Saturday, April 18, 2009

സമസ്ത കേരളം:കൊല്ലെടാ കൊല്ല്

ജയറാമിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന (സത്യമായിട്ടും തിരുവനന്തപുരം അജന്ത തിയറ്ററിന് മുന്നില്‍ ഒരു ഫാന്‍സ്‌ അസോസിയേഷന്റെ ഫ്ലെക്സ് ഉണ്ട്) സമസ്ത കേരളം പി ഓ,കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തി.ഗാന്ധി വാദിയായ ഒരു പഞ്ചായത്ത് മെമ്പര്‍ക്ക്‌,ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളുടെ കഥയാണെന്ന് തോന്നുന്നു സംവിധായകന്‍ ബിപിന്‍ പ്രഭാകറും (കാക്കി,വണ്‍ വേ ടിക്കെറ്റ് തുടങ്ങിയ സുപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ തിയറ്ററില്‍ പോയിക്കണ്ട എന്നെപ്പോലെ ചുരുക്കം ചില മഹാന്‍മാര്‍ ഇദ്ദേഹത്തെ അറിയും), തിരക്കഥാകൃത്ത് ഗിരീഷ് കുമാറും കൂടി പറയാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

പടം തുടങ്ങി ഇരുപതോളം മിനിട്ടുകള്‍ക്ക് ശേഷം(അമ്മയാണെ വാച്ച് നോക്കി),തോന്നക്കരയില്‍ പ്രഭാകരന്‍ എന്ന ഗാന്ധിയന്‍(ജയറാം) ഇലക്ഷന്‍ ജയിച്ച് പഞ്ചായത്ത് മെമ്പര്‍ ആകുന്നതോടെ ചിത്രത്തിന്‍റെ കഥ തുടങ്ങുന്നു. അപ്പോളതുവരെ എന്ത് കുന്തമായിരുന്നെടാ കൂവേ പടത്തില്‍ എന്ന് ചോദിച്ചാല്‍...തോന്നക്കര പഞ്ചായത്തിനെയും അവിടുത്തെ ആളുകളെയും ജയറാം വോയിസ്‌ ഓവറിലൂടെ അജന്തയില്‍ പടം കാണാന്‍ ഉണ്ടായിരുന്ന ചുരുക്കം ചില ആളുകള്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു.
മഹാത്മാ എന്ന പേരില്‍ ഒരു ബുക്ക് സ്റ്റാള്‍ നടത്തുന്ന പ്രഭാകരന്‍ ,അമ്മയോടും , പ്രഭാകരന്റെ അച്ഛന്‍ വഴിയില്‍ നിന്നും എടുത്ത്‌ വളര്‍ത്തിയ കുട്ടിയായ രാധയോടും (പ്രിയങ്ക) ഒപ്പം താമസിക്കുന്നത് ,പ്രഭാകരന്റെ മുംബൈയില്‍ സ്ഥിര താമസമാക്കിയ ചെറിയമ്മാവന്റെ (ശ്രീകുമാര്‍) പേരിലുള്ള കുടുമ്പ വീട്ടിലാണ്.

ഒരിക്കലും നാട്ടിലേക്ക് തിരിച്ചു വരില്ല എന്ന് കരുതിയിരുന്ന പ്രഭാകരന്റെ ചെറിയമ്മാവന്‍, മുംബൈയില്‍ നിന്നും കുത്തുപാള ഒരെണ്ണം നീറ്റായി കിട്ടി നാട്ടിലെത്തുന്നത്തോടെ പ്രഭാകരന്റെ കുടുമ്പത്തില്‍ പ്രശനങ്ങള്‍ തുടങ്ങുന്നു. അതുവരെ പ്രഭാകരനെയും, രാപകല്‍ പാടത്തും,പറമ്പിലും കഷ്ടപ്പെടുന്ന രാധയെയും മുതലാക്കി ജീവിച്ചിരുന്ന വല്യമ്മാവനും അമ്മായിയും വരെ പതിയെ പ്രഭാകരനെതിരെ തിരിയുന്നു.

ഇതിനിടെ പഞ്ചായത്തില്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ നടക്കുന്ന അഴിമതികള്‍ പ്രഭാകരന്‍ എതിര്‍ക്കുന്നത് കാരണം പഞ്ചായത്ത് പ്രസിഡന്റ് അവറാച്ചന്(ജഗതി ശ്രീകുമാര്‍) നഷ്ടങ്ങള്‍ ഏറെ സഹിക്കേണ്ടി വരുന്നു. തുടര്‍ന്ന് അവറാച്ചന്‍ ‍പ്രഭാകരനെ കള്ള നോട്ട് കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുകയും, അത് നടക്കാതെ വരുമ്പോള്‍ പെങ്ങളെപ്പോലെ പ്രഭാകരന്‍ കാണുന്ന രാധുമായി ചേര്‍ത്ത് അപവാദം ഉണ്ടാക്കുകയും ചെയ്യുന്നു. സ്വന്തം അമ്മ മുതല്‍,രാധയുടെ ഭര്‍ത്താവ് വരെ പ്രഭാകരനെ തെറ്റിദ്ധരിക്കുന്നു. ഒടുവില്‍ അവറാച്ചനെ കത്തിമുനയില്‍ നിറുത്തി പ്രഭാകരന്‍ സത്യം പുറത്തു കൊണ്ട് വരുന്നു. സുരുക്കമാ സൊന്നാ, മക്കളെ കേരളത്തില്‍ ഡീസെന്‍റ്റായിട്ട് ജീവിച്ചാല്‍ നാട്ടുകാര്‍ ഓടിച്ചിട്ട് പണി തരും.നമുക്ക് ശരണം കത്തിയും വാളുമൊക്കെ തന്നെ.

പറയാന്‍ വിട്ട് പോയി, ഇടക്ക്‌ മുംബെയില്‍ നിന്നും ചെറിയമ്മാവനെയും,മകളെയും പിന്തുടര്‍ന്ന് വരുന്ന മയക്കു മരുന്നിനടിമയായ,പലിശപ്പണക്കാരനെ (ഗിരീഷ് കുമാര്‍,ഉങ്കളുക്കേ ഇത് കൊഞ്ചം ഒവറാ തെരിയലെ?) പ്രഭാകരന്‍ ഇടി കൊടുത്ത് ഓടിക്കുന്നതുമുണ്ട് കേട്ടോ.

പടത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെങ്കില്‍ കൂടി ജയറാം തന്‍റെ വേഷം സാമാന്യം തെറ്റില്ലാതെ വൃത്തികേടാക്കിയിട്ടുണ്ട്.അച്ഛന്റെ മാര്‍ഗ്ഗമായിരുന്ന അഹിംസയില്‍ നിന്നും ഐ എന്‍ എക്കാരനായിരുന്ന അപ്പുപ്പന്റെ മാര്‍ഗ്ഗത്തിലേക്കുള്ള പരിണാമമായാലും,അമ്മാവന്റെ മകളുമായുള്ള ചെറുകിട പ്രേമമായാലും, എല്ലാം പുള്ളി അവതരിപ്പിക്കുന്നത് പണ്ട് മിമിക്ക്രി സ്റ്റേജില്‍ ഹിറ്റാക്കിയ നസീറിന്റെ ഹാങ്ങ്‌ഓവറിലാണ്.

അഴിമതിക്കാരനായ വില്ലനായി ജഗതി, അയാളുടെ മരുമകനായി ജഗദീഷ് എന്നിവര്‍ അവരോടു സംവിധായകന്‍ ആവശ്യപ്പെട്ടത് കൃത്യമായി നല്‍കിയിട്ടുണ്ട് എന്ന് തോന്നി. രണ്ടു പേര്‍ക്കും കാര്യമായ പണിയൊന്നും ഇല്ല പടത്തില്‍.
സെറ അവതരിപ്പിക്കുന്ന നായിക മുംബൈയില്‍ നിന്നുമാണ് വരുന്നത് എന്ന് പറയുന്നുണ്ട്. പക്ഷേ കൊച്ചിനെ കണ്ടാല്‍ ദാണ്ടെ ഇപ്പൊ ഏതോ കുഗ്രാമത്തില്‍ നിന്നും പിടിച്ചു ചുരിദാറും ഇടീച്ച് ക്യാമറക്ക്‌ മുന്നില്‍ നിറുത്തിയ മാതിരിയുണ്ട്.വേഷത്തിലാവട്ടെ, നായികയുടെ ശരീര ഭാഷയിലാകട്ടെ മുംബൈ പോലൊരു മഹാ നഗരത്തില്‍ വളര്‍ന്ന യാതൊരു ലക്ഷണവും, മുടിപ്പുര അമ്മച്ചിയാണേ ഇല്ല.

പ്രഭാകരനെ ചതിക്കുന്ന സുഹൃത്തായി സലിം കുമാര്‍ തവളക്കണ്ണുകളില്‍ നിറയുന്ന നവരസങ്ങളുമായി സ്ത്രീ ജനങ്ങളുടെ ഓമനയാകും എന്ന് ബിപിന്‍ പ്രഭാകരന്‍ തീര്‍ച്ചയായും അങ്ങേരെ പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ടാകണം.

സുരാജ് വെഞാറമ്മൂട്, കൊച്ചു പ്രേമന്‍ തുടങ്ങിയ പലരും ചിത്രത്തില്‍ ഗതി കിട്ടാത്ത ആത്മാക്കള്‍ കണക്കെ അലഞ്ഞ് നടക്കുന്നുണ്ട്.
ഒരു വിധം നന്നായി എന്ന് പറയാവുന്നത് രാധയായി എത്തുന്ന പ്രിയങ്ക മാത്രം.

ബിപിന്‍ പ്രഭാകറില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചില്ല എന്ന് പറയുമ്പോള്‍ , ഇത് വായിക്കുന്നവര്‍ ചോദിക്കരുത് 'പിന്നെ ഗിരീഷ് കുമാറില്‍ നിന്നുമാണോ നല്ല കഥ പ്രതീക്ഷിച്ചത്' എന്ന്.സത്യമായിട്ടും അല്ല.കാരണം വെറുതെ ഒരു ഭാര്യ നല്ല സിനിമയാണെന്ന അഭിപ്രായം എനിക്കില്ല. മലയാള സിനിമയുടെ ആയ കാലത്ത് (1998 വരെയുള്ള കാലം) ഇറങ്ങിരുന്നെങ്കില്‍ ഒരു പക്ഷേ ഫസ്റ്റ് ബെല്‍ ,മാന്ത്രികചെപ്പ് (അങ്ങനെയും പടങ്ങള്‍ ഉണ്ട് പിള്ളേരെ) എന്നിവയുടെ അവസ്ഥയില്‍ പോകേണ്ട ഒരു പടം . അത്രേയുള്ളൂ വെറുതെ ഒരു ഭാര്യ എന്‍റെ നോട്ടത്തില്‍.
പ്രതീക്ഷിച്ചത് ജയറാമില്‍ നിന്നുമാണ്.വരം പോലെ വീണു കിട്ടിയ ഒരു രണ്ടാമൂഴം അങ്ങേര്‍ പാഴാക്കിക്കളയുന്നത് കാണുമ്പോള്‍ ഒരു വിഷമം. അടുത്ത പടം സത്യന്‍ അന്തിക്കാടിന്റെതാണെന്ന ആത്മ വിശ്വാസം കൊള്ളാം. പക്ഷേ രണ്ടു കാര്യങ്ങള്‍ ജയറാം ഓര്‍ത്താല്‍ കൊള്ളാം.ഭാഗ്യദേവതയുടെ തിരക്കഥ സത്യന്‍ തന്നെയാണ്.(അദ്ദേഹത്തിന്‌ ആ പണി സത്യമായും പറഞ്ഞിട്ടില്ല). രണ്ടാമത്തെ കാര്യം ഭാഗ്യദേവതക്ക് ശേഷം വരുന്നത് കെ മധുവിന്റെ ആക്ഷന്‍ ത്രില്ലറാണ്. കെ മധു ,ജയറാം, ആക്ഷന്‍ ...പൊന്നണ്ണാ തീക്കളിയാണ്.

ഓ നിരൂപണം എന്ന് പറയുമ്പോള്‍ ചിത്രത്തിന്‍റെ സാങ്കേതിക വശങ്ങളും 'നിരൂവിക്കണമല്ലോ'. ദാ പിടിച്ചോ.

സംഗീതം: എം ജയച്ചന്ദ്രന്‍ : വീണ്ടും ചില വീടുകാര്യങ്ങളില്‍ ജയറാം ലോഹിതദാസിനോട് പറയുന്ന ഒരു ഡയലോഗുണ്ട് "താടീ...!!!" എന്ന് ,കൈ ചുരുട്ടി ഇടിക്കാന്‍ പോകുന്ന ലൈനില്‍ . ജയച്ചന്ദ്രനോട് എനിക്കും അതേ പറയാനുള്ളൂ.

ക്യാമറ(രാജരത്തിനം): അതൊണ്ട്. അതില്ലാതെ പടം പതിയൂലല്ല...അത് കൊണ്ട് മാത്രം ക്യാമറ ഒണ്ട്.

എഡിറ്റിംഗ് (രഞ്ജന്‍ അബ്രഹാം): ദൈവമേ, അങ്ങനെ ഒരിടാപാടും ഇതില്‍ ഉണ്ടായിരുന്നല്ലേ? ദോഷം പറയരുതല്ലോ,പടത്തിന്റെ സ്പീഡ് കണ്ടാല്‍ പറയൂല കേട്ടാ.

കലാ സംവിധാനം ,നൃത്തം , സംഘട്ടനം: പിന്നെ ,ഇത്രയും വായിച്ച ശേഷം ,ഇതിന്റെയൊക്കെ മികവും അറിഞ്ഞിട്ടല്ലേ അടുത്ത ഷോക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്യാന്‍.

നിര്‍മ്മാതാവ് ഹൌളി പോട്ടൂരിനെ പരിചയമുള്ള ആരെങ്കിലും ഇത് വായിക്കുകയാണെങ്കില്‍ ,ടിയാന്റെ മേല്‍വിലാസം തന്ന് എന്നെ ഒന്ന് സഹായിക്കണം. വേറൊന്നിനുമല്ല,പുള്ളിയുടെ കൈയ്യില്‍ വെറുതെ കളയാന്‍ ചക്രം ധാരാളമുണ്ടെങ്കില്‍ ഒരു രണ്ടു രണ്ടര കോടി രൂപ ചോദിക്കാനാ. നാലഞ്ച് കിന്നാരത്തുമ്പികള്‍ മോഡല്‍ സിനിമകള്‍ എടുക്കാന്‍ എനിക്ക് പരിപാടിയുണ്ടേ...

3 comments:

Suraj said...

ഈ ഹൌളി തന്നല്ലേ രാപ്പകലൊക്കെ എടുപ്പിച്ചത്. പ്രൊഡ്യൂസറാവൂന്ന് അറിഞ്ഞോണ്ടിട്ട പേര് തന്നെ ...ഹൌള്‍ എന്നൂച്ചാ ഒരുമാതിരിയുള്ള കൂവലും കൂടിയാണല്ലോ.

Anonymous said...

എന്തിനാ സിനിമ കാണുന്നതു, ഇതു വായിച്ചാല്‍ മതിയല്ലൊ, വെറുതെ ഒരു ഭാര്യ എനിക്കും ഇഷ്ടമായില്ല, സേയിം പിഞ്ച്

Ajith Pantheeradi said...

ശരിയാ ഏകേ, നാലഞ്ച് കിന്നാരത്തുമ്പി മോഡല്‍ പടമെടുക്ക്, മലയാ‍ള സിനിമാ ഇന്‍ഡ്സ്ട്രിയെ ഒന്നു രച്ചിക്ക്..