശ്മി പ്രിയ എന്നാണ് ഓര്‍മ്മ) ,ചെറിയ വേഷത്തില്‍ നരേന്‍ എന്നിവരും അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി
എന്തിന്,മൂന്ന് സീനുകളില്‍ മാത്രം വരുന്ന നായികയുടെ അനുജന്‍ കഥാപാത്രം പോലും,തിയറ്റര്‍ വിട്ട ശേഷവും മനസിലുണ്ട്.

മനസിനക്കരക്ക് ശേഷം,ഇളയരാജ വീണ്ടും ശ്രവണ സുഖമുള്ള ഗാനങ്ങള്‍ (രസതന്ത്രത്തിലെ പൂ കുങ്കുമ പൂ കൂടി കൂട്ടാം) നല്‍കിയിരിക്കുന്നു. വേണുവിന്റെ ക്യാമറ കുട്ടനാട്ടിലെ സൌന്ദര്യം ചോരാതെ കഥക്ക് ഇണങ്ങി നില്‍ക്കുമ്പോള്‍ ,എഡിറ്റിങ്ങ് കഥയുടെ വേഗത കാത്തു സൂക്ഷിക്കുന്നുണ്ട്.

ഇങ്ങനെ ചെറുചിരിയും, ചിലപ്പോള്‍ പൊട്ടിച്ചിരിയും,ഇടയ്ക്കല്‍പ്പം വേദനയും നല്‍കി സുഗമമായി നീങ്ങി ഒടുവില്‍ ഒരു ചെറു സ്പര്‍ശത്തിലോ,നോട്ടത്തിലോ എല്ലാ പരിഭവങ്ങളും അലിയുന്ന സത്യന്‍ ചിത്രങ്ങള്‍ താങ്കളില്‍ നിന്നും ഇനിയും ഉണ്ടാകട്ടെ. പക്ഷേ അതിന് ആദ്യം മനസ് വെയ്ക്കേണ്ടത് താങ്കളാണ്. ദയവ് ചെയ്ത് താങ്കള്‍ ഇനി സുപ്പര്‍ താരങ്ങളുടെ വഴി നടക്കരുത്. മമ്മൂട്ടി പണ്ടേ താങ്കളുടെ ചിത്രങ്ങള്‍ക്ക് അനുയോജ്യനല്ല. മോഹന്‍ലാല്‍ ഒരു കാലത്ത് താങ്കള്‍ക്ക് ഏറ്റവും അനുയോജ്യനായ നായകനായിരുന്നു. അത്രയും മാനസിക ഐക്യം മറ്റൊരു നടനുമായും താങ്കള്‍ക്ക് ഇനി ഉണ്ടാവുകയുമില്ല. പക്ഷേ ഇന്ന് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിന്റെ പരിധിക്ക് മുകളിലേക്ക് വളര്‍ന്ന് പോയി (രൂപം, ഭാവം, പരിവേഷം എല്ലാത്തിലും). ഉദാഹരണത്തിന്‌ ബെന്നി എന്ന കുട്ടനാടന്‍ നസ്രാണിയെ ഭാഗ്യദേവതയില്‍ ലാല്‍ അവതരപ്പിച്ചിരുന്നുവെങ്കില്‍, അങ്ങേര്‍ക്ക് കഥയില്‍ മിനിമം നാല് ഹൌസ് ബോട്ട് സ്വന്തമായി കൊടുക്കാനോ, നായകന്‍ പള്ളീലച്ചന് ബൈബിളില്‍ ക്ലാസ് എടുക്കുന്ന രംഗങ്ങള്‍ ഒരുക്കാനോ ഒരുപക്ഷേ താങ്കള്‍ നിര്‍ബന്ധിതനായേനെ.ഇതൊന്നുമില്ലെങ്കില്‍ സ്വാര്‍ഥനായ നായകന്‍ ചെയ്ത് കൂട്ടിയതിനെല്ലാം ലോകത്തെങ്ങുമില്ലാത്ത ന്യായീകരണങ്ങള്‍ താങ്കള്‍ക്ക് കണ്ടു പിടിക്കേണ്ടി വന്നേനെ.

പിന്നെ മീരാ ജാസ്മിന്‍ ...പ്ലീസ് സര്‍, തത്കാലം ആ കൊച്ച് തമിഴിലും,കന്നടയിലും അഭിനയച്ച് തെളിയട്ടെ. താങ്കളുടെ പടത്തില്‍ അവര്‍ ചെയ്തിട്ടുള്ള കഥപാത്രങ്ങളേക്കാള്‍ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്കിഷ്ടം, അവര്‍ തമിഴിലും, കന്നടയിലും, തെലുങ്കിലും നയന്‍താരയും , മമതാ മോഹന്‍ദാസും ഒക്കെ ചെയ്യുന്നത് പോലുള്ള വേഷങ്ങള്‍ ചെയ്യുന്നതാണ്. താങ്കളുടെ പടത്തില്‍ വന്നു കഥ മൊത്തം കുളമാക്കുന്നതിലും ഭേദമല്ലേ അത്?

ഈ രണ്ടു കാര്യങ്ങള്‍ ചെയ്തിട്ട്, താങ്കള്‍ എങ്ങനെ പടം എടുത്താലും, ഭാഗ്യദേവത പോലെയുള്ള പടങ്ങള്‍ ഇനിയുമുണ്ടാകും. ക്ലാസിക്ക് ഒന്നുമല്ലെങ്കിലും, സുഖകരമായി കണ്ടിരിക്കാവുന്ന ആ സത്യന്‍ ടച്ച് ഉള്ള സിനിമകള്‍ . എനിക്ക് ഉറപ്പാണ്.

സ്നേഹപൂര്‍വ്വം


എ കെ

7 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ബെന്നി എന്ന കുട്ടനാടന്‍ നസ്രാണിയെ ഭാഗ്യദേവതയില്‍ ലാല്‍ അവതരപ്പിച്ചിരുന്നുവെങ്കില്‍, അങ്ങേര്‍ക്ക് കഥയില്‍ മിനിമം നാല് ഹൌസ് ബോട്ട് സ്വന്തമായി കൊടുക്കാനോ, നായകന്‍ പള്ളീലച്ചനു ബൈബിളില്‍ ക്ലാസ് എടുക്കുന്ന രംഗങ്ങള്‍ ഒരുക്കാനോ ഒരുപക്ഷേ താങ്കള്‍ നിര്‍ബന്ധിതനായേനെ.ഇതൊന്നുമില്ലെങ്കില്‍ സ്വാര്‍ഥനായ നായകന്‍ ചെയ്ത് കൂട്ടിയതിനെല്ലാം ലോകത്തെങ്ങുമില്ലത്ത ന്യായീകരണങ്ങള്‍ താങ്കള്‍ക്ക് കണ്ടു പിടിക്കേണ്ടി വന്നേനെ.

പാവപ്പെട്ടവൻ said...

സുഖകരമായി കണ്ടിരിക്കാവുന്ന ആ സത്യന്‍ ടച്ച് ഉള്ള സിനിമകള്‍ .

വളരെ ശരിയായ നിരീക്ഷണം

Calvin H said...

എനിക്കിപ്പൊഴും സത്യന്‍ അന്തിക്കാടീന്റെ തിര്‍ക്കഥാരചനയില്‍ വിശ്വാസമില്ല...
കാണാതെ അഭിപ്രായം പറയുന്നില്ല...

എങ്കിലും കേട്ടിടത്തോളം പഴയ സ്റ്റഫ് തന്നെ...

Aadityan said...

പോസ്റ്റ് വായിച്ചിട്ടാണ് പടം കാണാന്‍ പോയത് . പറയുന്നത് 100% ശരിയാണ് . satyanthe പഴയ പടം ഒക്കെ കാണുന്ന ഒരു പ്രതീതി . ഹരിഹര നഗര്‍ ഇതു കാണുമ്പൊള്‍ ഒരു കോമാളി ചിത്രമായി (വെറുമൊരു) തോന്നുന്നു . ലോങ്ങ് റണ്‍ ill പടം പിടിച്ചു കേറും എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.Though theater was full not much of a rush to get tickets now here.

Inorder to save malayalam filim industry such movies should be encouraged

Aadityan said...
This comment has been removed by the author.
Surekha said...

തികച്ചും സവ്യസാചിയുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. മലയാള സിനിമയ്ക്ക് സത്യന്‍ അന്തിക്കാടിനെ പോലെയുള്ള ഒരു സംവിധായകനെ നഷ്ട്പ്പെടുമല്ലോയെന്നോര്‍ത്ത് വളരെയധികം ദുഖമുണ്ഡായിരുന്നു... ഭാഗ്യദേവത വിജയിച്ചുവെങ്കിലും എനിക്ക് ഇപ്പോഴും സത്യന്‍സാറിന്റെ തിരക്കഥാ രചനയില്‍ വിശ്വാസമില്ല. സിബിമലയിലിനെ പോലെ, ലോഹിതദാസിനെപോലെ കാലിടറി വീണു പോകുമോ എന്നൊരു സംശയം. 100% ശതമാനം ഞാന്‍ സവ്യസാചിയോടു യോജിക്കുന്നു.

Eccentric said...

mashe, second half valichilaayi thonni. Pinne, kanihayute casting sarikkum mikachathaayi. Thankuvasan kalakki...Jayaram pattanapole oppichu.