ചലച്ചിത്ര വാര്‍ത്തകള്‍
മോഹന്‍ലാല്‍:
നോട്ട് ബുക്കിന് ശേഷം റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം, മോഹന്‍ലാലിന്റെ വ്യത്യസ്തമായ വേഷം,ബാഗ്ലൂരില്‍ കണ്ണഞ്ചിപ്പിക്കുന്ന ചടങ്ങില്‍ തുടക്കം;എന്തെല്ലാം ബഹളങ്ങളായിരുന്നു കാസനോവ എന്ന മോഹന്‍ലാല്‍ ചിത്രത്തിനെക്കുറിച്ച്. നൂറ്റിയെട്ട് പെണ്‍കുട്ടികളെ പ്രണയിക്കുന്ന നിത്യ കാമുകനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ,പ്രതീക്ഷകള്‍ വനോളമായിരുന്നിരിക്കണം. പ്രേക്ഷകര്‍ക്കല്ല,മോഹന്‍ലാലിന്. പറഞ്ഞിട്ടെന്ത് കാര്യം? ചിത്രം തുടങ്ങും മുന്‍പേ നിര്‍മ്മാതാക്കള്‍ കളിക്കാന്‍ വന്ന കോണ്‍ഫിഡെന്റ് ഗ്രൂപ്പ് കാലു മാറിയില്ലേ!!!
നിര്‍മ്മാണ ചിലവ് കൂടിയത് കൊണ്ടാണ് അവര്‍ പിന്മാറിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. പക്ഷേ, സാഗര്‍ അലിയാസ് ജാക്കിയുടെ 'ഉജ്ജ്വല' പ്രകടനം കണ്ട ശേഷമുണ്ടായ 'വല്ല എന്‍ ആര് ഐ കാര്‍ക്കും വില്ലയും ഫ്ലാറ്റും പണിഞ്ഞ് കൊടുത്തുണ്ടാക്കിയ പണം വെറുതെ വിയന്നയിലും ,മറ്റും കൊണ്ട് ലാലിനെ ആടി പാടിച്ച് കളയണോ' എന്ന വികാരമാണ് നിര്‍മ്മാതാക്കളെ ഓടി രക്ഷപ്പെടുവാന്‍ പ്രേരിപ്പിച്ചത് എന്ന് സ്ഥിരീകരിക്കാത്ത ഒരു വാര്‍ത്തയും ചലച്ചിത്ര ലോകത്ത് കറങ്ങുന്നുണ്ട്.
അതിന്റെ സത്യമെന്തായാലും നൂറ്റിയെട്ട് പോയിട്ട് ഒരെണ്ണം പോലും കാസനോവക്ക് ഇനി തടയില്ല എന്നത് പരമാര്‍ത്ഥം. പടം ഉപേക്ഷിച്ചു.
പക്ഷേ റോഷന് ആരാ പുള്ളി. കാസനോവ ഇല്ലെങ്കില്‍ കൃസ്ത്യാനി ക്ഷീര കര്‍ഷകനായിട്ട് മോഹന്‍ലാലിനെ,ജെയിംസ് ആല്‍ബെര്‍ട്ടിന്റെ(ക്ലാസ്മേറ്റ്സ്, സൈക്കില്‍) തിരക്കഥയില്‍ അഭ്രപാളിയില്‍ അവതരിപ്പിക്കാനാണ് പുതിയ തീരുമാനം.
'നൂറ്റിയെട്ട് പ്രണയമില്ലെങ്കില്‍ ലാലേട്ടന് ഞാന്‍ ആയിരത്തിയെട്ട് പശുക്കളെ തരാം' എന്ന് റോഷന് പറഞ്ഞു കാണുമോ? അറിയില്ല. പക്ഷേ അറിയാവുന്ന ഒന്നുണ്ട്. ചിത്രത്തിന്റെ കഥ ഒരു ക്ഷീര കര്‍ഷകന്റെ സാധാരണ ജീവിതത്തില്‍ നടക്കുന്ന അസാധാരണ സംഭവങ്ങളെക്കുറിച്ചാണത്രേ.ഇനി ക്ഷീര കര്ഷകന് ദിവസവും ആയിരത്തിയെട്ട് പശുക്കളുടെ പാല്,ഒരു തുള്ളി പുറത്ത് കൊടുക്കാതെ മുഴവന്‍ സ്വയം കുടിക്കുന്നതാണോ അസാധാരണ സംഭവം? അങ്ങനെയാണെങ്കില്‍ ഇപ്പോഴത്തെ ശരീരപ്രകൃതി വെച്ച് മോഹന്‍ലാലിന് ലഭിക്കുന്ന ഏറ്റവും വിശ്വസനീയമായ കഥാപാത്രമാകും ഇതെന്നതില്‍ സംശയമില്ല.
കമലഹാസനുമൊത്ത് അഭിനയിക്കുന്ന ഉന്നൈപ്പോല് ഒരുവന്‍ന്റെ (ഹിന്ദിയിലെ ആ വെനസ്സ് ഡേ എന്ന വെടിക്കെട്ട് പടത്തിന്റെ തമിഴ് ആഖ്യാനം)ചിത്രീകരനത്തിന് ശേഷം മോഹന്‍ലാല്‍ കര്‍ഷകനാകും എന്നാണ് അറിയുന്നത്.
മമ്മൂട്ടി:
മമ്മൂട്ടി മറ്റ് നടന്മാരില് നിന്നും തീര്‍ത്തും വ്യതസ്ഥനാണ് എന്ന അഭിപ്രായം അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍(ലവ് ഇന്‍ സിങ്കപ്പൂര്‍,മായാബസാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അവശേഷിച്ചിരിക്കുന്നവര്ക്കിടയില്) ശക്തമാണ്. അടുത്തിടെ അദ്ദേഹം അഭിനയിക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ വെച്ച് നോക്കുമ്പോള്‍,ഇത് സത്യമാണ് എന്ന് വിശ്വസിക്കാന്‍ ന്യായങ്ങള്‍ ഏറെയുണ്ട്.ഉടന്‍ പുറത്തിറങ്ങാനുള്ള 'ഈ പട്ടണത്തില്‍ ഭൂതത്തിലും', 'ഡാഡി കൂളിലും' ജീവിതത്തോടു വളരെ അടുത്ത് നില്ക്കുന്ന വേഷങ്ങളാണ് അദ്ദേഹം ചെയ്യുന്നത് എന്ന് അവയെക്കുറിച്ച് കേട്ടപ്പോള്‍ തോന്നി.
'ഈ പട്ടണത്തില്‍ ഭൂതത്തില്‍' ,അഞ്ച് വയസ്സുകാരന്റെ ബുദ്ധിയും,ആയിരം ആനകളുടെ ശക്തിയും ഉള്ള ഭൂതമായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. ഭൂതത്തിന്റെ ഗുണങ്ങളില്‍ ഏതാണ് അദ്ദേഹത്തിനുള്ളത് എന്നത് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങള്‍ കണ്ട ശേഷം(നിങ്ങളുടെ ഒരു സമയമേ!!!) വായനക്കാര്‍ക്ക് തീരുമാനിക്കാം.
ഡാഡി കൂളില് ചെയ്യുന്ന പണിയോടു യാതൊരു താത്പര്യവുമില്ലാതെ നടക്കുന്ന, എന്നാല്‍ പത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും മുന്നില്‍ എന്നെക്കഴിഞ്ഞേ ആളുള്ളൂ എന്ന മട്ടില്‍ നടക്കുന്ന ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കൂടുതല്‍ വിശദീകരണം വേണോ?
ദിലീപ്:
ക്രേസി ഗോപാലന് ,മോസ് ആന്‍ഡ് ക്യാറ്റ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ തന്റെ സ്ഥാനം (ലാസ്റ്റീന്ന് ഫസ്റ്റ് ) അരക്കിട്ടുറപ്പിച്ച ശേഷം ദിലീപ് ഇപ്പോള്‍ സംവിധായകന് സിദ്ദിക്കിന്റെ ബോഡിഗാര്‍ഡില്‍ അഭിനയിച്ച് വരുകയാണ്.
ചിത്രത്തില്‍ നയന്‍ താരയുടെ ബോഡിഗാര്‍ഡായിട്ടാണ് ദിലീപ് എത്തുന്നത്. ഹോ!!!അങ്ങേരുടെ (ദിലീപിന്റെയല്ല, ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ) തലയില്‍ വരച്ച റീഫില്‍ ഒന്ന് കിട്ടാന്‍ എന്താ മാര്‍ഗ്ഗം?
സംഗതി നയന്‍താരയും ബോഡിയും ഛെ ബോഡി ഗാര്ഡുമൊക്കെയാണെങ്കിലും ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ ചിത്രത്തിന് ആകെ പ്രശ്നങ്ങളാണ്. ആദ്യം മൊബൈലില്‍ ഫോട്ടോ എടുത്ത കോളേജ് പിള്ളേരെ നയന്‍ വിരട്ടിയത്,പിന്നെ നയന്‍ അമ്പല വാതുക്കല് ചുരിദാര്‍ അഴിച്ച് വെച്ചില്ലെന്നോ,അമ്പലത്തില്‍ അതുമിട്ടോണ്ട് കയറിയെന്നോ ഒക്കെ പറഞ്ഞുള്ള വിവാദം, പിന്നെ യൂണിറ്റ് വണ്ടി മറിഞ്ഞ് ചിത്രത്തിന്റെ രണ്ട് അണിയറ പ്രവര്‍ത്തകര്‍ ആശുപത്രിയിലായത്... അങ്ങനെ തുടരെ തുടരെ പ്രശ്നങ്ങള്‍.
ഒടുവില്‍ എല്ലാം ഒന്ന് ഒതുങ്ങിയെന്ന് കരുതി ഒറ്റപ്പാലത്ത് വീണ്ടും ചിത്രീകരണം തുടങ്ങിയപ്പോള്‍ ദാ വരുന്നു പിടിച്ചതിനേക്കാള്‍ വലുത്.
മാക്ട-ദിലീപ് പ്രശ്നം തുടങ്ങിയിട്ട് കുറച്ച് കാലമായി.
അതിന്റെ പേരില്‍ ജനപ്രിയ സംവിധായകന് ബൈജു കൊട്ടാരക്കരയുടെ നേതൃത്വത്തില്‍ ചിലര്‍( ജെയിംസ് ബോണ്ട് എന്ന ചിത്രത്തിന് ശേഷം പത്തു കൊല്ലമായിട്ട് അദ്ദേഹം പടമൊന്നും എടുത്തിട്ടില്ല എന്ന ഒറ്റകാരണത്താല്‍ ബൈജു കൊട്ടാരക്കര ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്) ആദ്യം ബോഡിഗാര്‍ഡിന്റെ ചിത്രീകരണം തടസ്സപ്പെടുത്തി.ടീവിയില്‍ ഉണ്ടായിരുന്നു. ബൈജു ധീരമായി അറസ്റ്റു വരിച്ച ശേഷം ജീപ്പിന്റെ പടിയില്‍ ഇറങ്ങി നിന്ന് 'കണ്ടോളാമെടാ @#$%^&' എന്ന് ആക്രോശിക്കുന്നത്. തുടര്‍ന്ന് പോലീസിന്റെ മദ്ധ്യസ്ഥതയില്‍ ദിലീപും സിദ്ദിക്കും, ബൈജുവും മാക്ടയുമായി ചര്‍ച്ചകള്‍ നടത്താം എന്ന് തീരുമാനിക്കപ്പെട്ടു. പക്ഷെ അവസാന നിമിഷം ദിലീപ് മാക്ടയുമായി ചര്‍ച്ചകള്‍ക്ക് ഇല്ല എന്ന് പറഞ്ഞു പിന്മാറി. കേരളാ പോലീസല്ലേ ഇടനിലക്കാര്‍?വിടുമോ? അപ്പോള്‍ കൊടുത്തു സിദ്ദിക്കിന് ചിത്രീകരണം പൂട്ടിക്കെട്ടാനുള്ള ഇണ്ടാസ്.
ദിലീപിന്റെ ഒരു സമയമേ. അതാണ് നേരത്തെ പറഞ്ഞത് അദ്ദേഹത്തിന്റെ തലയില്‍ വരച്ച റീഫില്‍ വേണ്ടാ, ചിത്രത്തിലെ കഥാപാത്രത്തിന്റെ തലയില്‍ വരച്ചത് മതിയെന്ന്.
മലയാള സിനിമയുടെ ഈ മൂന്ന് ആധാരസ്തംഭങ്ങള്‍ ഇപ്പോള്‍ ഏതൊക്കെ സിനിമയില്‍ അഭിനയിക്കുന്നു, അതിലവരുടെ കഥാപാത്രങ്ങള്‍ എന്തൊക്കെ എന്നതിനെക്കുറിച്ചൊക്കെ വായനക്കാര്‍ക്ക് ഒരു ഏകദേശ രൂപം കിട്ടിയില്ലേ?ഇനി കാത്തിരുന്നോളുക; ഈ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്താന്‍.(വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല മക്കളെ. അത് അനുഭവിച്ച് തന്നെ തീരണം).
ഇവയൊന്നും പോരാഞ്ഞ്,വരാന്‍ പോകുന്ന തകര്‍പ്പന്‍ മറ്റ് ചിത്രങ്ങളെക്കുറിച്ചോര്‍ത്ത് ആവേശം സഹിക്ക വയ്യാതെ വായനക്കാര്‍ സ്വയം തീ കൊളുത്തി മരിക്കുക, തീവണ്ടിക്ക് തല വെയ്ക്കുക തുടങ്ങിയ കലാപരിപാടികള്‍ നടത്താതിരിക്കാനുള്ള ഒരു മുന്‍കരുതല്‍ എന്ന നിലക്കാണ് മലയാള ചലച്ചിത്ര രംഗത്തെ മറ്റു താരങ്ങളുടെ വെള്ളിത്തിരയിലെ വിശേഷങ്ങള്‍ ഇവിടെ പറയാത്തത്
3 comments:
കോന്ഫിടെന്റ്റ് ഗ്രൂപ്പ് md സ്റ്റാര്‍ സിങ്ങര്‍ വേദിയില്‍ കാസനോവ നടക്കും എന്ന് പറയുന്നത് കേട്ടു ഇന്നലെ ഗ്രാന്‍ഡ് ഫിനലെയില്‍
thalkaalathekku mattiyennaan arivu..
pls.visit my blog http://mekhamalhaar.blogspot.com
super :)
Post a Comment