Saturday, April 18, 2009

മോസ് & ക്യാറ്റ് : ഇതാണ് പടം

തമോഗര്‍ത്തം സിനിമാ വാരികയുടെ ഫാന്‍ മെയിലില്‍ വന്ന ഒരു കത്തില്‍ നിന്നും...

മുപ്പത്തിയഞ്ച് ദിവസം തിരുവനന്തപുരം ന്യൂ തിയറ്ററില്‍ തികച്ചോടി, സുപ്പര്‍ മെഗാ ഹിറ്റായ ക്രേസി ഗോപാലന് ശേഷം ജനപ്രിയ നായകന്‍ ദിലീപേട്ടന്റെ(കീ ജയ്) അടുത്ത ചിത്രം മോസ് & ക്യാറ്റ് കേരളക്കരയെ പ്രകമ്പനം കൊള്ളിക്കുന്നതില്‍ സന്തോഷമുണ്ട്.മലയാളിക്ക്‌ ദിലീപേട്ടന്റെ വക വിഷു കൈനീട്ടമാണ് ഈ ചിത്രമെന്നതില്‍ തര്‍ക്കമില്ല.

മാത്രമല്ല, രണ്ടു വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഫാസില്‍ മടങ്ങിയെത്തുമ്പോള്‍, ആ സംവിധാന മികവിനെ സീറ്റില്‍ കയറി നിന്ന് കൈയ്യടിച്ച് സമ്മതിക്കതിരിക്കാനാവില്ല.

ദിലീപേട്ടന്‍ അവതരിപ്പിക്കുന്ന മോസ് ഡി സാമുവല്‍ എന്ന ചെറുകിട കള്ളന്റെ വേഷ വിധാനത്തില്‍ വരെ മലയാളം സിനിമാ പ്രവര്‍ത്തകര്‍ സ്നേഹപൂര്‍വ്വം പാച്ചിക്ക എന്ന് വിളിക്കുന്ന ഫാസില്‍ സര്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. കൊച്ചി പോലൊരു നഗരത്തില്‍ നട്ടുച്ചക്ക്, ടീ ഷര്‍ട്ടും ,അതിനു മേല്‍ ഷര്‍ട്ടും, ഒക്കെത്തിനും മേല്‍ ഡെനിം കോട്ടുമിട്ട നായകനെ പാച്ചിക്കക്കല്ലാതെ മറ്റാര്‍ക്ക് കാണികള്‍ക്കായി നല്‍കുവാന്‍ സാധിക്കും.

പാച്ചിക്കയുടെ മികവിനെ നമ്മള്‍ സമ്മതിച്ച് പോകുന്ന മറ്റൊരു കാര്യം, അദ്ദേഹം പടത്തില്‍ ബേബി നിവേദിതയെ അഭിനയിപ്പിച്ചിരിക്കുന്ന രീതിയാണ്. കഥയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്ന ഒന്നാണ്, ദിലീപേട്ടന്‍ ആ കുട്ടിക്ക് മുന്നില്‍ മുട്ട് കുത്തിയിരിക്കുകയും, ആ കുട്ടി നടന്ന് വന്ന് ദിലീപേട്ടന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും എന്തെങ്കിലും എടുക്കുകയും ചെയുക എന്നത്. മുന്നോട്ടു നടക്കുന്നതിനു മുന്‍പ് ആ കുട്ടിയുടെ മുഖത്ത്‌ വരുന്ന ഭാവം 'പ്രിയപ്പെട്ട നാട്ടുകാരെ ,ഇനി ഞാന്‍ അവതരിപ്പിക്കുന്നത് ഓമനത്തം തുളുമ്പുന്ന ഭാവാഭിനയം' എന്നാണ്. അതിനു ശേഷം മാത്രമേ ഓമനത്തം വരൂ.അഭിനേതാക്കളെ മാത്രമല്ല, കാണികളെ വരെ ഇങ്ങനെ പ്രോംപ്റ്റ് ചെയ്യാന്‍ ഇന്ന് മലയാള സിനിമയില്‍ പാച്ചിക്കയെയുള്ളൂ.

ദിലീപേട്ടന്റെ അഭിനയമാണെങ്കില്‍ പറയാനുമില്ല.രണ്ടരയിഞ്ചിന്റെ ഹീലും വെച്ച്,ആ അഹങ്കാരമൊന്നുമില്ലാതെ, ചിത്രത്തിന്‍റെ അവസാന പതിനഞ്ച് മിനിട്ട് വരെ നമ്മള്‍ കാണികളോടൊപ്പം 'ദെന്താപ്പാ നടക്കണത്‌,ഒരു പിടിയും കിട്ടണില്ലല്ലാ' എന്ന് അന്തംവിട്ട്‌ നില്‍ക്കുകയും, അവസാന നിമിഷങ്ങളില്‍ അതിബുദ്ധിമാനായി മാറി, വില്ലനെ ഒതുക്കുന്ന ഹീറോ, മനോരോഗ വിദഗ്ദ്ധന്‍,കാമുകന്‍ അങ്ങനെ ഒട്ടേറെ വേഷങ്ങള്‍ ഒറ്റയ്ക്ക് ചെയ്തു തീര്‍ക്കുകയും ചെയ്ത അദ്ദേഹം തന്നെയല്ലേ യഥാര്‍ത്ഥ ജനപ്രിയ നായകന്‍? അതും മുന്നിലൊക്കെ ഇരുന്നവന്‍മാരുടെ അസാധ്യ കൂവലിനിടക്ക്,ശ്രദ്ധ മാറിപോകാതെ ഇതൊക്കെ ഒറ്റയ്ക്ക് ചെയ്യാന്‍ രജനീകാന്തിന് പോലും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.

പിന്നെ പടത്തിനെ കുറ്റം പറയുന്നവര്‍ക്ക് വേണമെങ്കില്‍ പറയാം, ഹരിശ്രീ അശോകനും, സുധീഷും ചേര്‍ന്നുള്ള കോമഡി രംഗങ്ങള്‍ കൊള്ളില്ല എന്ന്. അതും വേണമെങ്കില്‍ മാത്രം.അല്ലാതെ ആ രംഗങ്ങള്‍ കണ്ടപ്പോള്‍, തിയറ്ററില്‍ എന്റെയടുത്തിരുന്നിരുന്ന രണ്ടെണ്ണം ചെയ്തത് പോലെ സ്വന്തം തലമുടി വലിച്ച് പറിക്കുക, നെച്ചത്തടിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒന്നും ചെയ്യേണ്ട ഒരു ആവശ്യവുമില്ല. ചുമ്മാ പടം കൊള്ളില്ല എന്ന് മറ്റുള്ളവരെ കാണിക്കാനുള്ള ഒരു പ്രഹസനമല്ലേ ഇതും,ഈ കൂവലുകളുമൊക്കെ. ഇവന്മാര്‍ക്ക് ഒന്നുമില്ലെങ്കിലും പടത്തിലെ തകര്‍പ്പന്‍ രംഗ സജ്ജീകരണവും, വസ്ത്രാലങ്കാരവും കണ്ട് മിണ്ടാതിരുന്നൂടെ?

ചിത്രത്തിലെ വസ്ത്രാലങ്കാരം എടുത്ത്‌ പറഞ്ഞേ മതിയാവു. ചേട്ടന്‍ മുഴുഭ്രാന്തിന്റെ വക്കില്‍, കാമുകന്‍ കളഞ്ഞിട്ടു പോകാന്‍ നില്‍ക്കുന്നു...അങ്ങനെയുള്ള അവസരത്തില്‍ ശോക ഗാനത്തില്‍ അഭിനയിക്കുമ്പോള്‍ പോലും നായികയുടെ ഡ്രെസ്സും, കമ്മലും, ചെരിപ്പും ,ലിപ്സ്റ്റിക്കും തമ്മില്‍ എന്ത് മാച്ചാണെന്നോ. അറിയണമെങ്കില്‍ പടം കാണുക തന്നെ വേണം.

നായികയായ് അഭിനയിച്ച അശ്വതി അശോക്,നല്ലത് പോലെ ഡാന്‍സ് ചെയ്യുകയും,ഇടയ്ക്കിടെ കരയുകയും, ഒടുക്കം ദിലീപേട്ടനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്.മലയാള സിനിമയില്‍ അല്ലെങ്കില്‍ താമസിയാതെ പാച്ചിക്കയുടെ കൈയ്യെത്തും ദൂരത്ത്‌ എന്ന പടത്തിലെ നായിക നിഖിതയെപ്പോലെ (സരോജയിലെ ഡാന്‍സ് കണ്ടവര്‍ മറക്കില്ല)തമിഴിലെങ്കിലും ആ കുട്ടിക്ക് ഭാവിയുണ്ട്.

ക്യാമറ കൈകാര്യം ചെയ്ത ആനന്ദക്കുട്ടന്‍ സാറും ,പടം എഡിറ്റ് ചെയ്ത കെ ആര്‍ ഗൌരിശങ്കര്‍ സാറും ചെയ്സ് രംഗങ്ങളിലൊക്കെ കുട്ടികള്‍ ഓടി തൊട്ട് കളിക്കുന്ന ഒരു അനുഭവം കാണികള്‍ക്ക് നല്‍കാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചിട്ടുണ്ടാകണം.

മാഫിയാ ശശിയുടെ സംഘട്ടനം അത്ര പോരാ.വില്ലന്‍ മനോജ് കേ ജയനിട്ട് ഈ പടത്തില്‍ അവസാന രംഗത്ത് ദിലിപേട്ടന്‍ ഒരു ചവിട്ട്‌ മാത്രമേ കൊടുക്കുന്നുള്ളൂ. അങ്ങനെയുള്ളപ്പോള്‍ പേരെഴുതി കാണിക്കുമ്പോള്‍ സംഘട്ടനം മാഫിയാ ശശി എന്ന് എഴുതിക്കാണിച്ചാല്‍, അസൂയാലുക്കള്‍ 'ദിലിപേട്ടന്‍ കുള്ളനായത് കൊണ്ട് ആ ചവിട്ടും കയറു കെട്ടി ചവിട്ടിക്കാന്‍ സ്റ്റണ്ട് മാസ്റ്റര്‍ വേണമായിരിക്കും' എന്ന് പറയുവാന്‍ സാധ്യതയുണ്ട്. ചെയ്സിനും , അവസാനത്തെ വില്ലന്റെ മരണത്തിനും ഒക്കെ സ്റ്റണ്ട് മാസ്റ്റര്‍ മാത്രമല്ല സ്റ്റണ്ട് താരങ്ങളും വേണം എന്ന് ഒരുത്തനെ ഞാന്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു നോക്കിയതാ . അപ്പൊ അവന്‍ പറയുകയാണ്‌ 'ഈ പടത്തില്‍ കാണിച്ച ചെയ്സും മറ്റും ചെയ്യാന്‍ മാഫിയാ ശശിയും ടീമും ഒന്നും വേണ്ടാ കൂവേ. ഏതെങ്കിലും ഡ്രില്‍ മാഷ്‌ മതിയെന്ന്'. ഇനി ദിലിപേട്ടനെ വെച്ച് ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ജോണി സാഗരിഗ ഇക്കാര്യം ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം.

മനോജ് കെ ജയന്റെ കഥാപാത്രം മലയാളത്തിന് ലഭിച്ച പുതുമയുള്ള വില്ലാനാണ് എന്ന് കൂടി പറയാതെ എന്തായാലും ഈ കത്ത് ഞാന്‍ അവസാനിപ്പിക്കുന്ന പ്രശ്നമില്ല. കണ്ണുരുട്ടി,പല്ല് ഞെരിച്ച് അദ്ദേഹം സ്ക്രീനിലേക്ക് നോക്കുമ്പോള്‍, ഹോ പേടിയാവും. എന്ന് വെച്ച് ഫുള്‍ ടൈം കണ്ണുരുട്ടല്‍ അല്ല...കൂളിംഗ് ഗ്ലാസ് വെയ്ക്കാത്തപ്പോള്‍ മാത്രമേ പനക്കല്‍ ദാസ് എന്ന മനോജിന്റെ വില്ലന്‍ വേഷം കണ്ണുരുട്ടു. വെറുതെ ആള്‍ക്കാരെ അധികം പേടിപ്പിക്കണ്ടാ എന്ന് കരുതിയാവണം , അദ്ദേഹം മിക്കവാറും കൂളിംഗ് ഗ്ലാസ് വെച്ചാണ് നടക്കുന്നത്. എങ്കിലും താന്‍ വില്ലനാണ് എന്ന് കാണികള്‍ മറന്നു പോകാതിരിക്കാന്‍ ഇടയ്ക്കിടെ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞു അദ്ദേഹം സ്ക്രീനില്‍ വരുന്നുണ്ട്.

എന്തായാലും,ഇത്രയും ഒരു തകര്‍പ്പന്‍ പടം മലയാളികള്‍ക്ക് സമ്മാനിച്ച പാച്ചിക്കക്കും ദിലിപേട്ടനും നന്ദി.

ബിജു.കെ.പി
ദിലീപ് ഫാന്‍സ്‌ അസോസിയേഷന്‍ (സെക്രെട്ടറി)
വെങ്ങാനൂര്‍ യൂണിറ്റ്

6 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹഹഹ തകര്‍പ്പന്‍ . ഇനീപ്പൊ ആ സിനിമ കാണുമ്പോഴും ഇതാവും ഓര്‍മ്മ വരിക

suraj::സൂരജ് said...

ഇത്രേം കടുത്ത ആരാധകനെ ഒന്നു പരിചയപ്പെട്ട് വയ്ക്കുന്നത് നല്ലതാ. കാശ് കളയണ്ടാല്ലോ.

നമിച്ചണ്ണാ ഈ കിടിലം എഴുത്തിന് :)

ശ്രീ said...

പാവം ദിലീപ്... ഒരു പടം വിജയിച്ചു കണ്ടിട്ട് (ട്വെന്റി 20 മാറ്റിനിര്‍ത്തിയാല്‍) കാലമെത്രയായി?

വാഴക്കോടന്‍ ‍// vazhakodan said...

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മലയാള സിനിമകള്‍ കാണുന്ന പ്രശ്നമേയില്ല!
വാഴക്കോടന്‍

Hrishy said...

മുന്‍പത്തെ അപേക്ഷിച്ച് ഇതു അത്ര പോര ...
എങ്കിലും കൊള്ളാം ...

Eccentric said...

"അതും മുന്നിലൊക്കെ ഇരുന്നവന്‍മാരുടെ അസാധ്യ കൂവലിനിടക്ക്,ശ്രദ്ധ മാറിപോകാതെ ഇതൊക്കെ ഒറ്റയ്ക്ക് ചെയ്യാന്‍ രജനീകാന്തിന് പോലും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.
"

Ithaanu etavum ishtapettaTH.